Jeremiah, Chapter 30 | ജറെമിയാ, അദ്ധ്യായം 30 | Malayalam Bible | POC Translation

Advertisements

രക്ഷയുടെ വാഗ്ദാനം

1 കര്‍ത്താവില്‍നിന്നു ജറെമിയായ്ക്കുണ്ടായ അരുളപ്പാട്.2 ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോടു പറഞ്ഞതെല്ലാം ഒരു പുസ്തകത്തില്‍ എഴുതുക.3 എന്തെന്നാല്‍, എന്റെ ജനമായ ഇസ്രായേലിന്റെയും യൂദായുടെയും സുസ്ഥിതി പുനഃസ്ഥാപിക്കാനുള്ള ദിവസം വരുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവരുടെ പിതാക്കന്‍മാര്‍ക്കു ഞാന്‍ കൊടുത്തിട്ടുള്ള ദേശത്തേക്കു ഞാന്‍ അവരെ തിരിച്ചു കൊണ്ടുവരും; അവര്‍ അതു സ്വന്തമാക്കുകയും ചെയ്യും- കര്‍ത്താവാണ് ഇതു പറയുന്നത്.4 ഇസ്രായേലിനെയും യൂദായെയുംകുറിച്ച് കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങള്‍ ഇവയാണ്.5 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഒരു സ്വരം! സമാധാനത്തിന്‍േറതല്ല; ഭീതിയുടെയും സംഭ്രമത്തിന്റെയും നിലവിളി!6 പുരുഷനു പ്രസവവേദനയുണ്ടാകുമോ എന്നു ചോദിച്ചറിയുവിന്‍. ഈറ്റുനോവുപിടിച്ച സ്ത്രീയെപ്പോലെ പുരുഷന്‍മാരെല്ലാം നടുവിനു കൈകൊടുത്തു നില്‍ക്കുന്നതും എല്ലാ മുഖവും വിളറിയിരിക്കുന്നതും ഞാന്‍ കാണുന്നതെന്തുകൊണ്ട്?7 മഹത്തും അതുല്യവുമാണ് ആദിവസം. അതു യാക്കോബിന് അനര്‍ഥകാലമാണ്; എങ്കിലും അവന്‍ രക്ഷപെടും.8 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു ഞാന്‍ അവരുടെ കഴുത്തിലെ നുകം തകര്‍ക്കും; കെട്ടുകള്‍ പൊട്ടിക്കും; വിദേശികള്‍ അവരെ അടിമകളാക്കുകയില്ല.9 അവര്‍ തങ്ങളുടെ ദൈവമായ കര്‍ത്താവിനെയും അവര്‍ക്കുവേണ്ടി ഞാന്‍ അയയ്ക്കുന്ന ദാവീദുരാജാവിനെയും സേവിക്കും.10 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആകയാല്‍ എന്റെ ദാസനായയാക്കോബേ, നീ ഭയപ്പെടേണ്ടാ. ഇസ്രായേലേ, വിസ്മയിക്കേണ്ടാ. നിന്നെ വിദൂരദേശങ്ങളില്‍നിന്നും നിന്റെ മക്കളെ പ്രവാസത്തില്‍നിന്നും ഞാന്‍ രക്ഷിക്കും. യാക്കോബ് മടങ്ങിവന്നു ശാന്തി നുകരും. ആരും അവനെ ഭയപ്പെടുത്തുകയില്ല.11 നിന്നെ രക്ഷിക്കാന്‍ നിന്നോടുകൂടെ ഞാനുണ്ട്- കര്‍ത്താവ് അരുളിച്ചെയ്യുന്നു. ആരുടെ ഇടയില്‍ നിന്നെ ചിതറിച്ചോ ആ ജനതകളെയെല്ലാം ഞാന്‍ നിശ്‌ശേഷം നശിപ്പിക്കും; നിന്നെ പൂര്‍ണമായി നശിപ്പിക്കുകയില്ല. നീതിപൂര്‍വം ഞാന്‍ നിന്നെ ശാസിക്കും; ശിക്ഷിക്കാതെ വിടുകയില്ല.12 കര്‍ത്താവ് അരുളിച്ചെയ്യുന്നു: സുഖപ്പെടുത്താനാവാത്തവിധം നിനക്കു ക്ഷതമേറ്റിരിക്കുന്നു; നിന്റെ മുറിവു ഗുരുതരമാണ്.13 നിനക്കുവേണ്ടി വാദിക്കാന്‍ ആരുമില്ല; നിന്റെ മുറിവിനു മരുന്നില്ല; നിനക്കു സൗഖ്യം ലഭിക്കുകയുമില്ല.14 നിന്റെ സ്‌നേഹിതരെല്ലാം നിന്നെ മറന്നിരിക്കുന്നു. അവര്‍ നിന്റെ കാര്യം അന്വേഷിക്കുന്നതേയില്ല. എന്തെന്നാല്‍, നിന്റെ അസംഖ്യം അകൃത്യങ്ങളും ഘോരമായ പാപങ്ങളും നിമിത്തം ക്ഷതമേല്‍പിക്കുന്ന ശത്രുവിനെപ്പോലെയും ക്രൂരമായി ശിക്ഷിക്കുന്നവനെപ്പോലെയും ഞാന്‍ നിന്നെ മുറിപ്പെടുത്തിയിരിക്കുന്നു.15 നിന്റെ വേദനയെച്ചൊല്ലി എന്തിനു നിലവിളിക്കുന്നു? നിന്റെ ദുഃഖത്തിനു ശമനമുണ്ടാവുകയില്ല. എന്തെന്നാല്‍, നിന്റെ അകൃത്യങ്ങള്‍ അസംഖ്യവും നിന്റെ പാപങ്ങള്‍ ഘോരവുമാണ്. ഞാനാണ് ഇവയെല്ലാം നിന്നോടു ചെയ്തത്.16 അതിനാല്‍ നിന്നെ വധിക്കുന്നവരെല്ലാം വധിക്കപ്പെടും. നിന്റെ ശത്രുക്കള്‍ ഒന്നൊഴിയാതെ പ്രവാസികളാകും. നിന്നെകൊള്ളയടിക്കുന്നവര്‍ കൊള്ളയടിക്കപ്പെടും; നിന്നെ കവര്‍ച്ചചെയ്യുന്നവരെ ഞാന്‍ കവര്‍ച്ചയ്ക്കു വിധേയരാക്കും.17 ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ നിന്നെ ഭ്രഷ്ട എന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോന്‍ എന്നും വിളിച്ചില്ലേ?18 കര്‍ത്താവ് അരുളിച്ചെയ്യുന്നു: യാക്കോബിന്റെ കൂടാരങ്ങളുടെ ഭാഗധേയം ഞാന്‍ പുനഃസ്ഥാപിക്കും. അവരുടെ വാസസ്ഥലങ്ങളോടു ഞാന്‍ കാരുണ്യം പ്രകടിപ്പിക്കും. നഗരം നാശക്കൂമ്പാരത്തില്‍നിന്നു വീണ്ടും പണിയപ്പെടും; കൊട്ടാരം അതിന്റെ സ്ഥാനത്തുതന്നെ വീണ്ടും ഉയര്‍ന്നു നില്‍ക്കും.19 അവയില്‍നിന്നു കൃതജ്ഞതാഗീതങ്ങളും സന്തുഷ്ടരുടെ ആഹ്ലാദാരവവും ഉയരും: ഞാന്‍ അവരെ വര്‍ധിപ്പിക്കും; അവര്‍ കുറഞ്ഞു പോവുകയില്ല. ഞാന്‍ അവരെ മഹത്വമണിയിക്കും; അവര്‍ നിസ്‌സാരരാവുകയില്ല.20 അവരുടെ മക്കള്‍ പൂര്‍വകാലത്തേതുപോലെയാകും; അവരുടെ സമൂഹം എന്റെ മുന്‍പില്‍ സുസ്ഥാപിതമാകും; അവരെ ദ്രോഹിക്കുന്നവരെ ഞാന്‍ ശിക്ഷിക്കും.21 അവരുടെ രാജാവ് അവരില്‍ ഒരാള്‍തന്നെയായിരിക്കും; അവരുടെ ഭരണാധിപന്‍ അവരുടെയിടയില്‍ നിന്നുതന്നെവരും. എന്റെ സന്നിധിയില്‍ വരാന്‍ ഞാന്‍ അവനെ അനുവദിക്കും; അപ്പോള്‍ അവന്‍ എന്റെ അടുക്കല്‍ വരും. അല്ലാതെ എന്നെ സമീപിക്കാന്‍ ആരാണുധൈര്യപ്പെടുക- കര്‍ത്താവ് അരുളിച്ചെയ്യുന്നു.22 നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും.23 ഇതാ, കര്‍ത്താവിന്റെ കൊടുങ്കാറ്റ്! ക്രോധം ഉഗ്രമായ ചുഴലിക്കാറ്റായി ദുഷ്ടന്റെ തലയില്‍ ആഞ്ഞടിക്കും.24 തന്റെ തീരുമാനങ്ങള്‍ പൂര്‍ണമായി നിറവേറ്റുന്നതുവരെ കത്താവിന്റെ ഉഗ്രകോപം ശമിക്കുകയില്ല. അവസാനനാളുകളില്‍ നിങ്ങള്‍ അതു ഗ്രഹിക്കും.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment