Nehemiah, Chapter 13 | നെഹമിയാ, അദ്ധ്യായം 13 | Malayalam Bible | POC Translation

Advertisements

നെഹെമിയായുടെ നവീകരണങ്ങള്‍

1 ആദിവസം ജനം കേള്‍ക്കേ മോശയുടെ നിയമഗ്രന്ഥത്തില്‍നിന്ന് അവര്‍ വായിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: അമ്മോന്യരെയും മൊവാബ്യരെയും ദൈവത്തിന്റെ സഭയില്‍ പ്രവേശിപ്പിക്കരുത്.2 ഇസ്രായേല്‍ ജനത്തെ അപ്പവും വെള്ളവും കൊടുത്തു സ്വീകരിക്കുന്നതിനു പകരം അവരെ ശപിക്കാന്‍ ബാലാമിനെ കൂലിക്കെടുത്തവരാണ് അവര്‍. എന്നാല്‍, ദൈവം ആ ശാപത്തെ അനുഗ്രഹമായി മാറ്റി.3 നിയമം വായിച്ചുകേട്ട ജനം അന്യജനതകളെ ഇസ്രായേലില്‍ നിന്ന് അകറ്റി.4 എന്നാല്‍, ഇതിനുമുന്‍പ് പുരോഹിതനും തോബിയായുടെ സുഹൃത്തും ദേവാലയമുറികളുടെ ചുമതലക്കാരനുമായ എലിയാഷിബ് തോബിയായ്ക്കുവേണ്ടി ഒരു വലിയ മുറി സജ്ജമാക്കി.5 അതിലാണ് ധാന്യബലിക്കുള്ള വസ്തുക്കളും കുന്തുരുക്കവും പാത്രങ്ങളും ലേവ്യര്‍, ഗായകര്‍, കാവല്‍ക്കാര്‍ എന്നിവര്‍ക്കു കല്‍പനപ്രകാരം നല്‍കിയിരുന്ന ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്‍മാര്‍ക്കുള്ള സംഭാവനകളും മുന്‍പു സൂക്ഷിച്ചിരുന്നത്.6 ഈ സമയത്തു ഞാന്‍ ജറുസലെമില്‍ ഉണ്ടായിരുന്നില്ല. ബാബിലോണ്‍ രാജാവായ അര്‍ത്താക്‌സെര്‍ക്‌സസിന്റെ മുപ്പത്തിരണ്ടാം ഭരണ വര്‍ഷത്തില്‍ ഞാന്‍ രാജാവിനെ കാണാന്‍ പോയിരിക്കുകയായിരുന്നു.7 കുറച്ചുകാലം കഴിഞ്ഞു ഞാന്‍ രാജാവിനോടു വിടവാങ്ങി, ജറുസലെമില്‍ തിരിച്ചെത്തി. എലിയാഷിബ്, ദേവാലയാങ്കണത്തില്‍ തോബിയായ്ക്കുവേണ്ടി ഒരു മുറി സജ്ജമാക്കുക എന്ന ഹീനകൃത്യം ചെയ്തിരിക്കുന്നതു ഞാന്‍ കണ്ടു.8 കോപിഷ്ഠനായ ഞാന്‍ തോബിയായുടെ ഗൃഹോപകരണങ്ങള്‍ പുറത്തെറിഞ്ഞു.9 മുറിയുടെ ശുദ്ധീകരണകര്‍മം നിര്‍വഹിക്കാന്‍ ഞാന്‍ ആജ്ഞാപിച്ചു. ദേവാലയത്തിലെ പാത്രങ്ങളും ധാന്യബലിക്കുള്ള വസ്തുക്കളും കുന്തുരുക്കവും അതില്‍ തിരിച്ചുകൊണ്ടുവന്നു വച്ചു.10 ലേവ്യരുടെ ഓഹരി മുടങ്ങിയെന്നും ശുശ്രൂഷ ചെയ്തിരുന്ന ലേവ്യരും ഗായകന്‍മാരും താന്താങ്ങളുടെ വയലുകളിലേക്കു പോയെന്നും ഞാന്‍ അറിഞ്ഞു.11 ദേവാലയത്തെ പരിത്യജിച്ചത് എന്തിന് എന്നു ചോദിച്ച് ഞാന്‍ ചുമതലപ്പെട്ടവരെ ശാസിച്ചു. ലേവ്യരെയും ഗായകരെയും ഞാന്‍ പൂര്‍വസ്ഥാനങ്ങളിലാക്കി.12 യൂദാജനം ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം കലവറയില്‍ കൊണ്ടുവന്നു.13 സംഭരണശാലകളുടെ സൂക്ഷിപ്പുകാരായി പുരോഹിതന്‍ ഷെലെമിയായെയും നിയമജ്ഞന്‍ സാദോക്കിനെയും ലേവ്യനായ പെദായായെയും അവര്‍ക്കു സഹായത്തിന് സക്കൂറിന്റെ മകനും മത്താനിയായുടെ പൗത്രനുമായ ഹനാനെയും ഞാന്‍ നിയമിച്ചു. അവര്‍ വിശ്വസ്തരായി പരിഗണിക്കപ്പെട്ടിരുന്നു. തങ്ങളുടെ സഹോദരന്‍മാര്‍ക്ക് അവരുടെ ഓഹരി നല്‍കുകയായിരുന്നു അവരുടെ ചുമതല.14 എന്റെ ദൈവമേ, ഈ പ്രവൃത്തിമൂലം എന്നെ സ്മരിക്കണമേ! എന്റെ ദൈവത്തിന്റെ ആലയത്തിനും അങ്ങയുടെ ശുശ്രൂഷയ്ക്കുംവേണ്ടി ഞാന്‍ ചെയ്തിട്ടുള്ള സല്‍കൃത്യങ്ങള്‍ അങ്ങ് മറക്കരുതേ!15 അക്കാലത്ത് യൂദാജനം സാബത്തില്‍, മുന്തിരിച്ചക്ക് ആട്ടുന്നതും ധാന്യക്കറ്റ കഴുതപ്പുറത്തു കയറ്റുന്നതും ജറുസലെമിലേക്കു വീഞ്ഞ്, മുന്തിരി, അത്തിപ്പഴം എന്നിവയും മറ്റു ചുമടുകളും കൊണ്ടുവരുന്നതും ഞാന്‍ കണ്ടു. അവ വില്‍ക്കുന്നവരെ ഞാന്‍ ശാസിച്ചു.16 ടയിറില്‍നിന്നു വന്ന് ജറുസലെമില്‍ വസിച്ചിരുന്ന ആളുകള്‍ സാബത്തില്‍ യൂദായിലെയും ജറുസലെമിലെയും ജനത്തിനുവേണ്ടി മത്‌സ്യവും മറ്റു സാധനങ്ങളും കൊണ്ടുവന്നു വിറ്റിരുന്നു.17 യൂദായിലെ പ്രമുഖന്‍മാരെ ഞാന്‍ കുറ്റപ്പെടുത്തി: സാബത്തുദിനത്തെ അശുദ്ധമാക്കി, എത്ര വലിയ തിന്‍മയാണ് നിങ്ങള്‍ ചെയ്യുന്നത്?18 നിങ്ങളുടെ പിതാക്കന്‍മാര്‍ ഇങ്ങനെ ചെയ്തതുകൊണ്ടല്ലേ നമ്മുടെദൈവം നമുക്കും നമ്മുടെ നഗരത്തിനും ഈ ദുരിതം വരുത്തിയത്? എന്നിട്ടും സാബത്ത് അശുദ്ധമാക്കി നിങ്ങള്‍ ഇസ്രായേലിന്റെ മേല്‍ പൂര്‍വോപരി ക്രോധം വിളിച്ചുവരുത്തുന്നു.19 സാബത്തിനുമുന്‍പ് ഇരുട്ടു വ്യാപിക്കാന്‍ തുടങ്ങുമ്പോള്‍ ജറുസലെമിന്റെ കവാടങ്ങള്‍ അടയ്ക്കണമെന്നും സാബത്തു കഴിയുന്നതുവരെ തുറക്കരുതെന്നും ഞാന്‍ നിര്‍ദേശിച്ചു. സാബത്തുദിവസം കവാടങ്ങളിലൂടെ ചുമടു കൊണ്ടുവരാതിരിക്കാന്‍ ദാസന്‍മാരെ ഞാന്‍ കാവല്‍ നിര്‍ത്തി.20 കച്ചവടക്കാര്‍ക്കും എല്ലാവിധ വ്യാപാരികള്‍ക്കും ജറുസലെമിനു വെളിയില്‍ ഒന്നുരണ്ടു പ്രാവശ്യം താമസിക്കേണ്ടിവന്നു.21 അപ്പോള്‍, ഞാനവരെ ശാസിച്ചു. നിങ്ങള്‍ എന്താണു മതിലിനു മുന്‍പില്‍ താമസിക്കുന്നത്? ഇതു തുടര്‍ന്നാല്‍ എനിക്കു ബലം പ്രയോഗിക്കേണ്ടിവരും. പിന്നീട് അവര്‍ സാബത്തില്‍ വന്നിട്ടില്ല.22 സാബത്തുദിവസം വിശുദ്ധമായി ആചരിക്കേണ്ടതിനു തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും കവാടങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യാന്‍ ലേവ്യരോടു ഞാന്‍ കല്‍പിച്ചു. എന്റെ ദൈവമേ, ഇതും എനിക്ക് അനുകൂലമായി ഓര്‍ക്കണമേ! അങ്ങയുടെ അനശ്വരസ്‌നേഹത്തിന്റെ മഹ ത്വത്തിനൊത്ത് എന്നെ രക്ഷിക്കണമേ!23 ഇക്കാലത്ത് അഷ്‌ദോദ്, അമ്മോന്‍, മൊവാബ് എന്നീ ദേശങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്ത യഹൂദരെ ഞാന്‍ കണ്ടു.24 അവരുടെ സന്താനങ്ങളില്‍ പകുതിപ്പേരും അഷ്‌ദോദ് ഭാഷയാണ് സംസാരിച്ചിരുന്നത്. യൂദായുടെ ഭാഷ സംസാരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. താന്താങ്ങളുടെ ഭാഷമാത്രമേ അവര്‍ അറിഞ്ഞിരുന്നുള്ളു.25 ഞാന്‍ അവരോടു തര്‍ക്കിക്കുകയും അവരെ ശപിക്കുകയും ചിലരെ പ്രഹരിക്കുകയുംചെയ്തു. അവരുടെ തലമുടി ഞാന്‍ വലിച്ചുപറിച്ചു. അവരെക്കൊണ്ടു ദൈവനാമത്തില്‍ ശപഥം ചെയ്യിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു: നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്‍മാര്‍ക്കു നല്‍കുകയോ അവരുടെ പുത്രിമാരെ നിങ്ങളോ നിങ്ങളുടെ പുത്രന്‍മാരോ സ്വീകരിക്കുകയോ അരുത്.26 ഇസ്രായേല്‍രാജാവായ സോളമന്‍ ഇത്തരം സ്ത്രീകള്‍ നിമിത്തം പാപംചെയ്തില്ലേ? അവനെപ്പോലൊരു രാജാവ് ജനതകള്‍ക്കിടയില്‍ ഇല്ലായിരുന്നു. ദൈവം അവനെ സ്‌നേഹിച്ചു. അവിടുന്ന് അവനെ ഇസ്രായേ ലിന്റെ മുഴുവന്‍ രാജാവാക്കി. എന്നാല്‍, വിദേശീയ സ്ത്രീകള്‍ അവനെക്കൊണ്ടുപോലും പാപം ചെയ്യിച്ചു.27 നിങ്ങളെ പിന്‍തുടര്‍ന്ന് ഞങ്ങളും ഈ വലിയ തിന്‍മകള്‍ ചെയ്യണമോ? വിദേശീയ സ്ത്രീകളെ വിവാഹംചെയ്ത് നമ്മുടെ ദൈവത്തോടു വഞ്ചന കാണിക്കണമോ?28 പ്രധാനപുരോഹിതന്‍ എലിയാഷിബിന്റെ പുത്രന്‍യഹോയാദായുടെ മക്കളില്‍ ഒരുവന്‍ ഹൊറോണ്യനായ സന്‍ബലത്താത്തിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. അവനെ ഞാന്‍ എന്റെ മുന്‍പില്‍ നിന്ന് ആട്ടിപ്പായിച്ചു.29 എന്റെ ദൈവമേ, അവര്‍ പൗരോഹിത്യത്തെയും പൗരോഹിത്യ വാഗ്ദാനത്തെയും ലേവ്യരെയും അവഹേളിച്ചത് അവര്‍ക്കെതിരേ ഓര്‍ക്കണമേ!30 അങ്ങനെ വിദേശീയമായ എല്ലാറ്റിലും നിന്നു ഞാന്‍ അവരെ ശുദ്ധീകരിച്ചു. പുരോഹിതന്‍മാരുടെയും ലേവ്യരുടെയും കര്‍ത്തവ്യങ്ങള്‍ക്കു വ്യവസ്ഥയുണ്ടാക്കി.31 നിശ്ചിത സമയങ്ങളില്‍ വിറകും ആദ്യഫലങ്ങളും അര്‍പ്പിക്കുന്നതിനു വ്യവസ്ഥ ഏര്‍പ്പെടുത്തി. എന്റെ ദൈവമേ, എന്നെ എന്നും ഓര്‍മിക്കണമേ!

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment