ജനുവരി 8 | സത്വരസഹായ മാതാവ് / Our Lady of Prompt Succor
അമേരിക്കയിലെ ലൂസിയാനായിലെ ന്യൂ ഓർലിൻസ് പട്ടണത്തിൽ നിന്നുമാണ് ഈ ഭക്തിയുടെ ആരംഭം. നോട്ടർഡാം മാതാവ് എന്നും ഈ മാതാവ് അറിയപ്പെടുന്നു. ന്യൂ ഓർലിൻസ് പട്ടണത്തിന്റെ പ്രത്യേക സംരക്ഷകയും മദ്ധ്യസ്ഥയുമാണ് പരിശുദ്ധ കന്യകാമറിയം. ഈ ഭക്തിയുടെ പുറകിൽ രണ്ടു വലിയ സംഭവങ്ങളാണ് വിവരിക്കുന്നത്.
1727 ൽ ലൂസിയാനയിൽ നെപ്പോളിയന്റെ ഭരണകാലത്ത് യുദ്ധത്തിൽ അനേകം സിസ്റ്റേഴ്സ് കൊല്ലപ്പെടുകയും പലായനം ചെയ്യുകയും ചെയ്തതിനാൽ, സിസ്റ്റേഴ്സിന്റെ ദൗർലഭ്യം അനുഭവപ്പെട്ടു. ആയതിനാൽ, ഫ്രാൻസിലെ മഠത്തിൽ നിന്നും സിസ്റ്റേഴ്സിനെ അവിടേയ്ക്ക് അയയ്ക്കുവാൻ, ഫ്രാൻസ് നെപ്പോളിയന്റെ
ഭരണസീമയിൽ പെട്ടതായതുകൊണ്ടും സ്ഥലത്തെ മെത്രാന് അനുവാദം നൽകാൻ സാധ്യമല്ലാത്തതിനാലും മാർപാപ്പയിൽ നിന്നും അനുവാദം ആവശ്യമായി വന്നു. തടവിലായിരുന്ന മാർപാപ്പയിൽ നിന്നും അനുവാദം ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. അതിനാൽ മഠാധിപ, പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിന്റെ മുൻപിൽ മുട്ടു
കുത്തി ഇങ്ങനെ പ്രാർഥിച്ചു, “ഓ! എത്രയും പരിശുദ്ധ അമ്മേ, എന്റെ ഈ ആവശ്യത്തിൽ അനുകൂലമായ മറുപടി ഉടനടി മാർപാപയിൽനിന്നും ലഭിച്ചാൽ ലൂസിയാനയിലെ ന്യൂ ഓർലിൻസിൽ “സത്വര സഹായത്തിന്റെ മാതാവ് എന്ന പേരിൽ നിന്നെ ഞാൻ ബഹുമാനിക്കും എന്ന് വാഗ്ദാനം ചെയ്യുന്നു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്താൽ ഉടനടി അനുവാദം ലഭിച്ചതിന്റെ പ്രതിനന്ദിയായി ഉണ്ണിയെ കൈകകളിൽ വഹിച്ചു നിൽക്കുന്ന പരിശുദ്ധ അമ്മയുടെ രൂപം ഉണ്ടാക്കി. ലൂസിയാനയിലെ ന്യൂ ഓർലിൻസിലേയ്ക്ക് സിസ്റ്റേഴ്സ് പോയപ്പോൾ ഈ
രൂപവും കൂടെ കൊണ്ടുപോകുകയും അവരുടെ ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ആ രൂപം തുടർന്ന് അനേകം അത്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങി. അതിൽ പ്രധാനപ്പെട്ട രണ്ട് അത്ഭുതങ്ങൾ ഇങ്ങനെയാണ്.
1812 ലെ ഭയാനകമായ തീപിടുത്തത്തിൽ കോൺവെന്റിന് നേരെ തിരിഞ്ഞ തീജ്ജ്വാലകൾ കണ്ട് സിസ്റ്റർ ആന്റണി സത്വരസഹായം നൽകുന്ന മാതാവിന്റെ തിരുസ്വരൂപം ജനലിന്റെ പടിയിൽ വെച്ച്, മദറിനോട് ചേർന്ന് ഇങ്ങനെ ഉച്ചത്തിൽ പ്രാർഥിച്ചു. ‘ഞങ്ങളുടെ ആവശ്യത്തിൽ ഉടനടി സഹായിക്കുന്ന പരിശുദ്ധ അമ്മേ, ഈ ആവശ്യത്തിൽ ഞങ്ങളെ സഹായിച്ചില്ലെങ്കിൽ ഞങ്ങൾ എല്ലാവരും നശിച്ചു പോകും, അമ്മേ, ഞങ്ങളെ സഹായിക്കണമേ. പെട്ടെന്ന് വീശിയടിച്ച തീജ്ജ്വാലകളുടെ ദിശ മാറുകയും തീയണയ്ക്കുവാൻ സാധിക്കുകയും ചെയ്തു. സത്വരസഹായം നല്കുന്ന അമ്മയുടെ ഇടപെടലിലൂടെ ഓർലിൻസ് പട്ടണത്തെയും അവരെയും സംരക്ഷിച്ച മാതാവിന് വാവിട്ട് കരഞ്ഞുകൊണ്ടാണ് അവർ നന്ദി പ്രകാശിപ്പിച്ചത്.
രണ്ടാമത്തെ അത്ഭുതം, 1815-ൽ ആണ് സംഭവിച്ചത്. ന്യൂ ഓർലിൻസ് യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം മുന്നേറിയപ്പോൾ ന്യൂ ഓർലിൻസ് പട്ടണത്തിലെ ജനങ്ങൾ ഉർസുലൈൻ കോൺവെന്റിലേക്ക് ഓടിവന്നു. അവരും സിസ്റ്റേഴ്സും ഒന്നിച്ചിരുന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി രാത്രി മുഴുവനും പ്രാർഥിച്ചുകൊണ്ടി
രുന്നു. പിറ്റെ ദിവസം ജനുവരി 8 ന് വികാരി ജനറാളായിരുന്ന ബഹുമാനപ്പെട്ട വില്ല്യം ഡോർബേയച്ചൻ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ബലിപീഠത്തിൽ ബലിയർപ്പിച്ച് പ്രാർഥിച്ചു. പ്രാർഥനയുടെ മദ്ധ്യത്തിൽ മഠത്തിന്റെ സുപ്പീരിയർ മദർ മേരി ഒലിവർ ദേവെസ്സിൽ അമേരിക്കൻ സൈന്യം ജയിച്ചാൽ പ്രതിനന്ദിയായി വർഷത്തിൽ ഒരു ബലിയർപ്പിക്കാം എന്ന് വാഗ്ദാനം ചെയ്തു. ദിവ്യകാരുണ്യസ്വീകരണസമയത്ത് അവർക്ക് ഒരു കൊറിയർ സന്ദേശം ലഭിച്ചു. യുദ്ധക്കളം മുഴുവനും ഒരു പുകവന്ന് നിറയുകയും സൈന്യം ചിതറിക്കപ്പെടുകയും ചെയ്തു. അമേരിക്ക വിജയം നേടിയിരിക്കുന്നു. ബ്രിട്ടീഷ് പട്ടാളം തോറ്റു. ആ ദിവ്യബലി അവസാനിപ്പിച്ചത് “തദേവും’ എന്ന തോത്രഗീതത്തോടുകൂടിയായി രുന്നു. അന്നു മുതൽ എല്ലാവർഷവും മാതാവിന്റെ മാദ്ധ്യസ്ഥ്യത്തിൽ അമേരിക്ക നേടിയ വിജയത്തിന് നന്ദിയായി ന്യൂ ഓർലിൻസിൽ ദിവ്യബലിയർപ്പിച്ചു പോരുന്നു.
1851 സെപ്റ്റംബർ 27-ന് പീയൂസ് ഒമ്പതാമൻ മാർപാപ്പ സത്വര സഹായം നല്കുന്ന മാതാവിന്റെ തിരുനാൾ ആഘോഷിക്കാനും ജനുവരി 8-ാം തീയതി നന്ദിസൂചകമായി ബലിയർപ്പിക്കാനും അനുമതി നൽകി. 19-ാം നൂറ്റാണ്ടിൽ ലിയോ 13-ാമൻ ഈ രൂപത്തെ കിരീടമണിയിച്ചു. 1912-ൽ റോമിൽ ഈ ഭക്തി ഔദ്യോഗികമായി അംഗീകരിക്കുകയും അന്നുമുതൽ കൊടുങ്കാറ്റിന്റെ സൂചന ലഭിക്കുമ്പോൾ തന്നെ ജനം മുഴുവൻ അമ്മയുടെ അരികിൽവന്ന് സംരക്ഷണം തേടുകയും ചെയ്യുന്നു. കാനായിലെ കല്യാണവീട്ടിൽ ആരംഭിച്ച ജോലി നമ്മുടെ ആവശ്യങ്ങളിലും അനർഥങ്ങളിലും അമ്മ തുടർന്നു കൊണ്ടിരിക്കുന്നു. ഏതൊരാവശ്യത്തിലും ദുരിതത്തിലും എപ്പോഴും സഹായിക്കാൻ കൂടെയുള്ള അമ്മയുടെ ശക്തിയേറിയ സാന്നിദ്ധ്യമാണ് ഈ തിരുനാൾ നമ്മെ അനുസ്മരിപ്പിക്കുക. കുഞ്ഞിനെപ്പോലെ അമ്മയുടെ അടുക്കൽ ഓടിച്ചെല്ലാനും ആശ്രയിക്കാനും നമുക്ക് സാധിക്കണം. ആശ്രയിച്ചാൽ ഉപേക്ഷിക്കാത്ത അമ്മയുടെ കൈകളിൽ പിടിച്ച് നമുക്ക് മുമ്പോട്ട് നടക്കാം. അമ്മ നമ്മെ നയിക്കും. “സ്ഥലകാല സാഹചര്യങ്ങൾക്കും വിശ്വാസികളുടെ സ്വഭാവത്തിനും പ്രവണതയ്ക്കുമനുസരിച്ച്, വിവേകപൂർണ്ണവും പരമ്പരാഗ തവുമായ പ്രബോധനങ്ങളുടെ അതിർവരമ്പുകൾക്കുള്ളിൽനിന്നു കൊണ്ട് സഭ
ദൈവമാതാവിനോടുള്ള പല ഭക്തമുറകൾക്കും അംഗീകാരം നൽകിയിട്ടുണ്ട്” (തിരുസഭ 66).
നമുക്ക് പ്രാർഥിക്കാം
ഓ, പ്രിയ മാതാവേ, ദൈവത്തിന്റെ അമ്മേ, അങ്ങ് ഞങ്ങളുടെയും അമ്മയാണ് എന്ന് ഞങ്ങൾ വിശ്വാസപൂർവം ഏറ്റുപറഞ്ഞ് അമ്മയെ സ്തുതിക്കുന്നു. ജീവിതത്തിലെ ദുഃഖദുരിതങ്ങളിലും ലോകത്തിന്റെ അസ്വസ്ഥതകളിലും ഞങ്ങൾക്കും തിരുസഭയ്ക്കും സത്വരസഹായം നൽകണമേ. ജീവിതത്തിന്റെ ഏതൊരാവശ്യത്തിലും പ്രത്യേകിച്ച് (ആവശ്യം പറയുക) നീ കടന്നു വരണമെ. ഓർലിൻസ് പട്ടണത്തെ അഗ്നിബാധയിൽ നിന്നും യുദ്ധത്തിൽനിന്നും രക്ഷിച്ചതുപോലെ ഞങ്ങളുടെമേൽ ദയ തോന്നി കൊടുങ്കാറ്റ്, പേമാരി, വരൾച്ച, ആത്മീയമായ ദുരന്തങ്ങൾ എന്നിവയിൽനിന്ന് ഞങ്ങളെയും രക്ഷിക്കണമെ. ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങൾക്കു സത്വരസഹായമായി നീ കടന്നു വരണമേ.
ആമ്മേൻ.
സുകൃതജപം: സത്വരസഹായമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.



Leave a comment