Jeremiah, Chapter 48 | ജറെമിയാ, അദ്ധ്യായം 48 | Malayalam Bible | POC Translation

Advertisements

മൊവാബ്യര്‍ക്കെതിരേ

1 ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് മൊവാബിനെക്കുറിച്ച് അരുളിച്ചെയ്യുന്നു: നേബോയ്ക്കു ദുരിതം! അതു ശൂന്യമായിരിക്കുന്നു. അന്യാധീനമാകയാല്‍ കിരിയാത്തായിം ലജ്ജിക്കുന്നു. കോട്ട അപമാനിതമായി; അതു തകര്‍ക്കപ്പെട്ടു.2 മൊവാബിന്റെ പ്രശസ്തി അസ്തമിച്ചു. ഹെഷ്‌ബോണില്‍വച്ച് അവര്‍ ദുഷ്ടത നിരൂപിച്ചു: വരുക, ഒരു ജനതയാകാതെ നമുക്കവളെ വിച്‌ഛേദിക്കാം. ഭ്രാന്തന്‍മാരേ, നിങ്ങളും നിശ്ശബ്ദരാക്കപ്പെടും; വാള്‍ നിങ്ങളെ പിന്തുടരും.3 ഇതാ, ഹൊറോണായിമില്‍നിന്ന് ഒരു വിലാപസ്വരം! ശൂന്യത! ഭീകരനാശം!4 മൊവാബ് നശിച്ചു. സോവാര്‍വരെ രോദനം മുഴങ്ങുന്നു.5 അവര്‍ കരഞ്ഞുകൊണ്ട് ലൂഹിത്കയറ്റം കയറുന്നു. ഹൊറോണായിം ഇറക്കത്തില്‍ അവര്‍ നാശത്തിന്റെ ആര്‍ത്തനാദം കേട്ടു;6 ഓടി രക്ഷപെടുവിന്‍! മരുഭൂമിയിലെ കാട്ടുകഴുതയെപ്പോലെ ഓടുവിന്‍!7 കോട്ടകളിലും ധനത്തിലും നീ ആശ്രയിച്ചു; നീയും പിടിക്കപ്പെടും. കെമോഷ്‌ദേവന്‍ പ്രവാസിയാകും; ഒപ്പം അവന്റെ പുരോഹിതന്‍മാരും പ്രഭുക്കളും.8 കര്‍ത്താവ് അരുളിച്ചെയ്തതുപോലെ നഗരംതോറും സംഹാരകന്‍ വരും; ഒരു പട്ടണവും രക്ഷപെടുകയില്ല. താഴ്‌വരകള്‍ തകര്‍ക്കപ്പെടും; സമതലങ്ങള്‍ നശിക്കും.9 മൊവാബിനു ചിറകു നല്‍കുവിന്‍; അവള്‍ പറന്നുപോകട്ടെ. അവളുടെ നഗരങ്ങള്‍ ശൂന്യമാകും; അതില്‍ ആരും വസിക്കുകയില്ല.10 കര്‍ത്താവിന്റെ വേലയില്‍ അലസനായവന്‍ ശപ്തന്‍! വാളുകൊണ്ടു രക്തം ചൊരിയാത്തവന്‍ ശപ്തന്‍!11 മദ്യത്തിന്റെ മട്ടില്‍ പുതഞ്ഞ് മൊവാബ്‌യൗവനംമുതല്‍ സ്വസ്ഥമായിരുന്നു. പാത്രത്തില്‍നിന്നു പാത്രത്തിലേക്ക് അതു പകര്‍ന്നില്ല; പ്രവാസത്തിലേക്കു പോയതുമില്ല. അതിന്റെ രുചിക്കോ ഗന്ധത്തിനോ മാറ്റം വന്നില്ല.12 കര്‍ത്താവ് അരുളിച്ചെയ്യുന്നു: പകരുന്നവരുടെ കൈയില്‍ അതു ഞാന്‍ ഏല്‍പിക്കും; അവര്‍ ആ പാത്രങ്ങള്‍ ശൂന്യമാക്കും; ഭരണികള്‍ ഉടച്ചുകളയും.13 തങ്ങള്‍പ്രത്യാശയര്‍പ്പിച്ചിരുന്ന ബഥേലിനെക്കുറിച്ച് ഇസ്രായേല്‍ഭവനം ലജ്ജിച്ചതുപോലെ കെമോഷിനെക്കുറിച്ച് മൊവാബും ലജ്ജിക്കും.14 വീരന്‍മാരും ശക്തന്‍മാരുമായ യോദ്ധാക്കളാണെന്ന് നിങ്ങള്‍ക്കെങ്ങനെ അഭിമാനിക്കാന്‍ കഴിയും?15 സൈന്യങ്ങളുടെ കര്‍ത്താവായരാജാവ് അരുളിച്ചെയ്യുന്നു: മൊവാബിന്റെയും അവന്റെ നഗരങ്ങളുടെയും സംഹാരകന്‍ വന്നെത്തിയിരിക്കുന്നു. അവന്റെ യുവാക്കളില്‍ വീരന്‍മാര്‍ വധത്തിനേല്‍പിക്കപ്പെടുന്നു.16 മൊവാബിന്റെ നാശം സമീപിച്ചു. അവന്റെ യാതന പാഞ്ഞെത്തുന്നു.17 അവനു ചുറ്റുമുള്ളവരേ, അവന്റെ നാമം അറിയുന്നവരേ, അവനെ ഓര്‍ത്തു വിലപിക്കുവിന്‍. അവന്റെ ശക്തവും ശ്രേഷ്ഠവുമായ ചെങ്കോല്‍ തകര്‍ന്നല്ലോ!18 ദീബോന്‍നിവാസികളേ, ഉന്നതത്തില്‍നിന്ന് ഇറങ്ങിവരുക. വരണ്ടുവിണ്ട നിലത്തിരിക്കുക. മൊവാബിന്റെ സംഹാരകന്‍ നിങ്ങള്‍ക്കെതിരേ വന്നിരിക്കുന്നു. അവന്‍ നിങ്ങളുടെ കോട്ടകള്‍ തകര്‍ത്തുകളഞ്ഞു.19 അരോവേര്‍നിവാസികളെ, വഴിയരികില്‍ വന്നു ചുറ്റും നോക്കുക. പലായനം ചെയ്യുന്നവനോടും ഓടി രക്ഷപെടുന്നവളോടും എന്തുസംഭവിച്ചെന്ന് ആരായുക.20 മൊവാബ് തകര്‍ന്നു; അവള്‍ അപമാനിതയായിരിക്കുന്നു. അതിനാല്‍ വിലപിച്ചു കരയുക, മൊവാബ് ശൂന്യമായെന്ന് അര്‍നോണ്‍ തീരത്തു വിളിച്ചുപറയുക.21 പീഠഭൂമി, ഹോളോണ്‍, ജാഹ്‌സാ,മെഫാത്, ദീബോന്‍,22 നേബോ, ബത്ദിബ് ലാത്തായിം, കിരിയാത്തായിം,23 ബത്ഗാമുല്‍,ബേത്‌മെയോണ്‍,24 കെരിയോത്, ബൊസ്‌റാ ഇവയുടെമേല്‍ന്യായവിധി വന്നിരിക്കുന്നു. അടുത്തും അകലെയുമുള്ള എല്ലാ മൊവാബ്യനഗരങ്ങളുടെയും മേല്‍ന്യായവിധി നിപതിച്ചിരിക്കുന്നു.25 കര്‍ത്താവ് അരുളിച്ചെയ്യുന്നു: മൊവാബിന്റെ കൊമ്പ് വിച്‌ഛേ ദിക്കപ്പെട്ടു; കരം തകര്‍ന്നു.26 കര്‍ത്താവിനെതിരേ തന്നത്താന്‍ ഉയര്‍ത്തിയതിനാല്‍ മൊവാബിനെ ഉന്‍മത്തനാക്കുക. അവന്‍ ഛര്‍ദിയില്‍ കിടന്നുരുളട്ടെ. അവനും അവമാനിതനാകട്ടെ.27 ഇസ്രായേല്‍ നിനക്കു നിന്ദാപാത്രമായിരുന്നില്ലേ? അവനെക്കുറിച്ചു സംസാരിക്കുമ്പോഴെല്ലാം പുച്ഛിച്ചു തലയാട്ടാന്‍ അവന്‍ കള്ളന്‍മാരുടെ കൂട്ടത്തിലായിരുന്നോ?28 മൊവാബ് നിവാസികളേ, നഗരങ്ങള്‍ വിട്ടകലുവിന്‍. പാറക്കെട്ടുകളില്‍ വാസമുറപ്പിക്കുവിന്‍. ഗുഹാപാര്‍ശ്വങ്ങളില്‍ കൂടുകെട്ടി പ്രാവുകളെപ്പോലെ കഴിയുവിന്‍.29 മൊവാബിന്റെ അഹംഭാവം ഞങ്ങള്‍ അറിയുന്നു. എന്തൊരഹങ്കാരം! എന്തൊരു നാട്യം! എന്തൊരു ഗര്‍വ്!30 അവന്റെ ഔദ്ധത്യം ഞാനറിയുന്നു- കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവന്റെ പൊങ്ങച്ചവും പ്രവൃത്തിയും വ്യാജമാണ്.31 മൊവാബിനെക്കുറിച്ച് ഞാന്‍ വിലപിക്കുന്നു. മൊവാബ്യരെ ഓര്‍ത്തു ഞാന്‍ നിലവിളിക്കുന്നു; കിര്‍ഹെരസ്യരെപ്രതി ഞാന്‍ ദുഃഖിക്കുന്നു.32 സിബ്മായുടെ മുന്തിരിവള്ളീ, ജാസറിനെ ഓര്‍ത്ത് എന്നതിനെക്കാളേറെ ഞാന്‍ നിന്നെക്കുറിച്ചു വിലപിക്കുന്നു. നിന്റെ ശാഖകള്‍ കടല്‍ കടന്നു, ജാസെര്‍വരെ എത്തി, നിന്റെ വേനല്‍ക്കനികളെയും മുന്തിരിവിളകളെയും വിനാശകന്‍ ആക്രമിക്കുന്നു.33 ഫലസമൃദ്ധമായ മൊവാബില്‍ നിന്ന് ആനന്ദവും ആഹ്ലാദവും പോയ്മറഞ്ഞു. മുന്തിരിച്ചക്കില്‍ നിന്നു വീഞ്ഞ് ഒഴുകുന്നില്ല. ആര്‍പ്പുവിളിയോടെ ആരും ചക്ക് ചവിട്ടുന്നില്ല. ആര്‍ത്തനാദമാണ് ഉയരുന്നത്.34 ഹെഷ്‌ബോണും എലെയാലെയും നിലവിളിക്കുന്നു.യാഹാസ്‌വരെ അവരുടെ ശബ്ദം മുഴങ്ങുന്നു. സോവാര്‍മുതല്‍ ഹൊറോണായിയും എഗ്‌ലാത്‌ഷെലിഷിയാവരെയും അതു കേള്‍ക്കുന്നു. നിമ്രിം ജലാശയങ്ങളും ശൂന്യമായിരിക്കുന്നു.35 മൊവാബിലെ പൂജാഗിരികളില്‍ ബലിയര്‍പ്പിക്കുകയും ധൂപാര്‍പ്പണം നടത്തുകയും ചെയ്യുന്നവര്‍ക്ക് ഞാന്‍ അന്ത്യം വരുത്തും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.36 എന്റെ ഹൃദയം ഓടക്കുഴലെന്നപോലെ കിര്‍ഹെരസ്യരെയും മൊവാബ്യരെയും ഓര്‍ത്ത് വിലാപസ്വരം ഉതിര്‍ക്കുന്നു; അവരുടെ സമ്പത്തു നശിച്ചല്ലോ.37 എല്ലാവരും ശിരസ്‌സു മുണ്‍ഡനം ചെയ്തു; താടി ക്ഷൗരംചെയ്തു; കരങ്ങള്‍ വ്രണപ്പെടുത്തി; അരയില്‍ ചാക്കുടുത്തു.38 മൊവാബിന്റെ പുരമുകളിലും ചന്തസ്ഥലങ്ങളിലും വിലാപ മല്ലാതെ മറ്റൊന്നും കേള്‍ക്കുന്നില്ല. എന്തെന്നാല്‍, ആര്‍ക്കും വേണ്ടാത്ത പാത്രമെന്ന പോലെ മൊവാബിനെ ഞാന്‍ ഉടച്ചു – കര്‍ത്താവ് അരുളിച്ചെയ്യുന്നു.39 മൊവാബ് നിശ്‌ശേഷം നശിച്ചു; അവര്‍ എത്ര വിലപിക്കുന്നു! മൊവാബ് ലജ്ജിച്ചു പിന്‍തിരിയുന്നു. ചുറ്റുമുള്ള ആളുകളില്‍ നിന്ദയും ഭീതിയും ഉളവാക്കുന്നു.40 കര്‍ത്താവ് അരുളിച്ചെയ്യുന്നു: കഴുകനെപ്പോലെ അതിവേഗം ഒരാള്‍ പറന്നുവരും. അവന്‍ മൊവാബിനെതിരേ ചിറകു വിടര്‍ത്തും.41 നഗരങ്ങള്‍ അവന് അധീനമാകും; കോട്ടകള്‍ പിടിക്കപ്പെടും. ഈറ്റുനോവെ ടുത്ത സ്ത്രീയെപ്പോലെ മൊവാബിലെ വീരന്‍മാര്‍ വേദനിക്കും.42 മൊവാബ് നശിക്കും. അതൊരു ജനതയല്ലാതാകും. അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തന്നത്താനുയര്‍ത്തിയല്ലോ.43 മൊവാബ്യരേ, നിങ്ങളുടെ മുന്‍പില്‍ ഇതാ, ഭീതിയും കുഴിയും കെണിയും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.44 ഭീതിയില്‍നിന്നു രക്ഷപെട്ടോടുന്നവന്‍ കുഴിയില്‍ പതിക്കും. കുഴിയില്‍നിന്നു കയറുന്നവന്‍ കെണിയില്‍പ്പെടും. മൊവാബിന്റെ ശിക്ഷാവര്‍ഷത്തില്‍ ഞാന്‍ ഇവ അവരുടെമേല്‍ വരുത്തും.45 ഓടിപ്പോയവര്‍ ഹെഷ് ബോണിന്റെ നിഴലില്‍ ദുര്‍ബലരായി നിന്നു. ഹെഷ്‌ബോണില്‍നിന്ന് ഒരു തീ പുറപ്പെട്ടു; സീഹോന്റെ ഭവനത്തില്‍നിന്ന് ഒരു ജ്വാല! അത് മൊവാബിന്റെ നെറ്റിത്തടം തകര്‍ത്തു.46 കലാപകാരികളുടെ ശിരസ്‌സു തകര്‍ത്തു. മൊവാബേനിനക്കു ദുരിതം! കെമോഷിന്റെ ജനം നിര്‍ജീവമായി. നിന്റെ പുത്രന്‍മാര്‍ അടിമകളായി. നിന്റെ പുത്രിമാര്‍ പിടിക്കപ്പെട്ടു.47 അവസാന നാളുകളില്‍ ഞാന്‍ മൊവാബിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും. അതുവരെയായിരിക്കും മൊവാബിന്റെ ശിക്ഷ.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment