Jeremiah, Chapter 37 | ജറെമിയാ, അദ്ധ്യായം 37 | Malayalam Bible | POC Translation

Advertisements

സെദെക്കിയായുടെ അഭ്യര്‍ഥന

1 യഹോയാക്കിമിന്റെ മകനായ കോണിയായ്ക്കു പകരം ജോസിയായുടെ മകനായ സെദെക്കിയാ രാജ്യഭരണമേറ്റു. ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറാണ് അവനെ യൂദാരാജാവാക്കിയത്.2 എന്നാല്‍, അവനോ അവന്റെ ദാസരോ ദേശത്തെ ജനങ്ങളോ, പ്രവാചകനായ ജറെമിയാവഴി കര്‍ത്താവ് അരുളിച്ചെയ്ത വചനംശ്രവിച്ചില്ല.3 സെദെക്കിയാരാജാവ്, ഷെലെമിയായുടെ പുത്രന്‍യഹുക്കാലിനെയും മാസെയായുടെ പുത്രനും പുരോഹിതനുമായ സെഫാനിയായെയും ജറെമിയാപ്രവാചകന്റെ അടുത്തയച്ച് നമ്മുടെ ദൈവമായ കര്‍ത്താവിനോടു ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കുക എന്നു പറയിച്ചു.4 അന്ന് ജറെമിയാ ജനത്തിന്റെ ഇടയില്‍ സഞ്ചരിച്ചിരുന്നു; അവര്‍ തടവിലാക്കപ്പെട്ടിരുന്നില്ല.5 ഫറവോയുടെ സൈന്യങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടു. ജറുസലെമിനെ ആക്രമിച്ചിരുന്ന കല്‍ദായര്‍ അതു കേട്ടു പിന്‍വാങ്ങി.6 അപ്പോള്‍ ജറെമിയാപ്രവാചകനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:7 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; എന്റെ ഹിതം ആരായാന്‍ നിങ്ങളെ എന്റെ അടുക്കലേക്ക് അയച്ച യൂദാരാജാവിനോടു പറയുവിന്‍. നിങ്ങളെ രക്ഷിക്കാന്‍ വന്ന ഫറവോയുടെ സൈന്യം തങ്ങളുടെ ദേശമായ ഈജിപ്തിലേക്കു മടങ്ങും.8 കല്‍ദായര്‍ തിരിച്ചുവരും. അവര്‍ ഈ നഗരത്തിനെതിരേയുദ്ധം ചെയ്യുകയും അതു പിടിച്ചടക്കി അഗ്‌നിക്കിരയാക്കുകയും ചെയ്യും.9 കര്‍ത്താവ് അരുളിച്ചെയ്യുന്നു: കല്‍ദായര്‍ നമ്മെ വിട്ടു പൊയ്‌ക്കൊള്ളും എന്നു പറഞ്ഞ് നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കേണ്ടാ. അവര്‍ ഇവിടംവിട്ടു പോവുകയില്ല.10 നിങ്ങള്‍ക്കെതിരേയുദ്ധം ചെയ്യുന്ന കല്‍ദായരുടെ സകല സൈന്യത്തെയും നിങ്ങള്‍ പരാജയപ്പെടുത്തുകയും മുറിവേറ്റവര്‍ മാത്രമേ അവശേഷിച്ചുള്ളു എന്നു വരികയും ചെയ്താലും ആ മുറിവേറ്റ ഓരോരുത്തരും കൂടാരങ്ങളില്‍നിന്നെഴുന്നേറ്റ് ഈ നഗരം ചുട്ടു ചാമ്പലാക്കും.

ജറെമിയാ കാരാഗൃഹത്തില്‍

11 ഫറവോയുടെ സൈന്യത്തെ ഭയന്നു കല്‍ദായസൈന്യം ജറുസലെമില്‍നിന്നു പിന്‍വാങ്ങിയപ്പോള്‍12 ജറെമിയാ കുടുംബാംഗങ്ങളുമായി അവകാശം പങ്കുവയ്ക്കാന്‍ ജറുസലെമില്‍നിന്ന് ബഞ്ചമിന്‍ ദേശത്തേക്കു പുറപ്പെട്ടു.13 ബഞ്ചമിന്‍കവാടത്തിലെത്തിയപ്പോള്‍ ഇരിയാ എന്നു പേരായ കാവല്‍സേനാനായകന്‍ ജറെമിയായെ തടഞ്ഞുനിര്‍ത്തി. ഹനനിയായുടെ മകനായ ഷെലെമിയായുടെ മകനാണ് ഇരിയാ. നീ കല്‍ദായരോടു ചേരാന്‍ പോവുകയാണെന്ന് അവന്‍ ജറെ മിയായോടു പറഞ്ഞു.14 അതു നുണയാണ്, ഞാന്‍ കല്‍ദായരുടെ അടുക്കലേക്കു പോവുകയല്ല എന്നു ജറെമിയാ പറഞ്ഞെങ്കിലും അതു സമ്മതിക്കാതെ ഇരിയാ അവനെ പിടിച്ച് അധികാരികളുടെ മുന്‍പാകെ കൊണ്ടുവന്നു.15 കുപിതരായ അധികാരികള്‍ ജറെമിയായെ പ്രഹരിച്ചു തടവിലിട്ടു. കാര്യവിചാര കനായ ജോനാഥാന്റെ വീടാണ് കാരാഗൃഹമായി ഉപയോഗിച്ചിരുന്നത്.16 കാരാഗൃഹത്തിലെ ഇരുട്ടറയില്‍ ജറെമിയാ വളരെ നാള്‍ കഴിച്ചുകൂട്ടി.17 സെദെക്കിയാരാജാവ് ജറെമിയായെ ആളയച്ചുവരുത്തി കര്‍ത്താവില്‍നിന്ന് എന്തെങ്കിലും അരുളപ്പാടുണ്ടോ എന്നു രഹ സ്യമായി ചോദിച്ചു. ജറെമിയാ പറഞ്ഞു: ഉണ്ട്; നീ ബാബിലോണ്‍രാജാവിന്റെ കൈകളില്‍ ഏല്‍പിക്കപ്പെടും.18 അനന്തരം ജറെ മിയാ സെദെക്കിയാരാജാവിനോടു ചോദിച്ചു: നിനക്കോ നിന്റെ ദാസര്‍ക്കോ ഈ ജനത്തിനോ എതിരായി ഞാന്‍ എന്തു തെറ്റു ചെയ്തിട്ടാണ് നീ എന്നെതടവിലിട്ടത്?19 ബാബിലോണ്‍ രാജാവ് നിനക്കും ഈ ദേശത്തിനുമെതിരേ വരുകയില്ല എന്ന് നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്‍മാര്‍ എവിടെ?20 ആകയാല്‍യജമാനനായരാജാവ് എന്റെ അപേക്ഷ കേട്ടാലും. എന്റെ വിനീതമായയാചന അങ്ങു സ്വീകരിക്കണമേ. ഞാന്‍ മരിച്ചുപോകാതിരിക്കാന്‍ കാര്യവിചാരകനായ ജോനാഥാന്റെ ഭവനത്തിലേക്ക് എന്നെതിരിച്ചയയ്ക്കരുതേ.21 ജറെമിയായെ കാവല്‍പ്പുരത്തളത്തില്‍ സൂക്ഷിക്കാനും നഗരത്തിലെ അപ്പം തീരുന്നതുവരെ അപ്പക്കാരുടെ തെരുവില്‍നിന്നു ദിവസവും ഓരോ കഷണം അപ്പം കൊടുക്കാനും സെദെക്കിയാ രാജാവു കല്‍പിച്ചു. അങ്ങനെ ജറെമിയാ കാവല്‍പുരയുടെ തളത്തില്‍ വസിച്ചു.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment