Nehemiah, Chapter 4 | നെഹമിയാ, അദ്ധ്യായം 4 | Malayalam Bible | POC Translation

Advertisements

മതില്‍പണിക്കു തടസ്‌സം

1 ഞങ്ങള്‍ മതില്‍ നിര്‍മിക്കുന്നുവെന്നു കേട്ട് സന്‍ബല്ലാത് ക്രുദ്ധനായി. അവന്‍ ഞങ്ങളെ പരിഹസിച്ചു.2 അവന്‍ ചാര്‍ച്ചക്കാരുടെയും സമരിയാ സൈന്യത്തിന്റെയും മുമ്പാകെ യഹൂദരെ പരിഹസിച്ചു പറഞ്ഞു: ദുര്‍ബലന്‍മാരായ ഈ യഹൂദര്‍ എന്താണു ചെയ്യുന്നത്? അവര്‍ എല്ലാം പുനരുദ്ധരിക്കുകയും ബലിയര്‍പ്പിക്കുകയും ഒറ്റദിവസംകൊണ്ടു പണിതീര്‍ക്കുകയും ചെയ്യാമെന്ന് വ്യാമോഹിക്കുന്നോ? കത്തി നശിച്ച അവശിഷ്ടങ്ങളില്‍നിന്നു പണിയാന്‍ കല്ലു വീണ്ടെടുക്കാന്‍ കഴിയുമോ?3 അവന്റെ സമീപത്തു നിന്ന അമ്മോന്യനായ തോബിയാ പറഞ്ഞു: ശരിയാണ്, അവരെന്താണ് ഈ പണിയുന്നത്? ഒരു കുറുനരി കയറിയാല്‍ മതി, അവരുടെ കന്‍മതില്‍ പൊളിഞ്ഞുവീഴും.4 ഞങ്ങളുടെ ദൈവമേ, ശ്രവിക്കണമേ! ഞങ്ങള്‍ നിന്ദിക്കപ്പെടുന്നു. അവരുടെ പരിഹാസം അവരുടെ ശിരസ്‌സുകളില്‍ത്തന്നെ പതിക്കാന്‍ ഇടയാക്കണമേ!5 ശത്രുക്കള്‍ അവരെ കൊള്ളയടിക്കുകയും തടവുകാരാക്കുകയും ചെയ്യട്ടെ! അവരുടെ കുറ്റം മറയ്ക്കരുതേ, അങ്ങയുടെ ദൃഷ്ടിയില്‍നിന്നു പാപം മാച്ചുകളയരുതേ! പണിയുന്നവരുടെ മുന്‍പാകെ അവര്‍ അങ്ങയെ പ്രകോപിപ്പിച്ചുവല്ലോ.6 ഞങ്ങള്‍ മതില്‍പണി തുടര്‍ന്നു. ജനം ഉത്‌സാഹപൂര്‍വം പണിതു. മതില്‍ ചുറ്റും പകുതി കെട്ടിയുയര്‍ത്തി.7 എന്നാല്‍, സന്‍ബല്ലാത്തും തോബിയായും അറബികളും അമ്മോന്യരും അഷ്‌ദോദ്യരും ജറുസലെം മതിലിന്റെ പുനര്‍നിര്‍മാണം പുരോഗമിക്കുന്നെന്നും വിടവുകള്‍ അടഞ്ഞു തുടങ്ങിയെന്നും കേട്ട് കോപാക്രാന്തരായി.8 ജറുസലെമിനെതിരേ പൊരുതാനും കലാപം സൃഷ്ടിക്കാനും അവര്‍ ഉപായം തേടി.9 ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തോടു പ്രാര്‍ഥിക്കുകയും അവര്‍ക്കെതിരേ രാവും പകലും കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.10 എന്നാല്‍ യൂദാ പറഞ്ഞു: ചുമട്ടുകാര്‍ തളര്‍ന്നു തുടങ്ങി, ചപ്പുചവറുകള്‍ വളരെയുണ്ട്. മതില്‍ പണിയാന്‍ ഞങ്ങള്‍ക്കു കഴിയുന്നില്ല.11 ശത്രുക്കള്‍ പറഞ്ഞു: നാം അവരുടെ ഇടയില്‍ കടന്ന് അവരെ കൊല്ലുകയും പണി തടയുകയും ചെയ്യുന്നതുവരെ അവര്‍ അറിയുകയോ കാണുകയോ ചെയ്യരുത്.12 ശത്രുക്കളുടെ ഇടയില്‍ പാര്‍ത്തിരുന്ന യഹൂദര്‍ പത്തുപ്രാവശ്യം ഞങ്ങളെ അറിയിച്ചു:അവര്‍ എല്ലായിടത്തും നിന്നു നമുക്കെതിരേ വരും.13 അതിനാല്‍, ഞാന്‍ ജനത്തെ കുടുംബക്രമത്തില്‍ വാള്‍, കുന്തം, വില്ല് എന്നിവയുമായി മതിലിനു പുറകില്‍ തുറസ്‌സായ സ്ഥലത്ത് മതിലിനു പൊക്കം പോരാത്തിടത്ത് അണിനിരത്തി.14 ഞാന്‍ ചുറ്റും നോക്കി, ശ്രേഷ്ഠന്‍മാരോടും നായകന്‍മാരോടും ജനത്തോടും പറഞ്ഞു: അവരെ ഭയപ്പെടേണ്ടാ, നിങ്ങളുടെ സഹോദരന്‍മാര്‍, പുത്രീപുത്രന്‍മാര്‍, ഭാര്യമാര്‍ എന്നിവര്‍ക്കും നിങ്ങളുടെ ഭവനങ്ങള്‍ക്കും വേണ്ടി പോരാടുന്ന ഉന്നതനും ഭീതികരനുമായ കര്‍ത്താവിനെ ഓര്‍ക്കുവിന്‍.15 ഞങ്ങള്‍ ഇതെല്ലാം അറിഞ്ഞെന്നും അവരുടെ ഉപായം ദൈവം നിഷ്ഫലമാക്കിയെന്നും അവര്‍ അറിഞ്ഞു. ഞങ്ങള്‍ പണി തുടര്‍ന്നു.16 അന്നുമുതല്‍ എന്റെ സേവകരില്‍ പകുതിപ്പേര്‍ പണിയിലേര്‍പ്പെടുകയും പകുതിപ്പേര്‍ കുന്തം, പരിച, വില്ല്, പടച്ചട്ട എന്നിവയുമായി കാവല്‍ നില്‍ക്കുകയും ചെയ്തു. മതില്‍പണിയിലേര്‍പ്പെട്ട യൂദാജനത്തിന്റെ പിന്നില്‍ നേതാക്കന്‍മാര്‍ നിലയുറപ്പിച്ചു.17 ചുമട്ടുകാര്‍ ഒരു കൈയില്‍ ഭാരവും മറുകൈയില്‍ആയുധവും വഹിച്ചു.18 പണിയിലേര്‍പ്പെട്ടവര്‍ അരയില്‍ വാള്‍ ധരിച്ചിരുന്നു. കാഹളക്കാര്‍ എന്റെ സമീപം നിന്നു.19 പ്രമുഖന്‍മാര്‍, നായകന്‍മാര്‍, ജനം എന്നിവരോടു ഞാന്‍ പറഞ്ഞു: ജോലി ദുഷ്‌കരവും വിപുലവുമാണ്. മതിലിന്റെ പണിയില്‍ ഏര്‍പ്പെട്ട് നമ്മള്‍ പലയിടത്തായിരിക്കുന്നു.20 നിങ്ങള്‍ എവിടെയായിരുന്നാലും കാഹളം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കു ചുറ്റും വന്നുകൂടുവിന്‍. നമ്മുടെ ദൈവം നമുക്കുവേണ്ടി പോരാടും.21 അങ്ങനെ, ഞങ്ങള്‍ പണിയില്‍ മുഴുകി. പകുതിപ്പേര്‍ പ്രഭാതംമുതല്‍ നക്ഷത്രങ്ങള്‍ തെളിയുന്നതുവരെ കുന്തം വഹിച്ചുനിന്നു.22 അപ്പോള്‍ ഞാന്‍ ജനത്തോടു പറഞ്ഞു: ഓരോ ആളും ഭൃത്യനോടുകൂടെ രാത്രി ജറുസലെ മില്‍ കഴിക്കുക. അങ്ങനെ രാത്രി കാവലും പകല്‍ ജോലിയും നടക്കട്ടെ.23 ഞാനും സഹോദരരും ഭ്യത്യന്‍മാരും എന്നെ അനുഗമിച്ച കാവല്‍ക്കാരും വസ്ത്രം മാറ്റിയില്ല. ഓരോരുത്തരും ആയുധം ഏന്തിയിരുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment