Jeremiah, Chapter 6 | ജറെമിയാ, അദ്ധ്യായം 6 | Malayalam Bible | POC Translation

Advertisements

ശത്രു പടിവാതില്‍ക്കല്‍

1 ബഞ്ചമിന്‍ഗോത്രജരേ, ജറുസലെമില്‍നിന്ന് ഓടി രക്ഷപെടുവിന്‍; തെക്കോവയില്‍ കാഹളമൂതുവിന്‍; ബത്ഹാഖെരമില്‍ കൊടി നാട്ടുവിന്‍. വടക്കുനിന്ന് അനര്‍ഥവും കൊടിയ വിപത്തും അടുത്തുവരുന്നു.2 ഓമനിച്ചു വളര്‍ത്തിയ സുന്ദരിയായ സീയോന്‍ പുത്രിയെ ഞാന്‍ നശിപ്പിക്കും.3 ഇടയന്‍മാര്‍ ആടുകളോടൊരുമിച്ച് അവള്‍ക്കുനേരേ വരും. അവള്‍ക്കു ചുറ്റും അവര്‍ കൂടാരമടിക്കും. ഓരോരുത്തനും ഇഷ്ടമുള്ളിടത്ത് ആടുമേയിക്കും.4 അവള്‍ക്കെതിരേയുദ്ധത്തിനൊരുങ്ങുവിന്‍, ആയുധമെടുക്കുവിന്‍, നട്ടുച്ചയ്ക്ക് അവളെ ആക്രമിക്കാം. ഹാ ക്ഷടം! നേരം വൈകുന്നു: നിഴലുകള്‍ നീളുന്നു.5 എഴുന്നേല്‍ക്കുവിന്‍, നമുക്കു രാത്രിയില്‍ ആക്രമിച്ച് അവളുടെ മണിമേടകള്‍ നശിപ്പിക്കാം.6 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജറുസലെമിലെ മരങ്ങള്‍ മുറിക്കുവിന്‍; അവള്‍ക്കെതിരേ ഉപരോധം ഉയര്‍ത്തുവിന്‍. ഈ നഗരത്തെയാണ് ശിക്ഷിക്കേണ്ടത്; അതിനുള്ളില്‍ മര്‍ദനം മാത്രമേയുള്ളു.7 കിണറ്റില്‍ പുതുവെള്ളം നിറയുന്നതുപോലെ ജറുസലെമില്‍ പുതിയ അകൃത്യങ്ങള്‍ നിറയുന്നു. അക്രമത്തിന്റെയും നശീകരണത്തിന്റെയും സ്വരമേ അവളില്‍ നിന്ന് ഉയരുന്നുള്ളു; രോഗവും മുറിവും മാത്രമേ ഞാന്‍ കാണുന്നുള്ളു.8 ജറുസലെം, നീ എന്റെ താക്കീതു കേള്‍ക്കുക. അല്ലെങ്കില്‍ ഞാന്‍ നിന്നെ വിട്ടകലും, നിന്നെ വിജനമായ മരുഭൂമിയാക്കും.9 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മുന്തിരിയുടെ കാലാപെറുക്കുന്നതുപോലെ ഇസ്രായേലില്‍ അവശേഷിച്ചവരെതേടിപ്പിടിക്കുക. മുന്തിരിപ്പഴം ശേഖരിക്കുന്ന വനെപ്പോലെ അതിന്റെ ശാഖകളില്‍ വീണ്ടും വീണ്ടും തെരയുക.10 എന്റെ താക്കീതു കേള്‍ക്കാന്‍ ആരാണുള്ളത്? ചെവി അടഞ്ഞിരിക്കുന്നതുകൊണ്ട് അവര്‍ക്കു കേള്‍ക്കാന്‍ കഴിയുകയില്ല. കര്‍ത്താവിന്റെ വാക്ക് അവര്‍ക്കു നിന്ദാവിഷയമായിരിക്കുന്നു; അതില്‍ അവര്‍ക്കു തെല്ലും താത്പര്യമില്ല.11 തന്നിമിത്തം കര്‍ത്താവിന്റെ കോപം എന്നില്‍ നിറഞ്ഞു കവിയുന്നു.12 അത് ഒതുക്കി നിര്‍ത്താന്‍ ശ്രമിച്ച് ഞാന്‍ തളരുന്നു. കര്‍ത്താവ് അരുളിച്ചെയ്യുന്നു. തെരുവിലെ കുട്ടികളുടെയുംയുവാക്കളുടെ കൂട്ടങ്ങളുടെയുംമേല്‍ അതു ചൊരിയുക. ഭര്‍ത്താവിന്റെയും ഭാര്യയുടെയും വയോധികരുടെയും പടുവൃദ്ധരുടെയുംമേല്‍ അതുപതിക്കട്ടെ. അവരുടെ വീടുകള്‍, നിലങ്ങളും ഭാര്യമാരുമടക്കം മറ്റുള്ളവര്‍ക്കു നല്‍കപ്പെടും. ഈ ദേശത്തു വസിക്കുന്നവര്‍ക്കെതിരേ ഞാന്‍ കരമുയര്‍ത്തും.13 നിസ്‌സാരന്‍മാര്‍ മുതല്‍ മഹാന്‍മാര്‍വരെ എല്ലാവരും അന്യായലാഭത്തില്‍ ആര്‍ത്തി പൂണ്ടിരിക്കുകയാണ്. പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാ റുന്നു.14 അവര്‍ അശ്രദ്ധമായിട്ടാണ് എന്റെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കേസമാധാനം, സമാധാനം എന്ന് അവര്‍ പറയുന്നു.15 ഹീനകൃത്യങ്ങള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു ലജ്ജ തോന്നിയോ? ഇല്ല, തെല്ലും തോന്നിയില്ല. ലജ്ജിക്കാന്‍ അവര്‍ക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് മറ്റുള്ളവരെപ്പോലെ അവരും വീണുപോകും. ഞാന്‍ അവരെ ശിക്ഷിക്കുമ്പോള്‍ അവര്‍ നിലംപതിക്കും-കര്‍ത്താവ് അരുളിച്ചെയ്യുന്നു.16 കര്‍ത്താവ് അരുളിച്ചെയ്യുന്നു: വഴിക്ക വലകളില്‍ നിന്നു ശ്രദ്ധിച്ചുനോക്കുക; പഴയ പാതകള്‍ അന്വേഷിക്കുക. നേരായ മാര്‍ഗം തേടി അതില്‍ സഞ്ചരിക്കുക. അപ്പോള്‍ നിങ്ങള്‍ വിശ്രാന്തിയടയും. എന്നാല്‍, ഞങ്ങള്‍ക്ക് ആ മാര്‍ഗം വേണ്ടെന്ന് അവര്‍ പറഞ്ഞു.17 ഞാന്‍ നിനക്കു വേണ്ടി കാവല്‍ക്കാരെ നിയമിച്ചു; കാഹളത്തിനു ചെവിയോര്‍ക്കുക എന്നു പറയുകയും ചെയ്തു. എന്നാല്‍, ഞങ്ങള്‍ ചെവിയോര്‍ക്കുകയില്ല എന്ന് അവര്‍ പറഞ്ഞു.18 ആകയാല്‍ ജനതകളേ, കേള്‍ക്കുവിന്‍; ജനസമൂഹമേ, മനസ്‌സിലാക്കുവിന്‍; അവര്‍ക്കു സംഭവിക്കാന്‍പോകുന്നത് ശ്രവിക്കുവിന്‍.19 അല്ലയോ ഭൂമീ; കേട്ടാലും! ഈ ജനത്തിന്റെ കുതന്ത്രങ്ങള്‍ക്കു പ്രതിഫലമായി ഞാന്‍ അവരുടെ മേല്‍ അനര്‍ഥം വരുത്തും. അവര്‍ എന്റെ വാക്കു ചെവിക്കൊണ്ടില്ല; എന്റെ നിയമം അനുസരിച്ചുമില്ല.20 ഷേബായില്‍നിന്നു കുന്തുരുക്കവും വിദൂരദേശത്തുനിന്നു കര്‍പ്പൂരവും എനിക്കുകൊണ്ടുവരുന്നതെന്തിന്? നിങ്ങളുടെ ദഹന ബലികള്‍ എനിക്കു സ്വീകാര്യമല്ല; നിങ്ങളുടെ കാഴ്ചകള്‍ എനിക്കു പ്രീതികരമല്ല.21 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ ജനത്തിനു മുന്‍പില്‍ ഞാന്‍ പ്രതിബന്ധങ്ങള്‍ സ്ഥാപിക്കും; അവര്‍ തട്ടി വീഴും. അപ്പനും മകനും ഒന്നുപോലെ മറിഞ്ഞുവീഴും; അയല്‍ക്കാരനും കൂട്ടുകാരനും നശിക്കും.22 കര്‍ത്താവ് അരുളിച്ചെയ്യുന്നു: അതാ, വടക്കുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ അറ്റത്തുനിന്ന് ഒരു വന്‍ശക്തി ഇളകിയിട്ടുണ്ട്.23 അവര്‍ വില്ലും കുന്തവും കൈയിലേന്തിയിരിക്കുന്നു. അവര്‍ കരുണയില്ലാത്ത കഠിനഹൃദയരാണ്. അവരുടെ ആരവം അലയാഴിയുടേതിനു തുല്യം. കുതിരപ്പുറത്താണ് അവര്‍ വരുന്നത്. സീയോന്‍ പുത്രീ, അവര്‍ നിനക്കെതിരേയുദ്ധത്തിനൊരുങ്ങി അണിയായി വരുന്നു.24 ഞങ്ങള്‍ ആ വാര്‍ത്ത കേട്ടു. ഞങ്ങളുടെ കരങ്ങള്‍ തളരുന്നു. ഈറ്റുനോവ് സ്ത്രീയെ എന്നപോലെ കഠിനവേദന ഞങ്ങളെ പിടികൂടിയിരിക്കുന്നു.25 നിങ്ങള്‍ വയലിലിറങ്ങുകയോ വഴിയിലൂടെ നടക്കുകയോ അരുത്. ശത്രുവിന്റെ വാള്‍ അവിടെയുണ്ട്. എല്ലായിടത്തും ഭീകരാവസ്ഥയാണ്.26 എന്റെ ജനത്തിന്റെ പുത്രീ, നീ ചാക്കുടുത്തു ചാരത്തില്‍ ഉരുളുക. ഏകജാതനെക്കുറിച്ചെന്നപോലെ ഉള്ളുരുകി കരയുക. ഇതാ! വിനാശകന്‍ നമ്മുടെനേരേ വന്നുകഴിഞ്ഞു.27 എന്റെ ജനത്തിന്റെ മാറ്റുരച്ചുനോക്കി അവരുടെ മാര്‍ഗം മനസ്‌സിലാക്കുന്നതിനു ഞാന്‍ നിന്നെ സംശോധകനായി നിയോഗിച്ചിരിക്കുന്നു.28 അവര്‍ പയറ്റിത്തെളിഞ്ഞകലാപകാരികളാണ്. അവര്‍ മിഥ്യാപവാദം പരത്തുന്നു. പിച്ചളയും ഇരുമ്പും പോലെ കഠിനഹൃദയരാണവര്‍. അവര്‍ ദുഷ്‌കൃത്യങ്ങളില്‍ മുഴുകുന്നു.29 ഉല ശക്തിയായി ഊതുന്നു. ഈയം തീയില്‍ ഉരുകുന്നു. ഈ ശുദ്ധീകരണമെല്ലാം വെറുതെയാണ്. എന്തെന്നാല്‍ ദുഷ്ടന്‍മാര്‍ നീക്കംചെയ്യപ്പെടുന്നില്ല.30 കര്‍ത്താവ് തള്ളിക്കളഞ്ഞിരിക്കുന്നതുകൊണ്ട് വെള്ളിക്കിട്ടം എന്നാണ് അവര്‍ അറിയപ്പെടുന്നത്.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment