January 1 | ദൈവമാതാവ്

“ദൈവമാതാവ്” എത്ര അവർണനീയമായ ഒരു സ്ഥാനം. സ്വർഗത്തെയും ഭൂമിയെയും അതിശയിക്കുന്ന മഹത്വത്തിനും, ഉത്ഭവപാപം കൂടാതെയുള്ള ജനനത്തിനും നിദാനം ദൈവമാതൃത്വമാണ്. ഇതിനേക്കാളും വലിയൊരു നാമം നല്കി അമ്മയെ നമുക്ക് ബഹുമാനിക്കാനാവില്ല. കാരണം, മറ്റെല്ലാ ബഹുമാനവും ദൈവമാതൃത്വത്തിൽ നിന്നു വരുന്നു. വിശുദ്ധ ബൊനവഞ്ചർ പറയുന്നു.“ദൈവത്തിന് ഈ പ്രപഞ്ചത്തെക്കാൾ ശ്രേഷ്ഠമായൊരു പ്രപഞ്ചത്തെ സൃഷ്ടിക്കുവാൻ കഴിയും. പക്ഷെ, ദൈവമാതാവിനെക്കാൾ പരിപൂർണയായ ഒരു മാതാവിനെ സൃഷ്ടിക്കുവാൻ സാധിക്കുകയില്ല

പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വത്ത ബഹുമാനിക്കുന്ന ആരാധനാക്രമത്തിലെ ഈ തിരുനാൾ ആദ്യകാലം മുതൽ റോമായിലെ കത്തോലിക്കാസഭയിൽ ജനുവരി ഒന്നാം തിയതിയാണ് ആഘോഷിച്ചിരുന്നത്.
ദൈവമാതാവ് എന്ന നാമം ഗ്രീക്ക് വാക്കായ “Theotokos’ ൽ നിന്നാണ് ഉത്ഭവിച്ചത്. ക്രിസ്തുവർഷം 431-ലെ ഒന്നാമത്തെ എഫേസൂസ് കൗൺസിലിൽ വെച്ച് യേശുവിന്റെ ദൈവത്വം സ്ഥിരീകരിക്കാൻ വേണ്ടി വി. ഡമാസ്ക്കസ് മാർപാപ്പയാണ് “മറിയം ദൈവമാതാവാണ്” എന്ന വിശ്വാസ സത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദൈവം യേശുവിൽ യഥാർഥ മനുഷ്യനായി അവതാരം ചെയ്തു. എങ്കിൽ യേശുവിന് ജന്മം നൽകിയ മേരി ദൈവമാതാവാണ്. എന്നാൽ “മറിയം മനുഷ്യനായ യേശുവിന്റെ അമ്മ മാത്രമാണ്’ എന്ന നെസ്റ്റോറിയൻ പാഷണ്ഡത അഞ്ചാം നൂറ്റാണ്ടോടുകൂടി സഭയിൽ ഉയർന്നു വരികയും കത്തോലിക്കാ വിശ്വാസത്തിന്റെ ഹൃദയത്തെത്തന്നെ വെല്ലുവിളിക്കുകയും ചെയ്തു. അലക്സാണ്ഡ്രിയായിലെ മെത്രാനായിരുന്ന വി. സിറിളും ജനങ്ങളും ഇതിനെ എതിർക്കുകയും പ്രശ്നം സെലസ്റ്റിൻ മാർപാപ്പയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ക്രിസ്തുവർഷം 430 ൽ മാർപാപ്പ ഈ പാഷണ്ഡതയെ ശപിച്ചു തള്ളി, നെസ്റ്റോറിയനെ സഭയിൽനിന്നും പുറത്താക്കി. വി. ഗ്രിഗറി നസിയാൻസൻ പറയുന്നു: “ആരെങ്കിലും പരിശുദ്ധ കന്യകാമറിയത്തെ ദൈവമാതാവായി അംഗീകരിക്കുന്നില്ലെങ്കിൽ അവൻ ദൈവത്തിൽ നിന്നു തന്നെയും വേർപ്പെടുത്തപ്പെട്ടിരിക്കുന്നു” Letter 1014. സുവിശേഷത്തിൽ, “നിന്നിൽനിന്ന് ജനിക്കാനിരിക്കുന്ന പരിശുദ്ധൻ ദൈവപുത്രൻ എന്ന് വിളിക്കപ്പെടുമെന്ന് ഗ്രബിയേൽ മാലാഖയിലൂടെ ദൈവപിതാവും, ‘എന്റെ കർത്താവിന്റെ അമ്മ എന്നെ സന്ദർശി
ക്കാൻ എനിക്ക് എങ്ങനെ യോഗ്യതയുണ്ടായി’ എന്ന് ഏറ്റു പറഞ്ഞുകൊണ്ട് ഇളയമ്മയായ എലിസബത്തും, മറിയം ദൈവമാതാവാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

വി. പൗലോസ് പറയുന്നു.
“ദൈവം തന്റെ പുത്രനെ അയച്ചു. സ്ത്രീയിൽ നിന്ന് ജാതനായി. (ഗലാ. 4/4). വാസ്തവത്തിൽ, മറിയത്തിന്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ മനുഷ്യനായി അവതരിച്ചവൻ, ജഡപ്രകാരം യഥാർഥത്തിൽ മറിയത്തിന്റെ മകനായി തീർന്നവൻ, പരിശുദ്ധാത്മതിത്വത്തിലെ രണ്ടാമത്തെ വ്യക്തിയും പിതാവിന്റെ നിത്യപുത്രനുമ
ല്ലാതെ മറ്റാരുമല്ല. തന്നിമിത്തം തിരുസഭ ഉദ്ഘോഷിക്കുന്നു. “മറിയം യഥാർഥത്തിൽ ദൈവത്തിന്റെ അമ്മയാണ്” (കത്തോലിക്കാ മതബോധനഗ്രന്ഥം 495). 1974-ൽ “മരിയാലിസ് കുൾത്തൂസ്” എന്ന ചാക്രികലേഖനത്തിൽ പോൾ ആറാമൻ മാർപാപ്പ ദൈവമാതാവിന്റെ തിരുനാൾ ജനുവരി 1-ാം തീയതി ആഘോഷിക്കുന്നതിന്റെ സാംഗത്യം വെളിപ്പെടുത്തുന്നു. “ഈ ആഘോഷം വഴി റോമിലെ പുരാതന ആരാധനാക്രമത്തെ അംഗീകരിക്കുകയും രക്ഷാകര ചരിത്രത്തിൽ മറിയം വഹിച്ച പങ്കിനെ അനുസ്മരിക്കു
കയും മാത്രമല്ല, മറിയത്തിന്റെ പരിശുദ്ധിയെ ഉയർത്തിക്കാണിക്കുകയും ചെയ്യുന്നു” (കത്തോലിക്കാ മതബോധനഗ്രന്ഥം 495, തിരുസഭ 53/56).

നമുക്ക് പ്രാർഥിക്കാം

പരിശുദ്ധ മറിയത്തിന്റെ ഫലദായകമായ ദൈവമാതൃത്വത്തിലൂടെ മനുഷ്യരക്ഷ സാധിച്ച ദൈവമേ, സ്വർഗത്തിന്റെയും ഭൂമിയുടെയും രാജാവായ യേശുവിനെ ഈ ഭൂമിയിൽ ജനിപ്പിക്കുവാൻ ദൈവകൃപ നിറച്ച് മറിയത്തെ അലങ്കരിച്ചതിനായി അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. “ഇതാ, കർത്താവിന്റെ ദാസി (ലൂക്ക 1/3) എന്ന് ഉദീരണം ചെയ്ത് ദൈവവചനത്തെ ഉദരത്തിൽ സ്വീകരിച്ച മാതാവേ, ഞങ്ങൾ ഞങ്ങയെ സ്തുതിക്കുന്നു. അമ്മയിലൂടെ ഞങ്ങൾക്ക് ലഭിച്ച രക്ഷയുടെ ഉറവിടമായ യേശുവിനെ സ്വന്തമാക്കുവാനും, ആ രക്ഷ ഞങ്ങളിൽ സാധിതമാക്കുവാനും ണങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമെ. ദൈവത്തിന്റെയും ഞങ്ങളുടെയും അമ്മേ, പരിശുദ്ധാത്മാവ് തരുന്ന യഥാർഥ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം നയിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവമാതാവേ, അങ്ങ് എപ്പോഴും ഞങ്ങളുടെയും മാതാവായിരിക്കണമേ. എല്ലാ തലമുറകളും. എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും” എന്ന അമ്മയുടെ പ്രവചനം അന്വർഥമാക്കി ഞങ്ങൾ ഒന്നു ചേർന്ന് അങ്ങയുടെ അപദാനങ്ങൾ പാടി സ്തുതിക്കട്ടെ, ആമ്മേൻ

സുകൃതജപം

അമ്മേ ദൈവമാതാവേ, എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമെ. ആമ്മേൻ.

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment