തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 8
വിവാഹരാത്രി
1 ഭക്ഷണത്തിനുശേഷം തോബിയാസിനെ അവര്‍ സാറായുടെ അടുത്തേക്കു നയിച്ചു.2 അവന്‍ റഫായേലിന്റെ വാക്കുകള്‍ അനുസ്മരിച്ച് ധൂപകലശത്തിലെ തീക്കന ലില്‍ മത്‌സ്യത്തിന്റെ ചങ്കും കരളും ഇട്ടു പുകച്ചു.3 മണമേറ്റപ്പോള്‍ പിശാച് ഈജിപ്തിന്റെ അങ്ങേയറ്റത്തേക്കു പലായനം ചെയ്തു.4 ദൂതന്‍ അവനെ ബന്ധിച്ചു. മണവറയില്‍ അവര്‍ തനിച്ചായപ്പോള്‍ തോബിയാസ് എഴുന്നേറ്റു സാറായോടു പറഞ്ഞു: നമുക്ക് എഴുന്നേറ്റു കര്‍ത്താവിന്റെ കാരുണ്യത്തിനായി പ്രാര്‍ഥിക്കാം.5 തോബിയാസ് ഇങ്ങനെ പ്രാര്‍ഥിച്ചു: ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമേ, അവിടുന്ന് വാഴ്ത്തപ്പെടട്ടെ! അവിടുത്തെ വിശുദ്ധവും മഹനീയവുമായ നാമം എന്നെന്നും വാഴ്ത്തപ്പെടട്ടെ! ആകാശവും അങ്ങയുടെ സകലസൃഷ്ടികളും അങ്ങയെ വാഴ്ത്തട്ടെ!6 അവിടുന്ന് ആദത്തെ സൃഷ്ടിച്ചു. അവനു തുണയും താങ്ങുമായി ഹവ്വായെ ഭാര്യയായി നല്‍കി. അവരില്‍നിന്നു മാനവവംശം ഉദ്ഭവിച്ചു. അവിടുന്ന് പറഞ്ഞു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല. അവനുവേണ്ടി അവനെപ്പോലുള്ള ഒരു തുണയെ നമുക്കു സൃഷ്ടിക്കാം.7 കര്‍ത്താവേ, ഞാന്‍ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, നിഷ്‌കളങ്കമായ പ്രേമത്താലാണ്. അങ്ങയുടെ കാരുണ്യം എനിക്ക് ഉണ്ടാകണമേ! ഇവളോടൊത്തു വാര്‍ധക്യത്തിലെത്തുന്നതിന് അവിടുന്ന് അനുഗ്രഹിച്ചാലും!8 അവള്‍ ആമേന്‍ എന്ന് ഏറ്റുപറഞ്ഞു.9 അവര്‍ ഇരുവരും ഉറങ്ങാന്‍ കിടന്നു.10 എന്നാല്‍ അവനും മരിക്കും എന്നു വിചാരിച്ച് റഗുവേല്‍ എഴുന്നേറ്റുപോയി ഒരു ശവക്കുഴിയുണ്ടാക്കി.11 അതിനുശേഷം അവന്‍ വീട്ടില്‍വന്ന് ഭാര്യ എദ്‌നായോടു പറഞ്ഞു: ദാസികളില്‍ ഒരാളെ അയച്ച്12 അവന്‍ ജീവിച്ചിരിക്കുന്നുവോ എന്ന് അന്വേഷിക്കുക. മരിച്ചെങ്കില്‍, ആരുമറിയാതെ നമുക്ക് അവനെ സംസ്‌കരിക്കാം.13 ദാസി ചെന്നുനോക്കിയപ്പോള്‍ രണ്ടുപേരും സുഖമായി ഉറങ്ങുന്നതു കണ്ടു.14 അവള്‍ തിരിയെ വന്ന് അവന്‍ ജീവിച്ചിരിക്കുന്നുവെന്ന് അറിയിച്ചു.15 അപ്പോള്‍ റഗുവേല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ദൈവമേ, നിര്‍മലവും പരിശുദ്ധവുമായ സ്തുതികളാല്‍ അവിടുന്ന് വാഴ്ത്തപ്പെടട്ടെ. അവിടുത്തെ വിശുദ്ധരും സകല സൃഷ്ടികളും അവിടുത്തെ വാഴ്ത്തട്ടെ! അവിടുത്തെ ദൂതന്‍മാരും അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ജനവും അങ്ങയെ എന്നേക്കും വാഴ്ത്തട്ടെ!16 അവിടുന്ന് വാഴ്ത്തപ്പെട്ടവന്‍; എന്തെന്നാല്‍, അവിടുന്ന് എനിക്കു സന്തോഷമേകി. ഞാന്‍ ശങ്കിച്ചതുപോലെ എനിക്കു സംഭവിച്ചില്ല. അവിടുത്തെ അനന്ത കാരുണ്യത്തിന് അനുസൃതമായി അവിടുന്ന് ഞങ്ങളോടു വര്‍ത്തിച്ചു.17 അവിടുന്ന് വാഴ്ത്തപ്പെട്ടവന്‍! ഏകസന്താനങ്ങളായ ആ രണ്ടുപേരിലും അവിടുന്ന് കരുണ വര്‍ഷിച്ചിരിക്കുന്നു. കര്‍ത്താവേ, അവരില്‍ കനിയണമേ! ആരോഗ്യവും സന്തോഷവും കൃപയും നല്‍കി അവരുടെ ജീവിതത്തെ ധന്യമാക്കണമേ!18 അനന്തരം അവന്‍ ശവക്കുഴി മൂടിക്കളയാന്‍ ഭൃത്യന്‍മാരോട് ആജ്ഞാപിച്ചു.19 പതിന്നാലു ദിവസം നീണ്ടുനിന്ന വിവാഹവിരുന്ന് അവന്‍ നടത്തി.20 വിരുന്നു ദിവസങ്ങള്‍ കഴിയുന്നതിനുമുന്‍പ്, വിവാഹ വിരുന്നിന്റെ പതിന്നാലു ദിവസവും പൂര്‍ത്തിയാകാതെ, അവിടം വിട്ടുപോകരുതെന്നു റഗുവേല്‍ തോബിയാസിനോടു നിര്‍ബന്ധമായി പറഞ്ഞു.21 അതുകഴിഞ്ഞ് തന്റെ സ്വത്തിന്റെ പകുതിയുംകൊണ്ടു പിതാവിന്റെ അടുത്തേക്കു മടങ്ങാമെന്നും, തന്റെയും ഭാര്യയുടെയും മരണത്തിനുശേഷം മറ്റേ പകുതിയും അവനു ലഭിക്കുമെന്നും റഗുവേല്‍ പറഞ്ഞു.


Leave a comment