ക്രിസ്മസ് ഇങ്ങടുത്തെത്തുമ്പോഴേക്ക്, നമ്മൾ വായിക്കുന്നതിലും കാണുന്ന ഇടങ്ങളിലുമൊക്കെ സാന്താക്ളോസ് രൂപങ്ങളെക്കൊണ്ട്, ജിംഗിൾ ബെൽസ് പാട്ടുകളെക്കൊണ്ട് നിറയും. സമ്മാനങ്ങൾ നിറഞ്ഞ സഞ്ചി തോളത്തിട്ട് വരുന്ന സാന്താക്ളോസ് അപ്പൂപ്പൻ ഇല്ലാതെ എന്ത് ക്രിസ്മസ്. അല്ലേ? നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, കാരുണ്യത്തിനും മനസ്സലിവിനും പ്രസിദ്ധനായിരുന്ന, വിശുദ്ധ നിക്കോളാസ് എന്ന ബിഷപ്പിൽ നിന്നാണ് ഈ സാന്താക്ളോസിന്റെ ആശയവും പേരുമൊക്കെ ഉണ്ടായി വന്നത്.
അദ്ദേഹത്തിന്റെ മരണത്തിന് ശേഷം അഞ്ചു നൂറ്റാണ്ടുകൾ പിന്നിട്ട് ഒൻപതാം നൂറ്റാണ്ടായപ്പോൾ കോൺസ്റ്റാന്റിനോപ്പിളിലെ വിശുദ്ധ മെത്തോഡിയസ് എന്ന് പേരുള്ള ഒരു സന്യാസി “ ഈ ബഹുമാന്യ ഇടയന്റെ ജീവിതം വിശ്വാസികൾക്ക് അജ്ഞാതമാണല്ലോ ‘ എന്ന് പറഞ്ഞ് അദ്ദേഹത്തെ പറ്റിയുള്ള വിവരങ്ങൾ പങ്കുവെക്കാൻ ആരംഭിച്ചു. പക്ഷേ സത്യവും ഭാവനയും ഇടകലർന്ന് പ്രചരിച്ച ആ കഥകളിൽ നിന്ന് സത്യവും ഭാവനയും വേർതിരിച്ചെടുക്കാൻ പിന്നീട് ബുദ്ധിമുട്ടായെന്ന് മാത്രം.
ഇന്നത്തെ ടർക്കിയുടെ ഭാഗമായ ഏഷ്യമൈനറിന്റെ തെക്ക് പടിഞ്ഞാറൻ തീരത്തെ ലിസിയ പ്രവിശ്യയിൽ 280 ആം ആണ്ടിലാണ് വിശുദ്ധ നിക്കോളാസ് ജനിച്ചത്. വളരെ നേരത്തെ തന്നെ പുരോഹിതനായ അദ്ദേഹം ഒരു ആശ്രമത്തിന്റെ ആബട്ടായി നിയമിതനായി. പിന്നീട് മീറയിലെ ബിഷപ്പായി, തന്റെ ഭക്തിയാലും തീക്ഷ്‌ണതയാലും അത്ഭുതങ്ങളാലും എല്ലാവരെയും വിസ്മയിപ്പിച്ചു.
ഡയക്ളീഷൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് മെത്രാനായ നിക്കോളാസിനെ തടവിലാക്കി പീഡിപ്പിച്ചു. പിന്നീട് കോൺസ്റ്റന്റൈൻ ചക്രവർത്തി അധികാരത്തിലേറി ക്രിസ്തുമതത്തെ അംഗീകരിച്ച സമയത്ത് സ്വതന്ത്രനായി. ഒരു മെത്രാൻ എന്ന നിലയിൽ വിശുദ്ധ നിക്കോളാസ് തന്റെ ആടുകളെ ഏരിയനിസം എന്ന പാഷണ്ഡതയിൽ പെടാതെ സംരക്ഷിച്ചു. യേശു പിതാവിനാൽ സൃഷ്ടിക്കപ്പെട്ടവൻ ആണെന്നത് കൊണ്ട് തന്നെ, ദൈവമല്ല എന്ന് പറയുന്ന പാഷണ്ഡതയാണ് ഏരിയനിസം. തന്റെ രൂപതയെ ഈ പാഷണ്ഡതകയുടെ കറ പുരളാതെ സൂക്ഷിക്കാൻ ആ ബിഷപ്പിന് കഴിഞ്ഞു എന്നത് സ്തുത്യർഹമാണ്. ഈ പാഷണ്ഡത ഉണ്ടായി വരാൻ കാരണക്കാരനായ ഏരിയസിനെ കുറ്റക്കാരനായി വിധിച്ച നിഖ്യാ സൂനഹദോസിൽ ബിഷപ്പ് നിക്കോളാസും പങ്കെടുത്തെന്ന് പറയുന്നു.
സ്വർണ്ണക്കിഴികളുടെ കഥ
പണയക്കടകളിൽ കാണപ്പെടുന്ന 3 സ്വർണ്ണഗോളങ്ങളുടെ അടയാളചിഹ്നം വന്നത് വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽ നിന്നാണെന്ന് നമുക്കറിയാം. പണമുണ്ടെങ്കിലേ പെണ്മക്കളുടെ വിവാഹം, നടക്കൂ എന്ന സ്ഥിതിയായിരുന്നെന്ന് തോന്നുന്നു അന്നും. വിശുദ്ധ നിക്കോളാസിന്റെ ചെറുപ്രായത്തിൽ മരിച്ചുപോയ മാതാപിതാക്കൾ ബാക്കിവെച്ച സ്വത്തുക്കൾ പാവങ്ങൾക്കായി ചിലവഴിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. തന്റെ പണമെല്ലാം ഓരോ വഴിക്ക് നഷ്ടപ്പെട്ട് ദരിദ്രനായിതീർന്ന ഒരു മനുഷ്യൻ തന്റെ മൂന്ന് പെണ്മക്കളുടെ വിവാഹം നടത്താനുള്ള പണമില്ലാതെ വിഷമിച്ചു. അവരെ അടിമയായി വിൽക്കുകയോ പാപത്തിന് പ്രേരിപ്പിക്കുകയോ അല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് അയാൾ പറഞ്ഞെന്ന് അറിഞ്ഞ ബിഷപ്പ് ഒരു രാത്രിയിൽ ആരും കാണാതെ വന്ന് സ്വർണ്ണനാണയങ്ങൾ അടങ്ങിയ ഒരു കിഴി തുറന്ന ജനലിലൂടെ അകത്തേക്കിട്ടു. അതുകൊണ്ട് ആദ്യത്തെ മകളുടെ വിവാഹം നടത്തി. രണ്ടാമത്തെ മകളുടെ വിവാഹവും ഇതുപോലെ തന്നെ നടന്നു. മൂന്നാം വട്ടം സ്വർണ്ണക്കിഴി ഇടാൻ ബിഷപ്പ് വന്നപ്പോൾ ആ മനുഷ്യൻ ആളെ തിരിച്ചറിഞ്ഞിട്ട് പറഞ്ഞു, “നിക്കോളാസ് പിതാവേ, അങ്ങെന്റെ രക്ഷകനാണ്. എന്നെയും എന്റെ മക്കളെയും നരകത്തിൽ നിന്ന് അങ്ങ് രക്ഷിച്ചു “. സ്വർണ്ണപണയം സ്വീകരിച്ച് പണം കൊടുക്കുന്നവർ വിശുദ്ധ നിക്കോളാസിനെ തങ്ങളുടെ മധ്യസ്ഥനായി സ്വീകരിച്ചു.
ധാന്യമണികളുടെ കഥ
ആഞ്ചലിക്കോ സഹോദരന്റെ ഒരു പെയിന്റിംഗ് വിശുദ്ധ നിക്കോളാസിനെയും ധാന്യങ്ങളെയും ബന്ധപ്പെടുത്തിയാണ്. ദേശത്ത് ക്ഷാമമുണ്ടായി, ആളുകൾ പട്ടിണിയിലായി. മീറക്കടുത്തുള്ള ഒരു തുറമുഖത്ത് ധാന്യം അടങ്ങിയ കപ്പൽ നങ്കൂരമിട്ടത് കണ്ട് വിശുദ്ധ നിക്കോളാസ്, ക്യാപ്റ്റനോട് കുറച്ച് ധാന്യം ആളുകൾക്കായി തരാൻ ആവശ്യപ്പെട്ടു. അവർക്ക് കൊടുക്കാൻ താല്പര്യമുണ്ടെങ്കിലും അത് തൂക്കിനോക്കി ഉറപ്പുവരുത്തിയ ധാന്യമാണെന്നും അലക്സാൻഡ്രിയയിൽ കപ്പൽ എത്തുമ്പോൾ തൂക്കത്തിൽ കുറവുണ്ടെങ്കിൽ അവർ പ്രശ്നത്തിലാവുമെന്നും പറഞ്ഞു. ആവശ്യമുള്ള ധാന്യം പിന്നീട് അവർ കൊടുത്തെങ്കിലും കപ്പൽ ലക്ഷ്യസ്ഥാനത്തെത്തി തൂക്കിനോക്കുമ്പോൾ ധാന്യത്തിന്റെ തൂക്കത്തിൽ ഒട്ടും കുറവുണ്ടായിരുന്നില്ല. വരച്ച ചിത്രത്തിൽ, ദരിദ്രർക്ക് ധാന്യം വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോൾ മാലാഖമാർ കപ്പലിനുള്ളിൽ ധാന്യം എത്തിക്കുന്നതായി കാണിക്കുന്നു.
വിശുദ്ധ നിക്കോളാസ് വർഷം 342 ൽ മരിച്ച് മീറയിലെ അപ്പസ്തോലികമന്ദിരത്തിൽ അടക്കം ചെയ്യപ്പെട്ടു. ജസ്റ്റീനിയൻ ചക്രവർത്തി 540ൽ അദ്ദേഹത്തിന്റെ ബഹുമാനത്തിനായി കോൺസ്റ്റാന്റിനോപ്പിളിൽ ഒരു പള്ളി പണിതു. അവിടുള്ള ക്രിസ്ത്യാനികൾ തങ്ങളുടെ പ്രിയപ്പെട്ട പിതാവിന്റെ ഓർമ്മ നിലനിർത്താൻ അദ്ദേഹത്തിന്റെ തിരുന്നാൾ ദിവസം കുട്ടികൾക്ക് സർപ്രൈസ് ഗിഫ്റ്റുകൾ കൊടുക്കുന്നത് പതിവായി. ഈ പതിവ് പിന്നീട് ക്രിസ്മസ് ദിവസത്തിലേക്ക് മാറി. ഇപ്പോഴും യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ, ഉദാഹരണത്തിന് ഓസ്‌ട്രീയയിൽ ഡിസംബർ 6ന് കുട്ടികൾക്ക് സമ്മാനങ്ങൾ ലഭിക്കാറുണ്ട്.
പിന്നീട് മീറ പിടിച്ചെടുക്കപെട്ടപ്പോൾ ഇറ്റാലിയൻ നാവികർ ബിഷപ്പിന്റെ ഭൗതികാവശിഷ്ടങ്ങൾ മെയ് 9, 1087ൽ ബാരിയിലേക്ക് കൊണ്ടുവന്നു. ഒരു പുതിയ പള്ളി പണിത് അവിടെ പ്രതിഷ്ഠിച്ച സമയത്ത് ഊർബൻ രണ്ടാമൻ പാപ്പ അവിടെ സന്നിഹിതനായിരുന്നു. ബാരിയിലെ വിശുദ്ധ നിക്കോളാസ് എന്നാണ് പിന്നീട് വിശുദ്ധൻ അറിയപ്പെട്ടത്.
ബൈസാന്റിൻ കാലത്ത് വിശുദ്ധ നിക്കോളാസിന്റെ ചിത്രങ്ങൾ വ്യാപകമായിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിലെ നാലായിരത്തോളം പള്ളികൾ അദ്ദേഹത്തിന്റെ പേരിലായിരുന്നു. പരിശുദ്ധ അമ്മ കഴിഞ്ഞാൽ വിശുദ്ധ നിക്കോളാസിന്റെ ചിത്രങ്ങൾ ആണ് അക്കാലത്ത് ഒട്ടുമിക്ക ചിത്രകാരന്മാരും വരച്ചിരുന്നത്.
ബാരിയിൽ നിന്ന് വിശുദ്ധന്റെ പ്രസിദ്ധി വ്യാപിച്ചു. റഷ്യയിൽ ഇന്നും വിശുദ്ധ നിക്കോളാസിനെ മധ്യസ്ഥനായി കരുതുന്നുണ്ട്. നിക്കോളാസ് എന്ന പേര് തന്നെ നിരവധി ആളുകൾക്ക് അവിടെ ഉണ്ട്.
വിശുദ്ധ നിക്കോളാസ് ചെറുപ്പക്കാരായ വിദ്യാർത്ഥികളുടെയും കുട്ടികളുടെയും മധ്യസ്ഥൻ കൂടി ആണ്. അതിന് പിന്നിൽ കുറച്ചു പേടിപ്പെടുത്തുന്ന ഒരു കഥയുണ്ട്. മൂന്ന് വിദ്യാർത്ഥികൾ ഒരു സത്രത്തിൽ താമസിക്കവേ, അവരുടെ കയ്യിൽ ധാരാളം പണമുണ്ടെന്ന് വിചാരിച്ച് സത്രം നടത്തിപ്പുകാരൻ അവരെ കൊലപ്പെടുത്തി ഒരു ഉപ്പുവെള്ളതൊട്ടിയിൽ കൊണ്ടിട്ടു. വിശുദ്ധ നിക്കോളാസ് പ്രത്യക്ഷപ്പെട്ട് കുട്ടികൾക്ക് ജീവൻ നൽകി.
നാവികർ അദ്ദേഹത്തെ മധ്യസ്ഥനായി കരുതുന്നതിന് പിന്നിലും ചില കഥകളുണ്ട്. ഒരെണ്ണം ഇങ്ങനെയാണ്. വിശുദ്ധനാട്ടിൽ തീർത്ഥാടനത്തിന് പോകാൻ ആഗ്രഹിച്ച് വിശുദ്ധൻ ഒരു ഈജിപ്ഷ്യൻ കപ്പലിൽ കയറി. യാത്രക്കിടയിൽ വലിയ കൊടുങ്കാറ്റുണ്ടായി, കപ്പൽ നിയന്ത്രിക്കാൻ പറ്റാത്ത സ്ഥിതിയിലായി. റിഗ്ഗിന് അടുത്ത് നിന്നിരുന്ന ഒരാൾ അതിനിടയിൽ താഴേക്ക് വീണു. നിക്കോളാസ് പ്രാർത്ഥിച്ചതിന്റെ ഫലമായി കൊടുങ്കാറ്റ് നിലക്കുകയും വീണ ആൾ ഉറക്കത്തിൽ നിന്നെന്ന പോലെ എണീറ്റുവരികയും ചെയ്തു.
വിശുദ്ധ നിക്കോളാസ്, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവതികളുടെയും, കുഞ്ഞിനെ പ്രതീക്ഷിക്കുന്ന അമ്മമാരുടെയും മീൻപിടുത്തക്കാരുടെയും കപ്പലിന്റെ ഡോക്കിലെ പണിക്കാരുടെയും നാവികരുടെയും തീർത്ഥാടകരുടെയുമൊക്കെ മധ്യസ്ഥനാണ്. സാന്താക്ളോസ് അപ്പൂപ്പൻ ആയി എല്ലാവരുടെയും പ്രിയപ്പെട്ട ആളും.
ജിൽസ ജോയ് ![]()



Leave a comment