👑 രാജാവും കഴുതകുട്ടിയും 🫏
സീയോന് പുത്രിയോടു പറയുക: ഇതാ, നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു. (മത്തായി 21 : 5)
ഭൂമിയിൽ ഇന്ന് വരെ ഒരു രാജാവും ഒരുപക്ഷെ തന്റെ ജീവിതത്തിൽ കഴുതയുടെ പുറത്തു വന്നതായി കേട്ടിട്ടുണ്ടാവില്ല… എന്നാൽ ഈ ലോകത്തിന്റെ തന്നെ രാജാവായ ഈശോ തിരഞ്ഞെടുത്തത് ഒരു പാവം കഴുതയുടെ കുട്ടിയെ ആണ്… എന്തിനെന്നോ ഈ ലോകം ഒന്നിനും കൊള്ളില്ല എന്ന് പറയുന്നവക്ക് പോലും ദൈവതിരുമുൻപിൽ വിലയുണ്ടെന്ന് കാണിക്കുവാൻ…
വിനയം എന്നാൽ സ്വയം ഇല്ലാതെ ആകുക എന്നത് കൂടിയാണ്… തന്റെ ശിഷ്യരെ ആ കഴുതയെ അഴിക്കാൻ പറഞ്ഞുവിടുന്ന കർത്താവ് അവരോടു പറയുന്നത് ഇപ്രകാരം ആണ്… “ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചോദിച്ചാല്‍, കര്ത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്നു പറയുക, അവന് ഉടനെ തന്നെ അവയെ വിട്ടുതരും. (മത്തായി 21 : 3).
അതെ, കർത്താവിനു അതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നതാണ്… ഈശോയെ കൊണ്ടുനടക്കുന്ന ആ പാവം കഴുതകുട്ടി ആകാൻ ആണ് നമ്മുടെയൊക്കെ ജീവിത നിയോഗം… എല്ലാരും പുച്ഛത്തോടെ നോക്കിയിരുന്ന ആ കഴുതകുട്ടിപോലും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല തന്റെ ജീവിതം മാറ്റാൻ കഴിവുള്ളൻ ആണ് തന്റെ ചുമലിൽ ഇരിക്കുന്നത് എന്ന്… ഒരുപക്ഷെ അവന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹം നിറഞ്ഞ നിമിഷങ്ങൾ എന്ന് പറയാം…
തന്റെ സഹനങ്ങളുടെ കാൽവരി കയറും മുൻപ് ക്രിസ്തു തന്റെ രാജാകീയ പ്രവേശനം നടത്തിയത് ഇപ്രകാരം ആയിരുന്നു… അവൻ വന്ന വഴികൾ മുഴുവൻ ആളുകൾ അവനെ സ്വീകരിച്ചു… അവർ തങ്ങളുടെ വസ്ത്രങ്ങൾ പോലും വഴിയരികിൽ നിരത്തി ഒലിവിൻ ചില്ലകൾ കൊണ്ട് അവർ വിളിച്ചു പറഞ്ഞു “ഉന്നതങ്ങളിൽ ഓശാന” എന്ന്… അതിന്റെ പൂർത്തീകരണമായി ഈശോ പറയുന്നു, “ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളില്‍ നീ സ്തുതി ഒരുക്കി” (മത്തായി 21 : 16) എന്ന്. അതെ ക്രിസ്തു താൻ നേരിടാൻ പോകുന്ന സഹനങ്ങളുടെ ദിനങ്ങൾക്ക് മുൻപ് ഈ ദിനവും ആഗ്രഹിച്ചു… പക്ഷെ അവിടുന്ന് അറിഞ്ഞിരുന്നു ഈ പുകഴ്ത്തിയവർ തന്നെ തനിക്ക് എതിരാകും എന്ന്.
ഒരു രാജാവെന്നാൽ ഇത്രമേൽ എളിമപ്പെടാം എന്ന് ഈശോ കാണിച്ചു കഴിഞ്ഞു… ഈ ഒരു ഓശാന കടന്നു വരുമ്പോൾ നമുക്കും നൽകുന്ന ക്ഷണം അതാണ് സ്വയം എളിമപെടുക.. ആ കഴുതകുട്ടിയെ കുറിച്ച് തന്റെ ശിഷ്യരോട് ഈശോ പറഞ്ഞപോലെ കർത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്.’ ഇത് തിരിച്ചറിയുന്നിടത്താണ് ഒരുവന്റെ ജീവിതം ആനന്ദകരമാകുന്നത്.
കൃത്യമായ ലക്ഷ്യത്തോടെയാണ് ഓരോ വ്യക്തിയേയും തമ്പുരാൻ ഭൂമിയിലേക്ക് അയയ്ക്കുന്നത്. കർത്താവിനെ നിന്നെക്കൊണ്ട് ആവശ്യമുള്ള മേഖല നീ തിരിച്ചറിയുക. അത് തിരിച്ചറിയുന്നിടത്താണ് നിന്റെ ജീവിതം ഫലദായകമാകുന്നത്, ആനന്ദകരമാകുന്നത്. അപ്പോഴാണ് ഓശാന നിന്റെ ജീവിതത്തിൽ സംഭവിക്കുന്നത്. ‘ഓശാന’ എന്നവാക്കിന്റെ അർത്ഥം ‘രക്ഷിക്കണേ’ എന്നായിരുന്നു. ഈശോയുടെ കാലമായപ്പോഴേക്കും അത് ‘രക്ഷ’യുടെ പ്രഘോഷണമായി മാറി. ചുരുക്കത്തിൽ, ‘കർത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്.’ നീ അത് തിരിച്ചറിഞ്ഞ് ജീവിക്കുമ്പോൾ ഓശാന – രക്ഷ, യാഥാർത്ഥ്യമാകും. നിന്റെ ജീവിതത്തിലും നിന്റെ ചുറ്റുമുള്ളവരുടെ ജീവിതത്തിലും…🥰
🌿🌿💐 ഓശാന തിരുനാൾ മംഗളങ്ങൾ.. 💐🌿🌿



Leave a comment