Jeremiah, Chapter 42 | ജറെമിയാ, അദ്ധ്യായം 42 | Malayalam Bible | POC Translation

Advertisements

ഈജിപ്തിലേക്കു പലായനം

1 പടത്തലവന്‍മാരും കരേയായുടെ മകന്‍ യോഹനാനും ഹോഷായായുടെ മകന്‍ അസറിയായും വലിപ്പച്ചെറുപ്പമെന്നിയേ സകലജനവും വന്ന്,2 ജറെമിയാപ്രവാചകനോടു പറഞ്ഞു: ഞങ്ങളുടെ അപേക്ഷ കേട്ടാലും. അവശേഷിച്ചിരിക്കുന്ന ഞങ്ങള്‍ക്കുവേണ്ടി നിന്റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക. വലിയ ജനമായിരുന്ന ഞങ്ങളില്‍ കുറച്ചുപേര്‍ മാത്രമേ അവശേഷിച്ചിട്ടുള്ളു എന്നു നീ കാണുന്നുവല്ലോ.3 ഞങ്ങള്‍ ചരിക്കേണ്ട മാര്‍ഗവും ചെയ്യേണ്ട കാര്യങ്ങളും നിന്റെ ദൈവമായ കര്‍ത്താവ് ഞങ്ങള്‍ക്കു കാണിച്ചുതരുമാറാകട്ടെ.4 ജറെമിയാ അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളുടെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു. നിങ്ങളുടെ അഭ്യര്‍ഥനയനുസരിച്ച് നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു ഞാന്‍ പ്രാര്‍ഥിക്കാം. അവിടുന്ന് നല്‍കുന്ന മറുപടി നിങ്ങളെ അറിയിക്കാം; ഒന്നും മറച്ചു വയ്ക്കുകയില്ല.5 അവര്‍ ജറെമിയായോടു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവ് നീ വഴി കല്‍പിക്കുന്നതെല്ലാം ഞങ്ങള്‍ അനുസരിക്കാതിരുന്നാല്‍ അവിടുന്നുതന്നെ ഞങ്ങള്‍ക്കെതിരേ സത്യസന്ധ നും വിശ്വസ്തനുമായ സാക്ഷിയായിരിക്കട്ടെ.6 നമ്മുടെ ദൈവമായ കര്‍ത്താവിന്റെ അടുത്തേക്ക് ഞങ്ങള്‍ നിന്നെ അയയ്ക്കുന്നു. അവിടുത്തെ കല്‍പന ഗുണമോ ദോഷമോ ആകട്ടെ, ഞങ്ങള്‍ അനുസരിക്കും. നമ്മുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പന അനുസരിച്ചാല്‍ ഞങ്ങള്‍ക്കു ശുഭം ഭവിക്കും.7 പത്തുദിവസം കഴിഞ്ഞ് ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടു ലഭിച്ചു.8 അവന്‍ കരേയായുടെ മകനായ യോഹനാനെയും പടത്തലവന്‍മാരെയും വലിപ്പച്ചെറുപ്പമെന്നിയേ സകല ജനത്തെയും വിളിച്ചുകൂട്ടി.9 അവന്‍ അവരോടു പറഞ്ഞു: ആരുടെ അടുക്കല്‍ നിങ്ങളുടെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ നിങ്ങള്‍ എന്നെ അയച്ചുവോ ഇസ്രായേലിന്റെ ദൈവമായ ആ കര്‍ത്താവ് അരുളിച്ചെയ്യുന്നു:10 നിങ്ങള്‍ ഈ ദേശത്തു തന്നെ വസിച്ചാല്‍ ഞാന്‍ നിങ്ങളെ പണിതുയര്‍ത്തും; ഇടിച്ചുതകര്‍ക്കുകയില്ല. ഞാന്‍ നിങ്ങളെ നട്ടുവളര്‍ത്തും; പിഴുതുകളയുകയില്ല. എന്തെന്നാല്‍, നിങ്ങള്‍ക്കു വരുത്തിയ അനര്‍ഥങ്ങളെക്കുറിച്ചു ഞാന്‍ ദുഃഖിക്കുന്നു.11 നിങ്ങള്‍ ഭയപ്പെട്ടിരുന്ന ബാബിലോണ്‍രാജാവിനെ ഇനി നിങ്ങള്‍ ഭയപ്പെണ്ടോ. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവനെ നിങ്ങള്‍ പേടിക്കേണ്ടാ. ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ഞാന്‍ നിങ്ങളെ അവനില്‍നിന്നു മോചിപ്പിക്കും.12 ഞാന്‍ നിങ്ങളോടു കാരുണ്യം കാണിക്കും. അങ്ങനെ അവന്‍ നിങ്ങളോടു ദയാപൂര്‍വം പെരുമാറുകയും നിങ്ങളുടെ ദേശത്തുതന്നെ വസിക്കാന്‍ നിങ്ങളെ അനുവദിക്കുകയും ചെയ്യും.13 എന്നാല്‍, ഞങ്ങള്‍ ഈദേശത്തു വസിക്കുകയില്ല, കര്‍ത്താവിന്റെ വാക്കുകള്‍ അനുസരിക്കുകയുമില്ല.14 ഞങ്ങള്‍ ഈജിപ്തിലേക്കുപോയി അവിടെ വസിക്കും, അവിടെയുദ്ധമോയുദ്ധകാഹളമോ ഇല്ല, ക്ഷാമം ഉണ്ടാവുകയുമില്ല എന്നു നിങ്ങള്‍ പറഞ്ഞാല്‍,15 യൂദായില്‍ അവശേഷിച്ചിരിക്കുന്നവരേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍. ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തിലേക്കു പോയി അവിടെ വസിക്കാനാണു നിങ്ങള്‍ ഉറച്ചിരിക്കുന്നതെങ്കില്‍,16 നിങ്ങള്‍ ഭയപ്പെടുന്ന വാള്‍ ഈജിപ്തില്‍വച്ച് നിങ്ങളുടെമേല്‍ പതിക്കും; നിങ്ങള്‍ ഭയപ്പെടുന്ന ക്ഷാമം നിങ്ങളെ വേട്ടയാടും; അവിടെവച്ച് നിങ്ങള്‍ മരിക്കും.17 ഈജിപ്തിലേക്കു പോയി അവിടെ വസിക്കാന്‍ തീരുമാനിക്കുന്ന സകലരും അവിടെവച്ച് വാളും ക്ഷാമവും പകര്‍ച്ചവ്യാധിയുംമൂലം മരിക്കും. ഞാന്‍ വരുത്തുന്ന അനര്‍ഥങ്ങളില്‍നിന്ന് ആരും രക്ഷപെടുകയില്ല, ആരും അവശേഷിക്കുകയില്ല.18 ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജറുസലെംനിവാസികളുടെമേല്‍ എന്റെ കോപവും ക്രോധവും നിപതിച്ചതുപോലെ, ഈജിപ്തിലേക്കു പോകുന്ന നിങ്ങളുടെ മേലും എന്റെ ക്രോധം ഞാന്‍ വര്‍ഷിക്കും. നിങ്ങള്‍ ശാപത്തിനും വിഭ്രാന്തിക്കും ഇരയാകും. നിന്ദയ്ക്കും പരിഹാസത്തിനും പാത്രമാകും. ഇവിടം ഇനി ഒരിക്കലും നിങ്ങള്‍ കാണുകയില്ല.19 യൂദായില്‍ അവശേഷിക്കുന്നവരേ, നിങ്ങള്‍ ഈജിപ്തിലേക്കു പോകരുതെന്നു കര്‍ത്താവ് കല്‍പിക്കുന്നു. സംശയിക്കേണ്ടാ, വ്യക്തമായ മുന്നറിയിപ്പ് നിങ്ങള്‍ക്കു ഞാന്‍ തന്നിരിക്കുന്നു.20 നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക, അവിടുന്ന് പറയുന്നതെല്ലാം ഞങ്ങളെ അറിയിക്കുക, ഞങ്ങള്‍ അനുസരിച്ചുകൊള്ളാം എന്നു പറഞ്ഞ് നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ അടുക്കലേക്ക് എന്നെ അയച്ചപ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ മാരകമായി വഞ്ചിക്കുകയായിരുന്നു.21 ഇന്നു ഞാന്‍ എല്ലാ കാര്യങ്ങളും നിങ്ങളെ വ്യക്തമായി അറിയിച്ചു. എന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ വാക്ക് നിങ്ങള്‍ ചെവിക്കൊണ്ടില്ല. നിങ്ങളെ അറിയിക്കാന്‍ അവിടുന്ന് എന്നെ ഏല്‍പിച്ച ഒരു കാര്യവും നിങ്ങള്‍ അനുസരിച്ചില്ല.22 ആകയാല്‍, നിങ്ങള്‍ ചെന്നു വസിക്കാന്‍ ആഗ്രഹിക്കുന്ന ദേശത്തുവച്ച് വാളും ക്ഷാമവും പകര്‍ച്ചവ്യാധിയുംകൊണ്ട് നിങ്ങള്‍ മരിക്കുമെന്ന് ഉറച്ചുകൊള്ളുവിന്‍.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment