ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 44
ഈജിപ്തിലെ യഹൂദര്‍ക്കു സന്‌ദേശം
1 ഈജിപ്തില്‍ മിഗ്‌ദോലിലും തഹ്പന്‍ഹെസിലും മെംഫിസിലും പാത്രോസിലും വസിച്ചിരുന്ന യഹൂദരെ സംബന്ധിച്ച് ജറെമിയായ്ക്കുണ്ടായ അരുളപ്പാട്.2 ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജറുസലെമിലും യൂദാനഗരങ്ങളിലും ഞാന്‍ വരുത്തിയ അനര്‍ഥങ്ങള്‍ നിങ്ങള്‍ കണ്ടുവല്ലോ. ഇതാ, ഇന്ന് അവ ശൂന്യമായിരിക്കുന്നു. ആരും അവിടെ വസിക്കുകയില്ല.3 കാരണം, എന്നെ പ്രകോപിപ്പിക്കുമാറ് അവര്‍ തിന്‍മ പ്രവര്‍ത്തിച്ചു; അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്‍മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്‍മാര്‍ക്കു ധൂപം അര്‍പ്പിക്കുകയും അവരെ സേവിക്കുകയും ചെയ്തു.4 എന്റെ ദാസന്‍മാരായപ്രവാചകന്‍മാരെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ നിരന്തരം അയച്ചു. ഞാന്‍ വെറുക്കുന്ന ഈ നിന്ദ്യപ്രവൃത്തി ചെയ്യരുതെന്ന് അവരിലൂടെ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിക്കൊണ്ടിരുന്നു.5 എന്നാല്‍, നിങ്ങള്‍ അതുകേട്ടില്ല. അന്യദേവന്‍മാര്‍ക്കു ബലിയര്‍പ്പിക്കുന്ന ദുഷ്പ്രവൃത്തിയില്‍നിന്നു പിന്തിരിയാന്‍ കൂട്ടാക്കിയില്ല.6 അതിനാല്‍ യൂദായിലെ നഗരങ്ങളിലും ജറുസലെമിന്റെ തെരുവുകളിലും എന്റെ ക്രോധം ചൊരിഞ്ഞു. അവ കത്തിയെരിഞ്ഞ് ഇന്നത്തേതുപോലെ ശൂന്യവും വിജനവുമായി.7 ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇത്ര വലിയൊരനര്‍ഥം നിങ്ങള്‍ വിളിച്ചുവരുത്തുന്നതെന്തിന്? യൂദായില്‍ ആരും അവശേഷിക്കാതെ, നിങ്ങളുടെ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും പിഞ്ചു കുഞ്ഞുങ്ങളെയും ഒന്നടങ്കം നശിപ്പിക്കാന്‍ ഉദ്യമിക്കുകയാണോ?8 നിങ്ങള്‍ വസിക്കാന്‍ വന്നിരിക്കുന്ന ഈ ഈജിപ്തില്‍ അന്യദേവന്‍മാര്‍ക്കു ബലിയര്‍പ്പിച്ചുകൊണ്ട് നിങ്ങളുടെ കരവേലയാല്‍ നിങ്ങള്‍ എന്നെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുമോ? നിശ്‌ശേഷം നശിക്കാനും ഭൂമുഖത്തെ സകല ജനതകളുടെയും ഇടയില്‍ ശാപത്തിനും നിന്ദയ്ക്കും വിഷയമാകാനും ആണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?9 യൂദാ നാട്ടിലും ജറുസലെം വീഥികളിലും നിങ്ങളുടെ പിതാക്കന്‍മാരും യൂദാരാജാക്കന്‍മാരും അവരുടെ ഭാര്യമാരും നിങ്ങളും നിങ്ങളുടെ ഭാര്യമാരും ചെയ്ത അകൃത്യങ്ങള്‍ മറന്നുപോയോ?10 അവര്‍ ഇന്നുവരെയും അനുതപിച്ചില്ല. അവര്‍ ഭയപ്പെടുകയോ ഞാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്‍മാര്‍ക്കും നല്‍കിയ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയോ ചെയ്തില്ല.11 അതിനാല്‍, ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെമേല്‍ തിന്‍മ വരുത്താനും യൂദായെ പൂര്‍ണമായി നശിപ്പിക്കാനും ഞാന്‍ നിശ്ചയിച്ചിരിക്കുന്നു.12 ഈജിപ്തില്‍ പോയി വസിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന യൂദായിലെ അവശിഷ്ട ഭാഗത്തെ ഞാന്‍ പിടികൂടും. അവര്‍ ഈജിപ്തില്‍ വച്ച് നിശ്‌ശേഷം നശിക്കും. പടയും പട്ടിണിയും അവരെ നശിപ്പിക്കും. വലിപ്പച്ചെറുപ്പമെന്നിയേ അവര്‍ വാളാലോക്ഷാമത്താലോ മരണമടയും. അവര്‍ ശാപത്തിനും നിന്ദയ്ക്കും പരിഹാസത്തിനും പരിഭ്രമത്തിനും പാത്രമാകും.13 ജറുസലെംനിവാസികളെ വാളും ക്ഷാമവും പകര്‍ച്ചവ്യാധിയുംകൊണ്ട് ശിക്ഷിച്ചതുപോലെ ഈജിപ്തില്‍ വന്നു വസിക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും.14 ഈജിപ്തില്‍ വാസമുറപ്പിച്ച യൂദായുടെ അവശിഷ്ടഭാഗത്തില്‍ ആരും രക്ഷപെടുകയില്ല. യൂദായിലേക്കു തിരിച്ചുപോകാന്‍ ആഗ്രഹമുണ്ടെങ്കിലും അവരില്‍ ആരും മടങ്ങിയെത്തുകയില്ല. ഒളിച്ചോടുന്ന ചുരുക്കം പേരൊഴികെ ആരും തിരിച്ചു പോവുകയില്ല.15 തങ്ങളുടെ ഭാര്യമാര്‍ അന്യദേവന്‍മാര്‍ക്കു ധൂപമര്‍പ്പിച്ചുവെന്നറിഞ്ഞിരുന്ന പുരുഷന്‍മാരും സമീപത്തുനിന്ന സ്ത്രീകളും വലിയ സമൂഹവും ഈജിപ്തുദേശത്തു പാത്രോസില്‍ വസിച്ചിരുന്ന എല്ലാ ജനങ്ങളും ഒരുമിച്ച് ജറെമിയായോടു പറഞ്ഞു:16 കര്‍ത്താവിന്റെ നാമത്തില്‍ നീ പറഞ്ഞകാര്യങ്ങള്‍ ഞങ്ങള്‍ അനുസരിക്കുകയില്ല.17 ഞങ്ങളും ഞങ്ങളുടെ പിതാക്കന്‍മാരും രാജാക്കന്‍മാരും പ്രഭുക്കന്‍മാരും യൂദാനഗരങ്ങളിലും ജറുസലെം തെരുവുകളിലുംചെയ്തിരുന്നതുപോലെ ആകാശരാജ്ഞിക്കു ധൂപവും പാനീയവും അര്‍പ്പിക്കും. അന്ന് ഞങ്ങള്‍ക്കു ഭക്ഷ്യസമൃദ്ധിയുണ്ടായിരുന്നു;യാതൊരു അനര്‍ഥവും തീണ്ടാതെ ഞങ്ങള്‍ സുഖമായി കഴിഞ്ഞിരുന്നു.18 എന്നാല്‍, ആകാശരാജ്ഞിക്കുള്ള ധൂപാര്‍ച്ചനയും പാനീയബലിയും നിര്‍ത്തിയതുമുതല്‍ ഞങ്ങള്‍ക്ക് എല്ലാറ്റിനും വറുതിയാണ്, പടയും പട്ടിണിയും ഞങ്ങളെ വിഴുങ്ങുകയാണ്.19 സ്ത്രീകള്‍ ചോദിച്ചു: ആകാശരാജ്ഞിക്കു ഞങ്ങള്‍ ധൂപവും പാനീയവും അര്‍പ്പിച്ചപ്പോള്‍ ഞങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ അറിവുകൂടാതെയാണോ അവളുടെ രൂപത്തില്‍ ഞങ്ങള്‍ അടയുണ്ടാക്കുകയും ദ്രാവകനൈവേദ്യം ചൊരിയുകയും ചെയ്തത്?20 അപ്പോള്‍ ജറെമിയാ എല്ലാ ജനത്തോടും – പുരുഷന്‍മാരോടും സ്ത്രീകളോടും ഇങ്ങനെ മറുപടി പറഞ്ഞസകലരോടും – പറഞ്ഞു:21 നിങ്ങളുടെ പിതാക്കന്‍മാരും രാജാക്കന്‍മാരും പ്രഭുക്കന്‍മാരും ദേശത്തിലെ ജനവും യൂദാനഗരങ്ങളിലും ജറുസലെം വീഥികളിലും ധൂപമര്‍പ്പിച്ചത് കര്‍ത്താവ് അനുസ്മരിക്കുകയും അതിനെപ്പറ്റി ചിന്തിക്കുകയും ചെയ്തില്ലേ?22 നിങ്ങളുടെ ദുഷ്പ്രവൃത്തികളുംമ്ലേച്ഛതയും കര്‍ത്താവിന് അസഹ്യമായിത്തീര്‍ന്നു. അതുകൊണ്ടാണ് നിങ്ങളുടെദേശം ഇന്നും വിജനവും ശാപഗ്രസ്തവും ബീഭത്‌സവുമായിരിക്കുന്നത്.23 നിങ്ങള്‍ കര്‍ത്താവിന്റെ വാക്കു കേള്‍ക്കാതെ അവിടുത്തെനിയമങ്ങളും ചട്ടങ്ങളും കല്‍പനകളും ലംഘിച്ച് ധൂപമര്‍പ്പിച്ച് കര്‍ത്താവിനെതിരായി പാപം ചെയ്തതുകൊണ്ടാണ് ഈ അനര്‍ഥങ്ങള്‍ ഇന്നും നിങ്ങളുടെമേല്‍ പതിച്ചിരിക്കുന്നത്.24 ജറെമിയാ എല്ലാവരോടും, പ്രത്യേകിച്ച് സ്ത്രീകളോടു പറഞ്ഞു: ഈജിപ്തില്‍ വന്നു പാര്‍ക്കുന്ന യൂദാക്കാരേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍.25 ആകാശരാജ്ഞിക്കു ധൂപവും പാനീയവും അര്‍പ്പിക്കുമെന്നു ചെയ്ത പ്രതിജ്ഞ നിറവേറ്റുമെന്നു നിങ്ങളും നിങ്ങളുടെ ഭാര്യമാരും നാവുകൊണ്ടു പറയുകയും കരങ്ങള്‍ കൊണ്ട് അനുഷ്ഠിക്കുകയും ചെയ്തിരിക്കുന്നു. ശരി, നിങ്ങളുടെ നേര്‍ച്ച കള്‍ നിറവേറ്റുവിന്‍, പ്രതിജ്ഞകള്‍ പാലിക്കുവിന്‍.26 ഈജിപ്തില്‍ പാര്‍ക്കുന്ന യൂദാക്കാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍: എന്റെ മഹത്തായ നാമത്തെ സാക്ഷിയാക്കി ഞാന്‍ ശപഥം ചെയ്യുന്നു; കര്‍ത്താവാണേ എന്നു സത്യംചെയ്യാനായി യൂദാവംശജരാരും ഈജിപ്തിലൊരിടത്തും എന്റെ നാമം ഉച്ചരിക്കുകയില്ല – കര്‍ത്താവ് അരുളിച്ചെയ്യുന്നു.27 നന്‍മചെയ്യാനല്ല, അനര്‍ഥങ്ങള്‍ വരുത്താനാണ് ഞാന്‍ അവരുടെനേരേ തിരിയുന്നത്. ഈജിപ്തില്‍ വസിക്കുന്ന യൂദാവംശജര്‍ നിശ്‌ശേഷം നശിക്കുന്നതുവരെ വാളും ക്ഷാമവും അവരെ വേട്ടയാടും.28 എന്നാല്‍ ഒരു ചെറിയ ഗണം വാളില്‍ നിന്നു രക്ഷപെട്ട് ഈജിപ്തില്‍നിന്നു യൂദായിലേക്കു മടങ്ങിപ്പോകും. അപ്പോള്‍ എന്റെ വചനമാണോ തങ്ങളുടെ വചനമാണോ നിലനില്‍ക്കുന്നത് എന്ന് ഈജിപ്തില്‍ വന്നു പാര്‍ക്കുന്ന യൂദായുടെ അവശിഷ്ടഭാഗം അറിയും.29 നിങ്ങളുടെമേല്‍ അനര്‍ഥം വരുത്തും എന്നു ഞാന്‍ ചെയ്ത ശപഥം ഈ ദേശത്തുവച്ച് നിങ്ങളെ ശിക്ഷിച്ചുകൊണ്ടു പൂര്‍ത്തിയാകും എന്നതിന് ഇതാ, ഞാന്‍ ഒരു അടയാളം തരുന്നു.30 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഈജിപ്തു രാജാവായ ഫറവോ ഹോഫ്രായെ അവന്റെ ജീവന്‍ വേട്ടയാടുന്ന ശത്രുക്കളുടെ കൈകളില്‍ ഞാന്‍ ഏല്‍പിച്ചുകൊടുക്കും- യൂദാരാജാവായ സെദെക്കിയായെ, അവനെ കൊല്ലാന്‍ ശ്രമിച്ചിരുന്ന ശത്രുവായ ബാബിലോണ്‍ രാജാവ് നബുക്കദ് നേസറിന്റെ കൈകളില്‍ ഞാന്‍ ഏല്‍പിച്ചു കൊടുത്തതുപോലെതന്നെ.


Leave a comment