Tobit, Chapter 7 | തോബിത്, അദ്ധ്യായം 7 | Malayalam Bible | POC Translation

Advertisements

തോബിയാസിന്റെ വിവാഹം

1 അവര്‍ എക്ബത്താനായില്‍ റഗുവേലിന്റെ ഭവനത്തിലെത്തി. സാറാ അവരെ കണ്ട് അഭിവാദനം ചെയ്തു. അവര്‍ പ്രത്യഭിവാദനം ചെയ്തു. അവള്‍ അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.2 റഗുവേല്‍ ഭാര്യ എദ്‌നായോടു പറഞ്ഞു: ഈയുവാവിന് എന്റെ പിതൃവ്യപുത്രന്‍ തോബിത്തിന്റെ നല്ല ഛായ.3 റഗുവേല്‍ അവരോടു ചോദിച്ചു: സഹോദരന്‍മാരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു? അവര്‍ പറഞ്ഞു: നിനെവേയില്‍ വിപ്രവാസികളായ നഫ്താലിവംശജരാണു ഞങ്ങള്‍.4 ഉടനെ അവര്‍ ആരാഞ്ഞു: ഞങ്ങളുടെ സഹോദരന്‍ തോബിത്തിനെ നിങ്ങള്‍ അറിയുമോ? അറിയുമെന്ന് അവര്‍ പറഞ്ഞു: അവന്‍ ചോദിച്ചു: അവനു സുഖമല്ലേ?5 അവര്‍ പറഞ്ഞു: അവന്‍ സുഖമായിരിക്കുന്നു. തോബിയാസ് തുടര്‍ന്നു: അവന്‍ എന്റെ പിതാവാണ്.6 റഗുവേല്‍ ചാടി എഴുന്നേറ്റ് അവനെ ആലിംഗനം ചെയ്തു സന്തോഷാശ്രുക്കള്‍ പൊഴിച്ചു.7 ഉത്തമനും കുലീനനുമായ തോബിത്തിന്റെ പുത്രന്‍ എന്നു പറഞ്ഞ് റഗുവേല്‍ തോബിയാസിനെ അനുഗ്രഹിച്ചു. തോബിത്തിനു കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു എന്നുകേട്ട് അവന്‍ ഹൃദയം നൊന്തുകരഞ്ഞു; ഭാര്യ എദ്‌നായും പുത്രി സാറായും ഒപ്പം കരഞ്ഞു.8 അവര്‍ അതീവ സ്‌നേഹത്തോടെ അവരെ സ്വീകരിച്ചു. ആട്ടിന്‍പറ്റത്തില്‍നിന്ന് ഒരു മുട്ടാടിനെ കൊന്ന്, വിഭവസമൃദ്ധമായ ഭക്ഷണമുണ്ടാക്കി അവരെ സത്കരിച്ചു.9 അനന്തരം, തോബിയാസ് റഫായേലിനോടു പറഞ്ഞു: സഹോദരന്‍ അസറിയാസ്,യാത്രയില്‍ നമ്മള്‍ സംസാരിച്ച കാര്യങ്ങള്‍ പറഞ്ഞു തീരുമാനിക്കുക. ദൂതന്‍ അക്കാര്യം റഗുവേലിനെ അറിയിച്ചു. റഗുവേല്‍ തോബിയാസിനോടു പറഞ്ഞു: തിന്നും കുടിച്ചും ഉല്ലസിക്കുക.10 എന്റെ മകളെ പരിഗ്രഹിക്കുന്നതു നിന്റെ അവകാശമാണ്. എന്നാല്‍, ഒരു കാര്യം എനിക്കു നിന്നോടു തുറന്നു പറയാനുണ്ട്.11 എന്റെ പുത്രിയെ ഞാന്‍ ഏഴു ഭര്‍ത്താക്കന്‍മാര്‍ക്കു നല്‍കിയതാണ്. എന്നാല്‍ ഓരോരുത്തനും അവളെ സമീപിച്ച രാത്രിയില്‍ത്തന്നെ മൃതിയടഞ്ഞു. എന്നാല്‍, ഇപ്പോള്‍ നീ ആഹ്ലാദിക്കുക. തോബിയാസ് പ്രതിവചിച്ചു: നീ ഇക്കാര്യത്തില്‍ ഉറപ്പുതരാതെ ഞാന്‍ ഒന്നും ഭക്ഷിക്കുകയില്ല.12 റഗുവേല്‍ പറഞ്ഞു: ഇപ്പോള്‍ത്തന്നെ നിയമപ്രകാരം അവളെ സ്വീകരിച്ചുകൊള്ളുക. നീ അവളുടെ ബന്ധുവാണ്; അവള്‍ നിനക്കു സ്വന്തവും. കാരുണ്യവാനായ ദൈവം നിങ്ങള്‍ക്ക് ഇരുവര്‍ക്കും ശുഭം വരുത്തട്ടെ!13 അവന്‍ പുത്രി സാറായെ കൈയ്ക്കുപിടിച്ച് തോബിയാസിനു ഭാര്യയായി നല്‍കിക്കൊണ്ടു പറഞ്ഞു: ഇതാ, ഇവളെ മോശയുടെ നിയമമനുസരിച്ചു സ്വീകരിച്ചുകൊള്ളുക. നിന്റെ പിതാവിന്റെ അടുത്തേക്ക് അവളെ കൊണ്ടുപോവുക. അവന്‍ അവരെ അനുഗ്രഹിച്ചു.14 അവന്‍ ഭാര്യ എദ്‌നായെ വിളിച്ച്, ഒരു ചുരുള്‍ എടുത്ത്, അതില്‍ വിവാഹ വാഗ്ദാനം എഴുതി. അവര്‍ അതില്‍ തങ്ങളുടെ മുദ്രയും വച്ചു.15 അനന്തരം, അവര്‍ ഭക്ഷണം കഴിച്ചു.16 റഗുവേല്‍ തന്റെ ഭാര്യ എദ്‌നായെ വിളിച്ചുപറഞ്ഞു: അടുത്ത മുറി ഒരുക്കി അവളെ അങ്ങോട്ടു നയിക്കുക. അവള്‍ അങ്ങനെ ചെയ്തു.17 സാറായെ അങ്ങോട്ടു നയിച്ചു. സാറാ കരയാന്‍ തുടങ്ങി. അപ്പോള്‍ അമ്മ അവളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: കുഞ്ഞേ, ധൈര്യമായിരിക്കുക. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവ് നിന്റെ ദുഃഖം അകറ്റി സന്തോഷമേകും. ധൈര്യമവലംബിക്കൂ.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment