Isaiah, Chapter 65 | ഏശയ്യാ, അദ്ധ്യായം 65 | Malayalam Bible | POC Translation

Advertisements

ധിക്കാരികള്‍ക്കു ശിക്ഷ

1 എന്നോട് ആരായാത്തവര്‍ക്ക് ഉത്തരം നല്‍കാനും എന്നെ തേടാത്തവര്‍ക്കു ദര്‍ശന മരുളാനും ഞാന്‍ തയ്യാറായിരുന്നു. എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്, ഇതാ, ഞാന്‍ എന്നു ഞാന്‍ പറഞ്ഞു.2 സ്വന്തം ആലോചനകളെ പിന്തുടര്‍ന്നു വഴിതെറ്റി നടക്കുന്ന കലഹപ്രിയരായ ഒരു ജനത്തിനുനേരേ ദിവസം മുഴുവന്‍ ഞാന്‍ എന്റെ കൈ കള്‍ വിരിച്ചുപിടിച്ചു.3 ഉദ്യാനങ്ങളില്‍ ബലിയര്‍പ്പിക്കുകയും ഇഷ്ടികകളിന്‍മേല്‍ ധൂപാര്‍പ്പണം നടത്തുകയും ചെയ്തുകൊണ്ട് എന്റെ മുഖത്തു നോക്കി എപ്പോഴും എന്നെ പ്രകോപിപ്പിക്കുന്ന ഒരു ജനത്തിനു നേരേതന്നെ.4 അവര്‍ ശവകുടീരങ്ങളില്‍ ഇരിക്കുന്നു; രഹ സ്യസ്ഥലങ്ങളില്‍ രാത്രി ചെലവഴിക്കുന്നു; പന്നിയിറച്ചി ഭക്ഷിക്കുന്നു. നിന്ദ്യമായവയുടെ സത്തു പാനം ചെയ്യുന്നു.5 അവിടെത്തന്നെ നില്‍ക്കുക, എന്റെ അടുക്കല്‍ വരരുത്. ഞാന്‍ വിശുദ്ധനാണ് എന്ന് അവര്‍ പറയുന്നു. അവര്‍ എന്റെ നാസികയില്‍ പുകയാണ്, ദിവസം മുഴുവന്‍ എരിയുന്നതീയാണ്.6 ഇതാ, എല്ലാറ്റിന്റെയും രേഖ എന്റെ മുന്‍പിലുണ്ട്; ഞാന്‍ നിശ്ശബ്ദനായിരിക്കുകയില്ല; പ്രതികാരം ചെയ്യും.7 അവരുടെയും അവരുടെ പിതാക്കന്‍മാരുടെയും തിന്‍മകള്‍ക്ക് അവരുടെ മടിയിലേക്കു തന്നെ ഞാന്‍ പ്രതികാരം ചൊരിയും- കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവര്‍ മലമുകളില്‍ ധൂപമര്‍പ്പിക്കുകയും കുന്നുകളില്‍ എന്നെ നിന്ദിക്കുകയും ചെയ്തു. അവരുടെ പഴയ പ്രവൃത്തികള്‍ക്കുള്ള ശിക്ഷ അവരുടെ മടിയില്‍ത്തന്നെ ഞാന്‍ അളന്നു നല്‍കും.8 കര്‍ത്താവ് അരുളിച്ചെയ്യുന്നു: മുന്തിരിക്കുലയില്‍ വീഞ്ഞുകാണുമ്പോള്‍ അതു നശിപ്പിക്കരുത്, അതില്‍ ഒരു വരം ഉണ്ട് എന്ന് പറയുന്നതുപോലെ, എന്റെ ദാസര്‍ക്കുവേണ്ടി ഞാനും പ്രവര്‍ത്തിക്കും; അവരെയെല്ലാവരെയും ഞാന്‍ നശിപ്പിക്കുകയില്ല.9 യാക്കോബില്‍ നിന്നു സന്തതികളെയും, യൂദായില്‍നിന്ന് എന്റെ മലകളുടെ അവകാശികളെയും ഞാന്‍ പുറപ്പെടുവിക്കും; എന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ അതു കൈവശപ്പെടുത്തും; എന്റെ ദാസര്‍ അവിടെ വസിക്കും.10 എന്നെ അന്വേഷിച്ച എന്റെ ജനത്തിന്റെ ആട്ടിന്‍ പറ്റങ്ങള്‍ക്കു ഷാരോന്‍മേച്ചില്‍പുറവും, കന്നുകാലികള്‍ക്ക് ആഖോര്‍ത്താഴ്‌വരയും വിശ്രമകേന്ദ്രങ്ങളായിരിക്കും.11 എന്നാല്‍, നിങ്ങള്‍ കര്‍ത്താവിനെ ഉപേക്ഷിക്കുകയും എന്റെ വിശുദ്ധഗിരിയെ മറക്കുകയും ഭാഗ്യദേവനു പീഠമൊരുക്കുകയും വിധിയുടെ ദേവനു വീഞ്ഞുകലര്‍ത്തി പാനപാത്രം നിറയ്ക്കുകയും ചെയ്തു.12 ഞാന്‍ നിങ്ങളെ വാളിനേല്‍പിക്കും; കൊലയ്ക്കു തല കുനിച്ചുകൊടുക്കാന്‍ നിങ്ങള്‍ക്ക് ഇടവരും. കാരണം, ഞാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ വിളികേട്ടില്ല; ഞാന്‍ സംസാരിച്ചപ്പോള്‍ നിങ്ങള്‍ ശ്രവിച്ചില്ല. എന്റെ ദൃഷ്ടിയില്‍ തിന്‍മയായതു നിങ്ങള്‍ പ്രവര്‍ത്തിച്ചു. എനിക്ക് അനിഷ്ടമായതു നിങ്ങള്‍ തിരഞ്ഞെടുത്തു.13 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ദാസര്‍ ഭക്ഷിക്കും; നിങ്ങള്‍ വിശന്നുപൊരിയും; എന്റെ ദാസര്‍ പാനം ചെയ്യും; നിങ്ങള്‍ തൃഷ്ണാര്‍ത്തരാകും. എന്റെ ദാസര്‍ സന്തോഷിച്ചുല്ലസിക്കും; നിങ്ങള്‍ നിന്ദനമേല്‍ക്കും.14 എന്റെ ദാസര്‍ ആനന്ദഗീതം ആലപിക്കും; നിങ്ങള്‍ ദുഃഖംകൊണ്ടു നിലവിളിക്കുകയും മനോവ്യഥകൊണ്ടു വിലപിക്കുകയും ചെയ്യും.15 ഞാന്‍ തിരഞ്ഞെടുത്തവര്‍ നിങ്ങളുടെ നാമം ശപിക്കാന്‍ ഉപയോഗിക്കും. ദൈവമായ കര്‍ത്താവ് നിങ്ങളെ വധിക്കും. തന്റെ ദാസര്‍ക്ക് അവിടുന്ന് മറ്റൊരു പേരു നല്‍കും.16 ഭൂമിയില്‍ അനുഗ്രഹംയാചിക്കുന്നവന്‍ വിശ്വസ്തനായ ദൈവത്തിന്റെ നാമത്തില്‍ അനുഗ്രഹിക്കപ്പെടാന്‍ ആഗ്രഹിക്കും; ശപഥം ചെയ്യുന്നവന്‍ വിശ്വസ്തനായ ദൈവത്തിന്റെ നാമത്തില്‍ അതുചെയ്യും. മുന്‍കാല ക്‌ളേശങ്ങള്‍ ഞാന്‍ മറന്നിരിക്കുന്നു; അവ എന്റെ ദൃഷ്ടിയില്‍നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു.

പുതിയ ആകാശവും പുതിയ ഭൂമിയും

17 ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വകാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മന സ്‌സില്‍ വരുകയോ ഇല്ല.18 ഞാന്‍ സൃഷ്ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിന്‍. ജറുസലെമിനെ ഒരു ആനന്ദമായും അവളുടെ ജനത്തെ ആഹ്‌ളാദമായും ഞാന്‍ സൃഷ്ടിക്കുന്നു.19 ജറുസലെമിനെക്കുറിച്ചു ഞാന്‍ ആനന്ദിക്കും: എന്റെ ജനത്തില്‍ ഞാന്‍ സന്തോഷിക്കും; വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനി അവിടെ കേള്‍ക്കുകയില്ല.20 ശിശുക്കളോ ആയുസ്‌സു തികയ്ക്കാത്ത വൃദ്ധരോ, ഇനി അവിടെ മരിക്കുകയില്ല. നൂറാം വയസ്‌സില്‍ മരിച്ചാല്‍ അത് ശിശുമരണമായി കണക്കാക്കും. നൂറു തികയുന്നതിനു മുന്‍പുള്ള മരണം ശാപ ലക്ഷണമായി പരിഗണിക്കും.21 അവര്‍ ഭവനങ്ങള്‍ പണിത് വാസമുറപ്പിക്കും; മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച് അവയുടെ ഫലം ഭക്ഷിക്കും.22 അവര്‍ പണിയുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കുകയില്ല; അവര്‍ നടുന്നതിന്റെ ഫലം അപരന്‍ ഭുജിക്കുകയില്ല; എന്റെ ജനത്തിന്റെ ആയുസ്‌സ് വൃക്ഷത്തിന്റെ ആയുസ്‌സ് പോലെയായിരിക്കും. എന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ദീര്‍ഘകാലം തങ്ങളുടെ അധ്വാനത്തിന്റെ ഫലം അനുഭവിക്കും.23 അവരുടെ അധ്വാനം വൃഥാ ആവുകയില്ല. അവര്‍ക്കു ജനിക്കുന്ന ശിശുക്കള്‍ അത്യാഹിതത്തിന് ഇരയാവുകയില്ല. അവര്‍ കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും; അവരുടെ സന്തതികളും അവരോടൊപ്പം അനുഗൃഹീതരാകും.24 വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്‍ഥിച്ചുതീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും.25 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാളയെപ്പോലെവൈക്കോല്‍ തിന്നും. പാമ്പിന്റെ ആഹാരം പൊടിയായിരിക്കും. എന്റെ വിശുദ്ധഗിരിയില്‍ ഒരിടത്തും അവ ഉപദ്രവമോ നാശമോ ചെയ്യുകയില്ല.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment