വിശുദ്ധ അഫ്ര: ഒരു നഗരത്തിലെ ഏറ്റവും വലിയ പാപിയിൽനിന്ന് അതേ നഗരത്തിൻ്റെ മധ്യസ്ഥയായ തീർന്ന സ്ത്രീ.
ഓഗസ്റ്റ് മാസം ഏഴാം തീയതി തിരുസഭ ജർമ്മനിയിലെ ബവേറിയാ സംസ്ഥാനത്തുള്ള ഔസ്ബുർഗ് രൂപതയുടെയും നഗരത്തിൻ്റെയും മധ്യസ്ഥയായ വിശുദ്ധ അഫ്രയുടെ തിരുനാൾ ആഘോഷിക്കുന്നു. പ്രൊട്ടസ്റ്റൻ്റ് സഭയിയിലും വിശ്വാസത്തിൻ്റെ സാക്ഷിയായും അവളെ പരിഗണിക്കുന്നു കണക്കാക്കപ്പെടുന്നു.
ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ നമുക്കെല്ലാവർക്കും ഒരു ഉദാത്ത മാതൃകയാണ് വിശുദ്ധ അഫ്ര. 304-ൽ ഔസ്ബുർഗിൽ ഡയോക്ലീഷ്യൻ ക്രിസ്ത്യാനികൾക്കെതിരായ മത പീഡനം അഴിച്ചുവിട്ടപ്പോൾ അവൾ രക്തസാക്ഷിയായി മരിച്ചു എന്നാണ് സഭാ പാരമ്പര്യം.
സൈപ്രസിലെ രാജ്ഞിയായ അമ്മ ഹിലാരിയയ്‌ക്കൊപ്പമാണ് അഫ്ര ഔസ്ബുർഗിലെത്തിയതെന്നാണ് ഐതിഹ്യം. അവർ റോമൻ സൗന്ദര്യ ദേവതയായിരുന്ന വീനസിനെ ആരാധിച്ചിരുന്നവരായിരുന്നു. ദേവതയുടെ ബഹുമാനാർത്ഥം, അഫ്രയെ വേശ്യാവൃത്തി ചെയ്യാൻ അവളുടെ സ്വന്തം അമ്മ ഹിലാരിയ പഠിപ്പിക്കുകയും ഔസ്ബുർഗിൽ അവർ ഒരു വേശ്യാലയം നടത്തുകയും ചെയ്തു.
303-ൽ, ക്രൂരനായ റോമൻ ചക്രവർത്തി ഡയോക്ലീഷ്യൻ ക്രിസ്തുമതത്തിൻ്റെ വേരും ശാഖയും ഉന്മൂലനം ചെയ്യാൻ തീരുമാനിക്കുകയും ഈ ലക്ഷ്യം നേടുന്നതിന് ഏറ്റവും ക്രൂരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ക്രിസ്ത്യാനികൾ സ്വയരക്ഷാർത്ഥം വിവിധ സ്ഥലങ്ങളിലേക്ക് ഓടിയൊളിച്ചു.ഈ സമയത്ത്, ഇന്നത്തെ സ്പെയിനിലെ ജിറോണ രൂപതയുടെ മെത്രാൻ ആയിരുന്ന നാർസിസസ് തൻ്റെ സഹായി ഡീക്കൻ ഫെലിക്സിനൊപ്പം അഭയാർത്ഥിയായി ഔസ്ബുർഗിൽ എത്തി.
അവൾ അപരിചിതരെ ആതിഥ്യമര്യാദയോടെ സ്വാഗതം ചെയ്യുകയും അവർക്കായി വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുകയും ചെയ്തു.
അവർ തന്നോടൊപ്പം വീനസ് ദേവതയെ ആരാധിക്കാൻ വന്നതാണെന്ന് അവൾ വിശ്വസിച്ചു. ഭക്തനായ മെത്രാൻ ഭക്ഷണം കഴിക്കുന്നതിനുമുമ്പ്, കുരിശടയാളത്താൽ സ്വയം ആശിവദിക്കുകയും , എല്ലാ നന്മകളുടെയും ദാതാവായ ക്രിസ്തുവിനോട് നന്ദിയോടെ പ്രാർത്ഥിക്കുകയും ചെയ്തു.
ബിഷപ്പിൻ്റെ വിശുദ്ധമായ ഭക്തിയും വിസ്മയിപ്പിക്കുന്ന പെരുമാറ്റവും സൗമ്യതയും അഫ്രയെ അത്ഭുതപ്പെടുത്തുകയും അദ്ദേഹത്തിൻ്റെ ക്രിസ്തുവിനെപ്പറ്റിയുള്ള പഠനങ്ങളിൽ ആകൃഷ്ടയാവുകയും ചെയ്തു. ഒരു നിഗൂഢ ശക്തി അവളെ സ്വാധീനിക്കാൻ തുടങ്ങി . അപരിചിതരായ മെത്രാനോടും സഹായിയോടും അവർ എവിടെ നിന്നാണ് വന്നതെന്നും ഔഗ്സ്ബർഗിൽ എന്താണ് വേണ്ടതെന്നും അവൾ ഭയത്തോടെ ചോദിച്ചു. അവൻ സ്‌പെയിനിൽ നിന്നുള്ള ഒരു ക്രിസ്ത്യൻ ബിഷപ്പാണെന്നും അവരുടെ ക്രിസ്തീയ വിശ്വാസം സംരക്ഷിക്കാൻ വേണ്ടിയാണ് ജന്മനാട് വിട്ടുപോന്നും എന്നും ,നഷ്ടപ്പെട്ട ആത്മാക്കളെ സ്വർഗത്തിലേക്ക് നേടുന്നതല്ലാതെ മറ്റൊന്നിനും വേണ്ടി താൻ ദാഹിക്കുന്നില്ലെന്നും അറിഞ്ഞപ്പോൾ, അഫ്ര ഞെട്ടിപ്പോയി, ആത്മാവിൻ്റെ മഹത്വത്തെയും ക്രിസ്തുനൽകുന്ന രക്ഷയും അവൾ തിരിച്ചറിഞ്ഞതോടെ അവളുടെ ഉള്ളിൽ യാർത്ഥ സന്തോഷം അനുഭവിക്കാൻ തുടങ്ങി.
ലജ്ജയും പശ്ചാത്താപവും നിറഞ്ഞ അവൾ അവൻ്റെ കാൽക്കൽ വീണു കരഞ്ഞു: “കർത്താവേ, നീ എൻ്റെ വീട്ടിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല, കാരണം ഞാൻ നഗരത്തിലെ ഏറ്റവും പാപിയായ സ്ത്രീയാണ്.” അവളുടെ തീക്ഷ്ണമായ പശ്ചാത്താപം ദൈവത്തിൻ്റെ കരുണ മെത്രാൻ വാഗ്ദാനം ചെയ്തു.
ക്രിസ്തുവിൻ്റെ സ്നേഹം സൂര്യൻ്റെ തേജസ്സ് പോലെയാണ്, അത് ഭൂമിയെ മുഴുവൻ പ്രകാശിപ്പിക്കുന്നു, അതു കഠിനമായ ഹൃദയങ്ങളിൽ പോലും മാനസാന്തരം ജനിപ്പിക്കുമെന്നും മെത്രാൻ അവളോടു പറഞ്ഞു. നാം എത്ര പാപത്തിൽ ആയിരുന്നാലും യേശുവിൻ്റെ സ്നേഹം ശുദ്ധമായി നിലകൊള്ളുമെന്നും, പാപികളെ അവൻ്റെ നിർമ്മലമായ സ്നേഹത്താൽ പ്രകാശിപ്പിക്കുന്നു എന്നും അദ്ദേഹം തുടർന്നു പറഞ്ഞു’
” എൻ്റെ മകളേ, നിൻ്റെ ആത്മാവിനെ വിശ്വാസത്തിൻ്റെ വെളിച്ചത്തിലേക്ക് തുറക്കുക, അങ്ങനെ എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കപ്പെടുകയും യേശുവിൻ്റെ ശുദ്ധമായ സ്നേഹത്താൽ നിറയപ്പെടുകയും ചെയ്യുക, നിൻ്റെ വീട്ടിലേക്കുള്ള എൻ്റെ പ്രവേശനം എന്നെന്നേക്കുമായി നിനക്കു അനുഗ്രഹമാകട്ടെ.”
അഫ്ര മറുപടി പറഞ്ഞു: “ഓ, എനിക്ക് എങ്ങനെ കഴിയും? ഇത്രയധികം പാപങ്ങൾ ശുദ്ധീകരിക്കപ്പെടുമോ? എൻ്റെ പാപങ്ങൾ എൻ്റെ തലയിലെ രോമങ്ങളേക്കാൾ കൂടുതലാണ്.” നാർസിസസ് മറുപടി പറഞ്ഞു: “ക്രിസ്തുവിൽ വിശ്വസിക്കുക, സ്നാനം ഏൽക്കുക, നീ രക്ഷിക്കപ്പെടും.”
ഇതു കേട്ട് ആഹ്ലാദിച്ച അഫ്ര തൻ്റെ മൂന്ന് ദാസികളായ ഡിഗ്ന, യൂനോമിയ, യൂട്രോപിയ എന്നിവരെ വിളിച്ചു: ” നമ്മുടെ വീട്ടിൽ വന്ന ഈ മനുഷ്യൻ ഒരു ക്രിസ്ത്യനിയാണ്. ഞാൻ ക്രിസ്തുവിൽ വിശ്വസിക്കുകയും സ്നാനം സ്വീകരിക്കുകയും ചെയ്താൽ, എൻ്റെ എല്ലാ പാപങ്ങളിൽ നിന്നും ഞാൻ ശുദ്ധീകരിക്കപ്പെടുമെന്ന് അവൻ എനിക്ക് ഉറപ്പുനൽകി. അതിനോട് നിങ്ങൾ എന്താണ് പറയുന്നത്?”
മൂവരും ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു:
“ഞങ്ങൾ നിന്നെ പാപത്തിൽ അനുഗമിച്ചു, മാനസാന്തരത്തിലും ഞങ്ങൾ നിന്നെ അനുഗമിക്കുന്നു.”

ക്രിസ്തുവിനെപ്പറ്റി കൂടുതൽ അറിഞ്ഞ അവർ പാപവഴി ഉപേഷിക്കുവാനും ക്രിസ്ത്യാനിയാകാനും അഫ്രയ്ക്കും അമ്മയ്ക്കുമൊപ്പം തീരുമാനിച്ചു.
നാർസിസസ് മെത്രാൻ അവർക്കു മാമ്മോദീസാ നൽകി. പിന്നീടു പലരും ക്രൈസ്തവവിശ്വാസത്തിലേക്കു വന്നു.
ഒമ്പത് മാസം മെത്രാനും ഡീക്കനു വളർന്നുവരുന്ന വിശ്വാസ സമൂഹത്തോടൊപ്പം ജീവിച്ചു. തുടർന്ന് നാർസിസസും ഫെലിക്സും സ്പെയിനിലേക്ക് മടങ്ങി. അഫ്ര ഒരു ക്രിസ്ത്യാനിയായി മാറിയെന്ന് ഗവർണർ ഗായൂസ് അറിഞ്ഞപ്പോൾ, അയാൾ അവളെ അറസ്റ്റു ചെയ്തു. റോമൻ ദൈവങ്ങളെ ആരാധിക്കാൻ അവളെ നിർബന്ധിച്ചു. അഫ്ര ഇക്കാര്യം ശക്തമായി വിസമ്മതിച്ചതിനാൽ,
ഔസ്ബുർഗിനടുത്തുള്ള ലെഹ് നദിയുടെ തിരത്തുവച്ചു അവളെ ജീവനോടെ അഗ്‌നിക്കിരയാക്കി, അവളുടെ ശവസംസ്കാര ചടങ്ങിൽ, അവളുടെ അമ്മ ഹിലാരിയയും അവളുടെ സുഹൃത്തുക്കളും പിടിക്കപ്പെടുകയും ഏതാനും ദിവസങ്ങൾക്ക് ശേഷം അവരെയും ക്രിസ്തുവിനെ തള്ളിപ്പറയാത്തതിനാൽ വധിക്കുകയും ചെയ്തു.
ഔസ്ബുർഗ് രൂപതയുടെയും നഗരത്തിൻ്റെയും രക്ഷാധികാരിയായ വിശുദ്ധ അഫ്രാ, ക്രിസ്തുവിനോടും അവൻ്റെ രാജ്യത്തോടുള്ള തീക്ഷ്ണതയെ പ്രതി പാപമാർഗ്ഗങ്ങൾ ഉപേക്ഷിച്ചു ജീവിച്ചതിനാൽ ഇന്നും അനേകർ അവളുടെ മാധ്യസ്ഥ്യം തേടി ഔസ്ബുർഗ് നഗരത്തിലെ വിശുദ്ധ ഉൾറിച്ചിൻ്റെയും വിശുദ്ധ അഫ്രയുടെയും നാമത്തിലുള്ള ബസിലിക്കായിൽ എത്തുന്നു.
വിശുദ്ധ അഫ്ര ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
ഫാ. ജയ്സൺ കുന്നേൽ MCBS



Leave a comment