Jeremiah, Chapter 3 | ജറെമിയാ, അദ്ധ്യായം 3 | Malayalam Bible | POC Translation

Advertisements

1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരുവന്‍ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അവള്‍ അവനെവിട്ടു മറ്റൊരുവന്റെ ഭാര്യയാവുകയും ചെയ്തശേഷം ആദ്യ ഭര്‍ത്താവ് അവളെ തേടി പോകുമോ? ആ ഭൂമി പൂര്‍ണമായും ദുഷിച്ചു പോയില്ലേ? അനേകം കാമുകന്‍മാരുമായി വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട നീ ഇനിയും എന്റെ അടുക്കലേക്കു തിരിച്ചുവരുന്നുവോ?2 കണ്ണുയര്‍ത്തി കുന്നുകളിലേക്കു നോക്കുക! ഒരു സ്ഥലമെങ്കിലും ഉണ്ടോ നീ ശയിക്കാത്തതായി? മരുഭൂമിയില്‍ അറബിയെന്നപോലെ നീ വഴിയരികേ ജാരന്‍മാരെ കാത്തിരുന്നു. നികൃഷ്ടമായ വേ ശ്യാവൃത്തിയാല്‍ നീ നാടു ദുഷിപ്പിച്ചു.3 തന്നിമിത്തം മഴ പെയ്യാതായി; വസന്തകാലവൃഷ്ടി ഉണ്ടായതുമില്ല. എന്നിട്ടും നിന്റെ കടക്കണ്ണുകള്‍ വേശ്യയുടേതുതന്നെ. ലജ്ജ എന്തെന്നു നിനക്കറിയില്ല.4 നീ ഇപ്പോള്‍ എന്നോടു പറയുന്നു: എന്റെ പിതാവേ, അങ്ങ് എന്റെ യൗവ്വനത്തിലെ കൂട്ടുകാരനാണ്.5 അവിടുന്ന് എന്നോടു എന്നും കോപിഷ്ഠനായിരിക്കുമോ? അവിടുത്തെ കോപത്തിന് അവസാനമുണ്ടാവുകയില്ലേ? ഇങ്ങനെയല്ലൊം നീ പറയുന്നുണ്ടെങ്കിലും ആവുന്നത്ര തിന്‍മ നീ ചെയ്തുകൂട്ടുന്നു.

അനുതാപത്തിന് ആഹ്വാനം

6 ജോസിയാരാജാവിന്റെ കാലത്തു കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവള്‍, അവിശ്വസ്തയായ ഇസ്രായേല്‍, ചെയ്തത് എന്താണെന്നു നീ കണ്ടോ? എല്ലാ ഉയര്‍ന്ന കുന്നുകളുടെ മുകളിലും സകല പച്ചമരങ്ങളുടെ ചുവട്ടിലും അവള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടു.7 ഇതെല്ലാം ചെയ്തശേഷവും അവള്‍ എന്റെ അടുക്കല്‍ തിരിച്ചുവരുമെന്നു ഞാന്‍ വിചാരിച്ചു. എന്നാല്‍ അവള്‍ വന്നില്ല. അവളുടെ വഞ്ചകിയായ സഹോദരി യൂദാ അതുകണ്ടു.8 അവിശ്വസ്തയായ ഇസ്രായേലിന്റെ വ്യഭിചാര ജീവിതംമൂലം ഞാന്‍ അവള്‍ക്കു മോചനപത്രം നല്‍കി പറഞ്ഞയയ്ക്കുന്നതും യൂദാ കണ്ടതാണ്. എന്നിട്ടും കാപട്യം നിറഞ്ഞആ സഹോദരി യൂദാ, ഭയന്നില്ല; അവളും വേശ്യാവൃത്തിയിലേര്‍പ്പെട്ടു.9 അവള്‍ നിര്‍ലജ്ജം വേശ്യാവൃത്തിയിലേര്‍പ്പെട്ടു. കല്ലിനും മരത്തിനും ആരാധനയര്‍പ്പിച്ചു. അവള്‍ വ്യഭിചരിച്ചു; അങ്ങനെ നാടു ദുഷിപ്പിച്ചു.10 ഇവയ്‌ക്കെല്ലാംശേഷം വഞ്ചകിയായ ആ സഹോദരി എന്റെ അടുക്കല്‍ തിരിച്ചു വന്നത് പൂര്‍ണഹൃദയത്തോടെയല്ല, കപടമായിട്ടാണ് – കര്‍ത്താവ് അരുളിച്ചെയ്യുന്നു.11 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവിശ്വസ്തയായ ഇസ്രായേല്‍, വഞ്ചകിയായ യൂദായോളം കുറ്റക്കാരിയല്ല.12 നീ ഇക്കാര്യങ്ങള്‍ വടക്കുദിക്കിനോടു പ്രഖ്യാപിക്കുക – കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവിശ്വസ്തയായ ഇസ്രായേലേ, തിരിച്ചുവരുക. ഞാന്‍ നിന്നോടു കോപിക്കുകയില്ല. ഞാന്‍ കാരുണ്യവാനാണ്. ഞാന്‍ എന്നേക്കും കോപിക്കുകയില്ല- കര്‍ത്താവ് അരുളിച്ചെയ്യുന്നു.13 നിന്റെ ദൈവമായ കര്‍ത്താവിനോടു നീ മറുതലിച്ചു. പച്ചമരങ്ങളുടെ കീഴില്‍ അന്യദേവന്‍മാര്‍ക്കു നിന്നെത്തന്നെ കാഴ്ചവച്ചു; നീ എന്നെ അനുസരിച്ചില്ല. ഈ കുറ്റങ്ങള്‍ നീ ഏറ്റുപഞ്ഞാല്‍ മതി – കര്‍ത്താവ് അരുളിച്ചെയ്യുന്നു.14 അവിശ്വസ്തരായ മക്കളേ, തിരിച്ചു വരുവിന്‍. ഞാന്‍ മാത്രമാണു നിങ്ങളുടെ നാഥന്‍. ഒരു നഗരത്തില്‍നിന്ന് ഒരു നായകനെയും ഒരു കുടുംബത്തില്‍നിന്നു രണ്ടുപേരെയും തിരഞ്ഞെടുത്ത് ഞാന്‍ നിങ്ങളെ സീയോനിലേക്കു കൊണ്ടുവരും- കര്‍ത്താവ് അരുളിച്ചെയ്യുന്നു.15 എനിക്ക് ഇഷ്ടപ്പെട്ട ഇടയന്‍മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും.16 കര്‍ത്താവ് അരുളിച്ചെയ്യുന്നു :നിങ്ങള്‍ പെരുകി നാടുനിറഞ്ഞു കഴിയുമ്പോള്‍ കര്‍ത്താവിന്റെ സാക്ഷ്യപേടകത്തെപ്പറ്റി ആരും ഒന്നും പറയുകയില്ല. അവര്‍ അതിനെപ്പറ്റി ചിന്തിക്കുകയോ, അത് ആവശ്യമെന്നു കരുതുകയോ ഇല്ല; മറ്റൊന്നു നിര്‍മിക്കുകയുമില്ല.17 കര്‍ത്താവിന്റെ സിംഹാസനമെന്ന് അന്നു ജറുസലെം വിളിക്കപ്പെടും. സകല ജനതകളും അവിടെ കര്‍ത്താവിന്റെ നാമത്തില്‍ സമ്മേളിക്കും. ഇനി ഒരിക്കലും അവര്‍ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ഇംഗിതങ്ങള്‍ക്കു വഴിപ്പെടുകയില്ല.18 ആദിവസങ്ങളില്‍ യൂദാകുടുംബം ഇസ്രായേല്‍ കുടുംബത്തോടു ചേരും. അവര്‍ ഒരുമിച്ചു വടക്കു നിന്നു പുറപ്പെട്ട്, നിങ്ങളുടെ പിതാക്കന്‍മാര്‍ക്ക് അവകാശമായി ഞാന്‍ കൊടുത്ത ദേശത്തു വരും.19 എന്റെ മക്കളുടെകൂടെ നിന്നെ പാര്‍പ്പിക്കാനും സകലജനതകളുടേതിലുംവച്ച് ഏറ്റ വും ചേതോഹരമായ അവകാശം നിനക്കു നല്‍കാനും ഞാന്‍ എത്രയേറെ ആഗ്രഹിച്ചു. എന്റെ പിതാവേ, എന്നു നീ എന്നെ വിളിക്കുമെന്നും എന്റെ മാര്‍ഗം നീ ഉപേക്ഷിക്കുകയില്ലെന്നും ഞാന്‍ പ്രതീക്ഷിച്ചു.20 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ,അവിശ്വസ്തയായ ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതുപോലെ നീയും വിശ്വാസ വഞ്ചന ചെയ്തിരിക്കുന്നു.21 ശൂന്യമായ കുന്നുകളില്‍നിന്ന് ഒരു സ്വരം ഉയരുന്നു. ഇസ്രായേല്‍മക്കളുടെ വിലാപത്തിന്റെയുംയാചനയുടെയും സ്വരം. അവര്‍ അപഥസഞ്ചാരം ചെയ്ത് തങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്മരിച്ചു.22 അവിശ്വസ്തരായ മക്കളേ, തിരിച്ചുവരുവിന്‍; ഞാന്‍ നിങ്ങളുടെ അവിശ്വസ്തത പരിഹരിക്കാം. ഇതാ, ഞങ്ങള്‍ അങ്ങയുടെ അടുത്തേക്കു വരുന്നു; അവിടുന്നാണ് ഞങ്ങളുടെ ദൈവമായ കര്‍ത്താവ്.23 കുന്നുകളും അവിടെ നടന്ന മദിരോത്‌സ വവും വ്യാമോഹമായിരുന്നു. ഇസ്രായേലിന്റെ രക്ഷ ഞങ്ങളുടെ ദൈവമായ കര്‍ത്താവില്‍ മാത്രം.24 ഞങ്ങളുടെ പിതാക്കന്‍മാര്‍ അധ്വാനിച്ചു നേടിയ സര്‍വവും ആടുമാടുകളും പുത്രീപുത്രന്‍മാരുമെല്ലാം ഞങ്ങളുടെയൗവ്വനത്തില്‍ത്തന്നെ ലജ്ജാകരമായ വിഗ്രഹാരാധനയ്ക്ക് ഇരയായിത്തീര്‍ന്നു.25 ലജ്ജാവിവശരായി ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കട്ടെ; അപമാനം ഞങ്ങളെ ആവരണം ചെയ്യട്ടെ. ഞങ്ങളും ഞങ്ങളുടെ പിതാക്കന്‍മാരുംയൗവ്വനംമുതല്‍ ഇന്നുവരെ ദൈവമായ കര്‍ത്താവിനെതിരേ പാപം ചെയ്തു. ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഞങ്ങള്‍ അനുസരിച്ചില്ല.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment