Isaiah, Chapter 38 | ഏശയ്യാ, അദ്ധ്യായം 38 | Malayalam Bible | POC Translation

Advertisements

ഹെസക്കിയായുടെ രോഗശാന്തി

1 ആദിവസങ്ങളില്‍ ഹെസക്കിയാ രോഗിയാവുകയും മരണത്തോട് അടുക്കുകയും ചെയ്തു. ആമോസിന്റെ പുത്രനായ ഏശയ്യാപ്രവാചകന്‍ അവനെ സമീപിച്ചു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിന്റെ ഭവനം ക്രമപ്പെടുത്തുക, എന്തെന്നാല്‍ നീ മരിക്കും; സുഖം പ്രാപിക്കുകയില്ല.2 ഹെസക്കിയാ ചുമരിന്റെ നേരേ തിരിഞ്ഞ് കര്‍ത്താവിനോടു പ്രാര്‍ഥിച്ചു:3 കര്‍ത്താവേ, ഞാന്‍ വിശ്വസ്തതയോടും പൂര്‍ണഹൃദയത്തോടുംകൂടെ അങ്ങയുടെ മുന്‍പില്‍ വ്യാപരിച്ചുവെന്നും അങ്ങേക്കു പ്രീതികരമായത് എപ്പോഴും അനുവര്‍ത്തിച്ചുവെന്നും അങ്ങ് ഇപ്പോള്‍ അനുസ്മരിക്കണമേ! അനന്തരം, ഹെസക്കിയാ വേദനയോടെ കരഞ്ഞു.4 അപ്പോള്‍ ഏശയ്യായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:5 നീ ചെന്ന് ഹെസക്കിയായോടു പറയുക. നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിന്റെ പ്രാര്‍ഥന ഞാന്‍ ശ്രവിച്ചിരിക്കുന്നു. നിന്റെ കണ്ണുനീര്‍ ഞാന്‍ ദര്‍ശിച്ചു. ഇതാ, നിന്റെ ആയുസ്‌സ് പതിനഞ്ചുവര്‍ഷംകൂടി ഞാന്‍ ദീര്‍ഘിപ്പിക്കും.6 ഞാന്‍ നിന്നെയും ഈ നഗരത്തെയും അസ്‌സീറിയാരാജാവിന്റെ കരങ്ങളില്‍ നിന്നു രക്ഷിക്കുകയും ഈ നഗരത്തെ സംരക്ഷിക്കുകയും ചെയ്യും.7 കര്‍ത്താവിന്റെ ഈ വാഗ്ദാനം നിവൃത്തിയാകുമെന്നതിന് അവിടുന്നു നല്‍കുന്ന അടയാളമാണിത്.8 ആഹാസിന്റെ ഘടികാരത്തില്‍ അസ്തമയ സൂര്യന്റെ രശ്മികളേറ്റുണ്ടാകുന്ന നിഴല്‍ പത്തു ചുവടു പുറകോട്ടു തിരിയുന്നതിനു ഞാന്‍ ഇടയാക്കും. അങ്ങനെ ഘടികാരത്തില്‍ നിഴല്‍ പത്തു ചുവടു പുറകോട്ടു മാറി.9 യൂദാരാജാവായ ഹെസക്കിയാ തനിക്കു പിടിപെട്ട രോഗംമാറിയപ്പോള്‍ എഴുതിയത്.10 ഞാന്‍ പറഞ്ഞു: എന്റെ ജീവിതത്തിന്റെ മധ്യാഹ്‌നത്തില്‍ ഞാന്‍ വേര്‍പിരിയണം. ശേഷിച്ച ആയുസ്‌സ് പാതാളവാതില്‍ക്കല്‍ ചെലവഴിക്കുന്നതിനു ഞാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.11 ഞാന്‍ പറഞ്ഞു: ജീവനുള്ളവരുടെ നാട്ടില്‍ ഞാന്‍ ഇനി കര്‍ത്താവിനെ ദര്‍ശിക്കുകയില്ല; ഭൂവാസികളുടെ ഇടയില്‍ വച്ചു മനുഷ്യനെ ഞാന്‍ ഇനി നോക്കുകയില്ല.12 ആട്ടിടയന്റെ കൂടാരംപോലെ എന്റെ ഭവനം എന്നില്‍നിന്നു പറിച്ചുമാറ്റിയിരിക്കുന്നു. നെയ്ത്തുകാരനെപ്പോലെ എന്റെ ജീവിതം ഞാന്‍ ചുരുട്ടിയിരിക്കുന്നു. തറിയില്‍ നിന്ന് അവിടുന്ന് എന്നെ മുറിച്ചുനീക്കി. പകലും രാത്രിയും അവിടുന്ന് എന്നെ അന്ത്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.13 പ്രഭാതംവരെ സഹായത്തിനുവേണ്ടി ഞാന്‍ കരയുന്നു. ഒരു സിംഹത്തെപ്പോലെ അവിടുന്ന് എന്റെ അസ്ഥികള്‍ തകര്‍ക്കുന്നു. രാപകല്‍ അവിടുന്ന് എന്നെ അന്ത്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.14 മീവല്‍പക്ഷിയെപ്പോലെയോ കൊക്കിനെപ്പോലെയോ ഞാന്‍ നിലവിളിക്കുന്നു. പ്രാവിനെപ്പോലെ ഞാന്‍ ഞരങ്ങിക്കൊണ്ടിരിക്കുന്നു. മുകളിലേക്കു നോക്കി എന്റെ കണ്ണു തളര്‍ന്നിരിക്കുന്നു. കര്‍ത്താവേ, ഞാന്‍ മര്‍ദിക്കപ്പെടുന്നു. അങ്ങ് എന്റെ രക്ഷയായിരിക്കണമേ!15 എനിക്കെന്തു പറയാന്‍ കഴിയും? അവിടുന്നുതന്നെ എന്നോടു സംസാരിക്കുകയും അവിടുന്നുതന്നെ ഇതു പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നു. മനോവേദനനിമിത്തം ഉറക്കവും എന്നെ വിട്ടകന്നിരിക്കുന്നു.16 കര്‍ത്താവേ, എന്നിട്ടും എന്റെ ആത്മാവ് അങ്ങയോടൊത്തു ജീവിക്കും. ഞാന്‍ അങ്ങേക്കുവേണ്ടിമാത്രം ജീവിക്കും. എനിക്ക് ആരോഗ്യം പ്രദാനംചെയ്ത് എന്നെ ജീവിപ്പിക്കണമേ!17 എന്റെ കഠിനവേദന എന്റെ നന്‍മയ്ക്കുവേണ്ടിയായിരുന്നു. അങ്ങ് എന്റെ സകല പാപങ്ങളും അങ്ങയുടെ പിന്നില്‍ എറിഞ്ഞുകളഞ്ഞതുകൊണ്ട് നാശത്തിന്റെ കുഴിയില്‍ നിന്ന് എന്റെ ജീവനെ അങ്ങ് രക്ഷിച്ചു.18 പാതാളം അങ്ങേക്കു നന്ദിപറയുകയില്ല. മരണം അങ്ങയെ സ്തുതിക്കുകയില്ല. പാതാളത്തില്‍ പതിക്കുന്നവര്‍ അങ്ങയുടെ വിശ്വസ്തതയില്‍ പ്രത്യാശയര്‍പ്പിക്കുകയില്ല.19 ജീവിച്ചിരിക്കുന്നവന്‍ – അവനാണ് അങ്ങേക്കു നന്ദിപറയുന്നത്, ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ. പിതാവു തന്റെ സന്തതികളെ അങ്ങയുടെ വിശ്വസ്തത അറിയിക്കുന്നു.20 കര്‍ത്താവ് എന്നെ രക്ഷിക്കും. ഞങ്ങള്‍ അവിടുത്തെ ഭവനത്തില്‍ പ്രവേശിച്ച്, ജീവിതകാലം മുഴുവന്‍ തന്ത്രീനാദത്തോടെ അങ്ങയെ കീര്‍ത്തിക്കും.21 അപ്പോള്‍ ഏശയ്യാ പറഞ്ഞു: അവന്‍ സുഖം പ്രാപിക്കേണ്ടതിന് ഒരു അത്തിയട എടുത്ത് അവന്റെ പരുവില്‍ വയ്ക്കുക.22 ഞാന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ പ്രവേശിക്കുമെന്നതിന്റെ അടയാളം എന്തായിരിക്കുമെന്ന് ഹെസക്കിയാ ചോദിച്ചിട്ടുണ്ടായിരുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment