Jeremiah, Chapter 49 | ജറെമിയാ, അദ്ധ്യായം 49 | Malayalam Bible | POC Translation

Advertisements

അമ്മോന്യര്‍ക്കെതിരേ

1 അമ്മോന്യരെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിനു പുത്രന്‍മാരില്ലേ? അവന് അവകാശികളില്ലേ? പിന്നെ എന്തുകൊണ്ടാണ് മില്‍ക്കോംഗാദിന്റെ ദേശം പിടിച്ചടക്കുകയും അവന്റെ ആരാധകര്‍ അതിന്റെ നഗരങ്ങളില്‍ വാസമുറപ്പിക്കുകയും ചെയ്തത്?2 അമ്മോന്യരുടെ റാബായ്‌ക്കെതിരേ ഞാന്‍ പോര്‍വിളി ഉയര്‍ത്തുന്ന ദിവസം വരുന്നു. റാബാ നാശക്കൂമ്പാരമാകും. അതിന്റെ ഗ്രാമങ്ങള്‍ അഗ്‌നിക്കിരയാകും. തങ്ങളെ കൊള്ളയടിച്ചവരെ ഇസ്രായേല്‍ കൊള്ളയടിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.3 ഹെഷ്‌ബോണ്‍ നിവാസികളേ, നിലവിളിക്കുവിന്‍, ആയ് ശൂന്യമായിരിക്കുന്നു. റാബായുടെ പുത്രിമാരേ, ഉച്ചത്തില്‍ കരയുവിന്‍. ചാക്കുടുത്ത് വിലപിച്ചുകൊണ്ട് അലയുവിന്‍. തന്റെ പുരോഹിതന്‍മാരോടും പ്രഭുക്കന്‍മാരോടുമൊപ്പം മില്‍ക്കോം വിപ്രവാസിയാകും.4 തന്റെ ധനത്തില്‍ വിശ്വാസമര്‍പ്പിച്ച്, ആര് എനിക്കെതിരേ വരുമെന്നു ജല്‍പിച്ച അവിശ്വസ്തയായ പുത്രീ, നിന്റെ താഴ്‌വരകളെക്കുറിച്ച് നീ തന്നത്താന്‍ പുകഴ്ത്തുന്നതെന്തിന്?5 സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നാലു ഭാഗത്തുനിന്നും ഭീതി നിന്നെ പിടികൂടും. നിങ്ങള്‍ ഓരോരുത്തരും സ്വജീവനെപ്രതി ഓടും. ചിതറിപ്പോയവരെ ഒരുമിച്ചുകൂട്ടാന്‍ ആരും ഉണ്ടാവുകയില്ല.6 എന്നാല്‍ പിന്നീട് അമ്മോന്യരുടെ ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.

ഏദോമിനെതിരേ

7 ഏദോമിനെക്കുറിച്ചു സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തേമാനില്‍ ജ്ഞാനം അവശേഷിച്ചിട്ടില്ലേ? വിവേകിയുടെ വിവേകം നശിച്ചുപോയോ? അവരുടെ ബുദ്ധി കെട്ടുപോയോ?8 ദദാന്‍ നിവാസികളേ, പിന്‍തിരിഞ്ഞോടുവിന്‍; ഗര്‍ത്തങ്ങളില്‍പോയി ഒളിക്കുവിന്‍. ശിക്ഷയുടെ നാളില്‍ ഏസാവിന്റെ മേല്‍ ഞാന്‍ ദുരിതം വരുത്തും.9 മുന്തിരി ശേഖരിക്കുന്നവര്‍ കുറച്ചെങ്കിലും അവശേഷിപ്പിക്കാറില്ലേ? രാത്രിയില്‍ വരുന്ന കള്ളന്‍മാര്‍ തങ്ങള്‍ക്കു വേണ്ടതല്ലേ എടുക്കൂ?10 ഏസാവിനെ ഞാന്‍ ശൂന്യമാക്കി. അവന്റെ ഒളിസങ്കേതങ്ങള്‍ തുറന്നിട്ടു. അവന് ഒളിച്ചിരിക്കാന്‍ കഴിയുകയില്ല. അവന്റെ മക്കളും സഹോദരരും അയല്‍ക്കാരും നശിച്ചു. അവന്‍ ഇല്ലാതായി. നിന്റെ അനാഥരായ മക്കളെ എന്നെ ഏല്‍പിക്കുക.11 ഞാന വരെ സംരക്ഷിക്കും. നിന്റെ വിധവകള്‍ എന്നെ ആശ്രയിക്കട്ടെ.12 കര്‍ത്താവ് അരുളിച്ചെയ്യുന്നു: അര്‍ഹിക്കാത്തവനെപ്പോലും പാനപാത്രത്തില്‍നിന്നു കുടിപ്പിക്കുമെങ്കില്‍ നിന്നെ വെറുതെ വിടുമോ? നീ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.13 നീ അതു കുടിച്ചേ തീരൂ. ഞാന്‍ ശപഥം ചെയ്യുന്നു: ബൊസ്രാ ഭീകരവും അപഹാസ്യവും ശൂന്യവും ശാപഗ്രസ്തവുമാകും. അവളുടെ നഗരങ്ങള്‍ എന്നേക്കും ശൂന്യമായിക്കിടക്കും.14 കര്‍ത്താവില്‍നിന്ന് എനിക്കൊരു വാര്‍ത്ത ലഭിച്ചു. ജനതകളുടെ ഇടയിലേക്ക് ഒരു ദൂതന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.15 ഏദോമിനെതിരേ ഒരുമിച്ചുകൂടുവിന്‍;യുദ്ധസന്നദ്ധരാകുവിന്‍. ഞാന്‍ നിന്നെ ജനതകളുടെ ഇടയില്‍ ചെറുതാക്കും; മനുഷ്യരുടെ ഇടയില്‍ നിന്ദാപാത്രവും.16 പാറക്കെട്ടുകളില്‍ വസിക്കുകയും ഗിരിശൃംഗങ്ങളെ കീഴടക്കുകയുംചെയ്ത നീ അന്യരിലുണര്‍ത്തിയ ഭീതിയും നിന്റെ ഗര്‍വും നിന്നെ വഞ്ചിച്ചു. നീ കഴുകനെപ്പോലെ ഉയരത്തില്‍ കൂടു വച്ചാലും നിന്നെ ഞാന്‍ താഴെയിറക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.17 എദോം ബീഭത്‌സമാകും. കടന്നുപോകുന്നവര്‍ അതിനെ ഭയപ്പെടുകയും അതിനു നേരിട്ട അത്യാഹിതത്തില്‍ വിസ്മയിക്കുകയും ചെയ്യും.18 സോദോമും ഗൊമോറായും സമീപനഗരങ്ങളും നശിപ്പിക്കപ്പെട്ടപ്പോഴെന്നപോലെ ഏദോമിലും ആരും വസിക്കുകയില്ല; ആരും അതിലെ സഞ്ചരിക്കുകയുമില്ല.19 ജോര്‍ദാന്‍വനങ്ങളില്‍നിന്ന് ആട്ടിന്‍ പറ്റങ്ങളുടെ നേരേ വരുന്ന സിംഹത്തെപ്പോലെ ഞാന്‍ അവരെ ഏദോമില്‍നിന്ന് ഓടിച്ചുകളയും. എനിക്കിഷ്ടപ്പെട്ടവനെ ഞാന്‍ അവളുടെ ഭരണാധികാരിയാക്കും. ആരുണ്ട് എനിക്കു തുല്യന്‍? എന്നോടു കണക്കു ചോദിക്കാന്‍ ആര്‍ക്കു കഴിയും? ഏത് ഇടയന്‍ എന്റെ മുന്‍പില്‍ നില്‍ക്കും?20 ഏദോമിനും തേമാനും എതിരായുള്ള കര്‍ത്താവിന്റെ നിശ്ചയങ്ങള്‍ കേട്ടുകൊള്ളുവിന്‍. അജഗണത്തിലെ കുഞ്ഞാടുകള്‍പോലും വലിച്ചിഴയ്ക്കപ്പെടും. അവയ്ക്കുള്ള ശിക്ഷകണ്ട് ആല കള്‍ സംഭീതമാകും.21 അവ വീഴുന്ന ശബ്ദംകേട്ട് ഭൂമി വിറയ്ക്കും. അവയുടെ നിലവിളി ചെങ്കടല്‍വരെ എത്തും.22 ഒരുവന്‍ കഴുകനെപ്പോലെ ഉയര്‍ന്ന് അതിവേഗം പറക്കും. അത് ബൊസ്രായ്‌ക്കെതിരേ ചിറകുവിടര്‍ത്തും. അന്ന് ഏദോമിലെ വീരന്‍മാര്‍ ഈറ്റുനോവെടുത്ത സ്ത്രീകളെപ്പോലെ വേദനിക്കും.

ദമാസ്‌ക്കസിനെതിരേ

23 ദമാസ്‌ക്കസിനെക്കുറിച്ച്: ഹമാത്തും അര്‍പ്പാദും പരിഭ്രാന്തരാകുന്നു. അവര്‍ക്കു ദുഃഖവാര്‍ത്ത ലഭിച്ചിരിക്കുന്നു. അവര്‍ ഭയന്നു വിറയ്ക്കുന്നു. അടങ്ങാത്ത കടല്‍പോലെ അവര്‍ പ്രക്ഷുബ്ധരായിരിക്കുന്നു.24 ദമാസ്‌ക്കസ് ദുര്‍ബലയായി. അവള്‍ ഓടാന്‍ ശ്ര മിച്ചു. എന്നാല്‍, സംഭ്രമം അവളെ തടഞ്ഞുനിര്‍ത്തി. പ്രസവവേദനയനുഭവിക്കുന്ന സ്ത്രീയെപ്പോലെ വേദനയും വിഷമവും അവളെ കീഴടക്കി.25 ആഹ്ലാദത്തിന്റെ നഗരം, പ്രശസ്തിയുടെ നഗരം, ഇതാ, ഉപേക്ഷിക്കപ്പെടുന്നു.26 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് അവളുടെയുവാക്കള്‍ പൊതുസ്ഥലങ്ങളില്‍ വീഴും; അവളുടെ യോദ്ധാക്കള്‍ നശിപ്പിക്കപ്പെടും.27 ദമാസ്‌ക്കസിന്റെ കോട്ടകള്‍ക്കു ഞാന്‍ തീകൊളുത്തും. അതു ബന്‍ഹദാദിന്റെ ദുര്‍ഗങ്ങളെ വിഴുങ്ങും.

കേദാറിനും ഹാസോറിനും എതിരേ

28 കേദാറിനെയും ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ നശിപ്പിച്ച ഹാസോറിന്റെ രാജ്യങ്ങളെയുംകുറിച്ച് കര്‍ത്താവ് അരുളിച്ചെയ്യുന്നു: എഴുന്നേറ്റു കേദാറിനെതിരേ നീങ്ങുക. പൗരസ്ത്യരായ അവരെ നശിപ്പിക്കുക.29 അവരുടെ കൂടാരങ്ങളും തിരശ്ശീലകളും ആടുമാടുകളും വസ്തുവകകളുംകൊള്ളയടിക്കുക. അവരുടെ ഒട്ടകങ്ങളെ പിടിച്ചെടുക്കുക. അവരോടു വിളിച്ചുപറയുക. എങ്ങും ഭീകരത!30 ഹാസോര്‍ നിവാസികളേ, വിദൂരത്തേക്കു പലായനം ചെയ്യുവിന്‍, ഗര്‍ത്തങ്ങളില്‍ ഒളിക്കുക – കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിങ്ങളെ നശിപ്പിക്കാന്‍ ബാബിലോണ്‍രാജാവ് നബുക്കദ്‌നേസര്‍ നിങ്ങള്‍ക്കെതിരേ വരുന്നു.31 എഴുന്നേല്‍ക്കുക, വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ നിര്‍വിശങ്കം സ്വതന്ത്രമായി ജീവിക്കുന്ന ജന തയ്‌ക്കെതിരേ നീങ്ങുക.32 അവരുടെ ഒട്ടകങ്ങളെയും ആടുമാടുകളെയും കൊള്ളയ ടിക്കുക. ചെന്നി മുണ്‍ഡനം ചെയ്തവരെ ഞാന്‍ കാറ്റില്‍പറത്തും. നാനാവശത്തുനിന്നും അവര്‍ക്കു ദുരിതം വരുത്തും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.33 ഹാസോര്‍ കുറുനരികളുടെ സങ്കേതവും ശാശ്വതശൂന്യതയുമായിത്തീരും. ആരും അവിടെ വസിക്കുകയില്ല;യാത്രയ്ക്കിടയില്‍ തങ്ങുകയുമില്ല.

ഏലാമിനെതിരേ

34 യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിന്റെ ആരംഭകാലത്ത് ഏലാമിനെക്കുറിച്ച് ജറെമിയായ്ക്കു ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട്.35 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഏലാമിന്റെ വില്ലു ഞാന്‍ ഒടിക്കും. അതാണ് അവരുടെ ശക്തി.36 ഞാന്‍ ഏലാമിന്റെ മേല്‍ ദിഗന്തങ്ങളില്‍ നിന്നു കാറ്റുകളെ അയയ്ക്കും. അവര്‍ നാലുപാടും ചിതറും. ഏലാമില്‍നിന്ന് ഓടിപ്പോകുന്നവര്‍ അഭയം തേടാത്ത ഒരു രാജ്യവും ഉണ്ടായിരിക്കുകയില്ല.37 വേട്ടയാടുന്ന ശത്രുക്കളുടെ മുന്‍പില്‍ സംഭീതരാകാന്‍ ഞാന്‍ അവര്‍ക്ക് ഇടവരുത്തും. എന്റെ ഉഗ്രകോപത്തില്‍ ഞാന്‍ അവര്‍ക്ക് അനര്‍ഥം വരുത്തും. അവരെ ഉന്‍മൂലനം ചെയ്യുന്നതുവരെ വാള്‍ അവരെ പിന്തുടരും.38 എന്റെ സിംഹാസനം ഏലാമില്‍ ഞാന്‍ ഉറപ്പിക്കും. അവരുടെ രാജാവിനെയും പ്രഭുക്കന്‍മാരെയും ഞാന്‍ നശിപ്പിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.39 എന്നാല്‍, അവസാനനാളുകളില്‍ ഏലാമിന്റെ ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment