Jeremiah, Chapter 22 | ജറെമിയാ, അദ്ധ്യായം 22 | Malayalam Bible | POC Translation

Advertisements

1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ യൂദാ രാജാവിന്റെ കൊട്ടാരത്തില്‍ പോയി അറിയിക്കുക.2 ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന യൂദാരാജാവായ നീയും നിന്റെ സേവകരും ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന നിന്റെ ജനവും കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍ എന്നു പറയുക.3 കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീതിയുംന്യായവും നിര്‍വഹിക്കുക. കൊള്ളയടിക്കപ്പെട്ടവനെ അക്രമിയുടെ കൈയില്‍നിന്നു രക്ഷിക്കുക. പരദേശിയോടും അനാഥനോടും വിധവയോടും തിന്‍മയോ അതിക്രമമോ കാട്ടരുത്; ഈ സ്ഥലത്തു നിരപരാധന്റെ രക്തം വീഴ്ത്തുകയുമരുത്.4 ഈ വാക്ക് അന്യൂനം അനുസരിച്ചാല്‍ ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്‍മാരും അവരുടെ സേവകരും ജനവും ഈ കൊട്ടാരത്തിന്റെ കവാടങ്ങളിലൂടെ രഥങ്ങളിലും കുതിരപ്പുറത്തും സവാരിചെയ്തു പ്രവേശിച്ചുകൊണ്ടിരിക്കും.5 എന്റെ ഈ വാക്ക് അനുസരിച്ചില്ലെങ്കില്‍ ഞാനാണേ ഈ കൊട്ടാരം നാശക്കൂമ്പാരമായിത്തീരും – കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.6 യൂദാരാജാവിന്റെ കൊട്ടാരത്തെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ എനിക്കു ഗിലയാദുപോലെയും ലബനോന്‍ കൊടുമുടിപോലെയുമാണ്. എങ്കിലും ഞാന്‍ നിന്നെ മരുഭൂമിയാക്കും- ഒരു വിജനനഗരം!7 നിനക്കെതിരേ ഞാന്‍ ആയുധധാരികളായ സംഹാരകരെ ഒരുക്കിയിരിക്കുന്നു. നിന്റെ അതിവിശിഷ്ട ദേവദാരുക്കള്‍ അവര്‍ വെട്ടിവീഴ്ത്തി തീയിലെറിയും.8 ഈ നഗരത്തിന ടുത്തുകൂടെ അനേകം ജനതകള്‍ കടന്നുപോകും. ഓരോരുത്തനും അയല്‍ക്കാരനോടു ചോദിക്കും: ഈ മഹാനഗരത്തോടു കര്‍ത്താവ് എന്തുകൊണ്ടാണ് ഇപ്രകാരം പ്രവര്‍ത്തിച്ചത്?9 അവര്‍ തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ഉടമ്പടി അവഗണിച്ച് അന്യദേവന്‍മാരെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതുകൊണ്ടു തന്നെ എന്ന് അവര്‍ ഉത്തരം പറയും.10 മരിച്ചവനെയോര്‍ത്തു വിലപിക്കേണ്ടാ. എന്നാല്‍, നാടുവിട്ടു പോകുന്നവനെയോര്‍ത്ത് ഉള്ളുരുകി കരയുവിന്‍, ജന്‍മദേശം കാണാന്‍ അവന്‍ തിരിച്ചുവരുകയില്ല.11 ജോസിയായുടെ മകനും യൂദാരാജാവുമായ ഷല്ലൂം തന്റെ പിതാവായ ജോസിയായ്ക്കു പകരം നാടുവാണു; ഈ സ്ഥലത്തുനിന്നുപോവുകയും ചെയ്തു, അവനെക്കുറിച്ച് കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവന്‍ ഇനിയൊരിക്കലും മടങ്ങിവരുകയില്ല.12 അവര്‍ അവനെ കൊണ്ടുപോയി തടവിലിടുന്ന സ്ഥലത്തുവച്ച് അവന്‍ മരിക്കും; ഈ ദേശം ഒരിക്കലും അവന്‍ കാണുകയില്ല.13 അനീതിയുടെ മുകളില്‍ കൊട്ടാരം പണിയുകയും അന്യായത്തിനു മുകളില്‍ മട്ടുപ്പാവു നിര്‍മിക്കുകയും അയല്‍ക്കാരനെക്കൊണ്ടു ജോലിചെയ്യിച്ചിട്ട് പ്രതിഫലം നല്‍കാതിരിക്കുകയും ചെയ്യുന്നവന്‍ ശപ്തന്‍!14 വിശാലമായ മുറികളുള്ള വലിയൊരു മാളിക ഞാന്‍ പണിയുമെന്ന് അവന്‍ പറയുന്നു. അവന്‍ അതിനു ജാലകങ്ങള്‍ പിടിപ്പിക്കുകയും ദേവദാരുകൊണ്ട് തട്ടിടുകയും ചായില്യംകൊണ്ടു ചായം പൂശുകയും ചെയ്യുന്നു.15 ധാരാളം ദേവദാരുക്കള്‍ ഉള്ളതിനാല്‍ രാജാവാണെന്നു നീ കരുതുന്നുവോ? നിന്റെ പിതാവ് ജീവിതം ആസ്വദിച്ചില്ലേ? അവന്‍ നീതിയുംന്യായവും നടത്തുകയും ചെയ്തു. അതുകൊണ്ട് അവന് എല്ലാം ശുഭമായിരുന്നു.16 അവന്‍ ദരിദ്രര്‍ക്കും അ ഗതികള്‍ക്കുംന്യായം നടത്തിക്കൊടുത്തു. അന്ന് എല്ലാം നന്നായിരുന്നു. എന്നെ അറിയുകയെന്നാല്‍ ഇതുതന്നെയല്ലേ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു.17 എന്നാല്‍ നിന്റെ കണ്ണും കരളും വഞ്ചനയിലൂടെ ലാഭ മുണ്ടാക്കുന്നതിലും നിഷ്‌കളങ്കരക്തം ചിന്തുന്നതിലും മര്‍ദനവും അക്രമവും അഴിച്ചുവിടുന്നതിലും മാത്രം വ്യാപൃതമായിരിക്കുന്നു.18 അതുകൊണ്ട് ജോസിയായുടെ മകനും യൂദാരാജാവുമായയഹോയാക്കിമിനെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഹാ! എന്റെ സഹോദരാ, ഹാ! എന്റെ സഹോദരീ, എന്നു പറഞ്ഞ് ആരും അവനെച്ചൊല്ലി കരയുകയില്ല; ഹാ! എന്റെ യജമാനനേ, ഹാ! എന്റെ പ്രഭോ, എന്നു പറഞ്ഞ് അവനെയോര്‍ത്തു വിലപിക്കുകയുമില്ല.19 കഴുതയെപ്പോലെയായിരിക്കും അവനെ സംസ്‌കരിക്കുക. അവന്‍ ജറുസലെംകവാടത്തിനു പുറത്തേക്കു വലിച്ചെറിയപ്പെടും.20 ലബനോനില്‍ ചെന്നു നീ നിലവിളിക്കുക; ബാഷാനില്‍ നിന്റെ ശബ്ദം മുഴങ്ങട്ടെ. അബാറിമില്‍ നിന്ന് ഉച്ചത്തില്‍ കരയുക, നിന്റെ കൂട്ടുകാര്‍ നാശമടഞ്ഞിരിക്കുന്നു.21 നിന്റെ ഐശ്വര്യകാലത്തു ഞാന്‍ നിന്നോടു സംസാരിച്ചു; ഞാന്‍ അനുസരിക്കുകയില്ല എന്നു നീ പറഞ്ഞു. ചെറുപ്പം മുതലേ നീ എന്റെ വാക്കു കേട്ടില്ല.22 നിന്റെ ഇടയന്‍മാരെ കാറ്റു പറപ്പിക്കും. നിന്റെ ഉറ്റവരെ അടിമകളാക്കി കൊണ്ടുപോകും. അപ്പോള്‍ നിന്റെ ദുഷ്ടതയെക്കുറിച്ചു നീ ലജ്ജിക്കുകയും അമ്പരക്കുകയും ചെയ്യും.23 ദേവദാരുക്കളുടെയിടയില്‍ കൂടുകെട്ടി ലബനോനില്‍ വസിക്കുന്നവളേ, ഈറ്റുനോവുകൊണ്ടെന്നപോലെ പുളയുമ്പോള്‍ എപ്രകാരമായിരിക്കും നീ ഞരങ്ങുക?24 കര്‍ത്താവ് അരുളിച്ചെയ്യുന്നു:യഹോയാക്കിമിന്റെ മകനും യൂദാരാജാവുമായ കോണിയാ എന്റെ വലത്തുകൈയിലെ മുദ്രമോതിരമാണെങ്കില്‍പ്പോലും അവനെ ദൂരെയെറിയുമെന്ന് കര്‍ത്താവായ ഞാന്‍ ശപഥം ചെയ്യുന്നു.25 നിന്റെ ജീവ നെ തേടുന്നവരുടെ കൈയില്‍ നീ ഭയപ്പെടുന്ന ബാബിലോണ്‍രാജാവായ നബുക്കദ് നേസറിന്റെയും കല്‍ദായരുടെയും കൈയില്‍, നിന്നെ ഞാന്‍, ഏല്‍പ്പിച്ചുകൊടുക്കും.26 നിന്നെയും നിനക്കു ജന്‍മമേകിയ അമ്മയെയും മറ്റൊരു നാട്ടിലേക്കു ഞാന്‍ ആട്ടിപ്പായിക്കും.27 നിന്റെ ജന്‍മദേശമല്ലാത്ത ആ നാട്ടില്‍വച്ചു നീ മരിക്കും. മടങ്ങിവരാനാഗ്രഹിക്കുന്ന നാട്ടിലേക്ക് അവര്‍ വരുകയില്ല.28 ഈ കോണിയാ ആര്‍ക്കും വേണ്ടാതെ പുറംതള്ളപ്പെട്ടപൊട്ടക്കലമാണോ? അവര്‍ക്ക് അജ്ഞാതമായ നാട്ടിലേക്ക് അവനും മക്കളും എന്തിനു ചുഴറ്റിയെറിയപ്പെടുന്നു?29 ഓ, ദേശമേ, ദേശമേ, ദൈന്യദേശമേ, കര്‍ത്താവിന്റെ വാക്കുകേള്‍ക്കുക.30 കര്‍ത്താവ് അരുളിച്ചെയ്യുന്നു: സന്തതിയില്ലാത്തവനെന്നും ജീവിതത്തില്‍ പരാജയപ്പെട്ടവനെന്നും ഇവനെ എഴുതിത്തള്ളുക. ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതിനും യൂദായില്‍ ഭരണം നടത്തുന്നതിനും അവന്റെ സന്തതികളിലാര്‍ക്കും ഭാഗ്യമുണ്ടാവുകയില്ല.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment