ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 56
എല്ലാവര്‍ക്കും രക്ഷ
1 കര്‍ത്താവ് അരുളിച്ചെയ്യുന്നു:ന്യായം പാലിക്കുക, നീതി പ്രവര്‍ത്തിക്കുക. ഞാന്‍ രക്ഷ നല്‍കാന്‍ പോകുന്നു; എന്റെ നീതി വെളിപ്പെടും.2 ഇവ പാലിക്കുന്നവന്‍, ഇവ മുറുകെപ്പിടിക്കുന്ന മര്‍ത്ത്യന്‍, സാബത്ത് അശുദ്ധമാക്കാതെ ആചരിക്കുകയും തിന്‍മ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍, അനുഗൃഹീതന്‍.3 കര്‍ത്താവ് തന്റെ ജനത്തില്‍ നിന്ന് എന്നെതീര്‍ച്ചയായും അകറ്റിനിര്‍ത്തും എന്ന് അവിടുത്തോടു ചേര്‍ന്നു നില്‍ക്കുന്ന പരദേശിയോ, ഞാന്‍ വെറുമൊരു ഉണക്കവൃക്ഷമാണെന്നു ഷണ്‍ഡനോ പറയാതിരിക്കട്ടെ!4 കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ സാബത്ത് ആചരിക്കുകയും എന്റെ ഹിതം അനുവര്‍ത്തിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന ഷണ്‍ഡന്‍മാര്‍ക്ക്5 ഞാന്‍ എന്റെ ആലയത്തില്‍, മതിലുകള്‍ക്കുള്ളില്‍, പുത്രീപുത്രന്‍മാരെക്കാള്‍ ശ്രേഷ്ഠമായ ഒരു സ്മാരകവും നാമവും നല്‍കും. ഒരിക്കലും തുടച്ചുമാറ്റപ്പെടാത്ത ശാശ്വത നാമമായിരിക്കും അത്.6 എന്നെ സേവിക്കാനും എന്റെ നാമത്തെ സ്‌നേഹിക്കാനും എന്റെ ദാസരായിരിക്കാനും എന്നോടു ചേര്‍ന്നു നില്‍ക്കു കയും സാബത്ത് അശുദ്ധമാക്കാതെ ആച രിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന പരദേശികളെയും7 ഞാന്‍ എന്റെ വിശുദ്ധഗിരിയിലേക്കു കൊണ്ടുപോകും. എന്റെ പ്രാര്‍ഥനാലയത്തില്‍ അവര്‍ക്കു സന്തോഷം നല്‍കും. അവരുടെ ദഹനബലികളും മറ്റു ബലികളും എന്റെ ബലിപീഠത്തില്‍ സ്വീകാര്യമായിരിക്കും. എന്റെ ആലയം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയമെന്ന് അറിയപ്പെടും.8 ഇസ്രായേലില്‍നിന്ന് പുറംതള്ളപ്പെട്ടവരെ തിരികെ കൊണ്ടുവരുന്ന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതുവരെ ശേഖരിച്ചതു കൂടാതെ ബാക്കിയുള്ളവരെയും ഞാന്‍ ശേഖരിക്കും.
നേതാക്കന്‍മാര്‍ക്കും താക്കീത്
9 വയലിലെ മൃഗങ്ങളേ, വന്യമൃഗങ്ങളേ, വന്നു ഭക്ഷിക്കുവിന്‍.10 എന്റെ ജനത്തിന്റെ കാവല്‍ക്കാര്‍ അന്ധരാണ്. അവര്‍ ഒന്നും അറിയുന്നില്ല. അവര്‍ മൂകരായ നായ്ക്കളാണ്; അവര്‍ക്കു കുരയ്ക്കാനാവില്ല. അവര്‍ കിടന്നു സ്വപ്നം കാണുന്നു; നിദ്രാപ്രിയരാണവര്‍.11 ആര്‍ത്തിപിടിച്ച നായ്ക്കളാണവര്‍; അവര്‍ക്കു തൃപ്തിവരില്ല; ഇടയന്‍മാരും ഒന്നും അറിയുന്നില്ല. സ്വാര്‍ഥലാഭത്തിനുവേണ്ടി അവര്‍ സ്വന്തം വഴി നോക്കുന്നു.12 അവര്‍ പറയുന്നു: വരൂ, പോയി വീഞ്ഞുകൊണ്ടുവരാം; നമുക്കു ലഹരിപാനീയങ്ങള്‍ നിറയെ കുടിക്കാം; നാളെയും അളവില്ലാതെ കുടിക്കാം.
The Book of Isaiah | ഏശയ്യാ | Malayalam Bible | POC Translation




Leave a comment