എസ്രായുടെ പുസ്തകം, അദ്ധ്യായം 6
1 ദാരിയൂസ് രാജാവിന്റെ കല്‍പനയനുസരിച്ച് ബാബിലോണില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പരിശോധിച്ചു.2 മേദിയാദേശത്തിന്റെ തലസ്ഥാനമായ എക്ബത്താനായില്‍ കണ്ടെണ്ടത്തിയ ഒരു ചുരുളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു:3 സൈറസ്‌രാജാവിന്റെ ഒന്നാം ഭരണവര്‍ഷം ജറുസലെം ദേവാലയത്തെക്കുറിച്ചു പുറപ്പെടുവിച്ച കല്‍പന: കാഴ്ചകളും ദഹനബലികളും അര്‍പ്പിക്കുന്ന ആലയം പുനഃസ്ഥാപിക്കണം. അതിന് അറുപതു മുഴം ഉയരവും അറുപതു മുഴം വീതിയും ഉണ്ടായിരിക്കണം.4 മൂന്നു നിര കല്ലുകള്‍ക്കു മുകളില്‍ ഒരു നിര തടി എന്ന ക്രമത്തിലായിരിക്കണം പണി. അതിന്റെ ചെലവ് രാജ ഭണ്‍ഡാരത്തില്‍ നിന്നായിരിക്കും.5 ജറുസലെമിലെ ദേവാലയത്തില്‍നിന്ന് നബുക്കദ്‌നേസര്‍ ബാബിലോണിലേക്കു കൊണ്ടുപോയ വെള്ളിപ്പാത്രങ്ങളും സ്വര്‍ണപ്പാത്രങ്ങളും ജറുസലെമില്‍ തിരിയെകൊണ്ടുവന്ന് ദേവാലയത്തില്‍യഥാസ്ഥാനം വയ്ക്കണം.6 അതിനാല്‍, നദിക്കക്കരെയുള്ള പ്രദേശത്തിന്റെ അധിപനായ തത്തേനായിയും ഷെത്താര്‍ബൊസെനായിയും അനുയായികളും തടസ്‌സം നില്‍ക്കരുത്.7 ദേവലായത്തിന്റെ പണി നടക്കട്ടെ. യഹൂദന്‍മാരുടെ ദേശാധിപതിയും ശ്രേഷ്ഠന്‍മാരുംകൂടെ ദേവാലയംയഥാസ്ഥാനം പണിയട്ടെ.8 ദേവാലയ പുനര്‍നിര്‍മാണത്തിന് യൂദാശ്രേഷ്ഠന്‍മാര്‍ക്ക് നിങ്ങള്‍ എന്തു ചെയ്തുകൊടുക്കണമെന്ന് ഞാന്‍ കല്‍പന നല്‍കുന്നു: നദിക്കക്കരെയുള്ള പ്രദേശത്തുനിന്നു പിരിച്ച കപ്പം രാജ ഭണ്‍ഡാരത്തില്‍നിന്നു ചെലവു പൂര്‍ണമായി വഹിക്കുന്നതിന് അവരെ താമസമെന്നിയേ ഏല്‍പിക്കണം.9 അവര്‍ക്കാവശ്യമുള്ളതെല്ലാം – സ്വര്‍ഗസ്ഥനായ ദൈവത്തിനു ദഹന ബലിയര്‍പ്പിക്കാന്‍ കാളക്കിടാവ്, മുട്ടാട്, ചെമ്മരിയാട് എന്നിവയും ജറുസലെമിലെ പുരോഹിതന്‍മാര്‍ക്ക് ആവശ്യകമായ ഗോത മ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവയും- അനുദിനം മുടക്കം കൂടാതെ കൊടുക്കണം.10 അങ്ങനെ അവര്‍ സ്വര്‍ഗസ്ഥനായ ദൈവത്തിനുപ്രസാദകരമായ ബലികള്‍ അര്‍പ്പിക്കുകയും രാജാവിനും പുത്രന്‍മാര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യട്ടെ.11 ഈ കല്‍പന ലംഘിക്കുന്നവന്റെ വീടിന്റെ തുലാം വലിച്ചെടുത്ത് അവനെ അതില്‍ കോര്‍ക്കണം. അവന്റെ ഭവനം കുപ്പക്കൂന ആക്കുകയും വേണം എന്നു ഞാന്‍ കല്‍പിക്കുന്നു.12 ഈ കല്‍പന ലംഘിക്കുകയോ ജറുസലെമിലെ ദേവാലയം നശിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന രാജാക്കന്‍മാരെയും ജനങ്ങളെയും, തന്റെ നാമം അവിടെ സ്ഥാപിച്ച ദൈവം നശിപ്പിക്കട്ടെ. ഞാന്‍, ദാരിയൂസ്, പുറപ്പെടുവിക്കുന്ന കല്‍പന. ഇതു ശ്രദ്ധാപൂര്‍വം നിറവേറ്റണം.
ദേവാലയ പ്രതിഷ്ഠ
13 ദാരിയൂസ്‌രാജാവിന്റെ കല്‍പന നദിക്കക്കരെയുള്ള ദേശത്തിന്റെ അധിപതികളായ തത്തേനായിയും ഷെത്താര്‍ബൊസെ നായിയും അനുചരന്‍മാരും സുഹൃത്തുക്കളും ശുഷ്‌കാന്തിയോടെ അനുവര്‍ത്തിച്ചു.14 പ്രവാചകന്‍മാരായ ഹഗ്ഗായി, ഇദ്‌ദോയുടെ മകന്‍ സഖറിയാ എന്നിവര്‍ ആഹ്വാനം ചെയ്തതനുസരിച്ച് യൂദാശ്രേഷ്ഠന്‍മാര്‍ പണി ത്വരിതപ്പെടുത്തി. ഇസ്രായേലിന്റെ ദൈവത്തിന്റെ കല്‍പനയും പേര്‍ഷ്യാരാജാക്കന്‍മാരായ സൈറസ്, ദാരിയൂസ്, അര്‍ത്താക്‌സെര്‍ക്‌സസ് എന്നിവരുടെ ആജ്ഞകളും അനുസരിച്ച് അവര്‍ പണി പൂര്‍ത്തിയാക്കി.15 ദാരിയൂസ്‌രാജാവിന്റെ ആറാം ഭരണവര്‍ഷം ആദാര്‍മാസം മൂന്നാം ദിവസം ആലയം പൂര്‍ത്തിയായി.16 പുരോഹിതന്‍മാരും ലേവ്യരും മടങ്ങിയെത്തിയ മറ്റു പ്രവാസികളും ഉള്‍പ്പെട്ട ഇസ്രായേല്‍ജനം അത്യാഹ്‌ളാദപൂര്‍വം ദേവാലയത്തിന്റെ പ്രതിഷ്ഠാകര്‍മം ആഘോഷിച്ചു.17 ദേവാലയപ്രതിഷ്ഠയ്ക്ക് അവര്‍ നൂറു കാളകളെയും ഇരുനൂറു മുട്ടാടുകളെയും നാനൂറു ചെമ്മരിയാടുകളെയും ബലിയര്‍പ്പിച്ചു. ഇസ്രായേല്‍ജനത്തിനുവേണ്ടി ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് പന്ത്രണ്ടു മുട്ടാടുകളെ പാപപരിഹാരബലിയായും അര്‍പ്പിച്ചു.18 മോശയുടെ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച് ജറുസലെമില്‍ ദൈവശുശ്രൂഷ ചെയ്യാന്‍ പുരോഹിതന്‍മാരെ ഗണമനുസരിച്ചും ലേവ്യരെ തവണയനുസരിച്ചും നിയമിച്ചു.
പെസഹാചരണം
19 തിരിച്ചെത്തിയ പ്രവാസികള്‍ ഒന്നാംമാസം പതിന്നാലാംദിവസം പെസഹാ ആചരിച്ചു.20 പുരോഹിതന്‍മാരും ലേവ്യരും ഒരുമിച്ച് തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. ശുദ്ധരായിത്തീര്‍ന്ന അവര്‍ തങ്ങള്‍ക്കും സഹപുരോഹിതന്‍മാര്‍ക്കും പ്രവാസത്തില്‍ നിന്നു മടങ്ങിയെത്തിയ എല്ലാവര്‍ക്കും വേണ്ടി പെസഹാക്കുഞ്ഞാടിനെ കൊന്നു.21 പ്രവാസത്തില്‍നിന്നു മടങ്ങിയെത്തിയ ഇസ്രായേല്യരും ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കാന്‍ തദ്‌ദേശവാസികളുടെ മ്ലേച്ഛ തകളില്‍നിന്നൊഴിഞ്ഞ് അവരോടു ചേര്‍ന്നവരും അതു ഭക്ഷിച്ചു.22 പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ അവര്‍ ഏഴുദിവസം സന്തോഷപൂര്‍വം ആചരിച്ചു. കര്‍ത്താവ് അവരെ ആഹ്ലാദഭരിതരാക്കുകയും ഇസ്രായേലിന്റെ ദൈവത്തിന്റെ ആലയം നിര്‍മിക്കുന്നതില്‍ സഹായിക്കാന്‍ അസ്‌സീറിയാരാജാവിന്റെ ഹൃദയം അനുകൂലമാക്കുകയും ചെയ്തു.


Leave a comment