Tobit, Chapter 3 | തോബിത്, അദ്ധ്യായം 3 | Malayalam Bible | POC Translation

Advertisements

തോബിത്തിന്റെ പ്രാര്‍ഥന

1 ഞാന്‍ ദുഃഖഭാരത്തോടെ കരഞ്ഞു. ഹൃദയവ്യഥയോടെ ഞാന്‍ പ്രാര്‍ഥിച്ചു:2 കര്‍ത്താവേ, അവിടുന്നു നീതിമാനാണ്. അങ്ങയുടെ പ്രവൃത്തികളും അങ്ങയുടെ മാര്‍ഗങ്ങളും കാരുണ്യവും സത്യവും നിറഞ്ഞതാണ്. അങ്ങയുടെ വിധി എന്നും സത്യവും നീതിനിഷ്ഠവുമാണ്.3 എന്നെ ഓര്‍ക്കുകയും കാരുണ്യപൂര്‍വം കടാക്ഷിക്കുകയും ചെയ്യണമേ! എന്റെയും എന്റെ പിതാക്കന്‍മാരുടെയും പാപങ്ങള്‍ക്കും, ഞാന്‍ അറിയാതെ ചെയ്ത അപരാധങ്ങള്‍ക്കും അങ്ങ് ശിക്ഷ നല്‍കരുതേ!4 അങ്ങയുടെ കല്‍പനകള്‍ അവര്‍ പാലിച്ചില്ല. അതിനാല്‍, അങ്ങ് ഞങ്ങളെ കവര്‍ച്ചയ്ക്കും അടിമത്തത്തിനും മരണത്തിനും ഏല്‍പിച്ചുകൊടുത്തു. ഞങ്ങള്‍ ചിതറിപ്പാര്‍ത്ത ഇടങ്ങളിലെ ജനതകള്‍ക്ക് ഞങ്ങള്‍ പരിഹാസത്തിന്റെ പര്യായമായിത്തീര്‍ന്നു.5 എന്റെയും എന്റെ പിതാക്കന്‍മാരുടെയും പാപങ്ങള്‍ക്ക് അങ്ങു നല്‍കിയ ശിക്ഷന്യായയുക്തമാണ്. കാരണം, ഞങ്ങള്‍ അങ്ങയുടെ കല്‍പനകള്‍ പാലിച്ചില്ല; ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ സത്യസന്ധരായി വര്‍ത്തിച്ചുമില്ല.6 അങ്ങ് ഇഷ്ടാനുസരണം എന്നോടു പ്രവര്‍ത്തിക്കുക. എന്റെ ജീവന്‍ തിരിച്ചെ ടുത്തുകൊള്ളുക; ഞാന്‍ മരിച്ചു മണ്ണായിത്തീര്‍ന്നുകൊള്ളട്ടെ. ജീവിക്കുന്നതിനെക്കാള്‍ ഭേദം മരിക്കുകയാണ്. മിഥ്യാപവാദങ്ങള്‍ക്കു ഞാന്‍ ഇരയായിരിക്കുന്നു. എന്റെ ഹൃദയവ്യഥ ദുസ്‌സഹമാണ്. ഈ ദുഃഖത്തില്‍നിന്നു മുക്തിനേടി ശാശ്വതഭവനത്തിലേക്കു പോകാന്‍ അങ്ങ് കല്‍പിച്ചാലും. അങ്ങ് എന്നില്‍നിന്നു മുഖം തിരിക്കരുതേ!

സാറാ

7 അന്നുതന്നെ മറ്റൊരു സംഭവമുണ്ടായി. മേദിയായിലെ എക്ബത്താനായില്‍ റഗുവേ ലിന്റെ മകള്‍ സാറായെ അവളുടെ പിതാ വിന്റെ പരിചാരികമാര്‍ അധിക്‌ഷേപിച്ചു.8 ഏഴുപ്രാവശ്യം വിവാഹം ചെയ്തതാണവള്‍. എന്നാല്‍, അവളെ പ്രാപിക്കുന്നതിനുമുന്‍പ് ഓരോ ഭര്‍ത്താവും അസ്‌മോദേവൂസ് എന്ന ദുഷ്ടപിശാചിനാല്‍ വധിക്കപ്പെട്ടിരുന്നു. അതിനാല്‍, പരിചാരികമാര്‍ അവളോടു ചോദിച്ചു: നീ തന്നെയല്ലേ, ഭര്‍ത്താക്കന്‍മാരെ കഴുത്തുഞെരിച്ചു കൊന്നത്? ഏഴുപേരെ നിനക്കു ലഭിച്ചു.9 എന്നാല്‍, ആരുടെയും നാമം ധരിക്കാന്‍ നിനക്കിടയായില്ലല്ലോ! ഞങ്ങളെതല്ലുന്നതെന്തിനാണ്? അവര്‍ മരിച്ചെങ്കില്‍ നീയും അവരോടൊപ്പം പോവുക. നിന്റെ മകനെയോ മകളെയോ കാണാന്‍ ഞങ്ങള്‍ക്ക് ഇടവരാതിരിക്കട്ടെ.10 ഇതെല്ലാം കേട്ടുണ്ടായ ദുഃഖത്തിന്റെ ആധിക്യത്താല്‍ തൂങ്ങിമരിച്ചുകളയാമെന്നുപോലും അവള്‍ക്കു തോന്നിപ്പോയി. എങ്കിലും അവള്‍ പുനര്‍വിചിന്തനം ചെയ്തു: ഞാന്‍ പിതാവിന്റെ ഏക മകളാണ്. ഞാന്‍ ഇങ്ങനെ ചെയ്താല്‍ അവനത് അപമാനകരമായിരിക്കാം; വൃദ്ധനായ എന്റെ പിതാവ് വേദനകൊണ്ടു മരിക്കും.11 അവള്‍ കിളിവാതിലിന്റെ അടുത്തുനിന്നു പ്രാര്‍ഥിച്ചു: എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് വാഴ്ത്തപ്പെടട്ടെ! പരിശുദ്ധവും സംപൂജ്യവുമായ അങ്ങയുടെ നാമം എന്നെന്നും സ്തുതിക്കപ്പെടട്ടെ.12 എല്ലാ സൃഷ്ടികളും അവിടുത്തെ എന്നെന്നും വാഴ്ത്തട്ടെ! എന്റെ ദൃഷ്ടികളും മുഖവും അങ്ങയുടെ നേരേ തിരിഞ്ഞിരിക്കുന്നു.13 എന്നെ ഈ ഭൂമിയില്‍നിന്നു മോചിപ്പിക്കണമേ! ഞാന്‍ ഇനി അധിക്‌ഷേപങ്ങള്‍ കേള്‍ക്കാന്‍ ഇടവരാതിരിക്കട്ടെ!14 കര്‍ത്താവേ, ഞാന്‍ പുരുഷന്‍മാരുമായി പാപം ചെയ്തിട്ടില്ലെന്ന് അവിടുത്തേക്ക് അറിയാമല്ലോ.15 ഈ പ്രവാസത്തില്‍ എന്റെ യോ പിതാവിന്റെ യോ പേരിന് ഞാന്‍ കളങ്കം വരുത്തിയിട്ടില്ല. പിതാവിന്റെ ഏകജാതയാണു ഞാന്‍. അവകാശിയായി അവനു വേറെമക്കളില്ല. എനിക്കു ഭര്‍ത്താവാകാന്‍ അവന് ഉറ്റവനോ ഉറ്റവരുടെ മകനോ ഇല്ല. എന്റെ ഏഴു ഭര്‍ത്താക്കന്‍മാര്‍ മരിച്ചു. ഇനി ഞാനെന്തിനു ജീവിക്കണം? ഞാന്‍ ജീവിക്കണമെന്നാണ് അവിടുത്തെ ഹിതമെങ്കില്‍ എന്നെ കാരുണ്യപൂര്‍വം കടാക്ഷിക്കേണമേ! ഇനി അധിക്‌ഷേപങ്ങള്‍ കേള്‍ക്കാന്‍ ഇടവരാത്ത വിധം എനിക്കു മാന്യത നല്‍കണമേ!16 ഇരുവരുടെയും പ്രാര്‍ഥന ദൈവത്തിന്റെ മഹനീയ സന്നിധിയില്‍ എത്തി.17 അവര്‍ ഇരുവര്‍ക്കും ഉപശാന്തി നല്‍കാന്‍ – തോബിത്തിന്റെ കണ്ണുകളിലെ വെളുത്ത പടലം നീക്കംചെയ്യാനും, റഗുവേലിന്റെ പുത്രി സാറായെ തോബിത്തിന്റെ പുത്രന്‍ തോബിയാസിനു വധുവായി നല്‍കാനും, അസ്‌മോദേവൂസ് എന്ന ദുഷ്ടഭൂതത്തെ ബന്ധിക്കാനും- റഫായേല്‍ നിയുക്തനായി. സാറായെ സ്വന്തമാക്കാന്‍ തോബിയാസിനായിരുന്നു അവകാശം. തോബിത് മടങ്ങിവന്ന് വീട്ടിലേക്കു കയറിയതും, റഗുവേലിന്റെ പുത്രി സാറാ മുകളിലെ മുറിയില്‍നിന്ന് ഇറങ്ങിവന്നതും ഒരേ നിമിഷത്തിലായിരുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment