Ezra, Chapter 4 | എസ്രാ, അദ്ധ്യായം 4 | Malayalam Bible | POC Translation

Advertisements

ദേവാലയ നിര്‍മിതിക്ക് എതിര്‍പ്പ്

1 തിരിച്ചെത്തിയ പ്രവാസികള്‍ ഇസ്രാ യേലിന്റെ ദൈവമായ കര്‍ത്താവിന് ആലയം നിര്‍മിക്കുന്നുവെന്ന് യൂദായുടെയും ബഞ്ചമിന്റെയും പ്രതിയോഗികള്‍ കേട്ടു. 2 അവര്‍ സെറുബാബേലിനെയും കുടുംബത്തലവന്‍മാരെയും സമീപിച്ചു പറഞ്ഞു: ഞങ്ങളും നിങ്ങളോടുകൂടെ പണിയട്ടെ; ഞങ്ങളും നിങ്ങളെപ്പോലെ നിങ്ങളുടെ ദൈവത്തെ ആരാധിക്കുകയും ഞങ്ങളെ ഇവിടെക്കൊണ്ടുവന്ന അസ്‌സീറിയാരാജാവായ ഏസര്‍ഹദ്‌ദോന്റെ കാലം മുതല്‍ അവിടുത്തേക്ക് ബലിയര്‍പ്പിക്കുകയും ചെയ്തുവരുന്നു. 3 എന്നാല്‍, സെറുബാബേലുംയഷുവയും മറ്റു കുടുംബത്തലവന്‍മാരും അവരോടു പറഞ്ഞു: ഞങ്ങളുടെ ദൈവത്തിന് ആലയം പണിയുന്നതില്‍ നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. പേര്‍ഷ്യാരാജാവായ സൈറസ് കല്‍പിച്ചതനുസരിച്ച് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ ആലയം ഞങ്ങള്‍തന്നെ നിര്‍മിച്ചുകൊള്ളാം.4 അപ്പോള്‍ ദേശവാസികള്‍ പണിതുടരുന്നതില്‍ യൂദാജനങ്ങളെ നിരുത്‌സാഹപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.5 അവരെ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ ദേശവാസികള്‍ പേര്‍ഷ്യാരാജാക്കന്‍മാരായ സൈറസിന്റെ കാലം മുതല്‍ ദാരിയൂസിന്റെ കാലംവരെ ഉപദേശകന്‍മാരെ വിലയ്‌ക്കെടുത്തു.6 അഹസ്വേരൂസിന്റെ ഭരണം ആരംഭിച്ചപ്പോള്‍ അവര്‍ ജറുസലെമിലെയും യൂദായിലെയും നിവാസികള്‍ക്കെതിരേ ഒരു കുറ്റപത്രം സമര്‍പ്പിച്ചു.7 പേര്‍ഷ്യാരാജാവായ അര്‍ത്താക്‌സെര്‍ക്‌സസിന്റെ കാലത്തും ബിഷ്‌ലാം, മിത്രെദാത്, താബേല്‍ എന്നിവരും അനുയായികളും രാജാവിനെഴുതി. കത്ത് അരമായ ലിപിയിലാണ് എഴുതിയിരുന്നത്. വിവര്‍ത്തനവും ഉണ്ടായിരുന്നു.8 സേനാപതി റഹും, കാര്യദര്‍ശി ഷിംഷായി എന്നിവര്‍ ജറുസലെമിനെതിരേ രാജാവിനു കത്തയച്ചു.9 റഹും, ഷിംഷായി, അവരുടെ അനുചരന്‍മാര്‍,ന്യായാധിപന്‍മാര്‍, ദേശാധിപതികള്‍, സ്ഥാനികള്‍, പേര്‍ഷ്യക്കാര്‍, എറെക്കിലെ ജനങ്ങള്‍, ബാബിലോണ്‍കാര്‍, ഏലാമ്യരെന്നറിയപ്പെടുന്ന സൂസാക്കാര്‍ എന്നിവരും,10 മഹാനും ശ്രേഷ്ഠനുമായ ഒസ്‌നാപ്പര്‍ നാടുകടത്തി സമരിയായിലെ പട്ടണങ്ങളിലും നദിക്കപ്പുറത്തുള്ള ദേശത്തും വസിപ്പിച്ച മറ്റു ജനതകളും കൂടി എഴുതുന്ന കത്ത്.11 കത്തിന്റെ പകര്‍പ്പാണ് ഇത്: അര്‍ത്താക്‌സെര്‍ക്‌സസ് രാജാവിന് നദിക്കക്കരെയുള്ള ദേശത്തു വസിക്കുന്ന ദാസന്‍മാരുടെ മംഗളാശംസകള്‍!12 അങ്ങയുടെ അടുത്തുനിന്നു വന്ന യഹൂദര്‍ ജറുസലെമിലേക്കു പോയി എന്ന് അറിയിക്കട്ടെ. കലഹക്കാരുടെയും ദുഷ്ടന്‍മാരുടെയും ആയ ആ പട്ടണത്തിന്റെ പുനര്‍നിര്‍മാണം അവര്‍ ആരംഭിച്ചിരിക്കുന്നു. അവര്‍ അതിന്റെ മതിലുകള്‍ പൂര്‍ത്തിയാക്കുകയും അസ്തിവാരത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നു.13 മതിലുകള്‍ പൂര്‍ത്തിയാക്കുകയും നഗരം പുനഃസ്ഥാപിക്കുകയും ചെയ്താല്‍ അവര്‍ കപ്പമോ കരമോ ചുങ്കമോ തരുകയില്ല; അങ്ങനെ രാജ ഭണ്‍ഡാരം ക്ഷയിക്കും എന്ന് അറിഞ്ഞാലും.14 രാജാവിനെ അനാദരിക്കുന്നതു കണ്ടുകൊണ്ടിരിക്കാന്‍ അങ്ങയുടെ ആശ്രിതന്‍മാരായ ഞങ്ങള്‍ക്കു കഴിയുകയില്ല. അതിനാല്‍, ഞങ്ങള്‍ അങ്ങയെ വിവരം അറിയിക്കുന്നു.15 അങ്ങയുടെ പിതാക്കന്‍മാരുടെ ചരിത്രരേഖകള്‍ പരിശോധിച്ചാല്‍, ഈ നഗരം കല ഹകാരിയും രാജാക്കന്‍മാര്‍ക്കും ദേശങ്ങള്‍ക്കും ഉപദ്രവകാരിയും ആണെന്നും പണ്ടുമുതലേ അവിടെ കലഹം പൊട്ടിപ്പുറപ്പെട്ടിരുന്നെന്നും അറിയാന്‍ കഴിയും. അതിനാലാണ് ഈ പട്ടണം നശിച്ചത്.16 പട്ടണം പുനഃസ്ഥാപിക്കുകയും മതിലുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍, നദിക്കിക്കരെയുള്ള ദേശത്ത് അങ്ങേക്ക് ഒരവകാശവും ഉണ്ടായിരിക്കയില്ലെന്ന് അറിഞ്ഞാലും.17 രാജാവു മറുപടി അയച്ചു: സൈന്യാധിപനായ റഹുമിനും കാര്യദര്‍ശിയായ ഷിംഷായിക്കും സമരിയായിലും നദിക്കക്കരെയുള്ള മറ്റു ദേശത്തും ജീവിക്കുന്ന അവരുടെ അനുയായികള്‍ക്കും ശുഭാശംസകള്‍!18 നിങ്ങള്‍ അയച്ച കത്ത് ഞാന്‍ വ്യക്തമായി വായിച്ചുകേട്ടു.19 ഞാന്‍ ഒരു കല്‍പന പുറപ്പെടുവിച്ച് അന്വേഷണം നടത്തി. പണ്ടുമുതലേ ഈ നഗരം രാജാക്കന്‍മാരെ എതിര്‍ക്കുകയും കല ഹവും കലാപവും അവിടെ നടമാടുകയും ചെയ്തിരുന്നു എന്നു വ്യക്തമായി.20 നദിക്കക്കരെയുള്ള ഭൂവിഭാഗം മുഴുവന്‍ ഭരിച്ചിരുന്ന ശക്തരായരാജാക്കന്‍മാര്‍ ജറുസലെ മില്‍ ഉണ്ടായിരുന്നു. അവര്‍ കപ്പവും കരവും ചുങ്കവും ഈടാക്കിയിരുന്നു.21 ഞാന്‍ കല്‍പന പുറപ്പെടുവിക്കുന്നതുവരെ നഗരനിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ അവരോട് ആജ്ഞാപിക്കുവിന്‍.22 ഇക്കാര്യത്തില്‍ അയവു വരുത്തരുത്. വരുത്തിയാല്‍, അതും രാജാവിന് ഉപദ്രവകരമായിത്തീരും.23 അര്‍ത്താക്‌സെര്‍ക്‌സസ് രാജാവിന്റെ കത്തിന്റെ പകര്‍പ്പു വായിച്ചു കേട്ട റഹുമും കാര്യദര്‍ശിയായ ഷിംഷായിയും, അനുയായികളും ജറുസലെമിലെ യഹൂദരുടെ അടുത്തേക്കു തിടുക്കത്തില്‍ച്ചെന്ന് അധികാരവും ബല വും ഉപയോഗിച്ച് പണിനിര്‍ത്തി വയ്പിച്ചു.24 അങ്ങനെ ജറുസലെമിലെ ദേവാലയത്തിന്റെ പണി നിലച്ചു. പേര്‍ഷ്യാരാജാവായ ദാരിയൂസിന്റെ രണ്ടാം ഭരണവര്‍ഷം വരെ അതു മുടങ്ങിക്കിടന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment