മെയ് 31 | പരിശുദ്ധ മാതാവിന്റെ സന്ദർശനം

പരിശുദ്ധ മറിയം മംഗളവാർത്തയിൽ ലഭിച്ച സന്ദേശമനുസരിച്ച്, നസ്രത്തിൽ നിന്നും യൂദയായിലെ ഹെബ്രോണിലേക്ക് തിടുക്കത്തിൽ ഓടി തന്റെ ഇളയമ്മയായ ഏലീശ്വായെ സന്ദർശിക്കുന്ന സംഭവമാണ് ഈ തിരുനാളിൽ നാം അനുസ്മരിക്കുന്നത്. മദ്ധ്യശതകത്തിൽ വിശുദ്ധ ബൊനവഞ്ച്വറിന്റെ പ്രേരണയാൽ ഫ്രാൻസിസ്കൻ സന്യാസികൾ ആണ് ആദ്യമായി സഭയിൽ ഈ തിരുനാൾ ആചരിച്ചത്. 1389 ഏപ്രിൽ 6 ന് 6-ാം ഉർബൻ മാർപാപ്പ ഈ തിരുനാളിന്റെ ആചരണം ആഗോളസഭയിലേക്ക് വ്യാപിപ്പിച്ചു. കാരണം, ഈശോയും അവിടുത്തെ അമ്മയും സഭയെ സന്ദർശിച്ച് അതിനെ ആക്രമിച്ചുകൊണ്ടിരിക്കുന്ന പാഷണ്ഡതകളിൽ നിന്ന് രക്ഷിക്കും എന്ന ഒരു വിശ്വാസമായിരുന്നു.


1604 ൽ ക്ലമെന്റ് 8-ാം മാർപാപ്പയുടെ ഭരണത്തിന്റെ അവസാനത്തോടെ ഈ തിരുനാളിനെ സഭയിലെ ഒരു വലിയ തിരുനാളായി പ്രഖ്യാപിച്ചു. 1962 ൽ 23-ാം ജോൺ മാർപാപ്പ ഈ തിരുനാളിന്റെ ആഘോഷത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചു. പോൾ ആറാമൻ മാർപാപ്പ സുവിശേഷത്തിലെ സംഭവങ്ങളുടെ തുടർച്ച നിലനിർത്തുന്നതിനായി ജൂലൈ 2 ന് ആഘോഷിച്ചുകൊണ്ടിരുന്ന ഈ തിരുനാൾ, മംഗളവാർത്ത തിരുനാളിന്റെയും (മാർച്ച് 25) സ്നാപകയോഹന്നാന്റെ ജനനത്തിരുനാളിന്റെയും (ജൂൺ 29) മധ്യത്തിലേക്ക് – മെയ് 31- മാറ്റി ആഘോഷിക്കുവാൻ നിർദേശിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറയുന്നു: “മാതാവിന്റെ സന്ദർശനം പ്രത്യാശയുടെ ഒരു നിശ്വസനം നമുക്ക് നല്കുന്നു. ഈ നിശ്വസനം ക്രിസ്തു തന്നെയാണ്. അത് പരിശുദ്ധ അമ്മയിൽ നിന്നും എലിസബത്തിലേക്ക്, പരിശുദ്ധാത്മാവിലൂടെ പകരപ്പെട്ടു. അത് പരിശുദ്ധാത്മാവിലൂടെ നമ്മിലേക്കും തുടർന്നു കൊണ്ടിരിക്കുന്നു. മനുഷ്യ വർഗത്തിന്റെ പ്രത്യാശയായ ക്രിസ്തുവിനെ ഏവർക്കും നല്കുവാനായി പരിശുദ്ധ അമ്മയോട് ചേർന്ന് ലോകത്തിന്റെ വിശാലമായ പാതകളിലേയ്ക്കിറങ്ങുവാൻ ഈ തിരുനാൾ നമ്മെ പ്രേരിപ്പിക്കുന്നു. പരിശുദ്ധ അമ്മയും എലിസബത്തും പരസ്പരം ശക്തിയുടെയും സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും സ്രോതസ്സായി മാറി. അമ്മയിലുണ്ടായിരുന്ന സ്നേഹവും ദയയും ശുശ്രൂഷയുടെ ആ ദിനങ്ങളിൽ ഏലീശ്വാമ്മയിലേക്ക് കരകവിഞ്ഞൊഴുകുകയായിരുന്നു. അമ്മ കാണിച്ച തിടുക്കം നമ്മെയും ആത്മീയമായ ഒരു തിടുക്കത്തിലേക്ക് നയിക്കുന്നതാണ്. കുന്നിൻ ചരിവിലൂടെ, മലയിടുക്കിലൂടെ 100 മൈൽ ഓടുവാൻ അമ്മയെ പ്രേരിപ്പിച്ചത്, അമ്മയുടെ ഉദരത്തിൽ രൂപപ്പെട്ടുകൊണ്ടിരുന്ന ഈശോ ആയിരുന്നു. നമ്മിലും ഈശോ രൂപപ്പെടുമ്പോൾ സ്നേഹത്തിന്റേയും ശുശ്രൂഷയുടെയും തിടുക്കം അനുഭവപ്പെടും. അമ്മയുടെ ഉദരത്തിൽ രൂപം കൊണ്ടത് ദൈവപുത്രനായിരുന്നിട്ടുപോലും എലിസബത്തിന്റെ ആവശ്യമായിരുന്നു ആദ്യം അമ്മയുടെ മുമ്പിൽ. അമ്മയുടെ ആലിംഗനം സ്വീകരിച്ച എലിസബത്ത് വിളിച്ചു പറഞ്ഞു: “അങ്ങ് സ്ത്രീകളിൽ അനുഗ്രഹീതയാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലവും അനുഗ്രഹീതം എന്റെ കർത്താവിന്റെ അമ്മ എന്നെ സന്ദർശിക്കാൻ എനിക്ക് എങ്ങനെ യോഗ്യതയുണ്ടായി? ദൈവം പറഞ്ഞ കാര്യങ്ങൾ നിറവേറ്റുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി!” (ലൂക്ക 1:39-16). വി ലൂയി മോണ്ട്ഫോർട്ട് പഠിപ്പിക്കുന്നു; “മറിയം എളിമയുളളവളും ശക്തിയുള്ളവളും ശാന്തയും ധൈര്യവതിയും പരിശുദ്ധയും വിശ്വസ്തയുമാണ്. തീഷ്ണതയുളളവളും വിവേകമുളളവളുമാണ്.

നമുക്കു പ്രാർഥിക്കാം

പരിശുദ്ധമറിയമേ, കർത്താവിന്റെ അമ്മേ, വി. എലിസബത്തിനോടും വി. സ്നാപകയോഹന്നാനോടും ചേർന്ന് ഞങ്ങൾ അമ്മയെ സ്തുതിക്കുന്നു. അമ്മയുടെ സാന്നിദ്ധ്യം അവരിലേക്ക് പരിശുദ്ധാത്മാവിനെ നല്കുവാൻ കാരണമായതുപോലെ ഞങ്ങളും പരിശുദ്ധാത്മാവിനാൽ നിറയുവാൻ ഞങ്ങളിലേക്കും അമ്മേ കടന്നുവരേണമേ, അമ്മയുടെ പാഠശാലയിൽനിന്ന് പഠിക്കുവാൻ ഞങ്ങളും ആഗ്രഹിക്കുന്നു. ഈശോയോട് ചേർന്നിരുന്നതുപോലെ അമ്മയോടും ഈശോയോടും ചേർന്നിരുന്ന് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ജീവിക്കുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ. ഏലീശ്വാമ്മയുടെ വീട്ടിൽ വെച്ച് സ്തോത്രഗീതം പാടിയ അങ്ങയോടൊപ്പം ദൈവസ്തുതികളാലപിക്കുവാൻ ഞങ്ങളെയും പഠിപ്പിക്കണമേ. ഇന്ന് അമ്മമാരുടെ ഉദരങ്ങളിലായിരിക്കുന്ന എല്ലാ ശിശുക്കളേയും എല്ലാവിധ അപകടങ്ങളിൽനിന്നും അസ്വസ്ഥതകളിൽ നിന്നും വധഭീഷണികളിൽനിന്നും സംരക്ഷിക്കണമെ. ഈശോയുടെ ദൗത്യത്തിന്റെ മുന്നോടിയായ അമ്മയുടെ സന്ദർശനം ഞങ്ങളെയും യേശുവിന്റെ ദൗത്യം പൂർത്തികരിക്കുവാൻ പ്രചോദിപ്പിക്കട്ടെ. ഞങ്ങൾ കണ്ടുമുട്ടുന്നവരിലും ഞങ്ങളെ കണ്ടുമുട്ടുന്നവരിലും പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉണ്ടാകുവാൻ തക്കവിധം ആത്മാഭിഷേകത്താൽ തങ്ങളെ നിറയ്ക്കണമെ, ആമ്മേൻ.

സുകൃതജപം: പരിശുദ്ധ അമ്മേ, ദൈവമാതാവേ, ഈശോയോടു കൂടി ഞങ്ങളെയും സന്ദർശിക്കണമെ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment