Jeremiah, Chapter 4 | ജറെമിയാ, അദ്ധ്യായം 4 | Malayalam Bible | POC Translation

Advertisements

1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലേ, നീ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ എന്റെ അടുത്തേക്കു വരുക.2 എന്റെ സന്നിധിയില്‍നിന്നു മ്ലേച്ഛത നീക്കിക്കളയുകയും വഴിതെറ്റിപ്പോകാതിരിക്കുകയും ജീവിക്കുന്നവനായ കര്‍ത്താവിന്റെ നാമത്തില്‍ പരമാര്‍ഥമായും നീതിയായും സത്യസന്ധമായും ശപഥം ചെയ്യുകയും ചെയ്താല്‍ ജനതകള്‍ പരസ്പരം അവിടുത്തെനാമത്തില്‍ അനുഗ്രഹിക്കും. കര്‍ത്താവിലായിരിക്കും അവരുടെ മഹത്വം.3 യൂദായിലെയും ജറുസലെമിലെയും നിവാസികളോടു കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ തരിശുഭൂമി ഉഴുതുമറിക്കുവിന്‍; മുള്ളുകള്‍ക്കിടയില്‍ വിത്തു വിതയ്ക്കരുത്.4 യൂദാനിവാസികളേ, ജറുസലെം പൗരന്‍മാരേ, കര്‍ത്താവിനായി നിങ്ങളെത്തന്നെ പരിച്‌ഛേദനം ചെയ്യുവിന്‍; ഹൃദയപരിച്‌ഛേദനം സ്വീകരിക്കുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ നിമിത്തം എന്റെ കോപം അഗ്‌നിപോലെ ജ്വലിക്കും; അതു ശമിപ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.

വടക്കുനിന്നു ഭീഷണി

5 യൂദായില്‍ വിളിച്ചുപറയുവിന്‍; ജറുസലെമില്‍ പ്രഘോഷിക്കുവിന്‍; കാഹളമൂതി ദേശത്തെങ്ങും വിളംബരം ചെയ്യുവിന്‍; ഒരുമിച്ചുകൂടി സുരക്ഷിതമായ പട്ടണങ്ങളിലേക്ക് ഓടുവിന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചറിയിക്കുവിന്‍.6 സീയോനിലേക്കുള്ള വഴി അടയാളപ്പെടുത്തുവിന്‍; അഭയം തേടി ഓടുവിന്‍; മടിച്ചുനില്‍ക്കരുത്. തിന്‍മയും ഭീകരനാശവും വടക്കുനിന്നു ഞാന്‍ കൊണ്ടു വരുന്നു.7 കുറ്റിക്കാടുകളില്‍നിന്ന് സിംഹം പുറത്തിറങ്ങിയിട്ടുണ്ട്. ജനതകളുടെ സംഹാരകന്‍ സ്വസങ്കേ തത്തില്‍നിന്നു പുറപ്പെട്ടിട്ടുണ്ട്. അവന്‍ നിന്റെ ദേശം ശൂന്യമാക്കും. നിന്റെ നഗരങ്ങള്‍ വിജനമായ നാശക്കൂമ്പാരമാക്കും.8 ആകയാല്‍ നിങ്ങള്‍ ചാക്കുടുത്തു കരയുവിന്‍; നിലവിളിക്കുവിന്‍; കര്‍ത്താവിന്റെ ഉഗ്രകോപം നമ്മില്‍നിന്ന് അകന്നിട്ടില്ല.9 കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു രാജാവിന്റെ ഹൃദയം തളരും; പ്രഭുക്കന്‍മാര്‍ ഭീരുക്കളാകും; പുരോഹിതന്‍മാര്‍ നടുങ്ങും; പ്രവാചകന്‍മാര്‍ അമ്പരക്കും.10 അപ്പോള്‍ അവര്‍ പറയും: ദൈവമായ കര്‍ത്താവേ, അങ്ങ് ഈ ജനത്തെയും ജറുസലെമിനെയും വഞ്ചിച്ചു. നിങ്ങള്‍ക്ക് എല്ലാം ഭദ്രമാണ് എന്ന് അങ്ങ് പറഞ്ഞു. എന്നാല്‍ ഇപ്പോഴിതാ അവരുടെ നേരേ വാള്‍ ഉയരുന്നു.11 ആ സമയം വരുമ്പോള്‍ ഈ ജനത്തോടും ജറുസലെമിനോടും പറയപ്പെടും:12 എന്റെ ജനത്തിന്റെ പുത്രിയുടെനേര്‍ക്കു മരുഭൂമിയിലെ വിജനമായ മലകളില്‍നിന്ന് ഉഷ്ണക്കാറ്റു വീശും. പതിരു പാറ്റാനോ നിലം വെടിപ്പാക്കാനോ ആയിരിക്കുകയില്ല അത്. ഞാന്‍ അയയ്ക്കുന്നതു ഭീഷണമായ കൊടുങ്കാറ്റായിരിക്കും; ഞാന്‍ തന്നെയാണ് അവരുടെമേല്‍ വിധിവാചകം ഉച്ചരിക്കുക.13 ഇതാ, കാര്‍മേഘംപോലെ ശത്രു വരുന്നു. അവന്റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെ, കുതിരകള്‍ കഴുകനെക്കാള്‍ വേഗതയേ റിയത്. ഞങ്ങള്‍ക്കു ദുരിതം! ഞങ്ങള്‍ നശിച്ചുകഴിഞ്ഞു!14 ജറുസലെമേ, നിന്റെ ഹൃദയത്തില്‍നിന്നു ദുഷ്ടത കഴുകിക്കളയുക; എന്നാല്‍, നീ രക്ഷപെടും. എത്രനാളാണു നീ ദുഷിച്ച ചിന്തകളും പേറിനടക്കുക?15 ദാനില്‍നിന്ന് ഒരു പ്രഖ്യാപനം ഉയരുന്നു; എഫ്രായിംമലയില്‍നിന്ന് അനര്‍ഥത്തെപ്പറ്റിയുള്ള അറിയിപ്പും.16 ജനതകളോടു വിളംബരംചെയ്യുവിന്‍; ജറുസലെമില്‍ വിളിച്ചുപറയുവിന്‍; വിദൂരത്തുനിന്നു ശത്രുക്കള്‍ വരുന്നു; യൂദായിലെ നഗരങ്ങള്‍ക്കെതിരേ പോര്‍വിളികള്‍ മുഴങ്ങുന്നു.17 വയലിനുചുറ്റും കാവല്‍ക്കാരെന്നപോലെ അവര്‍ അവളെ വളഞ്ഞിരിക്കുന്നു. എന്തെന്നാല്‍ അവള്‍ എന്നെ ധിക്കരിച്ചു- കര്‍ത്താവ് അരുളിച്ചെയ്യുന്നു.18 ഇതെല്ലാം നിന്റെ മേല്‍ വരുത്തിവച്ചതു നിന്റെ പെരുമാറ്റവും പ്രവൃത്തികളുമത്രേ; ഇതു നിന്റെ ശിക്ഷയാണ്; അതു കയ്‌പേറിയതുതന്നെ. നിന്റെ ഹൃദയത്തില്‍ത്തന്നെ അതു തുളഞ്ഞുകയറിയിരിക്കുന്നു.

ജറെമിയായുടെ വേദന

19 വേദന, അസഹ്യമായ വേദന! ഞാന്‍ വേദനയാല്‍ പുളയുന്നു! എന്റെ ഹൃദയ ഭിത്തികള്‍ തകരുന്നു! നെഞ്ചിടിക്കുന്നു! നിശ്ശബ്ദനായിരിക്കാന്‍ എനിക്കുവയ്യാ! ഇതായുദ്ധകാഹളം! പോര്‍വിളി ഞാന്‍ കേള്‍ക്കുന്നു.20 ഒന്നിനുപിറകേ ഒന്നായി ദുരിതങ്ങള്‍ ആഞ്ഞടിക്കുന്നു. ദേശം മുഴുവന്‍ വിജനമായിത്തീര്‍ന്നു. എന്റെ കൂടാരങ്ങള്‍ ഞൊടിയിടയില്‍ തകരുന്നു; കൂടാരവിരികള്‍ നിമിഷനേരംകൊണ്ടു കീറിപ്പറിയുന്നു.21 യുദ്ധ പതാക ഇനിയും എത്രനാള്‍ ഞാന്‍ കാണണം? കാഹളധ്വനി എന്നുവരെ കേള്‍ക്കണം?22 എന്തെന്നാല്‍, എന്റെ ജനം വിഡ്ഢികളാണ്; അവര്‍ എന്നെ അറിയുന്നില്ല. അവര്‍ ബുദ്ധിയില്ലാത്ത കുട്ടികളാണ്; അവര്‍ക്ക്‌യാതൊരു ജ്ഞാനവുമില്ല. തിന്‍മ പ്രവര്‍ത്തിക്കാന്‍ അവര്‍ സമര്‍ഥരാണ്. നന്‍മ ചെയ്യേണ്ടത് എങ്ങനെ എന്ന് അറിവില്ല.

ആസന്നമായ ശിക്ഷ

23 ഞാന്‍ ഭൂമിയിലേക്കു നോക്കി; അത് രൂപരഹിതവും ശൂന്യവുമായിരുന്നു. ഞാന്‍ ആകാശത്തേക്കു നോക്കി; പ്രകാശം കെട്ടുപോയിരുന്നു.24 ഞാന്‍ മലകളിലേക്കു നോക്കി; അവ വിറപൂണ്ടിരുന്നു. കന്നുകളെല്ലാം ഇളകി ഉലയുന്നുണ്ടായിരുന്നു.25 ഞാന്‍ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല. ആകാശപ്പറവകളെല്ലാം പറന്നു പോയിരുന്നു.26 ഞാന്‍ നോക്കി, ഫലസമൃദ്ധമായ ദേശം ഇതാ മരുഭൂമിയായിരിക്കുന്നു. കര്‍ത്താവിന്റെ മുന്‍പില്‍, അവിടുത്തെ ഉഗ്രകോപത്തില്‍ നഗരങ്ങളെല്ലാം നിലംപതിച്ചു.27 കര്‍ത്താവ് അരുളിച്ചെയ്യുന്നു: എല്ലാ ദേശങ്ങളും നിര്‍ജനമാകും. എന്നാല്‍ അവയെ ഞാന്‍ പൂര്‍ണമായി നശിപ്പിക്കുകയില്ല.28 ഭൂമി വിലപിക്കട്ടെ; ആകാശം ഇരുളടഞ്ഞുപോകട്ടെ; ഞാന്‍ പറഞ്ഞിരിക്കുന്നു, അതിനു മാറ്റമില്ല. ഞാന്‍ നിശ്ചയിച്ചിരിക്കുന്നു; എന്റെ തീരുമാനം മാറുകയില്ല.29 കുതിരപ്പടയാളികളുടെയും വില്ലാളികളുടെയും ആരവം കേട്ട് നഗരവാസികള്‍ പലായനം ചെയ്യുന്നു. അവര്‍ കുറ്റിക്കാടുകളില്‍ ഒളിക്കുന്നു. പാറക്കൂട്ടങ്ങളില്‍ പിടിച്ചുകയറുന്നു. പട്ടണങ്ങളെല്ലാം പരിത്യക്തമാകുന്നു; അവയില്‍ ജനവാസമില്ലാതായി.30 അല്ലയോ നിര്‍ഭാഗ്യവതീ, നീ എന്തിനു രക്താംബരം ധരിക്കുന്നു; നീ എന്തിനു രത്‌നാഭരണമണിയുന്നു; എന്തിനു കടക്കണ്ണുകളില്‍ മഷിയെഴുതുന്നു? നിന്റെ അലങ്കാരങ്ങളെല്ലാം വ്യര്‍ഥമാണ്. നിന്റെ കാമുകന്‍മാര്‍ നിന്നെ വെറുക്കുന്നു. അവര്‍ നിന്റെ ജീവനെ വേട്ടയാടുന്നു.31 പ്രസവവേദനയാലെന്നപോലുള്ള നിലവിളി ഞാന്‍ കേട്ടു. കടിഞ്ഞൂലിനെ പ്രസവിക്കുന്നവളുടേതുപോലുള്ള ആര്‍ത്തനാദം! സീയോന്‍പുത്രി, വീര്‍പ്പുമുട്ടി, കൈകള്‍ വലിച്ചുനിവര്‍ത്തി കരയുന്നു: ഹാ എനിക്കു ദുരിതം! കൊലപാതകികളുടെ മുന്‍പില്‍ ഞാനിതാ തളര്‍ന്നുവീഴുന്നു.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment