Jeremiah, Chapter 11 | ജറെമിയാ, അദ്ധ്യായം 11 | Malayalam Bible | POC Translation

Advertisements

തകര്‍ന്ന ഉടമ്പടി

1 കര്‍ത്താവില്‍നിന്നു ജറെമിയായ്ക്കു ലഭിച്ച അരുളപ്പാട്: ഈ ഉടമ്പടിയുടെ നിബന്ധന കേള്‍ക്കുക. അത് യൂദായിലെ ജനങ്ങളോടും ജറുസലെം നിവാസികളോടും പറയുക.2 അത് യൂദായിലെ ജനങ്ങളോടും ജറുസലെം നിവാസികളോടും പറയുക.3 നീ അവരോടു പറയണം, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:4 ഈജിപ്തില്‍നിന്ന്, ഇരുമ്പുചൂളയില്‍നിന്ന്, നിങ്ങളുടെ പിതാക്കന്‍മാരെ മോചിപ്പിച്ചപ്പോള്‍ അവരോടുചെയ്ത ഉടമ്പടിയാണിത്. നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കണം; ഞാന്‍ കല്‍പിക്കുന്നത് ചെയ്യുകയും വേണം. അങ്ങനെ നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും.5 ഇന്നു നിങ്ങള്‍ക്കുള്ളതു പോലെ പാലും തേനും ഒഴുകുന്ന ഒരു നാട് നല്‍കുമെന്നു നിങ്ങളുടെ പിതാക്കന്‍മാരോടു ചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. കര്‍ത്താവേ അങ്ങനെ ആകട്ടെ – ഞാന്‍ മറുപടി പറഞ്ഞു.6 കര്‍ത്താവ് എന്നോടു വീണ്ടും അരുളിച്ചെയ്തു: ഈ ഉടമ്പടിയുടെ നിബന്ധന കള്‍ക്കൊത്ത് പ്രവര്‍ത്തിക്കുവിന്‍ എന്ന് യൂദായിലെ നഗരങ്ങളിലും ജറുസലെമിലെ വീഥികളിലും വിളംബരംചെയ്യുക.7 ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്‍മാരെ കൂട്ടിക്കൊണ്ടുപോന്നതുമുതല്‍ ഇന്നുവരെയും എന്റെ വാക്കനുസരിക്കുക എന്നു ഞാന്‍ അവരെ നിരന്തരം ഉദ്‌ബോധിപ്പിച്ചിരുന്നു.8 എന്നാല്‍, അവര്‍ അനുസരിക്കുകയോ കേള്‍ക്കുക പോലുമോ ചെയ്തില്ല. ഓരോരുത്തനും തന്റെ ദുഷ്ടഹൃദയത്തിന്റെ കാഠിന്യവുംപേറി നടക്കുന്നു. അതുകൊണ്ട് ഈ ഉടമ്പടിയുടെ നിബന്ധനകള്‍ അവരെ ഞാന്‍ അറിയിച്ചു; അവ അനുസരിക്കാന്‍ കല്‍പിക്കുകയും ചെയ്തു. എന്നാല്‍, അവര്‍ കൂട്ടാക്കിയില്ല.9 കര്‍ത്താവ് വീണ്ടും എന്നോട് അരുളിച്ചെയ്തു: യൂദായിലെ ജനങ്ങളും ജറുസലെംനിവാസികളും ഗൂഢാലോചന നടത്തുന്നു.10 എന്റെ വാക്കു നിരാകരിച്ച പിതാക്കന്‍മാരുടെ തെറ്റുകളിലേക്കു അവര്‍ മടങ്ങിയിരിക്കുന്നു. അവര്‍ അന്യദേവന്‍മാരെ പൂജിക്കാന്‍ തുടങ്ങി. ഇസ്രായേല്‍ഭവനവുംയൂദാഭവനവും തങ്ങളുടെ പിതാക്കന്‍മാരോടു ഞാന്‍ ചെയ്ത ഉടമ്പടി വലിച്ചെറിഞ്ഞിരിക്കുന്നു.11 അതുകൊണ്ടു കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവരുടെമേല്‍ ഞാന്‍ അനര്‍ഥം വരുത്താന്‍ പോകുന്നു. ഒഴിഞ്ഞുമാറാന്‍ അവര്‍ക്കു സാധിക്കുകയില്ല. അവര്‍ എന്നോടു നിലവിളിച്ചപേക്ഷിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല.12 അപ്പോള്‍ യൂദായിലെ നഗരങ്ങളും ജറുസലെംനിവാസികളും തങ്ങള്‍ പൂജിക്കുന്ന ദേവന്‍മാരുടെ മുന്‍പില്‍ നിലവിളിക്കും. വിപത്‌സന്ധിയില്‍ അവരെ രക്ഷിക്കാന്‍ അവര്‍ക്കു കഴിയുകയില്ല.13 യൂദാ, നിന്റെ നഗരങ്ങള്‍ക്കൊപ്പം നിനക്കു ദേവന്‍മാരും പെരുകിയിരിക്കുന്നു. മ്ലേച്ഛതയ്ക്ക്, ബാല്‍ വിഗ്രഹത്തിന്, ധൂപമര്‍പ്പിക്കാന്‍ ജറുസലെമിലെ വീഥികള്‍ക്കൊപ്പം ബലിപീഠങ്ങള്‍ ഒരുക്കിയിരിക്കുന്നു.14 അതുകൊണ്ട് നീ ഈ ജനതയ്ക്കുവേണ്ടി പ്രാര്‍ഥിക്കരുത്; അവര്‍ക്കുവേണ്ടി വിലപിക്കുകയോയാചിക്കുകയോ അരുത്. വിഷമസന്ധിയില്‍ അവര്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കുകയില്ല.15 ദുഷ്‌കൃത്യങ്ങള്‍ ചെയ്തിരിക്കേ, എന്റെ പ്രേയസിക്ക് എന്റെ ഭവനത്തില്‍ എന്തവകാശമാണുള്ളത്? നേര്‍ച്ചകള്‍ക്കോ ബലിമാംസത്തിനോ നിന്റെ നാശത്തെ അകറ്റാനാവുമോ? നിനക്ക് ഇനി ആഹ്ലാദിക്കാനാവുമോ? തഴച്ചുവളര്‍ന്നു ഫലങ്ങള്‍ നിറഞ്ഞമനോഹരമായ ഒലിവുമരം എന്നാണ് കര്‍ത്താവു നിന്നെ വിളിച്ചിരുന്നത്.16 എന്നാല്‍ കൊടുങ്കാറ്റിന്റെ ആരവത്തോടെ അവിടുന്ന് അതിനെ ചുട്ടെരിക്കും;17 അതിന്റെ കൊമ്പുകള്‍ അഗ്‌നിക്കിരയാകും. നിന്നെ നട്ടുപിടിപ്പിച്ച സൈന്യങ്ങളുടെ കര്‍ത്താവുതന്നെ നിന്റെ നാശം പ്രഖ്യാപിച്ചിരിക്കുന്നു. ഇസ്രായേല്‍ഭവനവുംയൂദാഭവനും ദുഷ്‌കൃത്യങ്ങള്‍ പ്രവര്‍ത്തിച്ചു ബാലിനു ധൂപാരാധനയര്‍പ്പിച്ചതുവഴി അവര്‍ എന്നെ രോഷകുലനാക്കിയിരിക്കുന്നു.

ജറെമിയായ്‌ക്കെതിരേ ഗൂഢാലോചന

18 കര്‍ത്താവ് ഇതെനിക്കു വെളിപ്പെടുത്തി. അങ്ങനെ ഞാന്‍ അറിയാനിടയായി. അവിടുന്ന് അവരുടെ ദുഷ്‌കൃത്യങ്ങള്‍ എനിക്കു കാണിച്ചുതന്നു.19 എന്നാല്‍ കൊലയ്ക്കു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാന്‍. ഫലത്തോടുകൂടെത്തന്നെ വൃക്ഷത്തെനമുക്കു നശിപ്പിക്കാം; ജീവിക്കുന്നവരുടെ നാട്ടില്‍നിന്നു നമുക്കവനെ പിഴുതെറിയാം; അവന്റെ പേര് ഇനിമേല്‍ ആരും ഓര്‍മിക്കരുത് എന്നുപറഞ്ഞ് അവര്‍ ഗൂഢാലോചന നടത്തിയത് എനിക്കെ തിരേയാണെന്നു ഞാന്‍ അറിഞ്ഞില്ല.20 നീതിയായി വിധിക്കുന്നവനും ഹൃദയവും മന സ്‌സും പരിശോധിക്കുന്നവനുമായ സൈന്യങ്ങളുടെ കര്‍ത്താവേ, അവരുടെമേലുള്ള അങ്ങയുടെ പ്രതികാരം കാണാന്‍ എന്നെ അനുവദിക്കണമേ; അവിടുന്നാണല്ലോ എന്റെ ആശ്രയം.21 നിന്റെ ജീവന്‍ വേട്ടയാടുന്ന അനാത്തോത്തിലെ ജനങ്ങളെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു. കര്‍ത്താവിന്റെ നാമത്തില്‍ നീ പ്രവചിക്കരുത്, പ്രവചിച്ചാല്‍ നിന്നെ ഞങ്ങള്‍ കൊല്ലും എന്ന് അവര്‍ പറയുന്നു.22 ആകയാല്‍ സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവരെ ഞാന്‍ ശിക്ഷിക്കും.യുവാക്കള്‍ വാളിനിരയാകും; അവരുടെ പുത്രന്‍മാരും പുത്രികളും പട്ടിണികിടന്നു മരിക്കും.23 അവരിലാരും അവശേഷിക്കുകയില്ല. അനാത്തോത്തിലെ ജനങ്ങളോടു കണക്കുചോദിക്കുന്ന ആണ്ടില്‍ ഞാന്‍ അവരുടെമേല്‍ തിന്‍മ വര്‍ഷിക്കും.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment