1870ൽ യൗസേപ്പിതാവിനെ സാർവ്വത്രിക സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഡിക്രിയിൽ ഒൻപതാം പീയൂസ് മാർപാപ്പ ഇങ്ങനെ പറഞ്ഞു,
“സഭ എല്ലാ വശത്തുനിന്ന് ആക്രമിക്കപ്പെടുകയും നരക കവാടങ്ങൾ അവൾക്കെതിരെ പ്രബലമായി എന്ന് ദൈവഭയമില്ലാത്ത മനുഷ്യർ പ്രഖ്യാപിക്കത്തക്ക വിധം ഗുരുതരമായ പ്രതിസന്ധികളാൽ അവൾ തളരുകയും ചെയ്യുന്ന ക്ലേശകരമായ ഈ സമയത്ത് “…
ഈ പ്രതിസന്ധിയെ മറികടക്കാനാണ് തിരുസഭ യൗസേപ്പിതാവിന്റെ സവിശേഷമധ്യസ്ഥം തേടിയത്. ഇക്കാലയളവിലും ഇതിന് സമാനമായ സാഹചര്യമാണ് തിരുസഭ അഭിമുഖീകരിക്കുന്നത്. നമ്മുടെ ജന്മനാട്ടിലാണെങ്കിൽ ഓരോ ദിവസവും അക്രമവും കുറ്റകൃത്യങ്ങളും ആത്മഹത്യയുമൊക്കെ പെരുകി വരുന്ന വാർത്തകളും. ഇതിനെയൊന്നും പൊരുതി തോൽപ്പിക്കാൻ മാനുഷിക ശക്തി കൊണ്ട് മാത്രം സാധ്യമല്ല. സ്വർഗ്ഗത്തിന്റെ സഹായം കൂടി നമുക്ക് അനിവാര്യമായിരിക്കുന്നു. യൗസേപ്പിതാവിനോടുള്ള പ്രതിഷ്ഠയും ഭക്തിയുമൊക്കെ വളർത്തുക വഴി സഭയിലുണ്ടാകുന്ന ആന്തരിക നവീകരണം, സ്വർഗീയ ആയുധങ്ങൾ ഉപയോഗിച്ചുള്ള ശക്തമായ ഒരു പോരാട്ടത്തിന് നമ്മെ ശക്തരാക്കും.
സഭയും, ലോകവും, കുടുംബവും രക്ഷപ്പെടാനായി ഈശോയുടെ തിരുഹൃദയത്തിനും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനും വിശുദ്ധ യൗസേപ്പിതാവിന്റെ നിർമലഹൃദയത്തിനും പ്രതിഷ്ഠിതരാവുന്നത് എന്തുകൊണ്ടും അനുപേക്ഷണീയമാണ്. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാം പാപ്പ പറഞ്ഞ പോലെ, ദൈവമാതാവ് എന്ന നിലയിലുള്ള ഔന്നത്യം പരിശുദ്ധ അമ്മക്ക് പണ്ടുമുതലേ ഉണ്ടായിരുന്നെങ്കിലും യൗസേപ്പിതാവ് തന്റെ സ്വഭാവം പോലെ തന്നെ നൂറ്റാണ്ടുകളായി മറഞ്ഞിരുന്നു. വിശ്വാസികളുടെ ഹൃദയങ്ങളിൽ ആ പിതാവിനോടുള്ള ഭക്തിയും പ്രാർത്ഥനകളും രൂപപ്പെടാൻ വർഷങ്ങളെടുത്തു.
നൂറ്റാണ്ടുകളായി ദൈവം ഈ ഒരു തിരിച്ചറിവിലേക്ക് സഭയെ നയിക്കുകയായിരുന്നു. തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ മെയ് ഒന്നാം തിയതി, പന്ത്രണ്ടാം പീയൂസ് പാപ്പ സ്ഥാപിച്ചത് 1955ൽ. 1962ൽ വി. ജോൺ ഇരുപത്തി മൂന്നാം പാപ്പ, വിശുദ്ധ യൗസേപിതാവിന്റെ പേര് ലത്തീൻ കുർബ്ബാനയിൽ ഒന്നാമത്തെ സ്തോത്രയാഗപ്രാർത്ഥനയിൽ ചേർത്തു. 1989ൽ, രക്ഷകന്റെ പാലകൻ എന്ന അപ്പസ്തോലികരേഖ ആ പിതാവിനെക്കുറിച്ച് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പുറത്തിറക്കി. 2013ൽ ബെനഡിക്റ്റ് പതിനാറാം പാപ്പയുടെ ആഗ്രഹം പൂർത്തീകരിച്ചു കൊണ്ട്, ഫ്രാൻസിസ് പാപ്പ, വിശുദ്ധ യൗസേപിതാവിന്റെ പേര് എല്ലാ സ്തോത്രയാഗപ്രാർത്ഥനയിലും ചേർക്കുകയും വത്തിക്കാൻ നഗരത്തെ വിശുദ്ധ യൗസേപ്പിതാവിന് പ്രതിഷ്ഠിക്കുകയും ചെയ്തു.
ഇതിനെല്ലാം കാരണങ്ങൾ പലതാണ്. ഒന്നാമതായി, കുടുംബത്തെയും വിവാഹത്തെയും സംരക്ഷിക്കുന്നതിന് നമ്മെ സഹായിക്കാനായി വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയ പിതൃത്വം നമുക്കാവശ്യമാണ്. വിവാഹവും കുടുംബവും നിരവധിയായ ആക്രമണങ്ങൾക്ക് എന്നും വിധേയമായികൊണ്ടിരിക്കുന്നു. ആധുനിക കാലഘട്ടത്തിൽ അത് മൂർദ്ധന്യാവസ്ഥയിലാണ്. ഫാത്തിമ പ്രത്യക്ഷീകരണത്തിലെ കുട്ടികളിൽ, ഏറ്റവും കൂടുതൽ നാൾ ഈ ലോകത്തു ജീവിച്ച ദൈവദാസി ലൂസി ഇങ്ങനെ പറഞ്ഞു,
“ കർത്താവും സാത്താന്റെ സാമ്രാജ്യവും തമ്മിലുള്ള അവസാന യുദ്ധം വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമായിരിക്കും”.
സാത്താന്റെ ചതികളെ നേരിടാനും അതിജീവിക്കാനും സഭക്ക് വിശുദ്ധ യൗസേപ്പിതാവിനെ ആവശ്യമുണ്ട്. ഇക്കാലഘട്ടത്തിലെ പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ നമുക്കവന്റെ മാതൃകയും സംരക്ഷണവും വേണം. പിശാചുക്കളുടെ പരിഭ്രമവും തിരുക്കുടുംബത്തിന്റെ ശിരസ്സുമായവനിലേക്ക് തിരിഞ്ഞില്ലെങ്കിൽ പിന്നെ ആരിലേക്കാണ്? വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് ഇറക്കിയ അപ്പസ്തോലികരേഖയിൽ പറഞ്ഞത്, വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം വിളിച്ചപേക്ഷിക്കുന്നത് എല്ലാ അപകടങ്ങൾക്കും എതിരെ ഉള്ള ഒരു പ്രതിരോധമായിട്ട് മാത്രമല്ല, പകരം ലോകത്തെ സുവിശേഷവൽക്കരിക്കാനും ഒരിക്കൽ ക്രിസ്തീയജീവിതവും സന്യാസവും നന്നായി പുഷ്പിക്കുകയും എന്നാൽ ഇന്ന് നിരവധിയായ പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുന്ന ദേശങ്ങളിൽ നവസുവിശേഷവൽക്കരണം നടത്തുവാനും ആ പിതാവിനെ സഭക്ക് വളരെയധികം ആവശ്യമുണ്ടെന്നാണ്.
നസ്രത്തിലെ കുടുംബം സ്വർഗീയ ത്രിത്വത്തെ പ്രതിനിധീകരിക്കുന്നു. ആത്മീയ ദത്തെടുക്കലിലൂടെ, ത്രീയെക കൂട്ടായ്മയിൽ ദൈവം നമ്മെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ഇത് മാമോദീസയിലൂടെയാണ് സംഭവിക്കുന്നത്. ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങളാകുക വഴി ഈ ഭൂമിയിലെ ദൈവത്തിന്റെ കുടുംബമായ തിരുക്കുടുംബത്തിലെ അംഗമായി. ഇതിലെ അംഗത്വം, സ്വർഗീയ തിരുക്കുടുംബത്തിൽ പ്രവേശിപ്പിക്കാൻ നമ്മെ ഒരുക്കുന്നു. യൗസേപ്പിതാവിനെ നമ്മൾ ആത്മീയ പിതാവാക്കുമ്പോൾ, സ്വർഗീയ പിതാവിന്റെ ശിശുവാകാൻ… എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ പ്രാർത്ഥിക്കണമെന്നും എങ്ങനെ പരിത്യാഗം ചെയ്യണമെന്നും എങ്ങനെ ജോലി ചെയ്യണമെന്നും അവൻ നമ്മെ പഠിപ്പിക്കും.
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രതിഷ്ഠയുടെ സമയമാണിപ്പോൾ. കുടുംബത്തെയും വിവാഹത്തെയും സംരക്ഷിക്കാൻ, നഷ്ടപ്പെട്ട മൂല്യങ്ങൾ വീണ്ടെടുക്കാൻ, നമ്മുടെ മക്കളെ നഷ്ടപ്പെടാതെ ചേർത്തു നിർത്താൻ, ഈശോക്ക് വേണ്ടി ആത്മാക്കളെ നേടാൻ, യുദ്ധക്കളത്തിലേക്ക് യൗസേപ്പിതാവിനെ കൊണ്ടുവരാൻ ഈശോ പറയുന്നു. ആ പിതാവിന്റെ നിർമലഹൃദയത്തോടുള്ള പരിശുദ്ധ അമ്മയ്ക്കും സന്തോഷകരമാണ്. മറിയം നമ്മുടെ ആത്മീയ അമ്മയാണ്. ആത്മീയ പിതാവ്, യൗസേപ്പിതാവും. ആ പിതാവിനോട് സമർപ്പണം നടത്തുന്നത് വഴി മറിയത്തോടുള്ള സമർപ്പണത്തിന് മങ്ങലേൽക്കുകയില്ല. ഈശോയുടെയും മറിയത്തിന്റെയും യൗസേപ്പിതാവിന്റെയും ഹൃദയങ്ങൾ അത്ര ചേർന്നാണിരിക്കുന്നത്.
“ ഈ ഭൂമിയിൽ തന്നെ പ്രതിനിധീകരിക്കാൻ നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിന് ഒരു വിശുദ്ധൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാൽ ഈ പ്രിയപ്പെട്ട വിശുദ്ധനിൽ തനിക്ക് ചൊരിയാൻ സാധിക്കുന്ന എല്ലാ വിധ കൃപകളും ചൊരിയുകയും തന്റെ യോഗ്യതയുള്ള പ്രതിനിധിയാകാൻ വേണ്ടി അവനു ആവശ്യമായുള്ളതെല്ലാം കൊടുത്ത് അവനെ ഒരുക്കുകയും ചെയ്തു “ ( വിശുദ്ധ പീറ്റർ ജൂലിയൻ ).
ആ പിതാവിനോടുള്ള പ്രതിഷ്ഠ നമ്മിലുള്ള, ദൈവപിതാവിന്റെ സാന്നിധ്യം വർദ്ധിപ്പിക്കും. ദൈവപിതാവിന്റെ ഈ ഭൂമിയിലെ ഏക പ്രതിനിധിയായ വിശുദ്ധ യൗസേപിതാവിന്റെ മേൽക്കൂരക്ക് കീഴിൽ അവന്റെ മകനായി ജീവിച്ച ഈശോ, അവന് നമ്മൾ നമ്മെത്തന്നെ പരിപൂർണ്ണമായി ഭരമേൽപ്പിക്കേണ്ടതിന് വ്യക്തിപരമായ മാതൃക നൽകി. ഈശോ തന്റെ ഭൗമിക പിതാവിനെ സ്നേഹിച്ചു, അനുസരിച്ചു, അനുകരിച്ചു. അവനെ അപ്പാ എന്ന് വിളിക്കുക മാത്രമല്ല, അവന്റെ മകനായി അറിയപ്പെടുന്നതിൽ ആനന്ദിച്ചു. ദൈവപിതാവിന്റെ പദ്ധതി പ്രകാരം ഈശോക്ക് ആ പിതാവിനെ അത്രയധികം ആവശ്യമുണ്ടെങ്കിൽ നമുക്കോ?
വിശുദ്ധി എന്ന് പറയുന്നത് ദൈവത്തോടുള്ള സ്നേഹനിർഭരവും ആഴമേറിയതുമായ ബന്ധമാണ്. അതായത് പാപത്തെ ഒഴിവാക്കി, പുണ്യങ്ങളുടെ വഴിയിൽ ചരിച്ച്, ദൈവസ്നേഹവും മനുഷ്യസ്നേഹവുമെന്ന കല്പന പാലിച്ചുകൊണ്ട് വിശുദ്ധീകരണ പ്രക്രിയയിൽ നിലനിൽക്കുക എന്നതാണ് . പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ അത് സാധ്യമല്ല. വിശുദ്ധ യൗസേപ്പിതാവ് എവിടെയെല്ലാം സന്നിഹിതനാണോ അവിടെയെല്ലാം പരിശുദ്ധാത്മാവ് സന്നിഹിതനാണ്. ഈശോയും മറിയവും കഴിഞ്ഞാൽ ഈ ഭൂമിയിൽ ജീവിച്ചിട്ടുള്ളവരിൽ വെച്ച് ഏറ്റവും കൂടുതൽ വിശുദ്ധിയിലും പ്രാർത്ഥനയിലും പുണ്യപ്പെട്ട ജീവിതം നയിച്ച വ്യക്തിയാണ്.
നിങ്ങളിൽ കുറേപേരെല്ലാം മാർച്ച് 19 ന്റെ തിരുന്നാളിനുള്ള ഒരുക്കമായി വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനകളും പ്രതിഷ്ഠയും ചെയ്യുന്നുണ്ടായിരിക്കും. ആ ആത്മീയ പിതാവിനോട് സാമ്യപ്പെടാനും കൃപകളാൽ നിറയാനും അതേ പിതാവിനോട് നമുക്ക് അപേക്ഷിക്കാം.
ജിൽസ ജോയ് ![]()
(സഹായിച്ചത്, വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രതിഷ്ഠ, നമ്മുടെ ആത്മീയ പിതാവിന്റെ വിസ്മയങ്ങൾ – ഡോണാൾഡ്. H. കാലൊവേ MIC)



Leave a comment