വേദനയിൽ വിരൂപമായ മുഖം സ്നേഹത്താൽ രൂപാന്തരപെട്ടപ്പോൾ!
ഏശയ്യ പ്രവാചകന്റെ പുസ്തകത്തിൽ പറയും പോലെ, അവനും വേദന നിറഞ്ഞവനായിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചു കളഞ്ഞു…
ബ്രസീലിൽ ജനിച്ച പൌലോ റോബെർട്ടോ കുഞ്ഞുകുട്ടിയായിരിക്കുമ്പോൾ, മാരകമായ തരം സ്കിൻ കാൻസർ അവനിലുള്ളതായി സ്ഥിരീകരിക്കപ്പെട്ടപ്പോൾ തന്നെ അവർ അറിഞ്ഞിരുന്നു, ആളുകൾക്ക് മുൻപിൽ വരാൻ കഴിയാത്ത വിധം അവന്റെ മുഖം വികൃതമാകുമെന്ന്. ഒരു ശവശരീരത്തിന്റേത് പോലുളള ദുർഗന്ധം വമിച്ചിരുന്നതുകൊണ്ട് വിരലിലെണ്ണാവുന്നവരേ അവന്റെ അടുത്തേക്ക് വന്നിരുന്നുള്ളു. പക്ഷേ ഫാദർ ഹെൻറിക്ക്നും ഫാദർ ആന്റോനെല്ലോക്കും അവനോട് കൂട്ടുകൂടാൻ അതൊന്നും തടസ്സമായില്ല. ദിവ്യകാരുണ്യവുമായി ആദ്യമായി പൌലോയുടെ മുൻപിൽ എത്തിയപ്പോൾ തന്നെ, തനിക്ക് അവനെ ഒരു വികൃതരൂപി ആയിട്ടല്ല, വിശുദ്ധനായിട്ടാണ് തോന്നിയതെന്നാണ് ഫാദർ ഹെൻറിക്ക് പിന്നീട് പറഞ്ഞത്.
സഹനം ഏറ്റെടുക്കാൻ സമ്മതമാണോ എന്ന് കുഞ്ഞായിരിക്കുമ്പോഴേ ഈശോ അവനോട് ചോദിച്ചു. അവനാണെങ്കിൽ, ഈശോയുടെ കുരിശിനെ പുണരാൻ തനിക്ക് പൂർണ്ണസമ്മതമാണെന്ന് പറയുകയും ചെയ്തു. മറ്റൊരിക്കൽ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് ഈശോ അവനോട് ചോദിച്ചു, കർത്താവിൽ വീണ്ടും ജനിക്കുകയാണെങ്കിൽ അവന് ആരോഗ്യമുള്ള ശരീരം വേണോ അതോ അസുഖത്തോടെ ഇരുന്നാൽ മതിയോ എന്ന്. ശരീരം ആരോഗ്യത്തോടെയിരുന്നാലും ആരോഗ്യമുള്ള ആത്മാവ് തനിക്ക് ഉണ്ടാകുമോ എന്ന പേടികൊണ്ട്, അസുഖമായിട്ടിരുന്നാൽ മതി എന്നാണ് പൌലോ അതിന് മറുപടി പറഞ്ഞത്. അതുവരെയുള്ള ജീവിതം മുഴുവൻ ദൈവഹിതപ്രകാരമാണ് ജീവിച്ചതെന്നുറപ്പുണ്ടായിരുന്ന പൌലോക്ക് അവന്റെ ആരോഗ്യം, ദൈവഹിതം നിറവേറ്റുന്നതിൽ നിന്ന് അവനെ അകറ്റുന്നത് ഇഷ്ടമല്ലായിരുന്നു.
വലിയ സഹനത്തിലും പതറാതെ, കയ്യിൽ ചുറ്റിയ ജപമാലയോടെ, വിശ്വാസത്തിൽ ജ്വലിച്ച്, തന്റെ ജീവിതസാക്ഷ്യം വിവിധ കൂട്ടായ്മകളിൽ പങ്കെടുത്ത് അവൻ പറയുമ്പോൾ, മയക്കുമരുന്നിനും ലൈംഗിക അരാജകത്വത്തിലും പെട്ടിരുന്ന അനേകം മനുഷ്യരാണ് മാനസാന്തരപ്പെട്ട് പാപത്തിന്റെ പിടിയിൽ നിന്ന് മോചനം പ്രാപിച്ചിരുന്നത്. ചീഞ്ഞളിഞ്ഞ പോലുള്ള അവന്റെ മുഖത്ത് പലപ്പോഴും മുട്ടയിട്ട് ലാർവയായി, പ്രാണികൾ പുനരുൽപ്പാദനം നടത്താൻ തുനിഞ്ഞിരുന്നത് കൊണ്ട് അവൻ മുഖം മൂടി വെച്ചിരുന്നു. സഹനം വർണ്ണനാതീതമായിരുന്നെങ്കിലും ആ സഹനം അവനിലെ ആനന്ദത്തിന് ഒട്ടും മങ്ങലേൽപ്പിച്ചില്ലെന്ന് മാത്രമല്ല അവനിലെ ആനന്ദം മറ്റുള്ളവരിലേക്ക് അവൻ എപ്പോഴും പരത്തിക്കൊണ്ടിരുന്നു.
ഒട്ടുമിക്ക വിശുദ്ധരെയും പോലെ, ഈ ലോകത്തുനിന്ന് യാത്രയാകും മുമ്പ് അവൻ സന്ദേശങ്ങൾ എഴുതി വെച്ചിരുന്നു, രോഗമോ , മരണമോ, എന്തെല്ലാം അഭിമുഖീകരിക്കേണ്ടി വന്നാലും ഈശോയെ ഒരിക്കലും പരിത്യജിക്കരുതെന്ന് പറഞ്ഞിരുന്ന പൌലോ, ജനുവരി 10, 2002ൽ ഈ ലോകത്തു നിന്ന് യാത്രയായി. മരിക്കും മുൻപ്, ശവപ്പെട്ടിയിൽ കിടക്കുമ്പോൾ തന്റെ മുഖം മൂടിക്കൊണ്ട് വെക്കേണ്ട തുണിയിൽ ഒരു കാര്യം എഴുതിവെക്കാൻ അവൻ അമ്മയെ ഏൽപ്പിച്ചിരുന്നു. ‘വേദനയിൽ വിരൂപമായ ഒരു മനുഷ്യന്റെ മുഖം, സ്നേഹത്താൽ രൂപാന്തരപ്പെട്ട ഒരു മനുഷ്യന്റെ മുഖം’ എന്ന വാചകം. അത് അവന്റെ മുഖത്തേക്ക് വെക്കാനായി ശവപ്പെട്ടി തുറന്നപ്പോൾ, സാധാരണ അവനിൽ നിന്ന് ഉണ്ടാകാറുള്ള പോലെയുള്ള അസഹ്യമായ ദുർഗന്ധമല്ല, പനിനീർപൂക്കളുടെ സൗരഭ്യം അവിടെ എങ്ങും പരക്കുന്ന അത്ഭുതത്തിന് ഫാദർ എൻറിക്കും അവിടെയുണ്ടായിരുന്നവരും സാക്ഷ്യം വഹിച്ചു. അവന്റെ കുഞ്ഞു കൂട്ടുകാരന്റെ സഹനത്തിന് ഈശോയുടെ സമ്മാനം!
പതിനെട്ടാം വയസ്സിൽ മരിക്കും മുൻപ് മനോഹരമായ കുറേ കാര്യങ്ങൾ ആ മിസ്റ്റിക് എഴുതി വെച്ചിരുന്നു. അതിലെ കുറച്ച് വാചകങ്ങൾ ….
“മറ്റുള്ളവരെക്കാൾ എന്റെ സഹനം വലുതല്ല എന്നെനിക്കറിയാം കാരണം എന്നെക്കാൾ കൂടുതൽ സഹിക്കുന്ന ആരെങ്കിലുമൊക്കെ എപ്പോഴും കാണും “….
“ജപമാല വിജയത്തിലേക്കുള്ള താക്കോലാണെന്ന് എനിക്ക് മനസ്സിലായി, നമ്മുടെ വീട്ടിലേക്കുള്ള വലിയ വാതിലിന്റെ താക്കോൽ പോലെയാണത്”..
“രണ്ടു വാക്കുകളേ ഉള്ളു വലിയതായിട്ട് എന്ന് ഞാൻ മനസ്സിലാക്കി , ആദ്യത്തേത് സ്നേഹം, രണ്ടാമത്തേത് മൗനം”.
ഫെയ്സ് ലെസ് ആയി ജീവിച്ച പൌലോ റോബെർട്ടോ, വിശുദ്ധിയാൽ അവന്റെ മുഖത്തെ രൂപാന്തരപ്പെടുത്തി..
ജിൽസ ജോയ് ![]()


Leave a comment