Isaiah, Chapter 45 | ഏശയ്യാ, അദ്ധ്യായം 45 | Malayalam Bible | POC Translation

Advertisements

സൈറസിനെ നിയോഗിക്കുന്നു

1 രാജ്യങ്ങള്‍ കീഴടക്കുന്നതിനും രാജാക്കന്‍മാരുടെ അരപ്പട്ടകള്‍ അഴിക്കുന്നതിനും നഗരകവാടങ്ങള്‍ അടയ്ക്കപ്പെടാതെ തുറന്നിടുന്നതിനുംവേണ്ടി ആരുടെ വലത്തു കൈയ് താന്‍ ഗ്രഹിച്ചിരിക്കുന്നുവോ, തന്റെ അഭിഷിക്തനായ ആ സൈറസിനോടു കര്‍ത്താവ് അരുളിച്ചെയ്യുന്നു:2 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.3 നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.4 എന്റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്റെ പിതൃനാമത്തിലും വിളിക്കുന്നു.5 ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല: ഞാനല്ലാതെ മറ്റൊരു ദൈവമില്ല; നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്റെ അര മുറുക്കും.6 കിഴക്കും പടിഞ്ഞാറും ഉള്ള എല്ലാവരും ഞാനാണു കര്‍ത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല എന്ന് അറിയുന്നതിനും വേണ്ടിത്തന്നെ.7 ഞാന്‍ പ്രകാശം ഉണ്ടാക്കി; ഞാന്‍ അന്ധകാരം സൃഷ്ടിച്ചു; ഞാന്‍ സുഖദുഃഖങ്ങള്‍ നല്‍കുന്നു. ഇതെല്ലാം ചെയ്ത കര്‍ത്താവ് ഞാന്‍ തന്നെ.8 സ്വര്‍ഗങ്ങളേ, മുകളില്‍ നിന്ന് പൊഴിയുക. ആകാശം നീതി ചൊരിയട്ടെ! ഭൂമി തുറന്ന് രക്ഷമുളയ്ക്കട്ടെ! അങ്ങനെ നീതി സംജാതമാകട്ടെ! കര്‍ത്താവായ ഞാനാണ് ഇതു സൃഷ്ടിച്ചത്.

കര്‍ത്താവ് ലോകനിയന്താവ്

9 ഒരുവന്‍ കുശവന്റെ കൈയിലെ മണ്‍പാത്രം മാത്രമായിരിക്കേ, തന്റെ സ്രഷ്ടാവിനെ എതിര്‍ത്താല്‍ അവനു ഹാ കഷ്ടം! കളിമണ്ണ്, തന്നെ മെനയുന്നവനോട് നീ എന്താണ് ഉണ്ടാക്കുന്നതെന്നോ, നീ ഉണ്ടാക്കിയതിനു കൈപിടിയുണ്ടോ എന്നോ ചോദിക്കുമോ?10 പിതാവിനോട് എന്താണു നീ ജനിപ്പിക്കുന്നത് എന്നും, മാതാവിനോട് എന്താണു നീ പ്രസവിക്കുന്നത് എന്നും ചോദിക്കുന്നവനു ഹാ, ദുരിതം!11 ഇസ്രായേലിന്റെ പരിശുദ്ധനും സ്രഷ്ടാവുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; എന്റെ മക്കളെപ്പറ്റിയോ എന്റെ സൃഷ്ടികളെപ്പറ്റിയോ എന്നെ ചോദ്യം ചെയ്യാമോ?12 ഞാന്‍ ഭൂമി ഉണ്ടാക്കി, അതില്‍ മനുഷ്യനെ സൃഷ്ടിച്ചു. എന്റെ കരങ്ങളാണ് ആകാശത്തെ വിരിച്ചത്. ഞാന്‍ തന്നെയാണ് ആകാശസൈന്യങ്ങളോട് ആജ്ഞാപിച്ചതും.13 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീതിയില്‍ ഞാന്‍ ഒരുവനെ ഉയര്‍ത്തി. ഞാന്‍ അവന്റെ പാത നേരെയാക്കും. പ്രതിഫലത്തിനോ സമ്മാനത്തിനോ വേണ്ടിയല്ലാതെ അവന്‍ എന്റെ നഗരം പണിയുകയും എന്റെ വിപ്രവാസികളെ സ്വതന്ത്രരാക്കുകയും ചെയ്യും.14 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തിന്റെ ധനവും എത്യോപ്യായുടെ കച്ചവടച്ചരക്കും ദീര്‍ഘകായരായ സേബായരും നിന്‍േറ താകും. അവര്‍ നിന്നെ അനുഗമിക്കും. ചങ്ങലകളാല്‍ ബന്ധിതരായ അവര്‍ വന്നു നിന്നെ വണങ്ങും. ദൈവം നിന്നോടുകൂടെ മാത്രമാണ്; അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല എന്നു പറഞ്ഞ് അവര്‍ നിന്നോടുയാചിക്കും.15 ഇസ്രായേലിന്റെ ദൈവവും രക്ഷകനുമായവനേ, അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാണ്.16 അവര്‍ ലജ്ജിച്ചു തലതാഴ്ത്തും; വിഗ്രഹനിര്‍മാതാക്കള്‍ പരിഭ്രാന്തരാകും.17 കര്‍ത്താവ് ഇസ്രായേലിന് എന്നേക്കും രക്ഷ നല്‍കിയിരിക്കുന്നു. നിങ്ങള്‍ക്ക് ഒരിക്കലും ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിവരുകയില്ല.18 ഞാനാണു കര്‍ത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല, എന്ന് ആകാശം സൃഷ്ടിച്ച കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവിടുന്നാണ് ദൈവം; അവിടുന്ന് ഭൂമിയെരൂപപ്പെടുത്തി, സ്ഥാപിച്ചു; വ്യര്‍ഥമായിട്ടല്ല, അധിവാസയോഗ്യമായിത്തന്നെ അവിടുന്ന് അതു സൃഷ്ടിച്ചു.19 അന്ധകാരം നിറഞ്ഞിടത്തുവച്ച് രഹസ്യമായല്ല ഞാന്‍ സംസാരിച്ചത്. ശൂന്യതയില്‍ എന്നെതിരയുവാന്‍ യാക്കോബിന്റെ സന്തതിയോടു ഞാന്‍ ആവശ്യപ്പെട്ടില്ല. കര്‍ത്താവായ ഞാന്‍ സത്യം പറയുന്നു; ഞാന്‍ ശരിയായതു പ്രഖ്യാപിക്കുന്നു.20 ജനതകളില്‍ അവശേഷിച്ചവരേ, ഒരുമിച്ചുകൂടി അടുത്തുവരുവിന്‍. തടികൊണ്ടുള്ള വിഗ്രഹം പേറിനടക്കുകയും രക്ഷിക്കാന്‍ കഴിവില്ലാത്ത ദേവനോടു പ്രാര്‍ഥിക്കുകയും ചെയ്യുന്ന അവര്‍ അജ്ഞരാണ്.21 നിങ്ങളുടെന്യായവാദം ഉന്നയിക്കുവിന്‍; അവര്‍ കൂടിയാലോചിക്കട്ടെ. പുരാതനമായ ഈ കാര്യങ്ങള്‍ പണ്ടുതന്നെ നിങ്ങളോടു പറഞ്ഞതാരാണ്? കര്‍ത്താവായ ഞാന്‍ തന്നെയല്ലേ? ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഞാനല്ലാതെ നീതിമാനായ ദൈവവും രക്ഷകനുമായി മറ്റാരുമില്ല.22 ഭൂമിയുടെ അതിര്‍ത്തികളേ, എന്നിലേക്കു തിരിഞ്ഞു രക്ഷപെടുക. ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല.23 ഞാന്‍ ശപഥം ചെയ്തിരിക്കുന്നു; ഒരിക്കലും തിരിച്ചെടുക്കാത്തനീതിയുടെ വാക്ക് എന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു. എല്ലാവരും എന്റെ മുന്‍പില്‍ മുട്ടുമടക്കും; എല്ലാ നാവും ശപഥം ചെയ്യും.24 നീതിയും ബലവും കര്‍ത്താവിന്റെ മാത്രം എന്ന് എന്നെക്കുറിച്ചു മനുഷ്യര്‍ പറയും. അവിടുത്തെ എതിര്‍ക്കുന്നവരെല്ലാം അവിടുത്തെ മുന്‍പില്‍ ലജ്ജിതരാകും.25 ഇസ്രായേലിന്റെ സന്തതികള്‍ കര്‍ത്താവില്‍ വിജയവും മഹത്വവും കൈവരിക്കും.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment