ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 41
വിമോചനം ആസന്നം
1 തീരദേശങ്ങളെ, നിശ്ശബ്ദമായിരുന്ന് എന്റെ വാക്കു കേള്‍ക്കുക. ജനതകള്‍ ശക്തി വീണ്ടെടുക്കട്ടെ; അടുത്തുവന്നു സംസാരിക്കട്ടെ; നമുക്കു വിധിക്കായി ഒരുമിച്ചുകൂടാം.2 ഓരോ കാല്‍വയ്പിലും വിജയം വരിക്കുന്ന കിഴക്കുനിന്നു വരുന്നവനെ ഉയര്‍ത്തിയത് ആര്? രാജാക്കന്‍മാരുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അവിടുന്ന് ജന തകളെ അവന് ഏല്‍പ്പിച്ചു കൊടുത്തു. വാളുകൊണ്ട് അവന്‍ അവരെ പൊടിപോലെയാക്കി; വില്ലുകൊണ്ടു കാറ്റില്‍ പറക്കുന്ന വൈക്കോല്‍പോലെയും.3 അവരെ അനുധാവനം ചെയ്യുന്നവന്‍ സുരക്ഷിതനായി കടന്നുപോകുന്നു; അവന്റെ കാലടികള്‍ പാതയില്‍ സ്പര്‍ശിക്കുന്നുപോലുമില്ല.4 ആരംഭം മുതല്‍ തലമുറകള്‍ക്ക് ഉണ്‍മ നല്‍കി ഇവയെല്ലാംപ്രവര്‍ത്തിച്ചത് ആരാണ്? ആദിയിലുള്ളവനും അവസാനത്തവനോടു കൂടെയുള്ളവനുമായ കര്‍ത്താവായ ഞാനാണ്; ഞാന്‍ തന്നെ അവന്‍ .5 തീരദേശങ്ങള്‍ കണ്ടു ഭയപ്പെടുന്നു; ഭൂമിയുടെ അതിര്‍ത്തികള്‍ വിറകൊള്ളുന്നു; അവര്‍ ഒരുമിച്ച് അടുത്തു വരുന്നു.6 ഓരോരുത്തരും അയല്‍ക്കാരനെ സഹായിക്കുന്നു; ധൈര്യപ്പെടുക എന്നു പരസ്പരം പറയുന്നു.7 വിളക്കിയതു നന്നായിരിക്കുന്നുവെന്നു പറഞ്ഞ് ശില്‍പി സ്വര്‍ണപ്പണിക്കാരനെയും ലോഹപ്പണിക്കാരന്‍ കൂടത്തിലടിക്കുന്നവനെയും അഭിനന്ദിക്കുന്നു; ഇളകാതിരിക്കാന്‍ അവര്‍ അവ ആണികൊണ്ട് ഉറപ്പിക്കുകയും ചെയ്യുന്നു.8 എന്റെ ദാസനായ ഇസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്തയാക്കോബേ, എന്റെ സ്‌നേഹിതനായ അബ്രാഹത്തിന്റെ സന്ത തീ,9 നീ എന്റെ ദാസനാണ്. ഞാന്‍ നിന്നെതിരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു ഞാന്‍ നിന്നെതിരഞ്ഞെടുത്തു; വിദൂരദിക്കുകളില്‍നിന്നു ഞാന്‍ നിന്നെ വിളിച്ചു.10 ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.11 നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്ജിച്ചു തലതാല്ത്തും; നിന്നോട് ഏറ്റുമുട്ടുന്നവര്‍ നശിച്ച് ഒന്നുമല്ലാതായിത്തീരും.12 നിന്നോട് ശണ്ഠ കൂടുന്നവരെ നീ അന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോടു പോരാടുന്നവര്‍ ശൂന്യരാകും.13 നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.14 കര്‍ത്താവ് അരുളിച്ചെയ്യുന്നു: കൃമിയായയാക്കോബേ, ഇസ്രായേല്യരേ, ഭയപ്പെടേണ്ട. ഞാന്‍ നിന്നെ സഹായിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ രക്ഷകന്‍.15 ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയേറിയതും പല്ലുള്ള ചക്രങ്ങളോടുകൂടിയതുമായ ഒരു മെതിവണ്ടിയാക്കും; നീ മലകളെ മെതിച്ചു പൊടിയാക്കും; കുന്നുകളെ പതിരു പോലെയാക്കും.16 നീ അവയെ പാറ്റുകയും കാറ്റ് അവയെ പറപ്പിച്ചുകളയുകയും കൊടുങ്കാറ്റ് അവയെ ചിതറിക്കുകയും ചെയ്യും. നീ കര്‍ത്താവില്‍ ആനന്ദിക്കും; ഇസ്രായേലിന്റെ പരിശുദ്ധനില്‍ അഭിമാനം കൊള്ളും.17 ദരിദ്രരും നിരാലംബരും ജലം അന്വേഷിച്ചു കണ്ടെത്താതെ, ദാഹത്താല്‍ നാവു വരണ്ടു പോകുമ്പോള്‍, കര്‍ത്താവായ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. ഇസ്രായേലിന്റെ ദൈവമായ ഞാന്‍ അവരെ കൈവെടിയുകയില്ല.18 പാഴ്മലകളില്‍ നദികളും താഴ്‌വരകളുടെ മധ്യേ ഉറവകളും ഞാന്‍ ഉണ്ടാക്കും; മരുഭൂമിയെ ജലാശയവും വരണ്ട പ്രദേശത്തെനീരുറവയുമാക്കും.19 മരുഭൂമിയില്‍ ദേവദാരു, കരുവേലകം, കൊളുന്ത്, ഒലിവ് എന്നിവ ഞാന്‍ നടും. മണലാരണ്യത്തില്‍ സരള വൃക്ഷവും പൈന്‍മരവും പുന്നയും വച്ചുപിടിപ്പിക്കും.20 ഇസ്രായേലിന്റെ പരിശുദ്ധന്‍ ഇവയെല്ലാം സൃഷ്ടിച്ചുവെന്നും അവിടുത്തെ കരങ്ങളാണ് ഇവയെല്ലാം ചെയ്തതെന്നും മനുഷ്യര്‍ കണ്ട് അറിയാനും ചിന്തിച്ചു മന സ്‌സിലാക്കാനും വേണ്ടിത്തന്നെ.21 കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ പരാതി കൊണ്ടുവരുവിന്‍. യാക്കോബിന്റെ രാജാവു കല്‍പിക്കുന്നു: നിങ്ങളുടെ തെളിവുകള്‍ ഉന്നയിക്കുവിന്‍.22 തെളിവുകള്‍ കൊണ്ടുവന്ന് കാര്യങ്ങള്‍ എങ്ങനെയാകുമെന്നു കാണിക്കുക, കഴിഞ്ഞകാര്യങ്ങള്‍ പറയുക. നമുക്ക് അതു പരിഗണിച്ച് അവയുടെ പരിണതഫലമെന്തെന്നറിയാം. അല്ലെങ്കില്‍ വരാനിരിക്കുന്നതു ഞങ്ങളോടു പ്രസ്താവിക്കുക.23 നിങ്ങള്‍ ദേവന്‍മാരാണോ എന്നു ഞങ്ങള്‍ അറിയേണ്ടതിന് സംഭവിക്കാനിരിക്കുന്നതെന്തെന്നു ഞങ്ങളോടു പറയുവിന്‍; ഞങ്ങള്‍ പരിഭ്രമിക്കുകയോ വിസ്മയിക്കുകയോ ചെയ്യേണ്ടതിനു നന്‍മയോ തിന്‍മയോ പ്രവര്‍ത്തിക്കുക.24 നിങ്ങള്‍ ഒന്നുമല്ല; നിങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. നിങ്ങളെ തിരഞ്ഞെടുക്കുന്നവന്‍മ്‌ളേച്ഛനാണ്.25 ഞാന്‍ വടക്കുനിന്ന് ഒരുവനെ തട്ടിയുണര്‍ത്തി. അവന്‍ വന്നു. കിഴക്കുനിന്നു ഞാന്‍ അവനെ പേരുചൊല്ലി വിളിച്ചു. കുമ്മായം കൂട്ടുന്നതുപോലെയും കുശവന്‍ കളിമണ്ണു കുഴയ്ക്കുന്നതുപോലെയും അവന്‍ ഭരണാധിപന്‍മാരെ ചവിട്ടിമെതിക്കും.26 നമ്മള്‍ അറിയുന്നതിന് ആരംഭത്തില്‍തന്നെ ഇതു പറഞ്ഞത് ആരാണ്? അവന്‍ ചെയ്തത് ശരിയാണെന്ന് കാലേകൂട്ടി, നമ്മള്‍ പറയാന്‍ ആരാണ് ഇതു നമ്മോടു പ്രസ്താവിച്ചത്? ആരും അതു വെളിപ്പെടുത്തുകയോ മുന്‍കൂട്ടി പറയുകയോ ചെയ്തില്ല; ആരും കേട്ടുമില്ല.27 ഞാന്‍ ആദ്യം സീയോന് ഈ വാര്‍ത്തനല്‍കി; ഈ സദ്‌വാര്‍ത്ത അറിയിക്കാന്‍ ജറുസലെമിലേക്കു ഞാനൊരു ദൂതനെ അയയ്ക്കും.28 ഞാന്‍ നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. എന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അവരുടെ ഇടയില്‍ ഒരു ഉപദേശകനുമില്ലായിരുന്നു.29 അവരെല്ലാവരും മിഥ്യയാണ്; അവര്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. അവരുടെ വാര്‍പ്പുവിഗ്രഹങ്ങള്‍ കാറ്റുപോലെ ശൂന്യമാണ്.
The Book of Isaiah | ഏശയ്യാ | Malayalam Bible | POC Translation




Leave a comment