Jeremiah, Chapter 23 | ജറെമിയാ, അദ്ധ്യായം 23 | Malayalam Bible | POC Translation

Advertisements

വരാനിരിക്കുന്ന രാജാവ്

1 എന്റെ മേച്ചില്‍സ്ഥലത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിക്കുകയും ചെയ്യുന്ന ഇടയന്‍മാര്‍ക്കു ശാപം – കര്‍ത്താവ് അരുളിച്ചെയ്യുന്നു.2 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് തന്റെ ജനത്തെ സംരക്ഷിക്കേണ്ട ഇടയന്‍മാരെക്കുറിച്ച് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ ആട്ടിന്‍പറ്റത്തെ ചിതറി ച്ചോടിച്ചു. നിങ്ങള്‍ അവയെ പരിപാലിച്ചില്ല. നിങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ക്കു ഞാന്‍ പകരം വിട്ടും.3 അവയെ ആട്ടിപ്പായിച്ച എല്ലാ ദേശങ്ങളില്‍നിന്നും എന്റെ ആട്ടിന്‍പറ്റത്തില്‍ അവശേഷിച്ചവയെ ഞാന്‍ ശേഖരിക്കും. ആലയിലേക്കു ഞാന്‍ അവയെ കൊണ്ടുവരും; അവ വര്‍ധിച്ചു പെരുകുകയും ചെയ്യും.4 അവയെ മേയ്ക്കുന്നതിന് ഇടയന്‍മാരെ ഞാന്‍ നിയോഗിക്കും. ഇനിമേല്‍ അവ ഭയപ്പെടുകയോ വേവലാതിപ്പെടുകയോ ഇല്ല; ഒന്നും കാണാതെ പോവുകയുമില്ല – കര്‍ത്താവ് അരുളിച്ചെയ്യുന്നു.5 ഇതാ, ഞാന്‍ ദാവീദിന്റെ വംശത്തില്‍ നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവന്‍ രാജാവായി വാഴുകയും ബുദ്ധിപൂര്‍വം ഭരിക്കുകയും ചെയ്യും. നാട്ടില്‍ നീതിയുംന്യായവും അവന്‍ നടപ്പാക്കും.6 അവന്റെ നാളുകളില്‍ യൂദാ രക്ഷിക്കപ്പെടും; ഇസ്രായേല്‍ സുരക്ഷിതമായിരിക്കും. കര്‍ത്താവാണു ഞങ്ങളുടെ നീതി എന്ന പേരിലായിരിക്കും അവന്‍ അറിയപ്പെടുക.7 ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന കര്‍ത്താവാണേ എന്ന് ആരും ശപഥം ചെയ്യാത്ത കാലം വരുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു.8 ഇസ്രായേല്‍ സന്തതികളെ ഉത്തരദേശത്തുനിന്നും അവിടുന്ന് നാടുകടത്തിയ എല്ലാരാജ്യങ്ങളില്‍നിന്നും തിരിച്ചുകൊണ്ടുവന്ന കര്‍ത്താവാണേ എന്നായിരിക്കും അവര്‍ സത്യം ചെയ്യുക. അവര്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ പാര്‍ക്കും.

വ്യാജപ്രവാചകന്‍മാര്‍

9 പ്രവാചകന്‍മാരെക്കുറിച്ച്: എന്റെ ഹൃദയം തകരുന്നു; അസ്ഥികള്‍ ഇളകുന്നു. വീഞ്ഞു കുടിച്ചു മത്തുപിടിച്ചവനെപ്പോലെയാണു ഞാന്‍. ഇതു കര്‍ത്താവിനെപ്രതിയും അവിടുത്തെ വിശുദ്ധ വചനത്തെപ്രതിയുമത്രേ.10 നാടു മുഴുവന്‍ വ്യഭിചാരികളെക്കൊണ്ടു നിറയുന്നു. ശാപം നിമിത്തം നാടു വില പിക്കുന്നു. മരുഭൂമിയിലെ മേച്ചില്‍സ്ഥലങ്ങള്‍ കരിയുന്നു. അവരുടെ മാര്‍ഗം ചീത്തയും അവരുടെ ശക്തി അനീതി നിറഞ്ഞതുമാണ്.11 പ്രവാചകനിലും പുരോഹിതനിലും മ്ലേച്ഛത നിറഞ്ഞിരിക്കുന്നു. എന്റെ ഭവനത്തില്‍പ്പോലും അവര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു.12 അതുകൊണ്ട് അവരുടെ വഴികള്‍ അന്ധകാരം നിറഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും. അതിലൂടെ അവര്‍ ഓടിക്കപ്പെടുകയും വീഴ്ത്തപ്പെടുകയും ചെയ്യും. അവരുടെ ശിക്ഷയുടെ ആണ്ടില്‍ അവരുടെമേല്‍ ഞാന്‍ തിന്‍മ വര്‍ഷിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.13 സമരിയായിലെ പ്രവാചകരുടെ ഇടയില്‍ അരോചകമായ ഒരു കാര്യം ഞാന്‍ കണ്ടു. അവര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ച് എന്റെ ജനമായ ഇസ്രായേലിനെ വഴിപിഴപ്പിച്ചു.14 ജറുസലെമിലെപ്രവാചകരുടെ ഇടയില്‍ ഭയാനകമായ ഒരു കാര്യം ഞാന്‍ കണ്ടു. അവര്‍ വ്യഭിചരിക്കുകയും കാപട്യത്തില്‍ മുഴുകുകയും ചെയ്യുന്നു. ആരും ദുഷ്ടതയുപേക്ഷിക്കാതിരിക്കത്തക്കവിധം അവര്‍ ദുഷ്ടരെ പിന്‍താങ്ങുന്നു. അവര്‍ എനിക്ക് സോദോംപോലെയാണ്; അവിടത്തെനിവാസികള്‍ ഗൊമോറാപോലെയും.15 അതുകൊണ്ട് സൈന്യങ്ങളുടെ കര്‍ത്താവ് പ്രവാചകന്‍മാരെക്കുറിച്ച് അരുളിച്ചെയ്യുന്നു: അവരെ ഞാന്‍ കാഞ്ഞിരം തീറ്റും; അവരെ ഞാന്‍ വിഷം കുടിപ്പിക്കും. എന്തെന്നാല്‍, ജറുസലെമിലെ പ്രവാചകന്‍മാരില്‍നിന്ന് ദേശം മുഴുവന്‍ അധര്‍മം പരന്നിരിക്കുന്നു.16 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളുടെ പ്രവചനംകൊണ്ടു നിങ്ങളെ വ്യാമോഹിപ്പിക്കുന്ന പ്രവാചകന്‍മാരെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടാ. അവരുടെ വാക്കുകള്‍ കര്‍ത്താവിന്റെ നാവില്‍നിന്നുള്ളതല്ല; തങ്ങളുടെതന്നെ മനസ്‌സിന്റെ വിഭ്രാന്തിയാണ്.17 കര്‍ത്താവിന്റെ വാക്കിനെ പുച്ഛിച്ചു തള്ളുന്നവരോടു നിങ്ങള്‍ക്ക് എല്ലാം നന്‍മയായിരിക്കും എന്ന് അവര്‍ നിരന്തരം പറയുന്നു. തങ്ങളുടെതന്നെ മനോഗ തങ്ങളെ മര്‍ക്കടമുഷ്ടിയോടെ പിന്‍തുടരുന്നവരോട് നിങ്ങള്‍ക്കുയാതൊരു തിന്‍മയും വരുകയില്ല എന്നും അവര്‍ പറയുന്നു.18 അവരിലാരാണ് കര്‍ത്താവിനെ കാണാനും അവിടുത്തെ വചനം ശ്രവിക്കാനുമായി അവിടുത്തെ സന്നിധിയില്‍ നിന്നിട്ടുള്ളത്? അവിടുത്തെ വചനം കേള്‍ക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തിട്ടുള്ളതാരാണ്?19 ഇതാ, കര്‍ത്താവിന്റെ കൊടുങ്കാറ്റ്! ഉഗ്രമായ ചുഴലിക്കാറ്റായി ക്രോധം പുറപ്പെട്ടിരിക്കുന്നു; ദുഷ്ടന്‍മാരുടെ തലയില്‍ അത് ആഞ്ഞടിക്കും.20 കര്‍ത്താവിന്റെ ഹിതം പൂര്‍ണമായി നിറവേറ്റുന്നതുവരെ അവിടുത്തെ കോപം ശമിക്കുകയില്ല. സമയമാകുമ്പോള്‍ അത് നിങ്ങള്‍ മനസ്‌സിലാക്കും.21 ആ പ്രവാചകന്‍മാരെ ഞാന്‍ അയച്ചില്ല; എന്നിട്ടും, അവര്‍ ഓടിനടന്നു; ഞാന്‍ അവരോട് സംസാരിച്ചില്ല; എന്നിട്ടും അവര്‍ പ്രവചിച്ചു.22 എന്റെ സന്നിധിയില്‍ നിന്നിരുന്നെങ്കില്‍, എന്റെ ജനത്തോട് അവര്‍ എന്റെ വാക്കുകള്‍ പ്രഘോഷിച്ച്, ദുര്‍മാര്‍ഗത്തില്‍ നിന്നും ദുഷ്പ്രവൃത്തികളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുമായിരുന്നു.23 കര്‍ത്താവ് ചോദിക്കുന്നു: സമീപസ്ഥ നായിരിക്കുമ്പോള്‍ മാത്രമാണോ ഞാന്‍ നിങ്ങള്‍ക്കു ദൈവം? വിദൂരത്തിലിരിക്കുമ്പോഴും ഞാന്‍ ദൈവമല്ലേ?24 എനിക്കു കാണാന്‍ കഴിയാത്തവിധം ആര്‍ക്കെങ്കിലും രഹസ്യസങ്കേതങ്ങളില്‍ ഒളിക്കാന്‍ സാധിക്കുമോ? സ്വര്‍ഗവും ഭൂമിയും നിറഞ്ഞുനില്‍ക്കുന്നവനല്ലേ ഞാന്‍ ? കര്‍ത്താവാണ് ഇതു ചോദിക്കുന്നത്.25 എനിക്ക് ഒരു സ്വപ്നമുണ്ടായി, എനിക്ക് ഒരു സ്വപ്നമുണ്ടായി എന്ന് അവകാശപ്പെട്ട് പ്രവാചകന്‍മാര്‍ എന്റെ നാമത്തില്‍ വ്യാജം പ്രവചിക്കുന്നതു ഞാന്‍ കേള്‍ക്കുന്നുണ്ട്.26 കള്ളപ്രവചനങ്ങള്‍ നടത്തുന്ന, സ്വന്തംതോന്നലുകളെ പ്രവചനങ്ങളായി അവതരിപ്പിക്കുന്ന, ഈ പ്രവാചകന്‍മാര്‍ തങ്ങളുടെ ഹൃദയത്തില്‍ എത്രനാള്‍ വ്യാജം കൊണ്ടുനടക്കും?27 തങ്ങളുടെ പിതാക്കന്‍മാര്‍ ബാലിനെപ്രതി എന്റെ നാമം വിസ്മരിച്ചതുപോലെ എന്റെ ജനത്തിന്റെ ഇടയില്‍ എന്റെ നാമം വിസ്മൃതമാക്കാമെന്നുവിചാരിച്ച് അവര്‍ തങ്ങളുടെ ഭാവനകള്‍ പരസ്പരം കൈമാറുന്നു.28 കര്‍ത്താവ് അരുളിച്ചെയ്യുന്നു: സ്വപ്നം കാണുന്ന പ്രവാചകന്‍ തന്റെ സ്വപ്നം പറയട്ടെ, എന്റെ വചനം ലഭിച്ചിട്ടുള്ളവന്‍ അത് വിശ്വസ്തതയോടെ പ്രഖ്യാപിക്കട്ടെ. പതിരിനും ഗോതമ്പുമണിക്കും തമ്മില്‍ എന്തു പൊരുത്തം?29 എന്റെ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? കര്‍ത്താവ് ചോദിക്കുന്നു.30 അതിനാല്‍ അയല്‍ക്കാരില്‍നിന്ന് എന്റെ വചനങ്ങള്‍ മോഷ്ടിക്കുന്ന പ്രവാചകന്‍മാര്‍ക്ക് ഞാന്‍ എതിരാണ്- കര്‍ത്താവ് അരുളിച്ചെയ്യുന്നു.31 സ്വന്തം നാവനക്കിയാല്‍ കര്‍ത്താവിന്റെ അരുളപ്പാടാകുമെന്നു കരുതുന്ന പ്രവാചകന്‍മാരെ ഞാന്‍ എതിര്‍ക്കുന്നു- കര്‍ത്താവ് അരുളിച്ചെയ്യുന്നു.32 വ്യാജസ്വപ്നങ്ങള്‍ പ്രവചിക്കുന്നവര്‍ക്കു ഞാന്‍ എതിരാണ് – കര്‍ത്താവ് അരുളിച്ചെയ്യുന്നു. നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്റെ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ അയച്ചില്ല. അധികാരപ്പെടുത്തിയുമില്ല. അവര്‍ ഈ ജനത്തിന് ഒരു ഗുണവും ചെയ്യുകയില്ല – കര്‍ത്താവ് അരുളിച്ചെയ്യുന്നു.33 കര്‍ത്താവ് എന്താണു ഭരമേല്‍പിച്ചത് എന്നു ജനത്തിലാരെങ്കിലുമോ പ്രവാചകനോ പുരോഹിതനോ ചോദിച്ചാല്‍ നീ പറയണം, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍തന്നെയാണ് ആ ഭാരം; ഞാന്‍ നിങ്ങളെ വലിച്ചെറിയും.34 കര്‍ത്താവിന്റെ ഭാരം എന്നു പ്രവാചകനോ പുരോഹിതനോ ജനത്തിലാരെങ്കിലുമോ പറഞ്ഞാല്‍ അവനെയും അവന്റെ കുടുംബത്തെയും ഞാന്‍ ശിക്ഷിക്കും.35 നിങ്ങള്‍ ഓരോരുത്തരും തന്റെ അയല്‍ക്കാരനോടും സഹോദരനോടും പറയേണ്ടത് ഇങ്ങനെയാണ്; കര്‍ത്താവ് നല്‍കുന്ന ഉത്തരമെന്ത്?36 കര്‍ത്താവ് അരുളിച്ചെയ്തതെന്ത്? കര്‍ത്താവിന്റെ ഭാരം എന്നു നിങ്ങള്‍ ഇനി ഒരിക്കലും പറയരുത്. ഓരോരുത്തനും അവനവന്റെ വാക്കുതന്നെ ഭാരമായിത്തീരും. എന്തെന്നാല്‍ നമ്മുടെ ദൈവവും സൈന്യങ്ങളുടെ കര്‍ത്താവുമായ ജീവിക്കുന്ന ദൈവത്തിന്റെ വചനം നിങ്ങള്‍ വളച്ചൊടിക്കുകയാണ്.37 കര്‍ത്താവ് നിനക്ക് എന്തു പ്രത്യുത്തരം നല്‍കി. കര്‍ത്താവ് എന്താണ് അരുളിച്ചെയ്തത് എന്നിങ്ങനെയാണു നിങ്ങള്‍ പ്രവാചകനോടു ചോദിക്കേണ്ടത്.38 കര്‍ത്താവ് അരുളിച്ചെയ്യുന്നു: കര്‍ത്താവിന്റെ ഭാരം എന്നു പറയരുതെന്നു വിലക്കി ഞാന്‍ നിങ്ങളെ അയച്ചിട്ടും നിങ്ങള്‍ അതുതന്നെ പറഞ്ഞാല്‍,39 ഞാന്‍ നിങ്ങളെയും, നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്‍മാര്‍ക്കും നല്‍കിയ നഗരത്തെയും, എന്റെ കണ്‍മുന്‍പില്‍നിന്നു പിഴുതെറിയും.40 ശാശ്വതമായ നിന്ദയ്ക്കും മറക്കാത്ത അവ മാനത്തിനും ഞാന്‍ നിങ്ങളെ വിധേയരാക്കും.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment