Isaiah, Chapter 61 | ഏശയ്യാ, അദ്ധ്യായം 61 | Malayalam Bible | POC Translation

Advertisements

വിമോചനത്തിന്റെ സദ്വാര്‍ത്ത

1 ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്തിരിക്കുന്നു.2 ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്‌സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു.3 സീയോനില്‍ വിലപിക്കുന്നവര്‍ കര്‍ത്താവ് നട്ടുപിടിപ്പിച്ച നീതിയുടെ ഓക്കുമരങ്ങള്‍ എന്ന് വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പടാനും വേണ്ടി അവര്‍ക്കു വെണ്ണീറിനുപകരം പുഷ്പ മാല്യവും വിലാപത്തിനുപകരം ആനന്ദത്തിന്റെ തൈലവും തളര്‍ന്ന മനസ്‌സിനുപകരം സ്തുതിയുടെ മേലങ്കിയും നല്‍കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.4 പണ്ടു നശിച്ചുപോയവ അവര്‍ വീണ്ടും നിര്‍മിക്കും; പൂര്‍വാവശിഷ്ടങ്ങള്‍ ഉദ്ധരിക്കും; നശിപ്പിക്കപ്പെട്ട നഗരങ്ങള്‍ പുനരുദ്ധരിക്കും; തലമുറകളായി ഉണ്ടായ വിനാശങ്ങള്‍ അവര്‍ പരിഹരിക്കും.5 വിദേശികള്‍ നിങ്ങളുടെ ആട്ടിന്‍പറ്റങ്ങളെ മേയ്ക്കും; പരദേശികള്‍ നിങ്ങളുടെ ഉഴവുകാരും മുന്തിരി വെട്ടിയൊരുക്കുന്നവരും ആകും.6 കര്‍ത്താവിന്റെ പുരോഹിതരെന്നു നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകരെന്നു നിങ്ങള്‍ അറിയപ്പെടും. ജനതകളുടെ സമ്പത്ത് നിങ്ങളനുഭവിക്കും. അവരുടെ ധനം കൈവശപ്പെടുത്തി നിങ്ങള്‍ അഭിമാനിക്കും.7 ലജ്ജിതരായിരുന്നതിനുപകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും; അവമതിക്കു പകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്ദം നിത്യമായിരിക്കും.8 കാരണം, കര്‍ത്താവായ ഞാന്‍ നീതി ഇഷ്ടപ്പെടുന്നു. കൊള്ളയും തിന്‍മയും ഞാന്‍ വെറുക്കുന്നു. വിശ്വസ്തതയോടെ അവര്‍ക്കു ഞാന്‍ പ്രതിഫലം നല്‍കും. അവരുമായി ഞാന്‍ നിത്യമായ ഒരു ഉടമ്പടി ഉണ്ടാക്കും.9 അവരുടെ പിന്‍തലമുറ ജനതകളുടെയിടയിലും സന്തതി രാജ്യങ്ങള്‍ക്കിടയിലും അറിയപ്പെടും; കര്‍ത്താവിനാല്‍ അനുഗൃഹീതമായ ജനമെന്ന് അവരെ കാണുന്നവര്‍ ഏറ്റുപറയും.10 ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും; എന്റെ ആത്മാവ് എന്റെ ദൈവത്തില്‍ ആനന്ദംകൊള്ളും; വരന്‍ പുഷ്പമാല്യമണിയുന്നതുപോലെയും വധു ആഭരണഭൂഷിതയാകുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു.11 മണ്ണില്‍ മുള പൊട്ടി വരുന്നതുപോലെയും തോട്ടത്തില്‍ വിത്തു മുളയ്ക്കുന്നതുപോലെയും ജനതകളുടെ മുന്‍പില്‍ നീതിയും സ്തുതിയും ഉയര്‍ന്നുവരാന്‍ കര്‍ത്താവ് ഇടയാക്കും.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment