Jeremiah, Chapter 2 | ജറെമിയാ, അദ്ധ്യായം 2 | Malayalam Bible | POC Translation

Advertisements

ഇസ്രായേലിന്റെ അവിശ്വസ്തത

1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 നീ ജറുസലെമില്‍ ചെന്നു വിളിച്ചുപറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ യൗവ്വനത്തിലെ വിശ്വസ്തതയും വധുവിനടുത്ത സ്‌നേഹവും ഞാന്‍ ഓര്‍മിക്കുന്നു. മരുഭൂമിയില്‍, കൃഷിയോഗ്യമല്ലാത്തനാട്ടില്‍, നീ എന്നെ അനുഗമിച്ചതു ഞാന്‍ ഓര്‍ക്കുന്നു.3 ഇസ്രായേല്‍ കര്‍ത്താവിന്റെ വിശുദ്ധജനമായിരുന്നു; അവിടുത്തെ വിളവില്‍ ആദ്യഫലവുമായിരുന്നു. അതില്‍ നിന്നു ഭക്ഷിച്ചവര്‍ വിലകൊടുക്കേണ്ടിവന്നു; അവരുടെമേല്‍ വിനാശം നിപതിച്ചു എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.4 യാക്കോബിന്റെ ഭവനമേ, ഇസ്രായേല്‍കുടുംബത്തിലെ സകല ഭവനങ്ങളുമേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍.5 കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്‍മാര്‍ എന്നില്‍ എന്തു കുറ്റം കണ്ടിട്ടാണ് എന്നില്‍നിന്ന് അകന്നുപോയത്? മ്ലേച്ഛമായവയെ അനുധാവനം ചെയ്ത് അവരുംമ്ലേച്ഛന്‍മാരായിത്തീര്‍ന്നു.6 ഈജിപ്തില്‍നിന്നു മോചിപ്പിച്ച്, വിജനഭൂമിയിലൂടെ, മരുപ്രദേശങ്ങളും ഗര്‍ത്തങ്ങളും നിറഞ്ഞ, വരള്‍ച്ച ബാധിച്ച, മരണത്തിന്റെ നിഴല്‍ വീണ, നാട്ടിലൂടെ, ഞങ്ങളെ നയിച്ച കര്‍ത്താവ് എവിടെ എന്ന് അവര്‍ ചോദിച്ചില്ല.7 ഞാന്‍ നിങ്ങളെ സമൃദ്ധി നിറഞ്ഞഒരു ദേശത്തേക്കു കൊണ്ടുവന്നു. അവിടത്തെ ഫലങ്ങളും വിഭവങ്ങളും നിങ്ങള്‍ ആസ്വദിക്കാനായിരുന്നു അത്. എന്നാല്‍, അവിടെയെത്തിയശേഷം എന്റെ ദേശം നിങ്ങള്‍ ദുഷിപ്പിച്ചു; എന്റെ അവകാശം മ്‌ളേച്ഛമാക്കി.8 കര്‍ത്താവ് എവിടെ എന്നു പുരോഹിതന്‍മാര്‍ ചോദിച്ചില്ല, നീതിപാലകന്‍ എന്നെ അറിഞ്ഞില്ല. ഭരണകര്‍ത്താക്കള്‍ എന്നെ ധിക്കരിച്ചു; പ്രവാചകന്‍മാര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ചു; വ്യര്‍ഥമായവയെ പിഞ്ചെല്ലുകയും ചെയ്തു.9 അതുകൊണ്ടു ഞാന്‍ നിങ്ങളെ കുറ്റം വിധിക്കും; നിങ്ങളുടെ മക്കളുടെ മക്കളുടെമേലും ഞാന്‍ കുറ്റം വിധിക്കും- കര്‍ത്താവ് അരുളിച്ചെയ്യുന്നു.10 നിങ്ങള്‍ കടന്നു കിത്തിം ദ്വീപുകളില്‍പോയി നോക്കൂ; ആളയച്ചു കേദാര്‍ദേശത്ത് അന്വേഷിക്കൂ, ഇതുപോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നു സൂക്ഷ്മമായി പരിശോധിക്കൂ.11 ഏതെങ്കിലും ജനത തങ്ങളുടെ ദേവന്‍മാരെ മാറിയിട്ടുണ്ടോ, അവ വ്യാജദേവന്‍മാരായിരുന്നെങ്കില്‍ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്‍ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു.12 ആകാശങ്ങളേ, ഭയന്നു നടുങ്ങുവിന്‍, സംഭ്രമിക്കുവിന്‍, ഞെട്ടിവിറയ്ക്കുവിന്‍ – കര്‍ത്താവ് അരുളിച്ചെയ്യുന്നു.13 എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്‍മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്തു.14 ഇസ്രായേല്‍ അടിമയാണോ? അടിമയായി ജനിച്ചവനാണോ? അല്ലെങ്കില്‍ പിന്നെ എന്തിനാണ് അവന്‍ ആക്രണത്തിനിരയാകുന്നത്?15 സിംഹങ്ങള്‍ അവന്റെ നേരേ ഗര്‍ജിച്ചു; അത്യുച്ചത്തില്‍ അലറി. അവന്റെ നാട് അവ മരുഭൂമിയാക്കി; അവന്റെ നഗരങ്ങള്‍ നശിപ്പിച്ചു വിജനമാക്കി.16 മാത്രമല്ലമെംഫിസിലെയും തഹ്ഫാനിസിലെയും ആളുകള്‍ നിന്റെ ശിരസ്‌സിലെ കിരീടം തകര്‍ത്തു.17 യാത്രയില്‍ നിന്നെ നയിച്ചദൈവമായ കര്‍ത്താവിനെ ഉപേക്ഷിക്കുകവഴി നീ ഇവയെല്ലാം സ്വയം വരുത്തിവച്ചതല്ലേ?18 നൈല്‍നദിയിലെ വെള്ളം കുടിക്കാന്‍ ഈജിപ്തില്‍ പോകുന്നതുകൊണ്ടു നിനക്ക് എന്തു ഗുണമുണ്ടാകും?യൂഫ്രട്ടീസിലെവെളളം കുടിക്കാന്‍ അസ്‌സീറിയായില്‍ പോകുന്നതു കൊണ്ടു നിനക്ക് എന്തു ഗുണമുണ്ടാകും?19 നിന്റെ തന്നെ ദുഷ്ടതയായിരിക്കും നിന്നെ ശിക്ഷിക്കുക; നിന്റെ അവിശ്വസ്ത തയായിരിക്കും നിന്നെ കുറ്റം വിധിക്കുക. നിന്റെ കര്‍ത്താവായ ദൈവത്തെ ഉപേക്ഷിക്കുന്നത് എത്ര ദോഷകരവും കയ്പു നിറഞ്ഞതുമാണെന്നു നീ അനുഭവിച്ചറിയും. എന്നെക്കുറിച്ചുള്ള ഭയം നിന്നിലില്ലെന്നു സൈന്യങ്ങളുടെ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു.20 വളരെ മുന്‍പേ നീ നിന്റെ നുകം ഒടിച്ചു; നിന്റെ കെട്ടുകള്‍ പൊട്ടിച്ചു; ഞാന്‍ അടിമവേല ചെയ്യുകയില്ല എന്നു നീ പറഞ്ഞു. എല്ലാ ഉയര്‍ന്ന കുന്നുകളുടെ മുകളിലും, സകല പച്ചമരങ്ങളുടെ ചുവട്ടിലും നീ വേശ്യയെപ്പോലെ വഴങ്ങി.21 തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട മുന്തിരിച്ചെടിയായിട്ടാണു ഞാന്‍ നിന്നെ നട്ടത്. പിന്നെ എങ്ങനെ നീ ദുഷിച്ചു കാട്ടുമുന്തിരിയായിത്തീര്‍ന്നു?22 എത്രയേറെ താളിയും കാരവും തേച്ചു കുളിച്ചാലും നിന്റെ പാപക്കറ എന്റെ മുന്‍പില്‍ ഉണ്ടായിരിക്കും എന്നു ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.23 ഞാന്‍ മലിനയല്ല, ബാലിന്റെ പിറകേ പോയിട്ടില്ല എന്നു പറയാന്‍ നിനക്ക് എങ്ങനെ സാധിക്കും? താഴ്‌വരയില്‍ പതിഞ്ഞനിന്റെ കാല്‍പാടുകള്‍ കാണുക; ചെയ്ത കുറ്റം സമ്മതിക്കുക. ഉന്‍മത്തയായി പാഞ്ഞുനടന്ന പെണ്ണൊട്ടകമായിരുന്നു നീ.24 മരുഭൂമിയില്‍ പരിചയിച്ച കാട്ടു കഴുത, മദംപൂണ്ടു മത്തുപിടിച്ച് അവള്‍ ഓടുകയായിരുന്നു. അവളുടെ വിഷയാസക്തി ആര്‍ക്കു നിയന്ത്രിക്കാനാവും? അവളെ ആഗ്രഹിക്കുന്നവര്‍ക്ക് അവളെ തേടിപ്പോകേണ്ടിവരില്ല. മൈഥുനമാസത്തില്‍ അവള്‍ അവരുടെ മുന്‍പിലുണ്ടാകും.25 നിന്റെ ചെരിപ്പു തേ ഞ്ഞുപോകാതെ സൂക്ഷിക്കുക; തൊണ്ട വരണ്ടുപോകാതെയും. എന്നാല്‍, നീ പറഞ്ഞു: അതു സാധ്യമല്ല; ഞാന്‍ അന്യരുമായി സ്‌നേഹബന്ധത്തിലാണ്; അവരുടെ പിന്നാലെ ഞാന്‍ പോകും.26 കണ്ടുപിടിക്കപ്പെടുമ്പോള്‍ കള്ളന്‍ എന്നപോലെ ഇസ്രായേല്‍ഭവനം ലജ്ജിക്കും; അവരും അവരുടെ രാജാക്കന്‍മാരും പ്രഭുക്കന്‍മാരും പുരോഹിതന്‍മാരും പ്രവാചകന്‍മാരും ലജ്ജിക്കും.27 നീ എന്റെ പിതാവാണ് എന്നു മരക്കഷണത്തോടും നീ എന്റെ മാതാവാണ് എന്നു കല്ലിനോടും അവര്‍ പറയുന്നു. അവര്‍ മുഖമല്ല പൃഷ്ഠമാണ് എന്റെ നേരേ തിരിച്ചിരിക്കുന്നത്. എന്നാല്‍ അനര്‍ഥം വരുമ്പോള്‍ അവര്‍ വന്ന് എന്നോടു ഞങ്ങളെ രക്ഷിക്കണമേ എന്നു പറയുന്നു.28 യൂദാ, നീ നിനക്കായി നിര്‍മിച്ച ദേവന്‍മാരെവിടെ? നിന്റെ കഷ്ടകാലത്തു നിന്നെ രക്ഷിക്കാന്‍ കഴിവുണ്ടെങ്കില്‍ അവര്‍ എഴുന്നേറ്റു വരട്ടെ. നിന്റെ നഗരങ്ങളുടെ എണ്ണത്തിനൊപ്പം ദേവന്‍മാര്‍ നിനക്കുണ്ടല്ലോ.29 നിങ്ങള്‍ എന്തിന് എന്റെ നേരേ പരാതികള്‍ ഉന്നയിക്കുന്നു? നിങ്ങളെല്ലാവരും എന്നോടു മറുതലിച്ചിരിക്കുന്നു? കര്‍ത്താവ് അരുളിച്ചെയ്യുന്നു.30 ഞാന്‍ നിങ്ങളുടെ മക്കളെ പ്രഹരിച്ചതു വെറുതെയായിപ്പോയി. അവര്‍ തെറ്റുതിരുത്തിയില്ല. ആര്‍ത്തിപൂണ്ട സിംഹത്തെപ്പോലെ നിങ്ങളുടെതന്നെ വാള്‍ നിങ്ങളുടെ പ്രവാചകന്‍മാരെ വിഴുങ്ങി.31 ഈ തലമുറ കര്‍ത്താവിന്റെ വാക്കു കേള്‍ക്കട്ടെ. ഇസ്രായേലിനു ഞാന്‍ ഒരു മരുഭൂമിയായിരുന്നോ, അന്ധകാരം നിറഞ്ഞദേശം ആയിരുന്നോ? അല്ലെങ്കില്‍ പിന്നെ എന്തിനാണു ഞങ്ങള്‍ സ്വതന്ത്രരാണ്, ഇനിയൊരിക്കലും നിന്റെ അടുക്കല്‍ ഞങ്ങള്‍ വരുകയില്ല എന്ന് എന്റെ ജനം പറയുന്നത്?32 യുവതി തന്റെ ആഭരണങ്ങളോ മണവാട്ടി തന്റെ വിവാഹവസ്ത്രമോ മറക്കാറുണ്ടോ? എന്നാല്‍ എണ്ണമറ്റ ദിനങ്ങളായി എന്റെ ജനം എന്നെ മറന്നിരിക്കുന്നു.33 കാമുകന്‍മാരെ കണ്ടുപിടിക്കാന്‍ നീ എത്ര സമര്‍ഥയാണ്. വേശ്യകളെപ്പോലും പഠിപ്പിക്കാന്‍പോന്നവളാണു നീ.34 നിന്റെ വസ്ത്രാഞ്ചലത്തില്‍ നിരപരാധരായ പാവങ്ങളുടെ ജീവരക്തം പുരണ്ടിരിക്കുന്നു; അവരാരും ഭവനഭേദം നടത്തുന്നതായി നീ കണ്ടില്ല.35 ഇതൊക്കെയായിട്ടും ഞാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല, അവിടുത്തേക്ക് എന്നോടുയാതൊരുകോപവുമില്ല എന്നു നീ പറയുന്നു. പാപംചെയ്തിട്ടില്ല എന്നു നീ പറഞ്ഞതുകൊണ്ടു നിന്നെ ഞാന്‍ കുറ്റംവിധിക്കും. എത്ര ലാഘ വത്തോടെ നീ വഴി മാറി നടക്കുന്നു.36 അസ്‌സീറിയായെപ്പോലെ ഈജിപ്തും നിന്നെ അപമാനിക്കും.37 അവിടെനിന്നും തലയില്‍ കൈവച്ചുകൊണ്ടു നീ മടങ്ങിവരും; നീ വിശ്വാസമര്‍പ്പിക്കുന്നവരെ കര്‍ത്താവ് നിരാകരിച്ചിരിക്കുന്നു. അവരില്‍നിന്നുയാതൊരു നന്‍മയും നിനക്കു കൈവരുകയില്ല.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment