Ezra, Chapter 5 | എസ്രാ, അദ്ധ്യായം 5 | Malayalam Bible | POC Translation

Advertisements

ദേവാലയത്തിന്റെ പണി തുടരുന്നു

1 പ്രവാചകന്‍മാരായ ഹഗ്ഗായിയും ഇദ്‌ദോയുടെ മകന്‍ സഖറിയായും ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തില്‍ യൂദായിലും ജറുസലെമിലും ഉള്ള യഹൂദരോടു പ്രവചിച്ചു.2 ഷെയാല്‍ത്തിയേലിന്റെ മകന്‍ സെറുബാബേലും, യോസാദാക്കിന്റെ മകന്‍ യഷുവയും ജറുസലെമില്‍ ദേവാലയത്തിന്റെ പണി പുനരാരംഭിച്ചു. ദൈവത്തിന്റെ പ്രവാചകന്‍മാരും അവരെ സഹായിച്ചു.3 നദിക്കക്കരെയുള്ള പ്രദേശത്തെ അധിപതിയായ തത്തേനായിയും ഷെത്താര്‍ബൊസെനായിയും അനുയായികളും അവരോടു ചോദിച്ചു: ഈ ആലയം പൂര്‍ത്തിയാക്കാന്‍ ആരാണു നിങ്ങള്‍ക്ക് അധികാരം തന്നത്?4 കെട്ടിടം പണിയുന്നവര്‍ ആരൊക്കെയെന്നും അവര്‍ തിരക്കി.5 എന്നാല്‍, തങ്ങളുടെ ദൈവത്തിന്റെ ദൃഷ്ടി യൂദാശ്രേഷ്ഠന്‍മാരുടെമേല്‍ ഉണ്ടായിരുന്നതിനാല്‍ , ദാരിയൂസിനെ വിവര മറിയിച്ച് മറുപടി ലഭിക്കുന്നതുവരെ അവര്‍ തടയപ്പെട്ടില്ല.6 നദിക്കക്കരെയുള്ള പ്രദേശത്തിന്റെ അധിപതികളായ തത്തേനായിയും, ഷെത്താര്‍ബൊസെനായിയും ഉപാധിപതികളും കൂടി7 ദാരിയൂസ് രാജാവിന് അയച്ച കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു: ദാരിയൂസ്‌രാജാവിനു മംഗളാശംസകള്‍!8 അങ്ങ് അറിഞ്ഞാലും. ഞങ്ങള്‍ യൂദാ ദേശത്ത് അത്യുന്നത ദൈവത്തിന്റെ ആലയത്തില്‍ പോയി. അത് വലിയ കല്ലുകള്‍ കൊണ്ടാണ് പണിയുന്നത്. ഉത്തരം വച്ചുകഴിഞ്ഞു. പണി ഉത്‌സാഹപൂര്‍വം മുന്നേറിക്കൊണ്ടിരിക്കുന്നു.9 ഈ ആലയം പൂര്‍ത്തിയാക്കാന്‍ ആരാണു നിങ്ങള്‍ക്ക് അ ധികാരം തന്നത് എന്ന് ഞങ്ങള്‍ ശ്രേഷ്ഠന്‍മാരോടു ചോദിച്ചു.10 അങ്ങയെ അറിയിക്കാന്‍ ഞങ്ങള്‍ അവരുടെ നേതാക്കന്‍മാരുടെ പേരുകള്‍ ആരാഞ്ഞു.11 അവരുടെ മറുപടി ഇതായിരുന്നു: ഞങ്ങള്‍ ആകാശത്തിന്റെയും ഭൂമിയുടെയും ദൈവത്തിന്റെ ദാസന്‍മാരാണ്. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാനായ ഒരു ഇസ്രായേല്‍രാജാവു പണിതീര്‍ത്ത ആലയം ഞങ്ങള്‍ വീണ്ടും പണിയുന്നു.12 ഞങ്ങളുടെ പിതാക്കന്‍മാര്‍ സ്വര്‍ഗ സ്ഥനായ ദൈവത്തെ പ്രകോപിപ്പിച്ചതിനാല്‍, അവിടുന്ന് അവരെ കല്‍ദായനായ ബാബിലോണ്‍ രാജാവു നബുക്കദ്‌നേസറിന്റെ കൈകളില്‍ ഏല്‍പ്പിച്ചു. അവന്‍ ഈ ആലയം നശിപ്പിക്കുകയും ജനത്തെ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോവുകയും ചെയ്തു.13 എന്നാല്‍, ബാബിലോണ്‍രാജാവായ സൈറസിന്റെ ഒന്നാം ഭരണവര്‍ഷം ഈ ദേവാലയം പുനഃസ്ഥാപിക്കണമെന്ന് അവന്‍ കല്‍പന പുറപ്പെടുവിച്ചു.14 നബുക്കദ്‌നേസര്‍ ജറുസലെമിലെ ദേവാലയത്തില്‍ നിന്ന് എടുത്തുകൊണ്ടുപോയി ബാബിലോണിലെ ക്‌ഷേത്രത്തില്‍ വച്ചിരുന്ന സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ സൈറസ് രാജാവ് താന്‍ ദേശാധിപതിയായി നിയമിച്ച ഷെഷ്ബസാറിനെ ഏല്‍പിച്ചു.15 സൈറസ് അവനോടു കല്‍പിച്ചു: ഈ പാത്രങ്ങള്‍ കൊണ്ടുപോയി ജറുസലെമിലെ ആലയത്തില്‍ വയ്ക്കുക. ദേവാലയംയഥാസ്ഥാനം വീണ്ടും പണിയട്ടെ.16 ഷെഷ്ബസാര്‍ ജറുസലെമില്‍ വന്ന് ദേവാലയത്തിന് അടിസ്ഥാനമിട്ടു. അന്നു മുതല്‍ പണി നടക്കുന്നു. ഇന്നും പൂര്‍ത്തിയായിട്ടില്ല.17 അതിനാല്‍, അങ്ങേക്ക് ഉചിതമെന്നു തോന്നുന്നെങ്കില്‍, ബാബിലോണിലെ രാജ കീയരേഖകള്‍ പരിശോധിച്ച് ജറുസലെമില്‍ ദേവാലയം പുനഃസ്ഥാപിക്കാന്‍ സൈറസ് രാജാവു കല്‍പിച്ചിട്ടുണ്ടോ എന്നു നോക്കി രാജഹിതം ഞങ്ങളെ അറിയിച്ചാലും.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment