നാലാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ വിശുദ്ധ സ്റ്റീഫന്റെ തിരുന്നാൾ കത്തോലിക്കാ സഭ ആഘോഷിച്ചിരുന്നത് നമ്മുടെ കർത്താവീശോമിശിഹായുടെ പിറവിതിരുന്നാൾ കഴിഞ്ഞു തൊട്ടടുത്ത ദിവസമാണ്. അതുകൊണ്ട് റുസ്പെയിലെ വിശുദ്ധ ഫുൾജെൻഷ്യസ് ഇങ്ങനെ പറഞ്ഞു, “ ഇന്നലെ നമ്മുടെ നിത്യരാജാവിന്റെ ജനനം നമ്മൾ ആഘോഷിച്ചു. ഇന്ന് ഒരു പടയാളിയുടെ വിജയകരമായ മരണം നമ്മൾ ആഘോഷിക്കുന്നു. ഇന്നലെ നമ്മുടെ രാജാവ് മാംസ അങ്കി അണിഞ്ഞ് കന്യകയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്തുവന്ന് ഭൂമി സന്ദർശിക്കാൻ തിരുവുള്ളമായി. ഇന്ന് ഒരു പട്ടാളക്കാരൻ തന്റെ ശരീരമാകുന്ന ഭൗമികകൂടാരം ഉപേക്ഷിച്ച് സ്വർഗത്തിലേക്ക് വിജയശ്രീലാളിതനായി പോകുന്നു “.
സ്തേഫാനോസ് എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ‘റീത്ത്, ‘കിരീടം’ എന്നൊക്കെയാണ്. സ്റ്റീഫന് ആ പേര് സർവ്വഥ യോജിച്ചതാണ് കാരണം സഭ അദ്ദേഹത്തിന്റെ തിരുന്നാൾ ദിവസം ക്രിസ്തുവിന്റെ പിൻഗാമികളിൽ ആദ്യ രക്തസാക്ഷിത്വകിരീടം ലഭിച്ച സ്റ്റീഫനായി സ്വർഗ്ഗത്തിന്റെ ഗേറ്റുകൾ മലർക്കെ തുറക്കപ്പെട്ടത് വാഴ്ത്തിപ്പാടുന്നു. കിരീടം ഉള്ളവരായി ചിത്രങ്ങളിലും രൂപങ്ങളിലും രക്തസാക്ഷികളെ കാണിക്കുന്നത്
ആദ്യനൂറ്റാണ്ടുകളിലെ ക്രിസ്ത്യാനികളുടെ ഒരു രീതി ആയിരുന്നു. അങ്ങനെ കിരീടം ലഭിച്ച ക്രിസ്തുവിന്റെ ആദ്യശിഷ്യന്മാരിലെ ആദ്യരക്തസാക്ഷി (protomartyr), സ്റ്റീഫൻ ആയിരുന്നു. AD 35 ലാണ് സ്റ്റീഫൻ മരിക്കുന്നത്.
സ്റ്റീഫന്റെ രക്തസാക്ഷിത്വത്തിനും മരണത്തിനും പ്രത്യേകമായ വിധത്തിൽ പ്രാധാന്യം ലഭിക്കുന്നത് ക്രിസ്തുവിന് വേണ്ടി മരിച്ചവരിൽ ആദ്യത്തെ അനുയായി ആയതുകൊണ്ട് മാത്രമല്ല അത് ബൈബിളിൽ അപ്പസ്തോലപ്രവർത്തനങ്ങളിൽ മുഴുവനായി പറഞ്ഞിരിക്കുന്നത് കൊണ്ട് കൂടിയാണ്. മറ്റ് രക്തസാക്ഷികളുടെ രേഖപ്പെടുത്തപ്പെട്ട വിവരങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് നമുക്ക് ലഭിക്കുന്നതെന്നിരിക്കെ വിശുദ്ധ സ്റ്റീഫന്റെ പീഡകളെപറ്റിയുള്ള വിവരങ്ങൾ കാനോനിക പുസ്തകത്തിൽ നിന്ന്, തിരുവചനത്തിന്റെ ഭാഗമായിത്തന്നെ, നമുക്ക് ലഭിക്കുന്നെന്നാണ് വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത്.
യവനഭാഷ സംസാരിക്കുന്ന ജൂതനായിരുന്ന ( Hellenist ) സ്റ്റീഫന്റെ പരിവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ലഭിച്ചിട്ടില്ല. എന്തായാലും രക്ഷകന്റെ മരണശേഷം പെട്ടെന്ന് തന്നെ ജെറുസലേമിലെ ക്രിസ്ത്യാനികൾക്കിടയിൽ ഒരു സമുന്നതസ്ഥാനത്തേക്ക് സ്റ്റീഫൻ ഉയർന്നതായി മനസ്സിലാവുന്നു, ഗ്രീക്ക് ഭാഷ സംസാരിക്കുന്നവർക്കിടയിൽ തന്റെ കഴിവുകൾ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടാവണം.
അപ്പസ്തോലപ്രവർത്തനങ്ങളിൽ ആറാം അധ്യായത്തിലാണ് നമ്മൾ സ്റ്റീഫനെ കാണുന്നത്. തങ്ങളുടെ വിധവകൾ പ്രതിദിനമുള്ള സഹായവിതരണത്തിൽ അവഗണിക്കപ്പെടുന്നു എന്ന് ഹെബ്രായർക്കെതിരെ ഗ്രീക്കുകാർ പരാതിപെട്ടപ്പോൾ അപ്പസ്തോലന്മാരുടെ നിർദ്ദേശപ്രകാരം എഴുപേരെ തിരഞ്ഞെടുത്തവരിൽ സ്റ്റീഫനും ഉൾപ്പെട്ടിരുന്നു. അപ്പസ്തോലർ അവരുടെമേൽ കൈകൾ വെച്ച് പ്രാർത്ഥിച്ചു. സഭയിൽ അഭിഷേകം ലഭിച്ച ആദ്യ ഡീക്കന്മാരായി അവർ.
റോമാ 5:5 ൽ പൗലോസ് ശ്ലീഹ പറയുന്നു, ‘നമുക്ക് നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപെട്ടിരിക്കുന്നു ‘. ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹത്താൽ സ്റ്റീഫന്റെ ഹൃദയം എപ്രകാരം ജ്വലിച്ചിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. കൃപാവരവും ശക്തിയും കൊണ്ട് നിറഞ്ഞ് അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായി സ്റ്റീഫനെ ബൈബിൾ പ്രകീർത്തിക്കുന്നു. സിനഗോഗിലെ വാദപ്രതിവാദങ്ങളിൽ അവന്റെ സംസാരത്തിൽ വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിർത്തു നിൽക്കാൻ ആർക്കും സാധിച്ചില്ല. കുപിതരായ എതിരാളികൾ ന്യായാധിപസംഘത്തിന്റെ മുൻപിൽ കള്ളസാക്ഷ്യങ്ങൾ അവനെതിരെ ഉന്നയിച്ചു.
ആത്മാവിനാൽ നിറഞ്ഞു പ്രസംഗിച്ച സ്റ്റീഫൻ ജീവഭയം തെല്ലുമില്ലാതെ രൂക്ഷമായ ശകാരത്തോടെയാണ് അത് അവസാനിപ്പിച്ചത്. പ്രകോപിതരായ ജൂതന്മാർ അവനെ നഗരത്തിന് പുറത്താക്കി കല്ലെറിഞ്ഞു. ദൈവമഹത്വം ദർശിച്ച സ്റ്റീഫൻ അവരോട് ക്ഷമിച്ച് പ്രാർത്ഥിച്ചുകൊണ്ട് തന്റെ ആത്മാവിനെ ദൈവത്തിന് സമർപ്പിച്ചു.
വിശുദ്ധ ഫുൾജെൻഷ്യസ് പറയുന്നു, “സ്വർഗ്ഗത്തിൽ നിന്ന് യേശുവിനെ ഭൂമിയിലേക്ക് കൊണ്ടുവന്ന സ്നേഹം സ്റ്റീഫനെ ഭൂമിയിൽ നിന്ന് സ്വർഗത്തിലേക്ക് എടുത്തു. ആദ്യം രാജാവിൽ കണ്ട സ്നേഹം അടുത്തതായി പടയാളിയിൽ കാണപ്പെട്ടു. കിരീടത്തിന് യോഗ്യമായ വിധത്തിൽ ( പേര് സൂചിപ്പിക്കും പോലെ)
ആയുധമായി സ്നേഹം കയ്യിലുണ്ടായിരുന്ന സ്റ്റീഫൻ അതിനാൽത്തന്നെ എല്ലായിടത്തും വിജയിയായി. ദൈവസ്നേഹം ഉണ്ടായിരുന്നതിനാൽ യൂദന്മാരുടെ രോഷത്തിന് അവനെ കീഴടക്കാൻ പറ്റിയില്ല. അയൽക്കാരോടുള്ള സ്നേഹത്താൽ, തന്നെ കല്ലെറിയുന്നവർക്ക് വേണ്ടി കൂടെ അവൻ പ്രാർത്ഥിച്ചു. സ്നേഹത്തിൽ, അവൻ വഴിതെറ്റി പോയവരെ അവരുടെ പാതകൾ തിരുത്താനായി കുറ്റപ്പെടുത്തി. സ്നേഹത്തിൽ, അവൻ തന്നെ കല്ലെറിയുന്നവർ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടാനായി പ്രാർത്ഥിച്ചു“.
സ്റ്റീഫന്റെ വധശിക്ഷ നടപ്പാക്കിയവരിൽ പ്രധാനിയായിരുന്നു സാവൂൾ. കുറച്ചു മാസങ്ങൾക്കപ്പുറം സ്റ്റീഫന്റെ ഹൃദയത്തിൽ നിന്നൊഴുകിയ സ്നേഹത്താലും ക്ഷമയാലും ക്രിസ്തുവിന്റെ ഇടപെടലിനാലും പിടിക്കപ്പെട്ട് സാവൂൾ പൗലോസായി. വിജാതീയർക്കുവേണ്ടിയുള്ള നിർഭയനായ അപ്പസ്തോലനായി.
ലൂസിയൻ എന്ന് പേരുള്ള പുരോഹിതൻ അഞ്ചാം നൂറ്റാണ്ടിൽ വിശുദ്ധ സ്റ്റീഫന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെടുത്തതിനെ പറ്റി എഴുതിയിട്ടുണ്ട്. റോമിലെ സാൻ ലോറൻസൊ ദേവാലയത്തിൽ പിന്നീട് അത് സ്ഥാപിക്കപ്പെട്ടു.
സഭയിലെ ആദ്യരക്തസാക്ഷി വിശുദ്ധ സ്റ്റീഫന്റെ തിരുന്നാൾ ആശംസകൾ
ജിൽസ ജോയ് ![]()



Leave a comment