Jeremiah, Chapter 31 | ജറെമിയാ, അദ്ധ്യായം 31 | Malayalam Bible | POC Translation

Advertisements

ഇസ്രായേലിന്റെ തിരിച്ചുവരവ്

1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ എല്ലാ ഇസ്രായേല്‍ഭവനങ്ങളുടെയുംദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും.2 കര്‍ത്താവ് അരുളിച്ചെയ്യുന്നു: വാളിനെ അതിജീവിച്ച ജനം മരുഭൂമിയില്‍ കൃപ കണ്ടെണ്ടത്തി. ഇസ്രായേല്‍ വിശ്രമം കണ്ടെത്താന്‍ പോവുകയാണ്.3 വിദൂരത്തില്‍ നിന്നു കര്‍ത്താവ് അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും.4 കന്യകയായ ഇസ്രായേലേ, നിന്നെ ഞാന്‍ വീണ്ടും പണിതുയര്‍ത്തും; നീ വീണ്ടും തപ്പുകള്‍ എടുത്തു നര്‍ത്തകരുടെ നിരയിലേക്കു നീങ്ങും.5 സമരിയാപര്‍വതങ്ങളില്‍ നീ വീണ്ടും മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കും. കൃഷിക്കാര്‍ കൃഷി ചെയ്തു ഫലം അനുഭവിക്കും.6 എഴുന്നേല്‍ക്കുക, സീയോനിലേക്ക്, നമ്മുടെ ദൈവമായ കര്‍ത്താവിന്റെ അടുക്കലേക്ക്, നമുക്കു പോകാം എന്ന് എഫ്രായിംമലമ്പ്രദേശങ്ങളില്‍നിന്നു കാവല്‍ക്കാര്‍ വിളിച്ചുപറയുന്ന ദിവസം വരും.7 കര്‍ത്താവ് അരുളിച്ചെയ്യുന്നു: യാക്കോബിനെപ്രതി സന്തോഷിച്ചാനന്ദിക്കുവിന്‍. ജനതകളുടെ തലവനെക്കുറിച്ച് ആഹ്ലാദാരവം മുഴക്കുവിന്‍. കര്‍ത്താവ് തന്റെ ജനത്തെ, ഇസ്രായേലില്‍ അവശേഷിച്ചവരെ, രക്ഷിച്ചിരിക്കുന്നു എന്ന് സ്തുതിപാടുവിന്‍.8 ഞാന്‍ അവരെ ഉത്തരദേശത്തുനിന്നുകൊണ്ടുവരും; ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് ഒരുമിച്ചുകൂട്ടും. അന്ധരും മുടന്തരും ഗര്‍ഭിണികളും ഈറ്റുനോവു തുടങ്ങിയവരും ഉള്‍പ്പെട്ട ഒരു വലിയ കൂട്ടം ആയിരിക്കും അവര്‍.9 കണ്ണീരോടെയാണ് അവര്‍ വരുന്നത്; എന്നാല്‍ ഞാനവരെ ആശ്വസിപ്പിച്ചു നയിക്കും. ഞാന്‍ അവരെ നീരൊഴുക്കുകളിലേക്കു നയിക്കും. അവരുടെ വഴി സുഗമമായിരിക്കും; അവര്‍ക്കു കാലിടറുകയില്ല. എന്തെന്നാല്‍, ഞാന്‍ ഇസ്രായേലിനു പിതാവാണ്; എഫ്രായിം എന്റെ ആദ്യജാതനും.10 ജനതകളേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍, വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍; ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചുകൂട്ടുകയും ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും എന്നുപറയുവിന്‍.11 കര്‍ത്താവ് യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു; ബലിഷ്ഠകരങ്ങളില്‍നിന്ന് അവനെ രക്ഷിച്ചിരിക്കുന്നു.12 ആഹ്ലാദാരവത്തോടെ അവര്‍ സീയോന്‍മലയിലേക്കു വരും. കര്‍ത്താവിന്റെ വിശിഷ്ടദാനങ്ങളായ ധാന്യം, വീഞ്ഞ്, എണ്ണ, ആടുമാടുകള്‍ എന്നിവയാല്‍ അവര്‍ സന്തുഷ്ടരാകും. അവര്‍ ജലസമൃദ്ധമായ തോട്ടംപോലെയാകും. അവര്‍ ഇനി ഒരിക്കലും ദുഃഖിക്കുകയില്ല.13 അപ്പോള്‍ കന്യകമാര്‍ നൃത്തംചെയ്ത് ആനന്ദിക്കും;യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും. ഞാന്‍ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും; അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.14 ഞാന്‍ പുരോഹിതന്‍മാരെ സമൃദ്ധികൊണ്ടു സന്തുഷ്ടരാക്കും; എന്റെ അനുഗ്രഹങ്ങള്‍കൊണ്ട് എന്റെ ജനം സംതൃപ്തരാകും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.15 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ റാമായില്‍നിന്ന് ഒരു സ്വരം! വിലാപത്തിന്റെയും ഹൃദയം തകര്‍ന്ന രോദനത്തിന്റെയും സ്വരം! റാഹേല്‍ തന്റെ മക്കളെച്ചൊല്ലി വിലപിക്കുന്നു. അവളുടെ മക്കളില്‍ ആരും അവശേഷിക്കാത്തതിനാല്‍ അവള്‍ക്ക് ആശ്വാസംകൊള്ളാന്‍ കഴിയുന്നില്ല.16 കര്‍ത്താവ് അരുളിച്ചെയ്യുന്നു: കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്ക്കൂ. നിന്റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും; ശത്രുക്കളുടെ ദേശത്തുനിന്ന് അവര്‍ തിരികെ വരും – കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിന്റെ ഭാവി പ്രത്യാശാഭരിതമാണ്.17 നിന്റെ മക്കള്‍ സ്വദേശത്തേക്കു തിരിച്ചുവരും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.18 എഫ്രായിം ഇപ്രകാരം വിലപിക്കുന്നതു ഞാന്‍ കേട്ടു: അങ്ങ് എന്നെ ശിക്ഷിച്ചു; നുകം വയ്ക്കാത്ത കാളക്കുട്ടിക്കെന്നപോലെ അവിടുന്ന് എനിക്ക് ശിക്ഷണം നല്‍കി. എന്നെതിരികെ കൊണ്ടുവരണമേ; മടങ്ങിവരാന്‍ എന്നെ ശക്തനാക്കണമേ; അവിടുന്നാണല്ലോ എന്റെ ദൈവമായ കര്‍ത്താവ്.19 എനിക്കു വഴിതെറ്റിപ്പോയി; ഇപ്പോള്‍ ഞാന്‍ അനുതപിക്കുന്നു. തെറ്റു മനസ്‌സിലാക്കിയപ്പോള്‍ ഞാന്‍ മാറത്തടിച്ചു കരഞ്ഞു. ഞാന്‍ ലജ്ജിച്ചു തലതാഴ്ത്തി;യൗവനത്തിലെ അവമാനഭാരം ഞാന്‍ ഇപ്പോഴും വഹിക്കുന്നു.20 എഫ്രായിം എന്റെ വത്‌സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടന്‍, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്‌സീമമായ കരുണ തോന്നുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു.21 കൈച്ചൂണ്ടികളും വഴികാട്ടികളും സ്ഥാപിച്ച് നീ കടന്നുപോയ വഴി നന്നായി മനസ്‌സിലുറപ്പിക്കുക. ഇസ്രായേല്‍കന്യകേ, മടങ്ങിവരുക; നിന്റെ ഈ നഗരങ്ങളിലേക്ക് ഓടിയെത്തുക.22 അവിശ്വസ്തയായ മകളേ, നീ എത്രനാള്‍ അലഞ്ഞുതിരിയും; കര്‍ത്താവ് ഭൂമിയില്‍ ഒരു പുതിയ സൃഷ്ടി നടത്തിയിരിക്കുന്നു. സ്ത്രീ പുരുഷനെ പരിപാലിക്കുന്നു.

പുതിയ ഉടമ്പടി

23 ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: യൂദാദേശത്തും അതിലെ പട്ടണങ്ങളിലുമുള്ളവര്‍ക്ക് വീണ്ടും ഞാന്‍ ഐശ്വര്യം വരുത്തുമ്പോള്‍ നീതിയുടെ പാളയമേ, വിശുദ്ധ പര്‍വതമേ, കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ എന്ന് അവര്‍ പറയും.24 യൂദായിലും അതിലെ നഗരങ്ങളിലും കര്‍ഷകരും ഇടയന്‍മാരും ഒരുമിച്ചു വസിക്കും.25 ക്ഷീണിതരെ ഞാന്‍ ശക്തിപ്പെടുത്തും; ദുഃഖിതരെ ഞാന്‍ ആശ്വസിപ്പിക്കും.26 അപ്പോള്‍ ഉന്‍മേഷവാനായി ഞാന്‍ ഉണര്‍ന്നു; എന്റെ ഉറക്കം സുഖകരമായിരുന്നു.27 ഞാന്‍ ഇസ്രായേല്‍ഭവനത്തിലുംയൂദാഭവനത്തിലും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സന്താനപുഷ്ടിയുണ്ടാക്കുന്ന കാലം വരുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു.28 ഞാന്‍ അവരെ പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടംമറിക്കാനും ശ്രദ്ധിച്ചതുപോലെ അവരെ പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും ശ്രദ്ധിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.29 പിതാക്കന്‍മാര്‍ പച്ചമുന്തിരിങ്ങതിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ആ നാളുകളില്‍ അവര്‍ പറയുകയില്ല.30 ഓരോരുത്തനും അവനവന്റെ അകൃത്യം നിമിത്തമാണ് മരിക്കുക. പച്ചമുന്തിരിങ്ങതിന്നുന്നവന്റെ പല്ലേ പുളിക്കൂ.31 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ, വരുന്നു.32 ഞാന്‍ അവരെ കൈയ്ക്കുപിടിച്ച് ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നാളില്‍ അവരുടെ പിതാക്കന്‍മാരോടു ചെയ്ത ഉടമ്പടിപോലെ ആയിരിക്കുകയില്ല അത്. ഞാന്‍ അവരുടെ കര്‍ത്താവായിരുന്നിട്ടും എന്റെ ഉടമ്പടി അവര്‍ ലംഘിച്ചു.33 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആദിവസം വരുമ്പോള്‍ ഞാന്‍ ഇസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും: ഞാന്‍ എന്റെ നിയമം അവരുടെ ഉള്ളില്‍ നിക്‌ഷേപിക്കും; അവരുടെ ഹൃദയത്തില്‍ എഴുതും. ഞാന്‍ അവരുടെദൈവവും അവര്‍ എന്റെ ജനവും ആയിരിക്കും.34 കര്‍ത്താവിനെ അറിയുക എന്ന് ഇനി ആരും സഹോദരനെയോ അയല്‍ക്കാരനെയോ പഠിപ്പിക്കേണ്ടിവരുകയില്ല. അവര്‍ വലിപ്പച്ചെറുപ്പമെന്നിയേ എല്ലാവരും എന്നെ അറിയും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവരുടെ അകൃത്യത്തിനു ഞാന്‍ മാപ്പു നല്‍കും; അവരുടെ പാപം മനസ്‌സില്‍ വയ്ക്കുകയില്ല.35 പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രതാരങ്ങളെയും നല്‍കുന്ന, കടലിനെ ഇളക്കി അലകളെ അലറിക്കുന്ന, സൈന്യങ്ങളുടെ കര്‍ത്താവ് എന്ന നാമം ധരിക്കുന്ന, കര്‍ത്താവ് അരുളിച്ചെയ്യുന്നു:36 ഈ നിശ്ചിത സംവിധാനത്തിന് എന്റെ മുന്‍പില്‍ ഇളക്കം വന്നാല്‍ മാത്രമേ ഇസ്രായേല്‍ സന്തതി ഒരു ജനതയെന്ന നിലയില്‍ എന്റെ മുന്‍പില്‍ നിന്ന് എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു – കര്‍ത്താവരുളിച്ചെയ്യുന്നു.37 മുകളില്‍ ആകാശത്തിന്റെ അളവെടുക്കാനും താഴെ ഭൂമിയുടെ അടിസ്ഥാനം കണ്ടുപിടിക്കാനും കഴിയുമോ? എങ്കില്‍ മാത്രമേ ഇസ്രായേല്‍ സന്തതികളെ അവരുടെ പ്രവൃത്തികള്‍ നിമിത്തം ഞാന്‍ തള്ളിക്കളയുകയുള്ളു – കര്‍ത്താവ് അരുളിച്ചെയ്യുന്നു.38 ഹനാനേല്‍ഗോപുരം മുതല്‍ കോണ്‍കവാടം വരെ വീണ്ടും കര്‍ത്താവിനു നഗരം പണിയുന്ന കാലം വരും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.39 നഗരത്തിന്റെ അതിര്‍ത്തി ഗാരേബുകുന്നുവരെ നേരേ ചെന്ന് ഗോവാഹിലേക്കു തിരിയും.40 മൃതശരീരങ്ങളുടെയും ചാരത്തിന്റെയും താഴ്‌വരയും കെദ്രോണ്‍ അരുവിവരെയുള്ള വയലുകളും കിഴക്ക് അശ്വകവാടത്തിന്റെ മൂല വരെയുള്ള സ്ഥലവും കര്‍ത്താവിനു പ്രതിഷ്ഠിക്കപ്പെടും; ഇനി ഒരിക്കലും അത് നശിപ്പിക്കപ്പെടുകയില്ല.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment