Tobit, Introduction | തോബിത്, ആമുഖം | Malayalam Bible | POC Translation

Advertisements

ബി.സി. 721-ല്‍ നിനെവേയിലേക്കു നാടുകടത്തപ്പെട്ട യഹൂദരില്‍ നഫ്താലി ഗോത്രത്തില്‍പ്പെട്ട ഒരു വ്യക്തിയാണ് തോബിത്. വിശ്വാസത്തിന്റെയും സുകൃതജീവിതത്തിന്റെയും മാതൃകയായിട്ടാണ് തോബിത്തിനെ അവതരിപ്പിക്കുന്നത്. കുടുംബജീവിതത്തെക്കുറിച്ചും ദാമ്പത്യവിശുദ്ധിയെക്കുറിച്ചും പല ധാര്‍മികോപദേശങ്ങളും നല്‍കുന്നതിനു ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം ദരിദ്രരോടും മരിച്ചവരോടും കാരുണ്യം കാണിക്കുന്നവരെ ദൈവം ക്ലേശകാലങ്ങളില്‍ അനുസ്മരിക്കുകയും അവര്‍ക്കു പ്രതിഫലം നല്‍കുകയും ചെയ്യുമെന്ന് തോബിത്തില്‍ വ്യക്തമായി കാണാം. ദൈവഭക്തനും നിയമം പാലിക്കുന്നവനും ഉദാരമതിയുമായ തോബിത്തിനു തിക്തമായ അനുഭവങ്ങളാണ് പ്രതിഫലം. പരസ്‌നേഹപ്രവൃത്തികളില്‍ വ്യാപൃതനായ അദ്‌ദേഹം അന്ധനായിത്തീര്‍ന്നു; ജീവിതംതന്നെ കയ്പുനിറഞ്ഞതായിത്തീര്‍ന്നു. എക്ബത്താനായില്‍ മറ്റൊരു ദയനീയാവസ്ഥ. തോബിത്തിന്റെ ബന്ധുവായ റഗുവേലിന്റെ പുത്രി സാറാ ഏഴു പ്രാവശ്യം വിവാഹിതയായി. എന്നാല്‍ വിവാഹദിവസംതന്നെ ഭര്‍ത്താക്കന്‍മാര്‍ ഏഴുപേരും പിശാചിനാല്‍ വധിക്കപ്പെട്ടു. തോബിത്തും സാറായും മരിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ദീര്‍ഘമായ പരീക്ഷണങ്ങള്‍ക്കുശേഷം ദൈവം തന്റെ വിശ്വസ്തദാസര്‍ക്കു നല്‍കുന്ന സംരക്ഷണം അവര്‍ക്ക് അനുഭവപ്പെടുന്നു. തോബിത്തിന്റെ മകന്‍ തോബിയാസും സാറായും വിവാഹിതരാകുന്നു. ദാമ്പത്യജീവിതം പരിശുദ്ധമായി ആചരിച്ച അവര്‍ പിശാചുഭീഷണിയെ അതിജീവിക്കുന്നു. തോബിത്തിന്റെ അന്ധത നീങ്ങുന്നു. റഫായേല്‍ദൂതന്‍ വഴിയാണ് ദൈവം ഇക്കാര്യങ്ങള്‍ നിര്‍വഹിച്ചത്. ധാര്‍മികതയില്‍ പുതിയ നിയമത്തോടു വളരെ അടുത്തുനില്‍ക്കുന്ന ഒരു ഗ്രന്ഥമാണ് തോബിത്. ഏതെങ്കിലും ചരിത്രസംഭവത്തെ ആസ്പദമാക്കി പ്രബോധനലക്ഷ്യത്തോടെ സ്വതന്ത്രമായി രചിച്ചിട്ടുള്ളതാണിത്. അരമായഭാഷയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിന്റെ മൂലരേഖകള്‍ നഷ്ടപ്പെട്ടു. ഗ്രീക്കുവിവര്‍ത്തനമാണ് നിലവിലുള്ളത്.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment