ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 9
യൂദായുടെ അകൃത്യങ്ങള്‍
1 എന്റെ ശിരസ്‌സ് ഒരു കണ്ണീര്‍ത്തടാകവും എന്റെ കണ്ണുകള്‍ അശ്രുധാരയും ആയിരുന്നെങ്കില്‍, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്‍മാരെ ഓര്‍ത്തു ഞാന്‍ രാപകല്‍ കരയുമായിരുന്നു.2 മരുഭൂമിയില്‍ എനിക്കൊരു വഴിയമ്പലം ലഭിച്ചിരുന്നെങ്കില്‍, ഞാന്‍ എന്റെ ജനത്തെ വിട്ട് അകന്നുപോകുമായിരുന്നു. വഞ്ചകരായ ഒരുകൂട്ടം വ്യഭിചാരികളാണ് അവര്‍.3 വില്ലുപോലെയാണ് അവരുടെ നാവ് വളയുന്നത്. സത്യമല്ല കാപട്യമാണു ദേശത്തു ശക്തിപ്പെടുന്നത്. തിന്‍മയില്‍നിന്നു തിന്‍മയിലേക്ക് അവര്‍ നീങ്ങുന്നു. അവര്‍ എന്നെ അറിയുന്നില്ല – കര്‍ത്താവ് അരുളിച്ചെയ്യുന്നു.4 ഓരോരുത്തനും അയല്‍ക്കാരനെതിരേ കരുതലോടെ ഇരിക്കട്ടെ. ഒരു സഹോദരനിലും വിശ്വാസമര്‍പ്പിക്കുകയും വേണ്ടാ; സഹോദരന്‍മാരൊക്കെ ചതിയന്‍മാരാണ്.5 അയല്‍ക്കാരെല്ലാവരും ഏഷണിക്കാരും. അവര്‍ അയല്‍ക്കാരനെ വഞ്ചിക്കുന്നു. ഒരുവനും സത്യം പറയുന്നില്ല. കള്ളം പറയാനാണ് അവരുടെ നാവിനു ശീലം. അതിക്രമത്തില്‍ മുഴുകിയ അവര്‍ അനുതപിക്കുന്നുമില്ല.6 മര്‍ദനത്തിനുമേല്‍ മര്‍ദനവും വഞ്ചനയ്ക്കുമേല്‍ വഞ്ചനയും കുന്നുകൂടുന്നു; അവര്‍ എന്നെ അറിയാന്‍ വിസമ്മതിക്കുന്നു- കര്‍ത്താവാണ് ഇതു പറയുന്നത്. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:7 ഞാന്‍ അവരെ ചൂളയില്‍ ഉരുക്കി ശുദ്ധീകരിക്കും; എന്റെ ജനത്തോടു ഞാന്‍ മറ്റെന്താണു ചെയ്യുക?8 അവരുടെ നാവ് മാര കമായ അസ്ത്രമാണ്; അതു വഞ്ചന പൊഴിക്കുന്നു. അയല്‍ക്കാരനോടു സൗഹാര്‍ദമായി സംസാരിക്കുമ്പോഴും അവര്‍ തങ്ങളുടെ ഹൃദയത്തില്‍ കെണിയൊരുക്കുകയാണ്.9 കര്‍ത്താവ് ചോദിക്കുന്നു: ഈ കൃത്യങ്ങള്‍ക്കു ഞാന്‍ അവരെ ശിക്ഷിക്കേണ്ട തല്ലേ? ഇത്തരമൊരു ജനതയോടു ഞാന്‍ പ്രതികാരം ചെയ്യരുതെന്നോ? കുന്നുകളെക്കുറിച്ചു വിലപിക്കുവിന്‍.10 മരുഭൂമിയിലെ മേച്ചില്‍പുറങ്ങളെക്കുറിച്ചു വിലാപഗാനമാലപിക്കുവിന്‍. അവ ശൂന്യമായിരിക്കുന്നു. ആരും അതിലെ കടന്നുപോകുന്നില്ല. കന്നുകാലികളുടെ കരച്ചില്‍ കേള്‍ക്കാനില്ല; പക്ഷികളും മൃഗങ്ങളും അവിടം വിട്ടുപോയിരിക്കുന്നു.11 ഞാന്‍ ജറുസലെമിനെ ഒരു നാശക്കൂമ്പാരവും കുറുക്കന്റെ സങ്കേതവുമാക്കും; യൂദായിലെ നഗരങ്ങളെ വിജനഭൂമിയാക്കും.12 ഇതു ഗ്രഹിക്കാന്‍ ആര്‍ക്കു ജ്ഞാനമുണ്ട്? ഇതു വിളംബരം ചെയ്യാന്‍ ആരോടാണ് കര്‍ത്താവ് കല്‍പിച്ചത്? ആരും വഴിനടക്കാത്തവിധം ദേശത്തെനശിപ്പിച്ച് മരുഭൂമിപോലെ പാഴാക്കിയതെന്തിനാണ്?13 കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ നിയമം അവര്‍ അവഗണിച്ചു; എന്റെ വാക്ക് അവര്‍ കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്തില്ല.14 തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ, അവരും തന്നിഷ്ടത്തില്‍ മുറുകെപ്പിടിച്ച് ബാല്‍ദേവന്റെ പിറകേ നടന്നു.15 ആകയാല്‍ ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ ജനത്തെ ഞാന്‍ കാഞ്ഞിരം തീറ്റുകയും വിഷം കുടിപ്പിക്കുകയും ചെയ്യും.16 അവരോ അവരുടെ പിതാക്കന്‍മാരോ അറിഞ്ഞിട്ടില്ലാത്ത ജന തകളുടെ ഇടയിലേക്കു ഞാന്‍ അവരെ ചിത റിക്കും. അവര്‍ നിശ്‌ശേഷം നശിക്കുന്നതുവരെ വാള്‍ അവരെ പിന്തുടരും.17 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വിലാപക്കാരികളെ വരുത്തുവിന്‍; അതില്‍ സമര്‍ഥരായ സ്ത്രീകളെ ആളയച്ചു വരുത്തുവിന്‍.18 അവര്‍ തിടുക്കത്തിലെത്തി നമുക്കുവേണ്ടി വിലപിക്കട്ടെ. അങ്ങനെ നമ്മുടെ കണ്ണുകള്‍ നിറയട്ടെ, കണ്‍പോളകള്‍ കവിഞ്ഞൊഴുകട്ടെ.19 ഇതാ സീയോനില്‍നിന്ന് ഒരു വിലാപസ്വരം! നാം നശിച്ചു; നാം അത്യന്തം ലജ്ജിതരായിരിക്കുന്നു. അവര്‍ നമ്മുടെ വീടുകള്‍ നശിപ്പിച്ചു; നാടു നമ്മള്‍ ഉപേക്ഷിച്ചു.20 സ്ത്രീകളേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍; അവിടുന്നു പറയുന്നത് ശ്രദ്ധിക്കുവിന്‍. നിങ്ങളുടെ പുത്രിമാരെ വിലാപഗാനം പഠിപ്പിക്കുവിന്‍. ഓരോരുത്തരും അയല്‍ക്കാരിയെ ചരമഗീതം അഭ്യസിപ്പിക്കട്ടെ.21 മരണം നമ്മുടെ കിളിവാതിലിലൂടെ കയറിവരുന്നു. നമ്മുടെ കൊട്ടാരങ്ങളില്‍ അതു പ്രവേശിച്ചു കഴിഞ്ഞു. തെരുവുകളില്‍ കുട്ടികളും പൊതുസ്ഥലങ്ങളില്‍യുവാക്കളും മരിച്ചുവീഴുന്നു.22 പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു; മനുഷ്യരുടെ മൃതദേഹങ്ങള്‍ മൈതാനത്തില്‍ വീഴുന്ന ചാണകംപോലെയും കൊയ്ത്തുകാരന്റെ കൈയില്‍നിന്നു പൊഴിയുന്ന കതിര്‍മണിപോലെയും നിപതിക്കും. ആരും അവ ശേഖരിക്കുകയില്ല.23 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജ്ഞാനി തന്റെ ജ്ഞാനത്തില്‍ അഹങ്കരിക്കാതിരിക്കട്ടെ. ബലവാന്‍ തന്റെ ബലത്തില്‍ പ്രശംസിക്കാതിരിക്കട്ടെ. സമ്പന്നന്‍ തന്റെ സമ്പത്തില്‍ വലിപ്പം ഭാവിക്കാതിരിക്കട്ടെ.24 പ്രശംസിക്കുന്നവന്‍, ഞാന്‍ ഭൂമിയില്‍ കരുണയുംന്യായവും നീതിയും പുലര്‍ത്തുന്ന കര്‍ത്താവാണെന്ന അറിവില്‍ പ്രശംസിക്കട്ടെ. ഇതിലാണ് ഞാന്‍ ആനന്ദിക്കുന്ന തെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.25 പരിച്‌ഛേദിതരെങ്കിലും അപരിച്‌ഛേദിതരായ എല്ലാവരെയും ഞാന്‍ ശിക്ഷിക്കുന്ന ദിവസം ഇതാ വരുന്നു- കര്‍ത്താവ് അരുളിച്ചെയ്യുന്നു.26 ഈജിപ്ത്, യൂദാ, ഏദോം, അമ്മോന്യര്‍, മൊവാബ്യര്‍, ചെന്നി വടിച്ച മരുഭൂവാസി കള്‍ ഇവരെല്ലാം അപരിച്‌ഛേദിതരാണ്. ഇസ്രായേല്‍ ഭവനം മുഴുവന്‍ ഹൃദയത്തില്‍ അപരിച്‌ഛേദിതരാണ്.


Leave a comment