Jeremiah, Chapter 16 | ജറെമിയാ, അദ്ധ്യായം 16 | Malayalam Bible | POC Translation

Advertisements

ജറെമിയാ ഏകാകി

1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 ഈ സ്ഥലത്തുവച്ചു നീ വിവാഹംകഴിക്കുകയോ നിനക്കു മക്കളുണ്ടാവുകയോ അരുത്.3 ഈ സ്ഥലത്തുവച്ചു ജനിക്കുന്ന പുത്രീപുത്രന്‍മാരെപ്പറ്റിയും അവരുടെ മാതാപിതാക്കളെപ്പറ്റിയും കര്‍ത്താവ് അരുളിച്ചെയ്യുന്നു:4 മാരകരോഗത്താല്‍ അവര്‍ മരിക്കും; അവരെയോര്‍ത്തു ദുഃഖിക്കാനോ അവരെ സംസ്‌കരിക്കാനോ ആരുമുണ്ടായിരിക്കുകയില്ല. നിലത്തു വിതറിയ വളമെന്നപോലെ അവര്‍ കിടക്കും. അവര്‍ വാളിനും പട്ടിണിക്കും ഇരയാകും. അവരുടെ മൃതദേഹങ്ങള്‍ ആകാശത്തിലെ പക്ഷികളും ഭൂമിയിലെ മൃഗങ്ങളും ഭക്ഷിക്കും.5 കര്‍ത്താവ് അരുളിച്ചെയ്യുന്നു:നീ വിലാപഗൃഹത്തില്‍ പോവുകയോ വിലപിക്കുകയോ അവരോടു സഹതപിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, എന്റെ സമാധാനം ഈ ജനത്തില്‍നിന്നു ഞാന്‍ പിന്‍വലിച്ചിരിക്കുന്നു. എന്റെ സ്‌നേഹവും കരുണയും അവര്‍ക്കുണ്ടായിരിക്കുകയില്ല.6 വലിയവരും ചെറിയവരും ഒന്നുപോലെ ഈ ദേശത്തു മരിച്ചുവീഴും. ആരും അവരെ സംസ്‌കരിക്കുകയില്ല; അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല; ആരും തന്നെത്തന്നെ മുറിവേല്‍പ്പിച്ചും തല മുണ്ഡനം ചെയ്തും ദുഃഖമാചരിക്കുകയില്ല.7 മരിച്ചവരെക്കുറിച്ചു വിലപിക്കുന്നവന് ആശ്വാസമേകാന്‍ ആരും അപ്പം മുറിച്ചുകൊടുക്കുകയില്ല; മാതാവിന്റെ യോ പിതാവിന്റെ യോ വേര്‍പാടില്‍ ദുഃഖിക്കുന്നവന് ആരും ആശ്വാസത്തിന്റെ പാനപാത്രം നല്‍കുകയുമില്ല.8 വിരുന്നു നടക്കുന്ന വീടുകളില്‍ പോവുകയോ അവരോടു ചേര്‍ന്നു തിന്നുകയോ കുടിക്കുകയോ അരുത്.9 എന്തെന്നാല്‍, ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ ജീവിതകാലത്ത്, നിങ്ങളുടെ കണ്‍മുന്‍പില്‍വച്ചുതന്നെ, ഈ ദേശത്തുനിന്ന് ഉല്ലാസത്തിന്റെയും ആഹ്ലാദത്തിന്റെയും ആരവവും മണവാളന്റെയും മണവാട്ടിയുടെയും സ്വര വും ഞാന്‍ ഇല്ലാതാക്കും.10 ജനത്തോടു നീ ഇതു പറയുമ്പോള്‍ അവര്‍ ചോദിക്കും: എന്തിനാണു കര്‍ത്താവ് ഞങ്ങള്‍ക്കെതിരായി ഇത്ര വലിയ ദുരിതങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്? എന്താണു ഞങ്ങള്‍ ചെയ്ത തെറ്റ്? ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരായി എന്തു പാപമാണു ഞങ്ങള്‍ ചെയ്തത്?11 അപ്പോള്‍ നീ അവരോടു പറയണം, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്‍മാര്‍ എന്നെ ഉപേക്ഷിച്ചു. അവര്‍ അന്യദേവന്‍മാരെ സ്വീകരിക്കുകയും സേവിക്കുകയും ആരാധിക്കുകയും ചെയ്തു. അവര്‍ എന്നെ പരിത്യജിച്ചു; എന്റെ നിയമം പാലിച്ചില്ല.12 നിങ്ങളുടെ പ്രവൃത്തികള്‍ നിങ്ങളുടെ പിതാക്കന്‍മാരുടെതിനെക്കാള്‍ ചീത്തയാണ്. നിങ്ങള്‍ താന്താങ്ങളുടെ കഠിനഹൃദയത്തിന്റെ ദുഷ്ടമായ ഇംഗിതങ്ങളെ പിഞ്ചെല്ലുന്നു; എന്നെ അനുസരിക്കാന്‍ നിങ്ങള്‍ക്കു മനസ്‌സില്ല.13 അതുകൊണ്ട് ഞാന്‍ നിങ്ങളെ ഈ ദേശത്തുനിന്നു നിങ്ങളോ നിങ്ങളുടെ പിതാക്കന്‍മാരോ കേട്ടിട്ടില്ലാത്ത ഒരു ദേശത്തേക്കു വലിച്ചെറിയും. അവിടെ നിങ്ങള്‍ അന്യദേവന്‍മാരെ രാവും പകലും സേവിക്കും. ഞാന്‍ നിങ്ങളോടു കൃപ കാണിക്കുകയില്ല.14 ഈജിപ്തില്‍ നിന്ന് ഇസ്രായേല്‍ജനതയെ കൂട്ടിക്കൊണ്ടുവന്ന കര്‍ത്താവാണേ എന്നുപറഞ്ഞ് ആരും ശപഥം ചെയ്യാത്ത ദിനങ്ങള്‍ ഇതാ വരുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു.15 തങ്ങളെ തുരത്തിയോടിച്ച ഉത്തരദേശത്തുനിന്നും, ഇതര രാജ്യങ്ങളില്‍നിന്നും ഇസ്രായേല്‍ജനത്തെ തിരിച്ചുകൊണ്ടുവന്ന കര്‍ത്താവാണേ എന്നു പറഞ്ഞായിരിക്കും അവര്‍ സത്യം ചെയ്യുക. എന്തെന്നാല്‍, അവരുടെ പിതാക്കന്‍മാര്‍ക്കു ഞാന്‍ കൊടുത്ത അവരുടെ സ്വന്തം നാട്ടിലേക്കു ഞാന്‍ അവരെ തിരിച്ചുകൊണ്ടുവരും.16 ഞാന്‍ അനേകം മീന്‍പിടുത്തക്കാരെ വരുത്തും; അവര്‍ അവരെ പിടികൂടും – കര്‍ത്താവ് അരുളിച്ചെയ്യുന്നു. പിന്നീട് ഞാന്‍ അനേകം നായാട്ടുകാരെ വരുത്തും. അവര്‍ പര്‍വതങ്ങളില്‍നിന്നും മല കളില്‍നിന്നും പാറയിടുക്കുകളില്‍നിന്നുംഅവരെ വേട്ടയാടി പിടിക്കും.17 അവരുടെ പ്രവൃത്തികള്‍ ഞാന്‍ കാണുന്നുണ്ട്; അവ എനിക്ക് അജ്ഞാതമല്ല; അവരുടെ അകൃത്യങ്ങള്‍ എന്റെ കണ്ണുകള്‍ക്കു ഗോപ്യവുമല്ല.18 അവര്‍ നിര്‍ജീവ വിഗ്രഹങ്ങള്‍കൊണ്ട് എന്റെ ദേശം ദുഷിപ്പിച്ചു; തങ്ങളുടെ മ്ലേച്ഛ വസ്തുക്കള്‍കൊണ്ട് എന്റെ അവകാശഭൂമി നിറച്ചു. അതിനാല്‍ അവരുടെ അകൃത്യത്തിനും പാപത്തിനും ഞാന്‍ ഇരട്ടി പ്രതികാരംചെയ്യും.19 എന്റെ ബലവും കോട്ടയുമായ കര്‍ത്താവേ, കഷ്ടദിനത്തില്‍ എന്റെ സങ്കേതമേ, ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു ജനതകള്‍ അവിടുത്തെ അടുക്കല്‍വന്നു പറയും: ഞങ്ങളുടെ പിതാക്കന്‍മാര്‍ വ്യാജമല്ലാതെ മറ്റൊന്നും അവകാശപ്പെടുത്തിയിട്ടില്ല. ഉപയോഗശൂന്യമായ വിലകെട്ട വസ്തുക്കള്‍ മാത്രം.20 തനിക്കുവേണ്ടി ദേവന്‍മാരെ ഉണ്ടാക്കാന്‍മനുഷ്യനു സാധിക്കുമോ? അവ ദേവന്‍മാരല്ല.21 അതുകൊണ്ട് ഞാന്‍ അവരെ പഠിപ്പിക്കും. എന്റെ ശക്തിയും ബലവും അവരെ ഞാന്‍ ബോധ്യപ്പെടുത്തും. അപ്പോള്‍ കര്‍ത്താവെന്നാണ് എന്റെ നാമമെന്ന് അവര്‍ അറിയും.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment