Nehemiah, Chapter 6 | നെഹമിയാ, അദ്ധ്യായം 6 | Malayalam Bible | POC Translation

Advertisements

നെഹെമിയായ്‌ക്കെതിരേ ഗൂഢാലോചന

1 ഞാന്‍ കതകു കൊളുത്തിയില്ലെങ്കിലും മതില്‍ പണിത് വിടവുകള്‍ അടച്ചു എന്നു സന്‍ബല്ലാത്തും തോബിയായും അറേബ്യനായ ഗഷെമും മറ്റു ശത്രുക്കളും അറിഞ്ഞു.2 സന്‍ബല്ലാത്തും ഗഷെമും എനിക്കു സന്‌ദേശം അയച്ചു: വരുക, ഓനോസമതലത്തില്‍ ഏതെങ്കിലും ഗ്രാമത്തില്‍ വച്ചു നമുക്ക് ഒരു കൂടിക്കാഴ്ച നടത്താം. എന്നെ ഉപദ്രവിക്കുകയായിരുന്നു അവരുടെ ഉദ്‌ദേശ്യം.3 ഞാന്‍ ദൂതന്‍മാരെ അയച്ച് അവരോടു പറഞ്ഞു: ഞാനൊരു വലിയ കാര്യം ചെയ്യുകയാണ്; എനിക്കു വരുക സാധ്യമല്ല. ഞാന്‍ ഇറങ്ങിവന്ന് പണിക്ക് മുടക്കം വരുത്തുന്നതെന്തിന്?4 അവര്‍ നാലുപ്രാവശ്യം ഈ സന്‌ദേശമയയ്ക്കുകയും ഞാന്‍ ഇതേ ഉത്തരം നല്‍കുകയും ചെയ്തു.5 അഞ്ചാം പ്രാവശ്യവും സന്‍ബല്ലാത് ഭൃത്യനെ തുറന്ന കത്തുമായി അയ ച്ചു.6 അതില്‍ ഇങ്ങനെ എഴുതിയിരുന്നു, നീയും യഹൂദന്‍മാരും എതിര്‍ക്കാന്‍ ഉദ്‌ദേശിച്ചാണ് മതില്‍ പണിയുന്നതെന്നും നീ അവരുടെ രാജാവാകാന്‍ ഉദ്‌ദേശിക്കുന്നുവെന്നും ജനതകളുടെ ഇടയില്‍ കേള്‍വിയുണ്ട്. ഗഷെമും അതുതന്നെ പറയുന്നു.7 യൂദായില്‍ ഒരു രാജാവുണ്ടായിരിക്കുന്നുവെന്ന് നിന്നെക്കുറിച്ചു ജറുസലെമില്‍ വിളംബരം ചെയ്യുന്നതിന് നീ പ്രവാചകരെ നിയോഗിച്ചിരിക്കുന്നു എന്നും കേള്‍ക്കുന്നു. ഇവയെല്ലാം രാജസന്നിധിയില്‍ അറിയിക്കും. അതിനാല്‍ വരുക, നമുക്കു കൂടിയാലോചന നടത്താം.8 ഞാന്‍ അവനു മറുപടി നല്‍കി: നീ പറയുന്നതൊന്നും നടന്നിട്ടില്ല. എല്ലാം നിന്റെ സങ്കല്‍പമാണ്.9 ജോലി ചെയ്യാനാവാത്തവിധം ഞങ്ങളുടെ കരങ്ങള്‍ തളര്‍ന്നുപോകും എന്നു കരുതി അവര്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ ഉദ്യമിച്ചു. ദൈവമേ, അവിടുന്ന് ഇപ്പോള്‍ എന്റെ കരങ്ങള്‍ ശക്തിപ്പെടുത്തണമേ!10 വീട്ടുതടങ്കലില്‍ ആയിരുന്ന ഷെമായായുടെ അടുത്തു ഞാന്‍ ചെന്നു. അവന്‍ മെഹഥാബേലിന്റെ പുത്രനായ ദലായായുടെ മകനാണ്. അവന്‍ എന്നോടു പറഞ്ഞു: നമുക്കു ദേവാലയത്തിനുള്ളില്‍ കതകടച്ച് ഇരിക്കാം. അവര്‍ അങ്ങയെ കൊല്ലാന്‍ നോക്കുന്നു; രാത്രിയില്‍ അവര്‍ വരും.11 ഞാന്‍ പറഞ്ഞു: എന്നെപ്പോലുള്ള ഒരാള്‍ പേടിച്ചോടുകയോ? എന്നെപ്പോലുള്ള ആരെങ്കിലും ദേവാലയത്തിനുള്ളില്‍ ഒളിച്ച് ജീവന്‍ രക്ഷിക്കുമോ? ഞാന്‍ അതു ചെയ്യുകയില്ല.12 അവന്റെ വാക്കുകള്‍ ദൈവപ്രചോദിതമല്ലെന്നും തോബിയായും സന്‍ബല്ലാത്തും കൂലിക്കെടുത്തതുകൊണ്ടാണ് എനിക്കെതിരേ പ്രവചിക്കുന്നതെന്നും എനിക്കു മനസ്‌സിലായി.13 ഭയപ്പെട്ട് ഇപ്രകാരം പ്രവര്‍ത്തിച്ച്, ഞാന്‍ പാപം ചെയ്യുന്നതിനും അങ്ങനെ എനിക്കു ദുഷ്‌കീര്‍ത്തിയുണ്ടായി എന്നെ അവഹേ ളിക്കുന്നതിനും വേണ്ടി അവര്‍ അവനെ കൂലിക്കെടുത്തതാണ്.14 എന്റെ ദൈവമേ, തോബിയായ്ക്കും സന്‍ബല്ലാത്തിനും അവരുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നല്‍കണമേ! പ്രവാചികയായ നൊവാദിയായെയും എന്നെ ഭയപ്പെടുത്താനുദ്യമിച്ച മറ്റു പ്രവാചകന്‍മാരെയും ഓര്‍ക്കണമേ!

മതില്‍ പൂര്‍ത്തിയാകുന്നു

15 അങ്ങനെ, അന്‍പത്തിരണ്ടാം ദിവസം എലൂള്‍ മാസം ഇരുപത്തഞ്ചാം ദിവസം പണിപൂര്‍ത്തിയായി.16 ഇതറിഞ്ഞു ഞങ്ങളുടെ ശത്രുക്കളും ചുറ്റുമുള്ള ജനതകളും ഭയപ്പെട്ടു. അവര്‍ക്ക് ആത്മവിശ്വാസം നശിച്ചു. ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താലാണ് ഈ പണി നടന്നതെന്ന് അവര്‍ മനസ്‌സിലാക്കി.17 അക്കാലത്ത് യൂദായിലെ ശ്രേഷ്ഠന്‍മാരും തോബിയായും തമ്മില്‍ കത്തിടപാടുകള്‍ ഉണ്ടായിരുന്നു.18 അവന്‍ ആരായുടെ പുത്രന്‍ ഷെക്കാനിയായുടെ ജാമാതാവായിരുന്നു. തോബിയായുടെ പുത്രന്‍ യോഹനാന്‍ ബറെക്കിയായുടെ പുത്രന്‍ മെഷുല്ലാമിന്റെ മകളെയാണ് വിവാഹം ചെയ്തിരുന്നത്. അതിനാല്‍, യൂദായില്‍ പലരും അവന്റെ പക്ഷത്തായിരുന്നു.19 അവര്‍ എന്റെ മുന്‍ പില്‍ അവനെ പ്രശംസിച്ചു. ഞാന്‍ പറഞ്ഞവയെല്ലാം അവനെ അറിയിക്കുകയും ചെയ്തു. തോബിയാ എനിക്കു ഭീഷണിക്കത്തുകള്‍ അയച്ചുകൊണ്ടിരുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment