Nehemiah, Chapter 5 | നെഹമിയാ, അദ്ധ്യായം 5 | Malayalam Bible | POC Translation

Advertisements

ദരിദ്രരുടെ പരാതി

1 ജനത്തില്‍ പലരും സ്ത്രീപുരുഷഭേദമെന്നിയേ യഹൂദസഹോദരന്‍മാര്‍ക്കെതിരേ ആവലാതി പറഞ്ഞു.2 ചിലര്‍ പറഞ്ഞു: പുത്രീപുത്രന്‍മാരടക്കം ഞങ്ങള്‍ വളരെപ്പേരുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കു ധാന്യം തരുക.3 മറ്റു ചിലര്‍ പറഞ്ഞു: ക്ഷാമം നിമിത്തം വയലുകളും മുന്തിരിത്തോപ്പുകളും വീടുകളും ഞങ്ങള്‍ ധാന്യത്തിനുവേണ്ടി പണയപ്പെടുത്തി.4 വേറെചിലര്‍ പറഞ്ഞു: വയലുകളുടെയും മുന്തിരിത്തോപ്പുകളുടെയും മേലുള്ള രാജകീയനികുതി അടയ്ക്കാന്‍ ഞങ്ങള്‍ കടം വാങ്ങിയിരുന്നു.5 എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ സഹോദരന്‍മാരെപ്പോലെ തന്നെയാണ്; ഞങ്ങളുടെ മക്കള്‍ അവരുടെ മക്കളെപ്പോലെയും. എന്നിട്ടും ഞങ്ങളുടെ പുത്രീപുത്രന്‍മാരെ ഞങ്ങള്‍ അടിമത്തത്തിലേക്കു തള്ളിവിടുന്നു. ഞങ്ങളുടെ പുത്രിമാരില്‍ ചിലര്‍ അടിമകളായിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ നിസ്‌സഹായരാണ്. ഞങ്ങളുടെ വയലുകളും മുന്തിരിത്തോപ്പുകളും അന്യാധീനമാണ്.6 അവരുടെ ആവലാതി കേട്ട് എനിക്കു കോപം തോന്നി.7 പ്രമാണിമാരുടെയും സേവ കന്‍മാരുടെയുംമേല്‍ കുറ്റം ആരോപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ സഹോദരന്‍മാരില്‍നിന്നു പലിശ ഈടാക്കുന്നു.8 അവര്‍ക്കെതിരേ ഞാന്‍ സഭ വിളിച്ചുകൂട്ടി. ഞാന്‍ പറഞ്ഞു: ജനതകള്‍ വിലയ്ക്കുവാങ്ങിയ യഹൂദസഹോദരന്‍മാരെ കഴിവുള്ളിടത്തോളം നമ്മള്‍ വീണ്ടെടുത്തു. എന്നാല്‍, ഇനിയും നാം വീണ്ടെടുക്കേണ്ടവിധം നിങ്ങള്‍ അവരെ വില്‍ക്കുന്നു. ഒരു വാക്കുപോലും പറയാനില്ലാത്തവിധം അവര്‍ നിശ്ശബ്ദത പാലിച്ചു. ഞാന്‍ പറഞ്ഞു: നിങ്ങള്‍ ചെയ്യുന്നതു ശരിയല്ല.9 ശത്രുജനതകളുടെ പരിഹാസത്തിന് ഇരയാകാതിരിക്കാന്‍ നിങ്ങള്‍ നമ്മുടെ ദൈവത്തോടുള്ള ഭക്തിയില്‍ ചരിക്കേണ്ടതല്ലേ?10 കൂടാതെ, ഞാനും സഹോദരന്‍മാരും ഭൃത്യരും, അവര്‍ക്കു പണവും ധാന്യവും വായ്പ കൊടുക്കുന്നു. പലിശവാങ്ങല്‍ നമുക്ക് ഉപേക്ഷിക്കാം.11 അവരുടെ വയലുകളും മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും ഭവനങ്ങളും പണം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയ്ക്ക് ഈടാക്കിയിരുന്ന ശതാംശവും ഇന്നുതന്നെ അവര്‍ക്കു തിരിച്ചു കൊടുക്കണം.12 അവര്‍ പറഞ്ഞു: ഞങ്ങള്‍ അവ തിരിച്ചുകൊടുക്കാം. അവരില്‍നിന്നു ഞങ്ങള്‍ ഒന്നും ആവശ്യപ്പെടുകയില്ല. അങ്ങ് പറയുന്നത് ഞങ്ങള്‍ അനുസരിക്കാം. അനന്തരം ഞാന്‍ പുരോഹിതന്‍മാരെ വിളിച്ച്, അവരുടെ സാന്നിധ്യത്തില്‍ തങ്ങളുടെ പ്രതിജ്ഞ നിറവേറ്റുമെന്ന് നേതാക്കന്‍മാരെക്കൊണ്ടു ശപഥം ചെയ്യിച്ചു.13 ഞാന്‍ എന്റെ മടികുടഞ്ഞുകൊണ്ടു പറഞ്ഞു: ഈ ശപഥം പാലിക്കാത്തവനെ ദൈവം ഇതുപോലെ അവന്റെ വീട്ടില്‍നിന്നും ജോലിയില്‍നിന്നും കുടഞ്ഞുകളയട്ടെ; അങ്ങനെ അവന് എല്ലാം നഷ്ടപ്പെടട്ടെ. അങ്ങനെ ആകട്ടെ എന്നു പറഞ്ഞു ജനം കര്‍ത്താവിനെ സ്തുതിച്ചു. അവര്‍ പ്രതിജ്ഞ പാലിച്ചു.14 അര്‍ത്താക്‌സെര്‍ക്‌സെസ് രാജാവിന്റെ ഇരുപതാം ഭരണവര്‍ഷം ഞാന്‍ യൂദായില്‍ ദേശാധിപതിയായി നിയമിക്കപ്പെട്ടതുമുതല്‍ അവന്റെ മുപ്പത്തിരണ്ടാം ഭരണവര്‍ഷംവരെ പന്ത്രണ്ടു വര്‍ഷത്തേക്കു ഞാനോ എന്റെ സഹോദരന്‍മാരോ ദേശാധിപതിക്കുള്ള ഭക്ഷണവേതനം വാങ്ങിയില്ല.15 എന്റെ മുന്‍ഗാമികളായ ദേശാധിപതികളാകട്ടെ ജനത്തിന്റെ മേല്‍ ഭാരം ചുമത്തുകയും, നാല്‍പതു ഷെക്കല്‍ വെള്ളിക്കുപുറമേ ഭക്ഷണവും വീഞ്ഞും ഈടാക്കുകയും ചെയ്തു. അവരുടെ സേവകര്‍പോലും ജനത്തെ ഭാരപ്പെടുത്തി. എന്നാല്‍, ദൈവത്തെ ഭയപ്പെട്ടതിനാല്‍ ഞാനങ്ങനെ ചെയ്തില്ല.16 ഞാന്‍ മതില്‍പണിയില്‍ ദത്തശ്രദ്ധനായിരുന്നു. ഞാന്‍ വസ്തുവകകള്‍ സമ്പാദിച്ചില്ല. എന്റെ ഭൃത്യന്‍മാരും ഈ ജോലിയില്‍ ഏര്‍പ്പെട്ടു.17 ചുറ്റുമുള്ള ജനതകളില്‍നിന്നു വന്നവര്‍ക്കു പുറമേ, യഹൂദരും അവരുടെ നായകന്‍മാരുമായി നൂറ്റിയന്‍പതുപേര്‍ എന്നോടൊത്തു ഭക്ഷിച്ചിരുന്നു.18 ഒരു ദിവസത്തേക്ക് ഒരു കാളയും കൊഴുത്ത ആറ് ആടുകളും അതിനൊത്ത കോഴികളും ആണ് വേണ്ടിയിരുന്നത്. പത്തു ദിവസം കൂടുമ്പോള്‍ വീഞ്ഞുനിറച്ച തോല്‍ക്കുടങ്ങള്‍ ധാരാളം ഒരുക്കിയിരുന്നു. എന്നിട്ടും ഭരണാധികാരിക്കുള്ള ഭക്ഷണവേതനം ഞാന്‍ ആവശ്യപ്പെട്ടില്ല. കാരണം, ദുര്‍വഹമായ ഭാരമാണ് ജനം താങ്ങിയിരുന്നത്.19 എന്റെ ദൈവമേ, ഞാന്‍ ഈ ജനത്തിനുവേണ്ടി ചെയ്തത് ഓര്‍ത്ത് എനിക്കു നന്‍മ വരുത്തണമേ!

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment