Jeremiah, Chapter 21 | ജറെമിയാ, അദ്ധ്യായം 21 | Malayalam Bible | POC Translation

Advertisements

ജറുസലെം നശിപ്പിക്കപ്പെടും

1 സെദെക്കിയാരാജാവ് മല്‍ക്കിയായുടെ മകനായ പാഷൂറിനെയും മാസെയായുടെ മകനായ പുരോഹിതന്‍ സെഫനിയായെയും ജറെമിയായുടെ അടുക്കല്‍ അയച്ചു പറഞ്ഞു:2 ഞങ്ങള്‍ക്കുവേണ്ടി കര്‍ത്താവിനോട് ആരായുക. ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ഞങ്ങളോടുയുദ്ധംചെയ്യുന്നു. കര്‍ത്താവ് ഞങ്ങള്‍ക്കുവേണ്ടി അദ്ഭുതം പ്രവര്‍ത്തിച്ച് അവനെ പിന്‍തിരിപ്പിച്ചേക്കാം.3 ജറെമിയാ അവരോടു പറഞ്ഞു: സെദെക്കിയായോടു പറയുക,4 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെ ഉപരോധിച്ചുകൊണ്ടു നഗരഭിത്തികള്‍ക്കു പുറത്തുനില്‍ക്കുന്ന ബാബിലോണ്‍രാജാവിനോടും കല്‍ദായസൈന്യത്തോടും നിങ്ങള്‍ പൊരുതുകയാണല്ലോ. നിങ്ങള്‍ വഹിക്കുന്ന ആയുധങ്ങള്‍ ഞാന്‍ വാങ്ങി നഗര മധ്യത്തില്‍ കൂമ്പാരംകൂട്ടും.5 ഞാന്‍ തന്നെ കരുത്തുറ്റ കരം നീട്ടി രോഷത്തോടെ, കോപത്തോടെ, ക്രോധത്തോടെ നിങ്ങളോടുയുദ്ധംചെയ്യും.6 ഈ നഗരവാസികളെ ഞാന്‍ പ്രഹരിക്കും; മനുഷ്യരും മൃഗങ്ങളും മഹാമാരിയാല്‍ മരിക്കും.7 അതിനുശേഷം ഞാന്‍ യൂദാരാജാവായ സെദെക്കിയായെയും, ദാസന്‍മാരെയും, പകര്‍ച്ചവ്യാധിയില്‍നിന്നും വാളില്‍നിന്നും പട്ടിണിയില്‍നിന്നും രക്ഷപെട്ട നഗര വാസികളെയും, ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിന്റെയും അവരുടെ ശത്രുക്കളുടെയും അവരുടെ ജീവനെത്തേടുന്നവരുടെയും കൈകളില്‍ ഏല്‍പിച്ചുകൊടുക്കും. അവന്‍ അവരെ വാളിനിരയാക്കും, ദയയോ ദാക്ഷിണ്യമോ അനുകമ്പയോ കാണിക്കുകയില്ല- കര്‍ത്താവ് അരുളിച്ചെയ്യുന്നു.8 ഈ ജനത്തോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജീവന്റെയും മരണത്തിന്റെയും മാര്‍ഗങ്ങള്‍ ഇതാ, നിങ്ങളുടെ മുന്‍പില്‍ ഞാന്‍ വയ്ക്കുന്നു.9 നഗരത്തില്‍ തങ്ങുന്നവന്‍ വാളാലും പട്ടിണിയാലും പകര്‍ച്ചവ്യാധിയാലും മരിക്കും. എന്നാല്‍, പുറത്തിറങ്ങി നിങ്ങളെ വളഞ്ഞിരിക്കുന്ന കല്‍ദായര്‍ക്കു കീഴടങ്ങുന്നവന്‍ ജീവിക്കും.യുദ്ധത്തിന്റെ സമ്മാനമെന്ന നിലയില്‍ അവനു തന്റെ ജീവന്‍ കിട്ടും.10 എന്തെന്നാല്‍, എന്റെ മുഖം ഈ നഗരത്തിനുനേരേ നന്‍മയ്ക്കായിട്ടല്ല, തിന്‍മയ്ക്കായിട്ടാണു ഞാന്‍ തിരിച്ചിരിക്കുന്നത് -കര്‍ത്താവ് അരുളിച്ചെയ്യുന്നു. ബാബിലോണ്‍രാജാവിന്റെ കൈകളില്‍ അത് ഏല്‍പ്പിക്കപ്പെടും. അവന്‍ അത് അഗ്‌നിക്കിരയാക്കും.

രാജാക്കന്‍മാര്‍ക്കു ശിക്ഷ

11 യൂദാരാജാവിന്റെ ഭവനത്തോടു നീ പറയുക, കര്‍ത്താവിന്റെ വാക്കു കേട്ടുകൊള്ളുവിന്‍.12 ദാവീദിന്റെ ഭവനമേ, കര്‍ത്താവ് അരുളിച്ചെയ്യുന്നു: പ്രഭാതത്തില്‍ നീതി നിര്‍വഹിക്കുക. കൊള്ളയടിക്കപ്പെട്ടവനെ അക്രമിയുടെ കൈയില്‍നിന്നു രക്ഷിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം എന്റെ കോപം തീപോലെ കുതിച്ചുയരും. ആര്‍ക്കും ശമിപ്പിക്കാനാവാത്തവിധം അത് ആളിക്കത്തും.13 സമതലമധ്യത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടില്‍ പാര്‍പ്പിടമുറപ്പിച്ചവരേ, ഞാന്‍ നിങ്ങള്‍ക്ക് എതിരാണ് – കര്‍ത്താവ് അരുളിച്ചെയ്യുന്നു. ആരു ഞങ്ങള്‍ക്കെതിരേ വരും. ആരു ഞങ്ങളുടെ വാസസ്ഥലത്തു പ്രവേശിക്കും എന്നു നിങ്ങള്‍ ചോദിക്കുന്നു.14 നിങ്ങളുടെ പ്രവൃത്തിക്കൊത്ത് ഞാന്‍ നിങ്ങളെ ശിക്ഷിക്കും. അവരുടെ വനത്തിനു ഞാന്‍ തീ കൊളുത്തും. അതു ചുറ്റുമുള്ളതെല്ലാം ദഹിപ്പിച്ചുകളയും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment