Tobit, Chapter 12 | തോബിത്, അദ്ധ്യായം 12 | Malayalam Bible | POC Translation

Advertisements

റഫായേല്‍ തന്നെത്തന്നെ വെളിപ്പെടുത്തുന്നു

1 തോബിത് മകന്‍ തോബിയാസിനെ വിളിച്ചുപറഞ്ഞു: മകനേ, നിന്നോടൊപ്പം വന്നവന്റെ കൂലി കൊടുക്കുക. പറഞ്ഞിരുന്നതിലും കൂടുതല്‍ കൊടുക്കണം.2 അവന്‍ പറഞ്ഞു: പിതാവേ, ഞാന്‍ കൊണ്ടുവന്നതിന്റെ പകുതികൊടുത്താലും ദോഷമില്ല.3 അവന്‍ എന്നെ സുരക്ഷിതനായി നിന്റെ അടുക്കല്‍ തിരിച്ചെത്തിച്ചു; എന്റെ ഭാര്യയെ സുഖപ്പെടുത്തി; എനിക്കുവേണ്ടി പണംവാങ്ങി; നിന്നെയും സുഖപ്പെടുത്തി.4 വൃദ്ധന്‍ പറഞ്ഞു: അവന്‍ അത് അര്‍ഹിക്കുന്നു.5 അവന്‍ ദൂതനെ വിളിച്ചുപറഞ്ഞു: നിങ്ങള്‍ കൊണ്ടുവന്നതിന്റെ യെല്ലാം പകുതി എടുത്തുകൊള്ളുക.6 ദൂതന്‍ രണ്ടുപേരെയും രഹസ്യമായി വിളിച്ചുപറഞ്ഞു: ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്കു നന്ദിപറയുകയും ചെയ്യുവിന്‍. അവിടുന്ന് നിങ്ങള്‍ക്കു ചെയ്ത നന്‍മയെപ്രതി സകല ജീവികളുടെയും മുന്‍പില്‍ അവിടുത്തെ മഹത്വപ്പെടുത്തുകയും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുവിന്‍. ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രഘോഷിച്ച് അവിടുത്തെ പുകഴ്ത്തുകയും അവിടുത്തെനാമത്തിനു മഹത്വം നല്‍കുകയും ചെയ്യുന്നത് ഉചിതമത്രേ. അവിടുത്തേക്കു നന്ദിപറയാന്‍ അമാന്തമരുത്.7 രാജാവിന്റെ രഹസ്യം സൂക്ഷിക്കുന്നതു നല്ലത്; ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രസിദ്ധമാക്കുന്നതു മഹനീയമാണ്. നന്‍മ ചെയ്യുക. നിനക്കു തിന്‍മ ഭവിക്കുകയില്ല.8 ഉപവാസം, ദാനധര്‍മം, നീതി എന്നിവയോടുകൂടിയാവുമ്പോള്‍ പ്രാര്‍ഥന നല്ലതാണ്. നീതിയോടുകൂടിയ അല്‍പമാണ് അനീതിയോടു കൂടിയ അധികത്തെക്കാള്‍ അഭികാമ്യം. സ്വര്‍ണം കൂട്ടിവയ്ക്കുന്നതിനെക്കാള്‍ ദാനം ചെയ്യുന്നത് നന്ന്.9 ദാനധര്‍മം മരണത്തില്‍ നിന്നു രക്ഷിക്കുന്നു; അതു സകല പാപങ്ങളും തുടച്ചു നീക്കുന്നു. പരോപകാരവും നീതിയും പ്രവര്‍ത്തിക്കുന്നവര്‍ ജീവിതത്തിന്റെ പൂര്‍ണത ആസ്വദിക്കും.10 പാപം ചെയ്യുന്നവന്‍ സ്വന്തം ജീവന്റെ ശത്രുവാണ്.11 ഞാന്‍ നിങ്ങളില്‍നിന്ന് ഒന്നും ഒളിച്ചുവയ്ക്കുകയില്ല. രാജാവിന്റെ രഹസ്യം സൂക്ഷിക്കുന്നത് നല്ലത്. ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രസിദ്ധമാക്കുന്നതു മഹനീയം എന്നു ഞാന്‍ പറഞ്ഞല്ലോ.12 നീയും നിന്റെ മരുമകള്‍ സാറായും പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളുടെ പ്രാര്‍ഥന പരിശുദ്ധനായവനെ ഞാന്‍ അനുസ്മരിപ്പിച്ചു. നീ മൃതരെ സംസ് കരിച്ചപ്പോള്‍ ഞാന്‍ നിന്നോടൊത്തുണ്ടായിരുന്നു.13 ഭക്ഷണമേശയില്‍ നിന്ന് എഴുന്നേറ്റു ചെന്ന് മൃതദേഹം സംസ്‌കരിക്കാന്‍മടിക്കാതിരുന്ന നിന്റെ സത്പ്രവൃത്തി എനിക്ക് അജ്ഞാതമായിരുന്നില്ല; ഞാന്‍ നിന്നോടൊപ്പം ഉണ്ടായിരുന്നു.14 ആകയാല്‍, നിന്നെയും നിന്റെ മരുമകള്‍ സാറായെയും സുഖപ്പെടുത്താന്‍ ദൈവം എന്നെ അയച്ചിരിക്കുന്നു.15 ഞാന്‍ റഫായേലാണ്; വിശുദ്ധരുടെ പ്രാര്‍ഥനകള്‍ സമര്‍പ്പിക്കുകയും പരിശുദ്ധനായവന്റെ മഹത്വത്തിന്റെ സന്നിധിയില്‍ പ്രവേശിക്കുകയും ചെയ്യുന്ന ഏഴു വിശുദ്ധ ദൂതന്‍മാരില്‍ ഒരുവന്‍ .16 അവര്‍ ഇരുവരും സംഭ്രാന്തരായി; ഭയത്തോടെ അവര്‍ കമിഴ്ന്നു വീണു.17 അവന്‍ പറഞ്ഞു: ഭയപ്പെടേണ്ടാ. നിങ്ങള്‍ സുരക്ഷിതരാണ്. എന്നേക്കും ദൈവത്തെ സ്തുതിക്കുവിന്‍.18 എന്റെ ഔദാര്യം കൊണ്ടല്ല, നമ്മുടെ ദൈവത്തിന്റെ ഹിതം അനുസരിച്ചാണ് ഞാന്‍ വന്നത്; അവിടുത്തെ എന്നേക്കും സ്തുതിക്കുവിന്‍.19 ഈ നാളുകളിലെല്ലാം ഞാന്‍ നിങ്ങള്‍ക്കു നല്‍കിയത് ഛായാദര്‍ശനമായിരുന്നു; ഞാന്‍ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല, നിങ്ങള്‍ കണ്ടത് ഒരു ദര്‍ശനം മാത്രം.20 ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുക. ഞാന്‍ എന്നെ അയച്ചവന്റെ അടുത്തേക്കു മടങ്ങുകയാണ്. സംഭവിച്ചതെല്ലാം എഴുതി സൂക്ഷിക്കുക.21 അവര്‍ എഴുന്നേറ്റുനിന്നു. എന്നാല്‍, അവനെ കണ്ടില്ല.22 അവര്‍ ദൈവത്തിന്റെ മഹനീയവും അദ്ഭുതാവഹവുമായ പ്രവൃത്തികളെ സ്തുതിക്കുകയും കര്‍ത്താവിന്റെ ദൂതന്‍ തങ്ങള്‍ക്കു പ്രത്യക്ഷപ്പെട്ടു എന്നു മനസ്‌സിലാക്കുകയും ചെയ്തു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment