Tobit, Chapter 2 | തോബിത്, അദ്ധ്യായം 2 | Malayalam Bible | POC Translation

Advertisements

തോബിത് അന്ധനാകുന്നു

1 വീട്ടില്‍ എത്തിയ എനിക്കു ഭാര്യ അന്നയെയും പുത്രന്‍ തോബിയാസിനെയും തിരിച്ചുകിട്ടി. ഏഴാഴ്ചയുടെ ഉത്‌സവമായ പെന്തക്കുസ്താത്തിരുനാളായിരുന്നു അന്ന്. എന്റെ ബഹുമാനത്തിനായി തയ്യാറാക്കിയ വിഭവസമൃദ്ധമായ വിരുന്നില്‍ ഞാന്‍ ഭക്ഷ ണത്തിനിരുന്നു.2 ഭക്ഷണസാധനങ്ങളുടെ സമൃദ്ധി കണ്ടു ഞാന്‍ മകനോടു പറഞ്ഞു: പോയി നമ്മുടെ സഹോദരരില്‍ നീ കാണുന്ന ദൈവവിചാരമുള്ള ദരിദ്രനെ കൊണ്ടുവരിക; ഞാന്‍ കാത്തിരിക്കാം.3 അവന്‍ പോയിവന്നിട്ടു പറഞ്ഞു. പിതാവേ, നമ്മുടെ ജനത്തിലൊരാളെ ആരോ കഴുത്തു ഞെരിച്ചു കൊന്ന്, ഇതാ ചന്തസ്ഥലത്തു തള്ളിയിരിക്കുന്നു.4 ഭക്ഷണം തൊട്ടുനോക്കുകപോലും ചെയ്യാതെ ഞാന്‍ അങ്ങോട്ട് ഓടി. സൂര്യാസ്തമയംവരെ ശവശരീരം ഒരു സ്ഥലത്തു ഭദ്രമായി സൂക്ഷിച്ചു.5 ഞാന്‍ തിരിച്ചുവന്നു കുളിച്ച് അതീവ ദുഃഖത്തോടെ ആഹാരം കഴിച്ചു.6 ആമോസ് പ്രവാചകന്റെ വാക്കുകള്‍ ഓര്‍മയില്‍വന്നു: നിങ്ങളുടെ ഉത്‌സവങ്ങള്‍ ദുഃഖ മയമായും നിങ്ങളുടെ ആനന്ദത്തിമിര്‍പ്പുകള്‍ വിലാപമായും മാറും. ഞാന്‍ കരഞ്ഞു.7 സൂര്യാസ്തമയത്തിനുശേഷം ഞാന്‍ ചെന്നു കുഴികുഴിച്ചു മൃതദേഹം സംസ്‌കരിച്ചു.8 അയല്‍ക്കാര്‍ എന്നെ പരിഹസിച്ചു പറഞ്ഞു: ഈ പ്രവൃത്തി വധശിക്ഷയ്ക്കു കാരണമാകുമെന്ന് അവനു ഭയമില്ലല്ലോ. ഒരിക്കല്‍ നാടുവിട്ടോടിയവനാണ്; എന്നിട്ടും ഇതാ പഴയപടി മരിച്ചവരെ സംസ്‌കരിക്കുന്നു.9 ശവസംസ്‌കാരം കഴിഞ്ഞ് രാത്രിതന്നെ ഞാന്‍ വീട്ടിലേക്കു മടങ്ങി. അശുദ്ധനായിരുന്നതുകൊണ്ട് ഞാന്‍ അങ്കണത്തിന്റെ മതിലിനോടു ചേര്‍ന്നുകിടന്ന് ഉറങ്ങി; മുഖം മൂടിയിരുന്നില്ല.10 എന്റെ പുറകില്‍ മതിലിന്‍മേല്‍ കുരുവികള്‍ ഇരിക്കുന്നുണ്ടായിരുന്നു. അതു ഞാന്‍ അറിഞ്ഞില്ല. അന്നുരാത്രി കുരുവികളുടെ ചുടുകാഷ്ഠം ഇരുകണ്ണുകളിലും വീണ് വെളുത്ത പടലങ്ങള്‍ ഉണ്ടായി. പല വൈദ്യന്‍മാരെയും സമീപിച്ചെങ്കിലും ആര്‍ക്കും സുഖപ്പെടുത്താന്‍ കഴിഞ്ഞില്ല. എലിമായിസിലേക്കു സ്ഥലം മാറിപ്പോകുന്നതുവരെ അഹിക്കാര്‍ എന്നെ സംരക്ഷിച്ചു.11 ഉപജീവനത്തിനുവേണ്ടി എന്റെ ഭാര്യ അന്ന സ്ത്രീകള്‍ക്കു വശമായ തൊഴില്‍ ചെയ്തു.12 സാധനങ്ങള്‍ ഉണ്ടാക്കി ഉടമസ്ഥന്‍മാര്‍ക്കു കൊടുക്കുകയായിരുന്നു അവളുടെ പതിവ്. ഒരിക്കല്‍ അവള്‍ക്കു കൂലിക്കു പുറമേ ഒരാട്ടിന്‍കുട്ടിയെക്കൂടി അവര്‍ കൊടുത്തു.13 അവള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഞാന്‍ ചോദിച്ചു: ഇതിനെ എവിടെനിന്നുകിട്ടി? കട്ടെ ടുത്തതല്ലേ? ഉടമസ്ഥനെ തിരിച്ചേല്‍പിക്കുക. കട്ടെടുത്തത് ഭക്ഷിക്കുന്നത് ശരിയല്ല.14 കൂലിക്കു പുറമേസമ്മാനമായി തന്നതാണെന്ന് അവള്‍ പറഞ്ഞു. പക്‌ഷേ, എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആട്ടിന്‍കുട്ടിയെ തിരിച്ചുകൊടുക്കണമെന്ന് ഞാന്‍ ശഠിച്ചു. അവളുടെ ഈ പ്രവൃത്തിയില്‍ ഞാന്‍ ലജ്ജിച്ചു. അവള്‍ ചോദിച്ചു: നിന്റെ ദാനധര്‍മങ്ങളും സല്‍പ്രവൃത്തികളും എവിടെ? എല്ലാം അറിയാമെന്നല്ലേ ഭാവം?

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment