Isaiah, Chapter 48 | ഏശയ്യാ, അദ്ധ്യായം 48 | Malayalam Bible | POC Translation

Advertisements

ചരിത്രത്തെനയിക്കുന്നവന്‍

1 ഇസ്രായേല്‍ എന്നു വിളിക്കപ്പെടുന്നവനും യൂദായില്‍ നിന്ന് ഉദ്ഭവിച്ചവനുമായ യാക്കോബുഭവനമേ, കേള്‍ക്കുക: നിങ്ങള്‍ കര്‍ത്താവിന്റെ നാമത്തില്‍ സത്യം ചെയ്യുന്നു; ഇസ്രായേലിന്റെ ദൈവത്തെ ഏറ്റുപറയുന്നു. എന്നാല്‍, അതു സത്യത്തോടും ആത്മാര്‍ഥതയോടും കൂടെയല്ല.2 നിങ്ങള്‍ വിശുദ്ധനഗരത്തിന്റെ ജനം എന്ന് അഭിമാനിക്കുന്നു; ഇസ്രായേലിന്റെ ദൈവത്തില്‍ ആശ്രയിക്കുന്നു; സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം.3 കഴിഞ്ഞകാര്യങ്ങള്‍ വളരെ മുന്‍പേ ഞാന്‍ പ്രസ്താവിച്ചിരുന്നു. അവ എന്റെ അധരങ്ങളില്‍നിന്നു തന്നെ നിങ്ങള്‍ അറിഞ്ഞു; ഞാന്‍ അവയെ വെളിപ്പെടുത്തി. ഉടന്‍തന്നെ ഞാന്‍ പ്രവര്‍ത്തിച്ചു; അവ സംഭവിക്കുകയും ചെയ്തു.4 കാരണം, നീ ദുശ്ശാഠ്യക്കാരനും നിന്റെ കഴുത്ത് ഇരുമ്പുപോലെ വഴക്കമില്ലാത്തതും നിന്റെ നെറ്റി പിത്തളപോലെ കഠിനവും ആണെന്നു ഞാനറിയുന്നു.5 നിന്റെ വിഗ്രഹമാണ് അതു ചെയ്തത്; നിന്റെ കൊത്തുവിഗ്രഹങ്ങളും വാര്‍പ്പുബിംബങ്ങളുമാണ് അവ കല്‍പിച്ചത് എന്നു നീ പറയാതിരിക്കേണ്ടതിന് ഞാന്‍ മുന്‍കൂട്ടി പറഞ്ഞു; സംഭവിക്കുന്നതിനു മുന്‍പേ ഞാന്‍ പ്രസ്താവിച്ചു.6 നീ കേട്ടു കഴിഞ്ഞു; ഇനി കാണുക. നീ അതു പ്രഘോഷിക്കുകയില്ലേ? ഇന്നുമുതല്‍ ഞാന്‍ നിന്നെ പുതിയ കാര്യങ്ങള്‍ കേള്‍പ്പിക്കും; നിനക്ക് അജ്ഞാതമായ നിഗൂഢകാര്യങ്ങള്‍ തന്നെ.7 എനിക്ക് അത് അറിയാമായിരുന്നു എന്നു നീ പറയാതിരിക്കേണ്ടതിന്, അവയെ വളരെനാള്‍ മുന്‍പല്ല ഇപ്പോള്‍ സൃഷ്ടിച്ചതാണ്. നിങ്ങള്‍ അവയെപ്പറ്റി കേട്ടിട്ടില്ല.8 നീ ഒരിക്കലും കേള്‍ക്കുകയോ അറിയുകയോ ചെയ്തിട്ടില്ല. പണ്ടുമുതലേ നിന്റെ കാത് അടഞ്ഞാണ് ഇരുന്നത്. നീ വഞ്ചന കാണിക്കുമെന്നും ജനനം മുതലേ കലഹക്കാരനായി അറിയപ്പെടുമെന്നും ഞാന്‍ മനസ്‌സിലാക്കിയിരുന്നു.9 എന്റെ നാമത്തെപ്രതി ഞാന്‍ കോപം അടക്കി; എന്റെ മഹിമയ്ക്കായി നിന്നെ വിച്‌ഛേദിക്കാതെ ഞാന്‍ അതു നിയന്ത്രിച്ചു.10 ഞാന്‍ നിന്നെ ശുദ്ധീകരിച്ചു, എന്നാല്‍, വെള്ളിപോലെയല്ല. കഷ്ട തയുടെ ചൂളയില്‍ നിന്നെ ഞാന്‍ ശോധനചെയ്തു.11 എനിക്കുവേണ്ടി, അതേ, എനിക്കുവേണ്ടി മാത്രമാണ് ഞാനിതു ചെയ്യുന്നത്. എന്റെ നാമം എങ്ങനെ കളങ്കിതമാകും? എന്റെ മഹത്വം ഞാന്‍ ആര്‍ക്കും നല്‍കുകയില്ല.12 യാക്കോബേ, ഞാന്‍ വിളിച്ച ഇസ്രായേലേ, എന്റെ വാക്കു കേള്‍ക്കുക, ഞാന്‍ അവനാണ്, ആദിയും അന്തവുമായവന്‍.13 എന്റെ കരങ്ങള്‍ ഭൂമിക്ക് അടിസ്ഥാനമിട്ടു; എന്റെ വലത്തുകൈയ് ആകാശത്തെ വിരിച്ചു. ഞാന്‍ വിളിക്കുമ്പോള്‍ അവ എന്റെ മുന്‍പില്‍ ഒന്നിച്ച് അണിനിരക്കുന്നു.14 നിങ്ങള്‍ ഒന്നിച്ചുകൂടി ശ്രവിക്കുവിന്‍. അവരില്‍ ആരാണ് ഇവയെല്ലാം പ്രസ്താവിച്ചത്? കര്‍ത്താവ് സ്‌നേഹിക്കുന്ന അവന്‍ ബാബിലോണിനെക്കുറിച്ചുള്ള അവിടുത്തെ തീരുമാനം നടപ്പിലാക്കും; അവന്റെ കരങ്ങള്‍ കല്‍ദായര്‍ക്ക് എതിരേ ഉയരും.15 ഞാന്‍, അതേ, ഞാന്‍ തന്നെയാണ് അവനോടു സംസാരിച്ചത്, അവനെ വിളിച്ചത്; ഞാന്‍ അവനെ കൊണ്ടുവന്നു. അവന്‍ തന്റെ മാര്‍ഗത്തില്‍ മുന്നേറും.16 എന്റെ സമീപം വന്ന് ഇതു കേള്‍ക്കുക. ആദിമുതലേ ഞാന്‍ രഹസ്യമായല്ല സംസാരിച്ചത്. ഇവയെല്ലാം ഉണ്ടായപ്പോള്‍ ഞാന്‍ ഉണ്ട്. ഇപ്പോള്‍ ദൈവമായ കര്‍ത്താവ് എന്നെയും അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു.17 നിന്റെ വിമോചകനും ഇസ്രായേലിന്റെ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിനക്ക് നന്‍മയായുള്ളത് പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ്.18 നീ എന്റെ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍, നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; നീതി കടലലകള്‍പോലെ ഉയരുമായിരുന്നു;19 നിന്റെ സന്തതികള്‍ മണല്‍പോലെയും വംശം മണല്‍ത്തരിപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്റെ മുന്‍പില്‍ നിന്ന് ഒരിക്കലും വിച്‌ഛേദിക്കപ്പെടുകയോ നശിക്കുകയോ ഇല്ലായിരുന്നു.20 ബാബിലോണില്‍ നിന്നു പുറപ്പെടുക, കല്‍ദായയില്‍നിന്നു പലായനം ചെയ്യുക. ആനന്ദഘോഷത്തോടെ ഇതു പ്രഖ്യാപിക്കുക, പ്രഘോഷിക്കുക. കര്‍ത്താവ് തന്റെ ദാസനായ യാക്കോബിനെ രക്ഷിച്ചുവെന്നു ഭൂമിയുടെ അതിര്‍ത്തികള്‍വരെയും വിളിച്ചറിയിക്കുക.21 അവിടുന്ന് മരുഭൂമിയിലൂടെ അവരെ നയിച്ചപ്പോള്‍ അവര്‍ക്കു ദാഹിച്ചില്ല; അവര്‍ക്കായി അവിടുന്ന് പാറയില്‍നിന്നു ജലം ഒഴുക്കി; അവിടുന്ന് പാറയില്‍ അടിച്ചു; ജലം പ്രവഹിച്ചു.22 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദുഷ്ടര്‍ക്ക് ഒരിക്കലും സമാധാനം ഉണ്ടാവുകയില്ല.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment