Tobit, Chapter 14 | തോബിത്, അദ്ധ്യായം 14 | Malayalam Bible | POC Translation

Advertisements

തോബിത്തിന്റെ അന്തിമോപദേശം

1 തോബിത് സ്‌തോത്രഗീതം അവസാനിപ്പിച്ചു.2 അന്‍പത്തെട്ടാം വയസ്‌സിലാണ് അവനു കാഴ്ച നഷ്ടപ്പെട്ടത്. എട്ടുവര്‍ഷം കഴിഞ്ഞ് അതു തിരിച്ചുകിട്ടി. അവന്‍ ദാന ധര്‍മങ്ങള്‍ ചെയ്യുകയും ദൈവമായ കര്‍ത്താവിനെ ഭക്തിപൂര്‍വം സ്തുതിക്കുകയും ചെയ്തു.3 വൃദ്ധനായപ്പോള്‍ പുത്രനെയും പൗത്രന്‍മാരെയും വിളിച്ചിട്ട്, പുത്രനോടു പറഞ്ഞു: മകനേ, എനിക്കു വയസ്‌സായി. ജീവിതത്തോടു വിട വാങ്ങാന്‍ കാലമടുത്തു.4 നീ മക്കളെയും കൂട്ടി മേദിയായിലേക്കു പുറപ്പെടുക. നിനെവേനശിപ്പിക്കപ്പെടുമെന്ന് യോനാപ്രവാചകന്‍ പറഞ്ഞതു ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. എന്നാല്‍, മേദിയായില്‍ കുറെക്കാലം സമാധാനം നിലനില്ക്കും. നമ്മുടെ സഹോദരന്‍മാര്‍ തങ്ങളുടെ നല്ല ദേശത്തില്‍നിന്നു ഭൂമിയില്‍ ചിതറിക്കപ്പെടും. ജറുസലെം വിജനമാകും; ദേവാലയം അഗ്‌നിക്കിരയായി കുറേക്കാലത്തേക്കു നാശക്കൂമ്പാരമായി കിടക്കും.5 എന്നാല്‍, ദൈവം വീണ്ടും കരുണതോന്നി അവരെ തങ്ങളുടെ ദേശത്തേക്കു തിരിയെ കൊണ്ടുവരും. കാല പരിപൂര്‍ത്തിയാകുന്നതുവരെ, ആദ്യത്തേതുപോലെ ആവുകയില്ലെങ്കിലും, അവര്‍ ദേവാലയം വീണ്ടും പണിയും. അതിനുശേഷം അവര്‍ പ്രവാസത്തില്‍നിന്നു മടങ്ങിവന്ന് ജറുസലെമിനെ മഹത്വപൂര്‍ണമായി പുതുക്കിപ്പണിയും. പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുള്ളതുപോലെ എല്ലാ തലമുറകള്‍ക്കും വേണ്ടി മഹിമയാര്‍ന്ന ദേവാലയമന്ദിരം നിര്‍മിക്കും.6 അ പ്പോള്‍ സകല ജനതകളും ദൈവമായ കര്‍ത്താവിന്റെ യഥാര്‍ഥ ഭക്തരാവുകയും തങ്ങളുടെ വിഗ്രഹങ്ങള്‍ കുഴിച്ചുമൂടുകയും ചെയ്യും.7 അവര്‍ കര്‍ത്താവിനെ സ്തുതിക്കും. അവിടുത്തെ ജനം ദൈവത്തിനു കൃതജ്ഞ തയര്‍പ്പിക്കും. കര്‍ത്താവ് തന്റെ ജനത്തെ മഹത്വമണിയിക്കും. സത്യത്തിലും നീതിയിലും ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുന്ന സകലരും നമ്മുടെ സഹോദരരോടു കരുണ കാണിച്ചുകൊണ്ടു സന്തോഷിക്കും.8 മകനേ, നിനെവേ വിട്ടു പോവുക. യോനാപ്രവാചകന്‍ പറഞ്ഞതു തീര്‍ച്ചയായും സംഭവിക്കും.9 നിനക്കു ശുഭം ഭവിക്കാന്‍ നിയമ വും പ്രമാണങ്ങളും പാലിക്കുകയും നീതിയോടും കരുണയോടും കൂടെ വര്‍ത്തിക്കുകയും ചെയ്യുക.10 എന്നെ ഉചിതമായി സംസ്‌കരിക്കണം. നിന്റെ അമ്മയെ എന്റെ അടുത്തുതന്നെ സംസ്‌കരിക്കണം. ഇനി നിനെവേയില്‍ താമസിച്ചുകൂടാ. മകനേ, തന്നെ പോറ്റിയ അഹിക്കാറിനോട് നാദാബ് ചെയ്തതെന്തെന്നും അവനെ എങ്ങനെ പ്രകാശത്തില്‍ നിന്ന് അന്ധകാരത്തിലേക്കു നയിച്ചെന്നും അവന് എന്തു പ്രതിഫലം നല്‍കിയെന്നും കാണുക. എന്നാല്‍, അഹിക്കാര്‍ രക്ഷപെടുകയും അപരന്‍ അന്ധകാരത്തില്‍ അമര്‍ന്നു തന്റെ പ്രവൃത്തിക്കു തക്കപ്രതിഫലം നേടുകയും ചെയ്തു. അഹിക്കാര്‍ ദാനധര്‍മം നല്‍കി; അങ്ങനെ നാദാബ് ഒരുക്കിയ കെണിയില്‍ നിന്നു രക്ഷപെട്ടു. നാദാബ്തന്നെ ആ കെണിയില്‍ വീണു നശിച്ചു.11 ആകയാല്‍, മക്കളേ, ദാനധര്‍മം എന്തു നേടുന്നുവെന്നും നീതി എങ്ങനെ രക്ഷിക്കുന്നുവെന്നും ചിന്തിക്കുവിന്‍. ഇതു പറഞ്ഞ് അവന്‍ മരിച്ചു. അവനു നൂറ്റിയന്‍പത്തെട്ടു വയസ്‌സായിരുന്നു. തോബിയാസ് അവനെ ആഡംബര പൂര്‍വം സംസ്‌കരിച്ചു.12 അന്ന മരിച്ചപ്പോള്‍ തോബിയാസ് അവളെ പിതാവിന്റെ സമീപത്തു സംസ്‌കരിച്ചു.13 തോബിയാസ് ഭാര്യയെയും പുത്രന്‍മാരെയുംകൂട്ടി എക്ബത്താനായില്‍ അമ്മായിയപ്പനായ റഗുവേലിന്റെ അടുക്കല്‍ മടങ്ങിയെത്തി. പ്രായത്തോടൊപ്പം അവന്റെ കീര്‍ത്തിയും വളര്‍ന്നു. ഭാര്യയുടെ മാതാപിതാക്കന്‍മാര്‍ മരിച്ചപ്പോള്‍ അവന്‍ അവരെ സാഘോഷം സംസ്‌കരിച്ചു. അവരുടെയും സ്വപിതാവായ തോബിത്തിന്റെയും വസ്തുവകകള്‍ അവന് അവകാശമായി ലഭിച്ചു.14 അവന്‍ മേദിയായിലെ എക്ബത്താനായില്‍വച്ച് നൂറ്റിയിരുപത്തിയേഴാം വയസ്‌സില്‍ മരിച്ചു.15 മരിക്കുന്നതിനു മുന്‍പ് നബുക്കദ് നേസറും അഹസ്വേരൂസും നിനെവേ കീഴടക്കി നശിപ്പിച്ചവാര്‍ത്ത അവന്‍ കേട്ടു. മരണത്തിനുമുന്‍പ് നിനെവേയെക്കുറിച്ചു സന്തോഷിക്കാന്‍ അവന് ഇടവന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment