ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 35
ഐശ്വര്യപൂര്‍ണമായ ഭാവി
1 വിജനദേശവും വരണ്ട പ്രദേശവും സന്തോഷിക്കും. മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും.2 കുങ്കുമച്ചെടിപോലെ, സമൃദ്ധമായി പൂവിട്ട് അതു പാടി ഉല്ലസിക്കും. ലബനോന്റെ മഹത്വവും കാര്‍മെലിന്റെയും ഷാരോന്റെയും പ്രതാപവും അതിനു ലഭിക്കും. അവ കര്‍ത്താവിന്റെ മഹത്വം, നമ്മുടെ ദൈവത്തിന്റെ പ്രതാപം, ദര്‍ശിക്കും.3 ദുര്‍ബല കരങ്ങളെ ശക്തിപ്പെടുത്തുകയും ബലഹീനമായ കാല്‍മുട്ടുകളെ ഉറപ്പിക്കുകയും ചെയ്യുവിന്‍.4 ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍; ഭയപ്പെടേണ്ടാ, ധൈര്യം അവ ലംബിക്കുവിന്‍. ഇതാ, നിങ്ങളുടെ ദൈവംപ്രതികാരം ചെയ്യാന്‍ വരുന്നു; ദൈവത്തിന്റെ പ്രതിഫലവുമായി വന്ന് അവിടുന്ന് നിങ്ങളെ രക്ഷിക്കും.5 അപ്പോള്‍, അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും. ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല.6 അപ്പോള്‍ മുടന്തന്‍മാനിനെപ്പോലെ കുതിച്ചുചാടും. മൂകന്റെ നാവ് സന്തോഷത്തിന്റെ ഗാനം ഉതിര്‍ക്കും. വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും. മരുഭൂമിയിലൂടെ നദികള്‍ ഒഴുകും.7 തപിച്ച മണലാരണ്യം ജലാശയമായി മാറും. ദാഹിച്ചിരുന്ന ഭൂമി അരുവികളായി മാറും. കുറുനരികളുടെ പാര്‍പ്പിടം ചതുപ്പുനിലമാകും; പുല്ലും ഞാങ്ങണയും കോരപ്പുല്ലും ആയി പരിണമിക്കും.8 അവിടെ ഒരു രാജവീഥി ഉണ്ടായിരിക്കും; വിശുദ്ധവീഥി എന്ന് അതു വിളിക്കപ്പെടും. അശുദ്ധര്‍ അതിലൂടെ കടക്കുകയില്ല. ഭോഷര്‍ക്കുപോലും അവിടെ വഴി തെറ്റുകയില്ല. അവിടെ സിംഹം ഉണ്ടായിരിക്കുകയില്ല.9 ഒരു ഹിംസ്രജന്തുവും അവിടെ പ്രവേശിക്കുകയില്ല. അവയെ അവിടെ കാണുകയില്ല. രക്ഷിക്കപ്പെട്ടവര്‍ മാത്രം അതിലൂടെ സഞ്ചരിക്കും.10 കര്‍ത്താവിന്റെ വീണ്ടെടുക്കപ്പെട്ടവര്‍ തിരിച്ചുവരുകയും ഗാനാലാപത്തോടെ സീയോനില്‍ പ്രവേശിക്കുകയും ചെയ്യും. നിത്യമായ സന്തോഷത്തില്‍ അവര്‍ മുഴുകും. അവര്‍ സന്തോഷിച്ചുല്ലസിക്കും. ദുഃഖവും നെടുവീര്‍പ്പും അകന്നുപോകും.
The Book of Isaiah | ഏശയ്യാ | Malayalam Bible | POC Translation




Leave a comment