Jeremiah, Chapter 32 | ജറെമിയാ, അദ്ധ്യായം 32 | Malayalam Bible | POC Translation

Advertisements

നിലം വാങ്ങുന്നു

1 യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിന്റെ പത്താംവര്‍ഷം – നബുക്കദ് നേസറിന്റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം – കര്‍ത്താവില്‍നിന്നു ജറെമിയായ്ക്ക് അരുളപ്പാടുണ്ടായി.2 അക്കാലത്ത് ബാബിലോണ്‍സൈന്യം ജറുസലെമിനെ ഉപരോധിക്കുകയായിരുന്നു. അന്നു ജറെമിയാപ്രവാചകന്‍ യൂദാരാജാവിന്റെ കൊട്ടാരത്തോടനുബന്ധിച്ചുള്ള കാരാഗൃഹത്തിലായിരുന്നു.3 അവനെ കാരാഗൃഹത്തിലടയ്ക്കുമ്പോള്‍ യൂദാരാജാവായ സെദെക്കിയാ ഇപ്രകാരം ചോദിച്ചു: ഈ നഗരത്തെ ഞാന്‍ ബാബിലോണ്‍ രാജാവിന്റെ കൈകളില്‍ ഏല്‍പിക്കും; അവന്‍ അതു കീഴടക്കുകയും ചെയ്യും.4 കല്‍ദായരുടെ കൈയില്‍നിന്നു യൂദാരാജാവായ സെദെക്കിയാ രക്ഷപ്പെടുകയില്ല; ബാബിലോണ്‍രാജാവിന്റെ കൈകളില്‍ അകപ്പെടുകതന്നെ ചെയ്യും; അവനെ നേരില്‍കാണുകയും സംസാരിക്കുകയും ചെയ്യും.5 അവന്‍ സെദെക്കിയായെ ബാബിലോണിലേക്കു കൊണ്ടുപോകും. ഞാന്‍ അവനെ സന്ദര്‍ശിക്കുന്നതുവരെ അവന്‍ അവിടെ ആയിരിക്കും – നിങ്ങള്‍ കല്‍ദായരോടുയുദ്ധം ചെയ്താലും വിജയിക്കുകയില്ല എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് നീ എന്തിനു പ്രവചിച്ചു?6 ജറെമിയാ പറഞ്ഞു, കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:7 നിന്റെ പിതൃസഹോദരനായ ഷല്ലൂമിന്റെ പുത്രന്‍ ഹനാമേല്‍, അനാത്തോത്തിലുള്ള എന്റെ സ്ഥലം വാങ്ങുക, അതു വാങ്ങാനുള്ള അവകാശം നിന്‍േറതാണ് എന്നു നിന്നോടു വന്നുപറയും.8 കര്‍ത്താവ് അരുളിച്ചെയ്തതുപോലെ എന്റെ പിതൃസഹോദരപുത്രന്‍ ഹനാമേല്‍ കാരാഗൃഹത്തില്‍ എന്റെ അടുക്കല്‍വന്നു. ബഞ്ചമിന്റെ ദേശത്തുള്ള അനാത്തോത്തിലെ എന്റെ സ്ഥലം നീ വാങ്ങുക. അതു വാങ്ങാനുള്ള അവകാശം ഏറ്റവും അടുത്ത ചാര്‍ച്ചക്കാരന്‍ എന്ന നിലയ്ക്കു നിന്‍േറതാണ്. നീ അതു വാങ്ങണം എന്ന് എന്നോടു പറഞ്ഞു. അതു കര്‍ത്താവിന്റെ അരുളപ്പാടാണെന്ന് അപ്പോള്‍ എനിക്കു മനസ്‌സിലായി.9 അതനുസരിച്ച് എന്റെ പിതൃസഹോദര നില്‍നിന്ന് അനാത്തോത്തിലുള്ള സ്ഥലം ഞാന്‍ വാങ്ങി. അതിന്റെ വില പതിനേഴു ഷെക്കല്‍ വെള്ളി ഞാന്‍ തൂക്കിക്കൊടുത്തു.10 ആധാരം എഴുതി മുദ്രവച്ചു. സാക്ഷി ഒപ്പുവച്ച ശേഷം വില തുലാസില്‍വച്ചു തൂക്കി അവനു കൊടുത്തു.11 അങ്ങനെ നിയമവും നാട്ടുനടപ്പുമനുസരിച്ചു മുദ്രവച്ച ആധാരവും അതിന്റെ പകര്‍പ്പും ഞാന്‍ വാങ്ങി.12 എന്റെ പിതൃസഹോദരപുത്രനായ ഹനാമേലിന്റെയും ആധാരത്തില്‍ ഒപ്പുവച്ചവരുടെയും കാരാഗൃഹത്തിന്റെ നടുമുറ്റത്തു സന്നിഹിതരായിരുന്ന എല്ലാ യഹൂദരുടെയും സാന്നിധ്യത്തില്‍ മഹ്‌സേയായുടെ പുത്രനായ നേരിയായുടെ മകന്‍ ബാറൂക്കിന്റെ കൈയില്‍ ഞാന്‍ ആധാരം കൊടുത്തു.13 അവരുടെ സാന്നിധ്യത്തില്‍ ഞാന്‍ ബാറൂക്കിനോടു പറഞ്ഞു:14 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മുദ്രവച്ച ആധാരവും അതിന്റെ പകര്‍പ്പും ഏറിയകാലം ഭദ്രമായിരിക്കേണ്ടതിന് ഒരു മണ്‍ഭരണിയില്‍ സൂക്ഷിക്കുക.15 ഈ ദേശത്തു വീടുകളും വയലുകളും മുന്തിരിത്തോട്ടങ്ങളും ഇനിയും ക്രയവിക്രയം ചെയ്യുമെന്ന് ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.16 ആധാരം നേരിയായുടെ മകന്‍ ബാറൂക്കിന്റെ കൈയില്‍ കൊടുത്തതിനുശേഷം ഞാന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.17 ദൈവമായ കര്‍ത്താവേ, അങ്ങാണ് ശക്തമായ കരംനീട്ടി ആകാശവും ഭൂമിയും സൃഷ്ടിച്ചത്.18 ഒന്നും അങ്ങേയ്ക്ക് അസാധ്യമല്ല. അങ്ങ് ആയിരം തലമുറകളോടു കാരുണ്യം കാണിക്കുന്നു; എന്നാല്‍, പിതാക്കന്‍മാരുടെ അകൃത്യത്തിനു മക്കളോടു പകരംവീട്ടുകയും ചെയ്യുന്നു. ശക്തനും പ്രതാപവാനുമായ ദൈവമേ, അങ്ങയുടെ നാമം സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണല്ലോ.19 അങ്ങ് ആലോചനയില്‍ വലിയവനും പ്രവൃത്തിയില്‍ ബല വാനുമാണ്. ഓരോരുത്തര്‍ക്കും അവനവന്റെ നടപ്പിനും ചെയ്തികള്‍ക്കും അനുസൃതമായ പ്രതിഫലം നല്‍കുന്നതിന് അങ്ങയുടെ ദൃഷ്ടി മനുഷ്യരുടെ മാര്‍ഗങ്ങളില്‍ പതിഞ്ഞിരിക്കുന്നു.20 ഈജിപ്തിലും ഇസ്രായേലിലും എല്ലാ ജനതകളുടെയിടയിലും ഇന്നോളം അടയാളങ്ങളും അദ്ഭുതങ്ങളും കാണിച്ച് അവിടുന്ന് പ്രസിദ്ധനായി.21 അങ്ങയുടെ ജനമായ ഇസ്രായേലിനെ അടയാളങ്ങളാലും അദ്ഭുതങ്ങളാലും ഭുജബലത്താലും ഭീതിദമായ പ്രവൃത്തിയാലും ഈജിപ്തില്‍ നിന്നു കൊണ്ടുവന്നു.22 അവരുടെ പിതാക്കന്‍മാര്‍ക്കു നല്‍കുമെന്നു വാഗ്ദാനം ചെയ്ത, പാലും തേനും ഒഴുകുന്ന ഈ ദേശം, അങ്ങ് അവര്‍ക്കു കൊടുത്തു.23 അവര്‍ വന്ന് അതു കൈവശപ്പെടുത്തി. എങ്കിലും അവര്‍ അങ്ങയുടെ വാക്കു കേള്‍ക്കുകയോ നിയമ മനുസരിക്കുകയോ ചെയ്തില്ല. അങ്ങ് ചെയ്യാന്‍ കല്‍പിച്ചതൊന്നും അവര്‍ ചെയ്തില്ല. അതിനാല്‍ ഈ തിന്‍മകളെല്ലാം അവരുടെമേല്‍ അങ്ങു വരുത്തി.24 ഇതാ, നഗരം പിടിച്ചടക്കാന്‍ കല്‍ദായര്‍ ഉപരോധദുര്‍ഗം നിര്‍മിച്ച് ആക്രമിക്കുന്നു. വാളും ക്ഷാമവും പകര്‍ച്ചവ്യാധിയും നിമിത്തം ഈ നഗരം അവരുടെ കൈയില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്നു. അങ്ങ് അരുളിച്ചെയ്തതെല്ലാം സംഭവിച്ചത് അങ്ങ് കാണുന്നുണ്ടല്ലോ.25 കല്‍ദായരുടെ കരങ്ങളില്‍ നഗരം ഏല്‍പിക്കപ്പെട്ടിട്ടും, സാക്ഷികളെ മുന്‍നിര്‍ത്തി നിലം വിലയ്ക്കു വാങ്ങുക എന്ന് ദൈവമായ കര്‍ത്താവേ, അവിടുന്ന് എന്നോടു കല്‍പിച്ചുവല്ലോ.26 അപ്പോള്‍ കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു:27 ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?28 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ഈ നഗരം, കല്‍ദായരുടെ ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ കൈയില്‍ ഏല്‍പിക്കും, അവന്‍ അതു കീഴടക്കും.29 ഈ നഗരത്തിനെതിരേയുദ്ധം ചെയ്യുന്ന കല്‍ദായര്‍ കടന്നുവന്ന് നഗരത്തിനു തീ വയ്ക്കും. നഗരത്തില്‍ ഏതെല്ലാം ഭവനങ്ങളുടെ മേല്‍പ്പുര കളില്‍വച്ച് എന്നെ പ്രകോപിപ്പിക്കാനായി ബാലിനു ധൂപവും അന്യദേവന്‍മാര്‍ക്കു പാനീയബലിയും അര്‍പ്പിച്ചുവോ അവയും ഞാന്‍ നശിപ്പിക്കും.30 ഇസ്രായേല്‍മക്കളും യൂദായുടെമക്കളും ചെറുപ്പംമുതലേ എന്റെ സന്നിധിയില്‍ തിന്‍മ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളു. ഇസ്രായേല്‍മക്കള്‍ തങ്ങളുടെ കരവേലകൊണ്ട് എന്റെ കോപത്തെ വര്‍ധിപ്പിക്കുകയല്ലാതെ ഒന്നും ചെയ്തിട്ടില്ല – കര്‍ത്താവ് അരുളിച്ചെയ്യുന്നു.31 പണിയപ്പെട്ട നാള്‍മുതല്‍ ഇന്നുവരെ ഈ നഗരം എന്റെ കോപവും ക്രോധവും ജ്വലിപ്പിക്കുകയായിരുന്നു. ഇതിനെ ഞാന്‍ എന്റെ മുന്‍പില്‍നിന്നു തുടച്ചുമാറ്റും.32 ഇസ്രായേലിന്റെ സന്തതികളും യൂദായുടെ മക്കളും അവരുടെ രാജാക്കന്‍മാരും പ്രഭുക്കന്‍മാരും പുരോഹിതന്‍മാരും പ്രവാചകന്‍മാരും യൂദായിലെയും ജറുസലെമിലെയും നിവാസികളും തിന്‍മ പ്രവര്‍ത്തിച്ച് എന്നെ ക്രുദ്ധനാക്കി.33 അവര്‍ മുഖമല്ല പുറമത്രേ എന്റെ നേരേ തിരിച്ചത്. ഞാന്‍ നിരന്തരം ഉപദേശിച്ചെങ്കിലും അതു കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല.34 എന്റെ നാമം വഹിക്കുന്ന ആലയം അശുദ്ധമാക്കാന്‍ അവര്‍ അതില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചു.35 അവര്‍ തങ്ങളുടെ പുത്രന്‍മാരെയും പുത്രിമാരെയും മോളെക്കിന് അഗ്‌നിയില്‍ ആഹുതിചെയ്യാന്‍ ബന്‍ഹിന്നോം താഴ്‌വരയില്‍ ബാലിന്റെ പൂജാഗിരികള്‍ നിര്‍മിച്ചു. ഇതു ഞാന്‍ അവരോടു കല്‍പിച്ചതല്ല. ഈ മ്ലേച്ഛപ്രവൃത്തി വഴി യൂദായെക്കൊണ്ടു പാപം ചെയ്യിക്കണമെന്ന ചിന്ത എന്റെ മനസ്‌സില്‍ ഉദിച്ചതുപോലും ഇല്ല.36 യുദ്ധം, ക്ഷാമം, പകര്‍ച്ചവ്യാധി എന്നിവയാല്‍ ബാബിലോണ്‍ രാജാവിന്റെ കൈയില്‍ ഏല്‍പിക്കപ്പെടും എന്നു നിങ്ങള്‍ പറഞ്ഞഈ നഗരത്തെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:37 ഞാന്‍ ഉഗ്രകോപത്താല്‍ അവരെ ചിതറിച്ച ദേശങ്ങളില്‍നിന്നെല്ലാം അവരെ ഒരുമിച്ചു കൂട്ടിക്കൊണ്ടുവരും. ഞാന്‍ അവരെ സുരക്ഷിതരാക്കും.38 അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവുമായിരിക്കും.39 അവര്‍ക്കും അവരുടെകാലശേഷം അവരുടെ സന്തതികള്‍ക്കും നന്‍മ വരുത്തുന്നതിന് അവര്‍ എന്നേക്കും എന്നെ ഭയപ്പെടേണ്ടതിനു ഞാന്‍ അവര്‍ക്ക് ഏകമനസ്‌സും ഏകമാര്‍ഗവും നല്‍കും.40 ഞാന്‍ അവരുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും; അവര്‍ക്കു നന്‍മ ചെയ്യുന്നതില്‍നിന്നു ഞാന്‍ പിന്തിരിയുകയില്ല. അവര്‍ എന്നില്‍നിന്നു പിന്തിരിയാതിരിക്കാന്‍ എന്നോടുള്ള ഭക്തി ഞാന്‍ അവരുടെ ഹൃദയത്തില്‍ നിക്‌ഷേപിക്കും.41 അവര്‍ക്കു നന്‍മ ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കും. പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്‌സോടുംകൂടെ ഞാന്‍ അവരെ ഈ ദേശത്തു നട്ടുവളര്‍ത്തും.42 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജനത്തിന്റെ മേല്‍ വലിയ അനര്‍ഥങ്ങള്‍ വരുത്തി. അതുപോലെതന്നെ അവര്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്ന നന്‍മകളും ഞാന്‍ അവരുടെമേല്‍ വര്‍ഷിക്കും.43 മനുഷ്യരോ മൃഗങ്ങളോ ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്‍ദായരുടെകൈകളില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ ദേശത്ത് അവര്‍ നിലങ്ങള്‍ വാങ്ങും.44 അവര്‍ ബഞ്ചമിന്‍ദേശത്തും ജറുസലെമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യൂദായിലും മലമ്പ്രദേശത്തും താഴ്‌വരയിലും നെഗെബിലുമുള്ള പട്ടണങ്ങളിലും നിലങ്ങള്‍ വിലയ്ക്കുവാങ്ങി ആധാരമെഴുതി മുദ്രവച്ച് സാക്ഷികളെക്കൊണ്ട് ഒപ്പിടുവിക്കും. ഞാന്‍ അവര്‍ക്കു വീണ്ടും ഐശ്വര്യം നല്‍കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment