Jeremiah, Chapter 5 | ജറെമിയാ, അദ്ധ്യായം 5 | Malayalam Bible | POC Translation

Advertisements

ജറുസലെമിന്റെ പാപം

1 ജറുസലെമിന്റെ തെരുവീഥികളില്‍ ചുറ്റി നടന്ന് അന്വേഷിക്കുക; പൊതുസ്ഥലങ്ങള്‍ പരിശോധിക്കുക. നീതി പ്രവര്‍ത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന ഒരുവനെയെങ്കിലും കണ്ടുമുട്ടിയാല്‍ ഞാന്‍ അവളോടു ക്ഷമിക്കാം.2 കര്‍ത്താവിന്റെ നാമത്തിലാണ് ആണയിടുന്നതെങ്കിലും അവര്‍ ചെയ്യുന്നത് കള്ളസത്യമാണ്.3 കര്‍ത്താവേ, അവിടുത്തെനയനങ്ങള്‍ തേടുന്നതു സത്യത്തെയല്ലേ? അവിടുന്ന് അവരെ പ്രഹരിച്ചു; അവര്‍ക്കു വേദനിച്ചില്ല. അവരെ ക്ഷയിപ്പിച്ചു; അവര്‍ തെറ്റുതിരുത്താന്‍ തയ്യാറായില്ല. അവര്‍ തങ്ങളുടെ മുഖങ്ങള്‍ കല്ലിനേക്കാള്‍ കടുപ്പമുള്ളതാക്കി; മടങ്ങിവരാന്‍ അവര്‍ കൂട്ടാക്കിയില്ല.4 അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇവര്‍ സാധുക്കളാണ്; ബുദ്ധിയില്ലാത്തവര്‍! ഇവര്‍ക്കു കര്‍ത്താവിന്റെ വഴിയും ദൈവത്തിന്റെ നിയമവും അറിഞ്ഞുകൂടാ.5 ഞാന്‍ മഹാന്‍മാരെ സമീപിച്ചു സംസാരിക്കും. അവര്‍ക്കാണെങ്കില്‍ കര്‍ത്താവിന്റെ വഴി അറിയാം; ദൈവത്തിന്റെ നിയമവും അറിയാം. എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ തങ്ങളുടെ നുകം തകര്‍ത്തിരുന്നു; കെട്ടുകള്‍ പൊട്ടിച്ചിരുന്നു.6 അതുകൊണ്ടു കാട്ടില്‍നിന്നു സിംഹം വന്ന് അവരെ കൊല്ലും. മരുഭൂമിയില്‍നിന്നു ചെന്നായ് വന്ന് അവരെ നശിപ്പിക്കും. പുള്ളിപ്പുലി അവരുടെ പട്ടണങ്ങള്‍ക്കു ചുറ്റും പതിയിരിക്കുന്നു. പുറത്തേക്കിറങ്ങുന്നവനെ അതു പിച്ചിച്ചീന്തും. എന്തെന്നാല്‍, അവരുടെ കുറ്റങ്ങള്‍ നിരവധിയാണ്; അവരുടെ അവിശ്വസ്തത നിസ്‌സീമമാണ്.7 ഞാന്‍ നിന്നോട് എങ്ങനെ ക്ഷമിക്കും? നിന്റെ മക്കള്‍ എന്നെ ഉപേക്ഷിച്ചു. ദൈവമല്ലാത്ത ദേവന്‍മാരെക്കൊണ്ട് അവര്‍ ആണയിട്ടു. ഞാന്‍ അവര്‍ക്കു വയറുനിറയെ ഭക്ഷണം നല്‍കി. അവരാകട്ടെ വ്യഭിചാരത്തില്‍ മുഴുകി; വേശ്യാഗൃഹങ്ങളില്‍ അവര്‍ സംഘംചേര്‍ന്നു.8 തിന്നുമദിച്ച കുതിരകളാണവര്‍. അയല്‍ക്കാരന്റെ ഭാര്യയ്ക്കുവേണ്ടി അവര്‍ ഹേഷാരവം മുഴക്കുന്നു.9 ഈ പ്രവൃത്തികള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കേണ്ടതല്ലേ?ഇത്തരം ഒരു ജനതയോടു ഞാന്‍ പ്രതികാരം ചെയ്യേണ്ടതല്ലേ – കര്‍ത്താവ് ചോദിക്കുന്നു.10 അവളുടെ മുന്തിരിത്തോട്ടത്തില്‍ കടന്നു നാശം ചെയ്യുവിന്‍; എന്നാല്‍, പാടേ നശിപ്പിക്കരുത്. അവളുടെ കമ്പുകള്‍ മുറിച്ചുകളയുവിന്‍; അവയൊന്നും കര്‍ത്താവിന്‍േറതല്ല.11 ഇസ്രായേല്‍ഭവനവുംയൂദാഭവനവും എന്നെതീര്‍ത്തും വഞ്ചിച്ചു- കര്‍ത്താവ് അരുളിച്ചെയ്യുന്നു.12 അവര്‍ കര്‍ത്താവിനെ പരിത്യജിച്ചു. അവര്‍ പറഞ്ഞു: അവിടുന്ന് ഒന്നുമല്ല; ഞങ്ങള്‍ക്ക്‌യാതൊരു തിന്‍മയും സംഭവിക്കുകയില്ല.യുദ്ധമോ പട്ടിണിയോ ഞങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുകയില്ല.13 പ്രവാചകന്‍മാര്‍ കാറ്റായിത്തീരും; ദൈവത്തിന്റെ വചനം അവരിലില്ല; അവരുടെ ഭീഷണികള്‍ അവരുടെമേല്‍ത്തന്നെ പതിക്കട്ടെ.14 സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ ഇങ്ങനെ പറഞ്ഞതുകൊണ്ട് എന്റെ വചനം നിന്റെ നാവില്‍ ഞാന്‍ അഗ്‌നിയാക്കും; അവരെ ഞാന്‍ വിറകാക്കും; അഗ്‌നി അവരെ വിഴുങ്ങും.15 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ഭവനമേ, വിദൂരത്തുനിന്ന് ഒരു ജനതയെ നിനക്കെതിരേ ഞാന്‍ കൊണ്ടുവരുന്നു. അജയ്യവും പുരാതനവു മായ ഒരു ജനതയാണത്. അവരുടെ ഭാഷ നിനക്കറിഞ്ഞുകൂടാ; അവരുടെ സംസാരം നിനക്കു മനസ്‌സിലാവുകയില്ല.16 അവരുടെ ആവനാഴി മരണം വിതയ്ക്കുന്നു; അവരെല്ലാവരുംയുദ്ധവീരന്‍മാരാണ്.17 നിന്റെ വിളശേഖരവും ഭക്ഷ്യവസ്തുക്കളും അവര്‍ തിന്നുതീര്‍ക്കും. നിന്റെ പുത്രന്‍മാരെയും പുത്രിമാരെയും അവര്‍ വധിക്കും; നിന്റെ ആടുമാടുകളെ അവര്‍ ഭക്ഷിക്കും. നിന്റെ മുന്തിരിച്ചെടികളും അത്തിമരങ്ങളും അവര്‍ നശിപ്പിക്കും. നിന്റെ ആലംബമായി നീ കരുതുന്ന സുരക്ഷിത നഗരങ്ങളെ അവര്‍ നിലംപരിചാക്കും.18 എന്നാല്‍, ആ നാളുകളില്‍പോലും നിന്നെ ഞാന്‍ പൂര്‍ണമായി നശിപ്പിക്കുകയില്ല- കര്‍ത്താവ് അരുളിച്ചെയ്യുന്നു.19 നമ്മുടെ ദൈവമായ കര്‍ത്താവ് ഇപ്രകാരമെല്ലാം എന്തിനു ഞങ്ങളോടു ചെയ്തു എന്ന് നിന്റെ ജനം ചോദിക്കുമ്പോള്‍ നീ അവരോടു പറയണം: നിങ്ങള്‍ നിങ്ങളുടെ ദേശത്തുവച്ച് എന്നെ ഉപേക്ഷിച്ച് അന്യദേവന്‍മാര്‍ക്കു ശുശ്രൂഷ ചെയ്തു. അതുപോലെ നിങ്ങളുടേതല്ലാത്ത ദേശത്തു നിങ്ങള്‍ അന്യര്‍ക്കു ശുശ്രൂഷ ചെയ്യും.20 യാക്കോബിന്റെ ഭവനത്തില്‍ ഇതു പ്രഘോഷിക്കുക;21 യൂദായില്‍ ഇതു വിളിച്ചുപറയുക: ഭോഷരും അവിവേകികളുമായ ജനമേ, ശ്രവിക്കുവിന്‍. കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ല; ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ല.22 കര്‍ത്താവ് ചോദിക്കുന്നു: നിങ്ങള്‍ക്ക് എന്നെ ഭയമില്ലേ? എന്റെ മുന്‍പില്‍ നിങ്ങള്‍ വിറകൊള്ളുന്നില്ലേ? കടലിന് അതിരായി ഞാന്‍ മണല്‍ത്തീരം സ്ഥാപിച്ചു, അലംഘ്യമായ അതിര്‍ത്തി. തിരകള്‍ ആഞ്ഞടിച്ചാലും വിജയിക്കുകയില്ല; അവ ആര്‍ത്തിരമ്പിയാലും അതിനെ മറികടക്കുകയില്ല.23 എന്നാല്‍ ഈ ജനത്തിന്റെ ഹൃദയം കടുപ്പമേറിയതും ധിക്കാരം നിറഞ്ഞതുമാണ്. അവര്‍ പുറംതിരിഞ്ഞു പൊയ്ക്കളഞ്ഞു.24 നമ്മുടെ ദൈവമായ കര്‍ത്താവിനെ നമുക്കു ഭയപ്പെടാം; അവിടുന്ന്‌യഥാസമയം മഴപെയ്യിക്കുന്നു; ശരത്കാലവര്‍ഷവും വസന്ത കാലവര്‍ഷവും അവിടുന്ന് നല്‍കുന്നു. വിളവെടുപ്പിനുള്ള ആഴ്ചകള്‍ തെറ്റാതെ നമുക്കു നിയോഗിച്ചു തരുന്നു എന്ന് അവര്‍ കരുതിയില്ല.25 നിങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ ഇവയെല്ലാം നിങ്ങള്‍ക്കു നഷ്ടപ്പെടുത്തി. നിങ്ങളുടെ പാപങ്ങള്‍ ഈ നന്‍മയെല്ലാം നിങ്ങളില്‍നിന്ന് അകറ്റിയിരിക്കുന്നു.26 എന്റെ ജനത്തിനിടയില്‍ ദുഷ്ടന്‍മാര്‍ കടന്നൂകൂടി, വേടന്‍മാരെപ്പോലെ പതിയിരിക്കുന്നു; അവര്‍ കെണിയൊരുക്കി മനുഷ്യരെ കുടുക്കിലാക്കുന്നു.27 കൂട്ടില്‍ പക്ഷികളെന്നപോലെ അവരുടെ ഭവനങ്ങളില്‍ വഞ്ചന നിറഞ്ഞിരിക്കുന്നു. അങ്ങനെ അവര്‍ വമ്പന്‍മാരും പണക്കാരുമായി.28 അവര്‍ തടിച്ചുകൊഴുത്തു. അവരുടെ ദുഷ്ടതയ്ക്ക് അതിരില്ല. അവരുടെ വിധികള്‍ നീതിയുക്തമല്ല. അനാഥര്‍ക്കുവേണ്ടി അവര്‍ നിലകൊള്ളുന്നില്ല; ദരിദ്രരുടെ അവകാശം സംരക്ഷിക്കുന്നില്ല.29 ഈ പ്രവൃത്തികള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കേണ്ടതല്ലേ? ഇത്തരം ഒരു ജനതയോടു ഞാന്‍ പ്രതികാരം ചെയ്യേണ്ടതല്ലേ – കര്‍ത്താവു ചോദിക്കുന്നു.30 ബീഭത്‌സവും സംഭ്രമജനകവുമായ ഒന്ന് നാട്ടില്‍ സംഭവിച്ചിരിക്കുന്നു.31 പ്രവാചകന്‍മാര്‍ വ്യാജപ്രവചനങ്ങള്‍ നടത്തുന്നു. അവരുടെ നിര്‍ദേശമനുസരിച്ച് പുരോഹിതന്‍മാര്‍ ഭരിക്കുന്നു. എന്റെ ജനത്തിന് അതിഷ്ടമാണ്. എന്നാല്‍ അവസാനം വരുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യും?

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment